ലിസൺ ഈഴുവത്ര

അഞ്ചാം തമ്പുരാൻ

ഭാരതപ്പുഴയുടെ തീരത്തുള്ള അത്രക്ക് ശാന്തമല്ലാത്ത സുന്ദര ഗ്രാമം , കണിമംഗലം ..തൊട്ടപ്പുറത്തുള്ള സ്ഥലത്ത് പ്രസിദ്ധമായ കൊളപ്പുള്ളി തറവാട് . കാരണവർ ഉണ്ടെങ്കിലും, അനിയന്റെ മകൻ ആയ കളരിഗുരുക്കൾ അപ്പൻ തമ്പുരാൻ ആണ് അവിടത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ചാത്തൻ സേവയും കളരിയും കുറെ ശിഷ്യ സമ്പത്തും ഉള്ള ലോക്കൽ ദിഗംബരൻ ആയ അപ്പന് രക്‌തബന്ധത്തിൽ ഇളയച്ഛൻ കഴിഞ്ഞാൽ ആകെയുള്ളത് സുന്ദരിയും സുശീലയും പിന്നെയും അഞ്ചാറു സുവും ആയ പെങ്ങൾ സുഭദ്ര… നാട്ടിലെ ഐശ്വര്യ റായിയും ശ്രീവിദ്യയും ഒക്കെ ആണെങ്കിലും അപ്പനെ പേടിച്ചു ആണുങ്ങൾ ആരും സുഭദ്ര പോകുന്ന വഴിയിൽ കൂടെ പോലും പോകാറില്ല .സുഭദ്ര ആണെങ്കിൽ വീട് വിട്ടാൽ അമ്പലം, അമ്പലം വിട്ടാൽ വീട് എന്നിങ്ങനെ ഷട്ടിൽ അടിച്ചു നടക്കുന്നു.

കണിമംഗലത്തു കോവിലകത്തെ ലക്ഷ്മിക്കുട്ടി തമ്പുരാട്ടിയുടെ അനുജൻ ആയിരുന്നു, ഭൂലോക കോഴിയും ലോക്കൽ തല്ലുകാരനും വഴിയേ പോകുന്ന സകല വേലികളും എടുത്തു തലയിൽ വക്കുന്നവനുമായ ദത്തൻ തമ്പുരാൻ. നാട്ടുകാർ പുള്ളിക്കൊരു നമ്പർ ഇട്ടു കൊടുത്തു അഞ്ചാം തമ്പുരാൻ എന്ന് വിളിച്ചു. മൊത്തം അലമ്പ് ആണെങ്കിലും മംഗലശ്ശേരി നീലകണ്ഠന്റെ പോലെ അടിയും തല്ലും പെണ്ണുപിടിയും ആയി നടക്കുന്ന ദത്തൻ തമ്പുരാനേ, അപ്പൻ തമ്പുരാൻറെ പെങ്ങൾ സുഭദ്ര കേറി അങ്ങ് പ്രേമിച്ചു. പെങ്ങളോട് സ്നേഹമുള്ള അപ്പൻ ആദ്യം എതിർത്തെങ്കിലും പിന്നീട് നാട്ടുകാർ തന്നെ ‘കുമ്പളങ്ങി ഷമ്മി’ എന്ന് വിളിക്കേണ്ട എന്ന് കരുതി കല്യാണത്തിന് സമ്മതിച്ചു. ആർഭാടമായി ആ കല്യാണം നടന്നു..

കണിമംഗലത്ത് അമ്പലത്തിൽ ശാന്തിപ്പണിക്ക് പാരമ്പര്യ അവകാശം ഉള്ളത് രണ്ട് കുടുംബക്കാർക്ക് ആയിരുന്നു, കീഴ്പ്പയ്യൂർ മനക്കാർക്കും പൂവള്ളി കാളൂർ മനക്കാർക്കും. ആ സമയത്ത് അവിടെ പൂജാരി ആയി ഉണ്ടായിരുന്നത് കാളൂർ ബ്രഹ്മദത്തൻ നമ്പൂതിരി ആയിരുന്നു. അലമ്പത്തരത്തിനു കയ്യും കാലും വച്ച ദത്തൻ തമ്പുരാനുമായി പേരിൽ സാമ്യം ഉണ്ടെങ്കിലും സ്വന്തം ഭാര്യയോടും ഏക മകനായ ഉണ്ണി എന്ന് വിളിക്കുന്ന ജഗന്നാഥനോടുമൊപ്പം ഒതുങ്ങി ജീവിക്കുന്ന ബ്രഹ്മദത്തൻ ഒരു സാധുവായ ശുദ്ധത്മാവ് ആയിരുന്നു. ലക്ഷമിക്കുട്ടി തമ്പുരാട്ടി നടത്തുന്ന ആർട്സ് സ്കൂളിൽ പാട്ടു പഠിപ്പിക്കാൻ വന്ന കൃഷ്ണവർമയുമായി പൂജാരിയായ ബ്രഹ്മദത്തൻ നമ്പൂതിരി അടുത്ത സൗഹൃദത്തിൽ ആയി..

ആയിടക്ക് കനത്ത മഴ ഉള്ള ഒരു കർക്കിടക രാത്രിയിൽ പൊതിഞ്ഞു കൊണ്ട് വന്ന ഒരു കൈക്കുഞ്ഞിനെ ചേച്ചിയെ ഏൽപ്പിച്ച്‌ ദത്തൻ തമ്പുരാൻ അത് തന്റെ കുട്ടി ആണെന്നും അതിന്റെ അമ്മ മരിച്ചു പോയി എന്നും പറഞ്ഞു. കലിപ്പൻ ആയ ദത്തൻ, സാത്താൻ ആയെങ്കിലോ എന്ന് ഭയന്ന് ആരും ആ കുട്ടിയുടെ ഒരു വിവരവും തിരക്കിയില്ല.
പക്ഷെ ഉഗ്രപ്രതാപി ആയ അപ്പന് അളിയന്റെ ഈ ചെയ്ത്ത് തീരെ പിടിച്ചില്ല… കണിമംഗലം ക്ഷേത്രത്തിൽ ഉത്സവത്തിനായി പുഴക്കരയിലെ വട്ടത്തറയിൽ വച്ച് കൈമാറിയ തിരുവാഭരണങ്ങളിൽ ഒന്ന് കാണാതായി എന്ന് കൊളപ്പുള്ളി അപ്പൻ ആരോപിച്ചു. അപ്പന്റെ കളികൾ അറിയാത്ത ചില നാട്ടുകാർ അത് പൂജാരി ആയ ബ്രഹ്മദത്തൻ മോഷ്ടിച്ചത് ആണെന്ന് അരോപിച്ചു. മനസ്സറിവില്ലാത്ത കാര്യത്തിന് കുറ്റം കേൾക്കേണ്ടി വന്ന പൂജാരി അമ്പലത്തിന്റെ ശീവേലിക്കല്ലിൽ തല അടിച്ചു ആത്മഹത്യാ ചെയ്തു. അതോടെ അടി ദത്തനും അപ്പനും തമ്മിൽ നേരിട്ടായി. ദത്തൻ, അപ്പന്റെ ഒരു കണ്ണ് അടിച്ചു പൊളിച്ചു.. അടിപിടിക്കിടയിൽ തലക്ക് അടി കൊണ്ടത് കൊണ്ടോ മറ്റോ ദത്തന്റെ മാനസിക നില തെറ്റുകയും അതോടെ കണിമംഗലത്തു നിന്ന് പുറപ്പെട്ടു പോകുകയും ചെയ്തു……

ഈ സംഭവങ്ങൾക്ക് ശേഷം കൊളപ്പുള്ളി അപ്പൻ സുഭദ്രയെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ട് പോയി. പൂജാരിയുടെ ഭാര്യ ഹൃദയം തകർന്നു മരിച്ചു, മകൻ ഉണ്ണി നാട് വിട്ടു പോയി, ലക്ഷ്മിക്കുട്ടി തമ്പുരാട്ടിയും കാലഗതി പ്രാപിച്ചു, അവരുടെ മക്കൾ കണിമംഗലത്തു നിന്ന് താമസം മാറ്റി. ചെറിയ കുട്ടി ആയിരുന്ന ദത്തന്റെ മകൾ ഉണ്ണിമായയെ, പാട്ട് മാഷ് ആയിരുന്ന കൃഷ്ണവർമ സ്വന്തം മകളെപ്പോലെ വളർത്തി…നാട് വിട്ടു പോയ ഉണ്ണി പല ജോലികൾ ചെയ്തു, ഗ്വാളിയോറിൽ പോയി ഉസ്താദ് ബാദുഷ ഖാന്റെ ശിഷ്യനായി, ഡൽഹിയിൽ ആർട്ട്‌ ജേണൽ നടത്തി, ബോംബെയിൽ അത്യാവശ്യം കൊട്ടേഷൻ വർക്കുകളും ഏറ്റെടുത്തു ഭംഗിയായി നടത്തി..

ആ യാത്രയിൽ JNU വിൽ പഠിച്ചിരുന്ന കൃഷ്ണനുണ്ണി,യാത്രകൾ ഇഷ്ടപ്പെടുന്ന നയൻ താര, വയലിനിസ്റ്റ് എറിക് ജോൺ എന്നിങ്ങനെ ഒരുപാട് സുഹൃത്തുക്കളെ സാമ്പാദിച്ചു. അങ്ങനെയിരിക്കെ ബിസിനെസ്സ്കാരനായ നന്ദനെ ജഗന്നാഥൻ പരിചയപ്പെട്ടു. ജഗന്നാഥൻ, നന്ദനെ ബിസിനസിൽ സഹായിക്കാൻ തുടങ്ങിയതോടെ നന്ദന്റെ ബിസിനസ് വൻ തോതിൽ വളർച്ച നേടി. അവര് പാരീസിലും വിയന്നയിലും എല്ലാം പറന്നു നടന്നു.. പക്ഷേ ജഗന്നാഥന്റെ മനസ്സിൽ ഒരു നോവായി കണിമംഗലം എന്നുമുണ്ടായിരുന്നു. ആ ഇടക്കാണ് കുന്നംകുളംകാരൻ എബി മാത്യു, ഒരു വൻ ബിസിനസ് ഡീലിൽ നന്ദനെ ചതിക്കുന്നത്. നന്ദൻ ആ രാത്രി ഇറങ്ങി… തന്റെ തന്റെ ഉറ്റസുഹൃത്ത് ജഗന്നാഥനെ തേടി…… തന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്ന ഒരേ ഒരാളെ തേടി……
*****
ആറാം തമ്പുരാൻ സിനിമയിൽ ഒറ്റ ഫ്ലാഷ് ബാക്ക് സീൻ പോലും ഇല്ലാതെ ആണ് ഈ കഥ രഞ്ജിത്തും ഷാജി കൈലാസും ഉൾക്കൊള്ളിച്ചിരിക്കുന്നത്… ഒന്ന് ഡെവലപ്പ് ചെയ്‌താൽ ഒരു പ്രീക്വൽ സിനിമ വരെ എടുക്കാവുന്ന പ്ലോട്ട് ഇതിൽ ഉണ്ടായിരുന്നു. ചിലർക്കെങ്കിലും ദത്തൻ, ബ്രഹ്മദത്തൻ എന്നീ പേരുകൾ ചില്ലറ ആശയക്കുഴപ്പം ഉണ്ടാക്കി എന്ന് ചില സിനിമാ ഗ്രൂപ്പുകളിൽ വന്ന കമന്റുകൾ വായിച്ചപ്പോൾ തോന്നിയിരുന്നു.. അത് കൂടെ കണക്കിലെടുത്താണ് ഈ പോസ്റ്റ്‌

Leave a Reply
You May Also Like

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ. ഡിസംബർ 2…

‘മംഗൾവാരം’ ട്രെയിലർ, ബോൾഡ് ആയി നടി പായൽ രജ്പുത്

തെലുങ്ക് ചിത്രം ‘ആർ.എക്‌സ് 100’ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ…

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ ഒഫീഷ്യൽ ട്രെയിലർ

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ ഒഫീഷ്യൽ ട്രെയിലർ . ആഗസ്റ്റ് 31 റിലീസ്.…

ക്ഷീണകാലം തീരാനുള്ള വിധിയെഴുത്തിൽ രണ്ടു ഭാഷയിലെ സൂപ്പർതാരങ്ങൾ

സൂപ്പർ സ്റ്റാർ രജനീകാന്ത് …..മെഗാ സ്റ്റാർ ചിരഞ്ജീവി …… Bineesh K Achuthan സൗത്തിന്ത്യയിൽ ഏറ്റവും…