ആഹാരത്തിന് ക്യൂ നിൽക്കുന്ന ഗതികെട്ട ഇന്ത്യക്കാരോട് മാസ്കിനെക്കുറിച്ചും കയ്യകലത്തെക്കുറിച്ചും പറയരുതേ

5772

വരൾച്ച, വെള്ളപൊക്കം, കലാപം, പലായനം, വംശീയയുദ്ധം, പകർച്ചവ്യാധി കാരണം എന്തായാലും, ലോകത്ത് എല്ലായിടത്തും എല്ലാ ദുരന്തങ്ങളും സ്ത്രീകൾക്ക് സമ്മാനിക്കുന്നത് ഒരേ വേദനകളും, ഒരേ മുറിവുകളുമാണ്. അതിജീവനം അത്രമേൽ ദുസ്സഹമാക്കുന്നത് അവരുടെ ജീവിതങ്ങളെയാണ്.

ഇന്നത്തെ ‘ഹിന്ദു ‘ പ്രസിദ്ധീകരിച്ച പട്നയിൽ നിന്നുള്ള ഈ ഫോട്ടോ നെഞ്ച് പൊള്ളിച്ചു. നോക്കൂ, എത്രയെത്ര കുഞ്ഞുങ്ങൾ ആണ്, എത്രയെത്ര പെൺകുട്ടികൾ ആണ് ഒരു സംഘടന സൗജന്യമായി വിതരണം ചെയ്യുന്ന ആഹാരത്തിനു വേണ്ടി വെയിലിൽ കാത്തു നിൽക്കുന്നത്?

ബിഹാർ ഗൗതമബുദ്ധന്റേയും മഹാബോധിയുടെയും, വിഹാരങ്ങളുടെയും നാടാണ്; അതോടൊപ്പം, ബോധോദയം ഒരിക്കലും കിട്ടാനിടയില്ലാത്ത, ഉപേക്ഷയുടെയും ആലസ്യത്തിന്റെയും, അധികാരത്തിന്റെയും, ജാതിയുടെയും മാത്രം രാഷ്ട്രീയം മാത്രം അറിയാവുന്ന ഭരണാധികാരികളുടെയും! അവരെ ഒരിക്കലും ഈ ഫോട്ടോ. ചുട്ടുപൊള്ളിക്കില്ല .അതുകൊണ്ടാണ് ബീഹാർ ഇന്നും ഇന്ത്യയിലെ ഏറ്റവും ദരിദ്രസംസ്ഥാനങ്ങളിൽ ഒന്നായി തുടരുന്നതും. എന്തൊരു സങ്കടകാഴ്ച്ച ആണിത്! കണ്ണ് നിറയുന്നില്ലേ?

ദിവസക്കൂലി പോലും കിട്ടാത്ത സാഹചര്യത്തിൽ അവരെന്ത്‌ ചെയ്യണം ! ഇതര സംസ്ഥാനത്തുനിന്ന് ജോലിക്ക്‌ പോയി തിരിച്ച്‌ ഇരുന്നൂറോളം കിലോമീറ്ററുകൾ നടന്ന് മരിച്ചുവീണതും ഇവരെപ്പോലുള്ളവരായിരുന്നു.ആ ചിത്രങ്ങൾ നോക്കിയും സാമൂഹ്യ അകലം പാലിക്കാത്തവരുടെ സാമൂഹ്യപ്രതിബദ്ധതയില്ലായ്മയെക്കുറിച്ച്‌ വിമർശനമുന്നയിച്ചവരുണ്ട്‌.

ഇതുനോക്കിയും അവർ വയ്ക്കാത്ത മാസ്കിനെക്കുറിച്ചും പാലിക്കാത്ത കയ്യകലത്തെക്കുറിച്ചും ബാൽക്കണികളിൽ നിന്ന് വിമർശ്ശനമുയരും ഇവരോടാ പാത്രം കൊട്ടാൻ പറഞ്ഞത്‌. ദീപം തെളിയിക്കാൻ പറഞ്ഞത്‌. ലക്ഷ്മണരേഖ മറികടക്കരുതെന്ന് പറഞ്ഞത്‌ ഉപദേശങ്ങളല്ലാതെ, ആരുടെയും മുന്നിൽ കൈ നീട്ടാതെ ഭക്ഷണം കഴിക്കാൻ അവർക്ക്‌ എന്താണു വഴി കാണിച്ചുകൊടുത്തത്‌ ? മൂന്ന് തവണ വന്ന് പറഞ്ഞപ്പൊഴും മറന്നുപോയത്‌ ഇവരെക്കുറിച്ചുതന്നെയാണ്.