മരിച്ചു ജീവിക്കുന്നവര്‍ – കഥ

407

death-main

പെട്ടെന്നായിരുന്നു മരണം. ടോണി മരിച്ചു എന്നു കാര്‍വര്‍ണന്‍ വിളിച്ച് പറഞ്ഞപ്പോള്‍ എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. രണ്ടു ദിവസം മുമ്പു കണ്ടതാണ്. പുതിയ പ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടെന്ന് കരുതിയതെയില്ല. കഷ്ടിച്ച് ഒരു വര്‍ഷം മുന്‍പാണ് ടോണി ഓഫീസില്‍ കുഴഞ്ഞ് വീണത്. സഹപ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വെച്ചു ഒരു ഹൃദയാഘാതം കൂടി ഉണ്ടായി. പക്ഷേ മരുന്നുകളുടെയും പരിചരണത്തിന്റെയും മികവില്‍ ടോണി ജീവിതത്തിലേക്ക് തിരിച്ചു വന്നു.

ടോണിയുമായുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ട്രെയിനിങ് സെന്റര്‍ കാലം തൊട്ടുള്ള പരിചയമാണ്. സൗമ്യനും മൃദുഭാഷിയുമായിരുന്നു അയാള്‍. പ്രൊമോഷന്‍ കിട്ടി ട്രെയിനിങ്ങിന് വന്നതാണ്. മറ്റ് പലരെയും പോലെ ബഹളമില്ല. ഒഴിവ് ദിനങ്ങള്‍ ഉല്‍സവമാക്കുന്ന രീതിയില്ല. ഒരു ചെറു ചിരിയുമായി റീഡിങ് റൂമില്‍ കാണുന്ന ടോണിയുമായി വേഗം സൌഹൃദത്തിലായി. വായനയും പഠിത്തവുമില്ലാത്ത സമയങ്ങളില്‍ ഞങ്ങള്‍ ഒത്തു കൂടി. ടോണി ദിവസവും രാവിലെ പള്ളിയില്‍ പോകും. ഞായറാഴ്ച പോലും എന്നെ പള്ളിയില്‍ കാണാറില്ലല്ലോ എന്നു പരിഭവം പറയും. ഞാന്‍ ചിരിച്ചു കൊണ്ട് എന്തെങ്കിലും ഒഴികഴിവു നിരത്തും.

ഒരു ദിവസം ടോണി പറഞ്ഞു പള്ളിയില്‍ കുര്‍ബ്ബാനക്ക് ഒരു പുരുഷനും പെണ്‍ കുട്ടിയും വളരെ നന്നായി പാടും. ആ പാട്ട് കേള്‍ക്കാന്‍ മാത്രമായി പോലും പള്ളിയില്‍ പോവാം. പിറ്റെന്നു രാവിലെ ടോണി എന്നെയും ഒപ്പം കൂട്ടി. പറഞ്ഞത് ശരിയാണ്. കുര്‍ബ്ബാനക്ക് ഉപരിയായി മനസ്സിലെക്കിറങ്ങി വരുന്ന സംഗീതം. ആ പാട്ട് കേള്‍ക്കാന്‍ പോകുന്നത് സന്തോഷകരം തന്നെ. വിന്‍സന്റ് ഗോമസിനെ ഞാന്‍ നേരത്തെ കേട്ടിട്ടുണ്ട്. ആ ശബ്ദവും പാട്ടും എനിക്കു വളരെ ഇഷ്ടവുമാണ്. വിന്‍സന്റിന്റെയും ആ പെണ്‍ കുട്ടിയുടെയും (പേര് മറന്നു പോയി) പാട്ട് എനിക്കും ഹരമായി. പാട്ട് കേള്‍ക്കാന്‍ മാത്രമായി ഞാനും ടോണിയോടൊപ്പം ദിവസവും രാവിലെ പള്ളിയിലെത്തും. ഇതിനിടെ ട്രയിനിങ് തീര്‍ന്ന് പോസ്റ്റിങ് ആയി ഞാന്‍ തമിള്‍ നാട്ടിലേക്കു പോയി. ഞങ്ങളുടെ സൗഹൃദം മുറിഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ വീണ്ടും കാണുന്നത്. ടോണിയുടെ സൗമ്യഭാവത്തിനും ആ ചിരിക്കും മാറ്റമൊന്നുമില്ല. പക്ഷേ ആള്‍ നന്നായി മദ്യപിക്കും എന്നു മനസ്സിലായി. അതൊരു മാറ്റമാണ്. എന്തു പറ്റി എന്ന ചോദ്യത്തിന് ‘ജീവിതമല്ലേ സുഹൃത്തെ’ എന്നൊരു മറുപടി. ടോണിയുടെ മൂത്ത കുട്ടി മരിച്ച വിവരം ഞാനപ്പോഴാണ് അറിയുന്നതു. ചൂട് പനിയായിരുന്നു. വേണ്ട വിധത്തിലുള്ള ചികില്‍സ കിട്ടാതെയാണ് കുട്ടി മരിച്ചത് എന്നൊരു തോന്നല്‍ അയാളെ വേട്ടയാടുന്നതായി തോന്നി. അവസാന ഘട്ടത്തിലാണ് തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. അപ്പോഴേക്കും വൈകി പോയിരുന്നു.

ജോലിയില്‍ ശുഷ്‌ക്കാന്തിക്ക് ഒരു കുറവുമില്ല. അത് കഴിഞ്ഞാല്‍ സുഹൃത്തുക്കളുമൊത്തുള്ള കമ്പനി കൂടല്‍ ടോണിയുടെ ജീവിതത്തിന്റെ ഭാഗമായി. ചിലപ്പോള്‍ സുഹൃത്തുക്കളേ വീട്ടിലേക്കും കൊണ്ടുപോകും. ജീവിതം മദ്യത്തില്‍ മുങ്ങി. പക്ഷേ പിറ്റെന്നു ആ സൗമ്യ ഭാവവുമായി ഓഫീസിലുണ്ടാവും. മേലധികാരികള്‍ക്കും ടോണി പ്രിയപ്പെട്ടവനായിരുന്നു. അവര്‍ക്ക് മുമ്പില്‍ അനുസരണയുടെ ആള്‍രൂപമായി ടോണി ജോലി ചെയ്തു.

ടോണിയുടെ മദ്യപാനത്തിന്റെ വ്യാപ്തി കണ്ടറിയാന്‍ ഒരവസരം ഉണ്ടായി. ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഫൈബര്‍ മാറ്റി പുതിയ കേബിള്‍ കണക്റ്റ് ചെയ്യണം. ടോണിയുടെ നേതൃത്വത്തിലുള്ള പ്രൊജക്റ്റ് വിങ്ങാണ് ജോലി ചെയ്യേണ്ടത്. സിസ്റ്റം പരിപാലിക്കുന്നവര്‍ എന്ന നിലക്ക് ഞങ്ങളും കൂടെയുണ്ടാവും. സാധാരണ പാതിരാത്രി കഴിഞ്ഞാണ് ഇത്തരം ജോലികള്‍ ചെയ്യുക. ടോണിയും പാര്‍ട്ടിയും നേരത്തെ തന്നെ സ്ഥലത്തുണ്ടാവും. ഞങ്ങള്‍ പതിനൊന്നു മണിയോടെ ചെല്ലുമ്പോള്‍ അവിടെ ഒരു ഉല്‍സവപ്പറമ്പിന്റെ പ്രതീതിയാണ്. നെയ്‌ച്ചോറും കോഴിയും ഇനിയും ബാക്കി. കുപ്പികള്‍ പലതു പൊട്ടിയ ലക്ഷണമുണ്ട്. കമ്പനി കൂടാന്‍ സുഹൃത്ത് എന്നെ ക്ഷണിച്ചു. കഴിവതും ഇത്തരം കൂടലുകളില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കുകയാണ് എന്റെ പതിവ്. ബ്രാണ്ടി, റം തൊട്ട് സിഞ്ച്ബറീസ് വരെ സ്‌റ്റോക്കുണ്ട്. ഏതാണ് ഒഴിക്കേണ്ടത് എന്നാണ് ചോദ്യം. ഞാന്‍ വിസ്‌ക്കി മാത്രമേ കഴിക്കൂ എന്നു പറഞ്ഞപ്പോള്‍ ടോണി ആകെ നിരാശനായി. വിസ്‌ക്കി ഇല്ല. ഞങ്ങള്‍ കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞുകൊണ്ടു ഇരുന്നു. സംസാരത്തിനിടയില്‍ അയാള്‍ കൂടെയുള്ള സ്റ്റാഫിനെ തന്ത്രപൂര്‍വ്വം അകറ്റി. പിന്നെ പെട്ടി തുറന്നു ഒരു പൈന്റ് വിസ്‌ക്കി പുറത്തെടുത്തു. പെട്ടെന്നു ട്രെയിനിങ് സെന്റര്‍ കാലത്തെ ടോണിയെ ഞാനോര്‍ത്തു. കാലം എന്തൊക്കെ മാറ്റങ്ങളാണ് ഒരാളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നത്?.

രണ്ടു വര്‍ഷത്തിന് ശേഷം ഒരിക്കല്‍ ടൌണില്‍ വെച്ചു കണ്ടുമുട്ടുമ്പോള്‍ അയാളാകെ സന്തോഷത്തിലായിരുന്നു. വഴിയില്‍ നിന്നു അല്‍പ്പം മാറ്റിനിര്‍ത്തി അയാളാ സന്തോഷം എന്നോടു പങ്ക് വെച്ചു. പഠന കാര്യത്തില്‍ പിന്നോക്കം നിന്ന ഏക പുത്രന്‍ മിടുക്കനായി. പെട്ടെന്നൊരു മാറ്റവും ഉത്തരവാദിത്വ ബോധവും ആ കുട്ടി കാണിച്ചു തുടങ്ങി. ആദ്യ വര്‍ഷം കഷ്ടി പാസ്സായ അയാള്‍ രണ്ടാം വര്‍ഷം സ്ഥാപനത്തില്‍ ഒന്നാമനായി. മൂന്നാം വര്‍ഷത്തെ പരീക്ഷ കഴിഞ്ഞു. അവന്‍ നന്നായി പാസ്സാകും. വളരെക്കാലത്തിന് ശേഷം ടോണി അതീവ സന്തുഷ്ടനായി കാണപ്പെട്ടു. കുറെ നേരം സംസാരിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്. അയാളുടെ സന്തോഷത്തിന്റെ കാര്യം ഞാന്‍ വീട്ടിലും പറഞ്ഞു.

രണ്ടാഴ്ച കഴിഞ്ഞൊരു ദിവസം ആ വാര്‍ത്ത കണ്ടു ഞാന്‍ ഞെട്ടിപ്പോയി. ടോണിയുടെ മകന്റെ മരണ വാര്‍ത്തയായിരുന്നു അത്. വീട്ടിലെ മോട്ടോര്‍ നന്നാക്കുന്നതിനിടെ ആ കുട്ടി ഷോക്കേറ്റ് മരിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പു മകന്റെ നേട്ടങ്ങളില്‍ അഭിമാനം കൊണ്ട പിതാവിന്റെ മുഖമേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. എനിക്കു ആ പിതാവിന്റെ മുഖത്തു നോക്കുവാനുള്ള ശക്തിയില്ല. ആദ്യ മകള്‍ നഷ്ടപ്പെട്ടു ജീവിതത്തില്‍ ആടിയുലഞ്ഞ അച്ഛനാണയാള്‍. വീണ്ടും ആശയുടെ തീരത്ത് അണഞ്ഞു എന്ന തോന്നലുണ്ടാവുമ്പോഴേക്കും അടുത്ത തിരിച്ചടി. എനിക്കു അയാളുടെ വീട്ടില്‍ പോകാനുള്ള ധൈര്യം ഉണ്ടായില്ല.

മകന്റെ മരണ ശേഷമായിരുന്നു ടോണിക്ക് ഹൃദയാഘാതമുണ്ടായത്. പക്ഷേ അത്ഭുതകരമായി അയാള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പിന്നീട് കാണുമ്പോള്‍ അയാള്‍ക്ക് ചുറ്റും സൗഹൃദത്തിന്റെയും ഊഷ്മളതയുടെയും ആ പഴയ സുഗന്ധം പ്രസരിക്കുന്നത് പോലെ തോന്നി. അയാള്‍ കൂടുതല്‍ പ്രസരിപ്പുള്ളവനായത് പോലെ.

ടോണിയുടെ പെട്ടെന്നുള്ള മരണം മനസ്സിനെ പിടിച്ചുലച്ചു. അടുത്ത സൌഹൃദത്തിലൊന്നും ഇതുപോലെ ഒരു ദുരന്ത കഥാപാത്രമില്ല. ഇത് പോലെ വിധി പരീക്ഷിച്ച മറ്റൊരാളില്ല. ആദ്യമായി ആ വീട്ടിലേക്ക് ചെന്നു. ഉറങ്ങിക്കിടക്കുന്നത് പോലെ ശാന്തമായി ശവമഞ്ചത്തില്‍ കിടന്ന കൂട്ടുകാരന്റെ രൂപം പഴയ കുറെ ഓര്‍മ്മകള്‍ മനസ്സിലേക്ക് പറത്തി വിട്ടു. ആ ചിരിക്കുന്ന മുഖവും സൗമ്യത നിറഞ്ഞ പെരുമാറ്റവും മനസ്സില്‍ നിന്നു പോകുന്നില്ല.

പക്ഷേ ആ വീടിന്റെ ചുമരില്‍ തറച്ചു വെച്ചിരുന്ന നെയിം ബോര്‍ഡ് എന്നെ സ്തബ്ധനാക്കി.

ടി.വി. ടോണി

ജെ.ഇ.ഫോണ്‍സ്

നീണ്ട ഇരുപതു കൊല്ലം മുമ്പു അയാള്‍ക്കു പ്രമോഷനായതാണ്. രണ്ടു വര്ഷം മുമ്പു പുതിയ പ്രമോഷനും കിട്ടി. പക്ഷേ ചുമരിലെ ബോര്‍ഡ് ഇപ്പൊഴും ഇരുപത്തഞ്ച് വര്‍ഷം മുമ്പത്തെതു തന്നെ. ഈ കാലമത്രയും എന്റെ സുഹൃത്ത് ജീവിക്കുകയായിരുന്നില്ലേ? എല്ലാവരുടെ മുമ്പിലും ചിരിച്ചു പ്രത്യക്ഷപ്പെടുമായിരുന്ന ആ മനുഷ്യന്‍ മരിച്ചു ജീവിക്കുകയായിരുന്നോ?

എന്റെ മനസ്സ് തേങ്ങി.