Featured
രാജ്യത്തെ ലോക്ക്ഡൌൺ- 4 കേന്ദ്ര മാർഗ നിർദേശങ്ങൾ പുറത്തു വന്നു കഴിഞ്ഞു
രാജ്യത്തെ ലോക്ക്ഡൌൺ 4 കേന്ദ്ര മാർഗ നിർദേശങ്ങൾ പുറത്തു വന്നു കഴിഞ്ഞു. സോണുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം, വിദ്യാലയങ്ങള്‍ തുറക്കില്ല.
126 total views, 1 views today

രാജ്യത്തെ ലോക്ക്ഡൌൺ 4 കേന്ദ്ര മാർഗ നിർദേശങ്ങൾ പുറത്തു വന്നു കഴിഞ്ഞു. സോണുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം, വിദ്യാലയങ്ങള്‍ തുറക്കില്ല.
കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ക്ഡൗൺ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. മാർച്ച് 25-നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗൺ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു.
നാലാം ഘട്ട ലോക്ക്ഡൗണിന്റെ മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മേയ് 18 മുതൽ മേയ് 31 വരെയാണ് നാലാംഘട്ടം. ഇക്കാലളവിലെ മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.
രാജ്യമെമ്പാടും നിരോധനം ഉള്ളവ
- ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾ ഉണ്ടായിരിക്കില്ല.
- ആഭ്യന്തര മെഡിക്കൽ സർവീസുകൾ, എയർ ആംബുലൻസുകൾ, സുരക്ഷാനടപടികളുടെ ഭാഗമായിട്ടുള്ളവ എന്നിവയ്ക്ക് ഇളവുകളുണ്ടാകും.
- മെട്രോ റെയിൽ സർവീസുകൾ ഉണ്ടായിരിക്കില്ല
- സ്കൂൾ, കോളേജുകൾ, വിദ്യാഭ്യാസ-പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുകയില്ല. ഓൺലൈൻ-വിദൂര പഠനക്രമം തുടരും.
- ഹോട്ടൽ, റെസ്റ്റോറന്റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ പ്രവർത്തിക്കുകയില്ല.
- സിനിമ ഹാളുകൾ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ, ബാറുകൾ, തിയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാൻ പാടില്ല.
- സ്പോർട്സ് കോംപ്ലസുകളും സ്റ്റേഡിയവും തുറക്കാം. എന്നാൽ കാഴ്ചക്കാരെ അനുവദിക്കുകയില്ല.
- സാമൂഹിക-രാഷ്ട്രീയ-കായിക-വിനോദ-സാമുദായിക പരിപാടികളും മറ്റ് കൂട്ടംചേരലുകളും അനുവദനീയമല്ല.
- ആരാധനാലയങ്ങളിൽ പ്രവേശനം പാടില്ല. മതപരമായ കൂട്ടംചേരലുകളും പാടില്ല.
കണ്ടെയ്ൻമെന്റ് മേഖലകളിലൊഴികെ അനുവദനീയമായ കാര്യങ്ങൾ (നിയന്ത്രണങ്ങൾക്ക് വിധേയം) - പുറപ്പെടുന്ന സംസ്ഥാനത്തിന്റെയും എത്തിച്ചേരുന്ന സംസ്ഥാനത്തിന്റെയും അനുമതിയോടെ സംസ്ഥാനാന്തര യാത്രകൾ.
- യാത്രാവാഹനങ്ങളും ബസുകളും അനുവദനീയം.
യാത്രാവാഹനങ്ങളുടെയും ബസുകളുടെയും അന്തർ സംസ്ഥാന-കേന്ദ്രഭരണ പ്രദേശ യാത്രകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തീരുമാനിക്കാം.
സോണുകളെ സംബന്ധിച്ച തീരുമാനങ്ങൾ
1. റെഡ്,ഗ്രീൻ,ഓറഞ്ച് സോണുകൾ അതത് സംസ്ഥാന-കേന്ദ്രഭരണ പ്രദേശ സർക്കാരുകൾക്ക് തീരുമാനിക്കാം.
2. റെഡ്,ഓറഞ്ച് സോണുകൾക്കുള്ളിലെ കണ്ടെയ്ൻമെന്റ്, ബഫർ സോണുകൾ തീരുമാനിക്കുന്നത് ജില്ല അധികൃതരായിരിക്കും.
3. കണ്ടെയ്ൻമെന്റ് സോണുകൾക്കുള്ളിൽ അത്യാവശ്യ കാര്യങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു. സോണുകളിൽനിന്ന് പുറത്തേക്കും അകത്തേക്കുമുള്ള ജനങ്ങളുടെ യാത്രകൾക്ക് കർശന നിയന്ത്രണമുണ്ടാവും. മെഡിക്കൽ, മറ്റ് അത്യാവശ്യങ്ങൾ എന്നിവയ്ക്ക് ഇളവുണ്ടാകും.
4. കണ്ടെയ്ൻമെന്റ് സോണുകളിൽ അതിതീവ്ര കോൺടാക്ട് ട്രേസിങ്, വീടുകൾ തോറുമുള്ള നിരീക്ഷണം, മറ്റ് മെഡിക്കൽ ഇടപെടലുകൾ എന്നിവയുണ്ടാകും.
നൈറ്റ് കർഫ്യൂ
രാത്രിയാത്രയ്ക്ക് കർശന നിയന്ത്രണം. രാത്രി ഏഴു മുതൽ രാവിലെ ഏഴു മണിവരെ അത്യാവശ്യ സർവീസുകൾക്ക് മാത്രമെ യാത്രയ്ക്ക് അനുമതി നൽകുകയുള്ളു.
സംരക്ഷിത ഗ്രൂപ്പിൽ ഉൾപ്പെട്ടവർക്കുള്ള നിർദേശങ്ങൾ
1. 65 വയസിന് മുകളിലുളളവർ, ഗർഭിണികൾ, 10 വയസിന് താഴെയുള്ള കുട്ടികൾ എന്നിവർ ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.
2. കണ്ടയിന്റ്മെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. അത്യാവശ്യ സർവീസുകൾ മാത്രമെ അനുവദിക്കു.
ആരോഗ്യസേതു
വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നിർബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം
അവശ്യസർവീസുകൾ
എല്ലാ സംസ്ഥാനങ്ങളും ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ അന്തർ സംസ്ഥാന യാത്ര തടയരുത്.
ചരക്ക് വാഹനങ്ങളുടേയും കാലി ചരക്ക് വാഹനങ്ങളുടേയും അന്തർ സംസ്ഥാന യാത്ര അനുവദിക്കണം.
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഒരു കാരണവശാലും മാർഗനിർദേശങ്ങളിൽ വെള്ളംചേർക്കാൻ പാടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. നിയന്ത്രണങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ ദുരന്തനിവാരണ പ്രകാരം കേസെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നുണ്ട്.
127 total views, 2 views today