പച്ചമീന്‍ തിന്ന് ഉപ്പുവെള്ളം കുടിച്ച് ആറു ദിനം – സംഭവകഥ

312

Lost-In-A-Sea-Sand-And-Debris-1024x677
ഞങ്ങള്‍ ആറു പേരടങ്ങുന്ന സംഘം കൊടുങ്ങല്ലൂരിലെ ഉള്‍ഗ്രാമ കടല്‍ തീരത്തു നിന്നും മത്സ്യ ബന്ധനത്തിനായി പുറംകടലിലേക്ക് പുറപ്പെടുന്‌പോള്‍ അന്നൊരു ദിനം വൈകുന്നേരമായിരുന്നു. 4 മലയാളികളും 2 വിദേശ തൊഴിലാളികളുമടങ്ങുന്ന സംഘം 15 ദിവസത്തേക്കുള്ള പാക്കേജിനാണ് പുറപ്പെടുന്നത്. ഭക്ഷണം, ഇന്ധനം പുറം ലോകവുമായി ബന്ധപ്പെടാനുള്ള ആധുനിക സൌകര്യങ്ങല്‍ എല്ലാം ഞങ്ങള് കരുതിയിരുന്നു. 5 ദിനം പുറംകടലിലേക്കെത്താനും 5 ദിവസം മത്സ്യബന്ധനത്തിനും 5 ദവസം മടക്കയാത്രയ്ക്കും വേണ്ടിയാണ് 15 ദിവസത്തെ ഞങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ചിലപ്പോള്‍ 5 ദിവസത്തെ മത്സ്യബന്ധനം പത്തോ ഇരുപതോ ദിവസത്തോളം നീണ്ടുപോകാറുമുണ്ട്. ഏതായാലും 5 ദിനം പുറം കടലില്‍ ബോട്ട് നങ്കൂരമിട്ടുകൊണ്ടുള്ള മത്സ്യബന്ധനം അതിസാഹസികമാണ്. പെട്ടന്നുണ്ടാകുന്ന കാറ്റും മഴയും പലപ്പോഴും ഞങ്ങളെ ഭീതിയിലീഴ്ത്തിയിട്ടുണ്ട്. കടല്‍ കൊള്ളക്കാരുടെ ശല്യവും പതിവാണ്. രണ്ടുതവണ ഞങ്ങള് അവരില് നിന്ന് രക്ഷപ്പെട്ടത് മുടിനാരിഴക്കായിരുന്നു. അത്‌കൊണ്ട് തന്നെ ഞങ്ങള്‍ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഇതൊരു അവസാന യാത്രയാകുമെങ്കിലോയെന്നൊരു മുന്‍കരുതലും മനസ്സിലുണ്ടാകാറുണ്ട്.

ഒരിക്കല്‍ ഞങ്ങള്‍ പുറം കടലിലെ മത്സ്യബന്ധനവും കഴിഞ്ഞ് മടക്കയാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു. ശാന്തമായ അന്തരീക്ഷം..പുലര്‍ച്ച നേരമായിരുന്നു..വേണ്ടുവോളം മത്സ്യവും ലഭിച്ച ട്രിപ്പായിരുന്നു. അന്നേരമാണ് അസാധാരണമായ വന്‍ തിരയിളക്കം ഞങ്ങള്‍ക്കനുഭവപ്പെട്ടത്. ബോട്ട് ശക്തമായി ആടിയുലയാന്‍ തുടങ്ങി. ചുറ്റും പ്രത്യേകിച്ച് ഒന്നും കാണുന്നുമില്ല. അതാണ് ഞങ്ങളെ പരിഭ്രാന്തരാക്കിയത്. ഒരു നിലക്കും ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. ഇതെന്ത് മായാജാലം..വല്ല പിശാചാണോ…ഒന്നും മനസ്സിലാകുന്നില്ല. പെട്ടെന്നാണ് ഞങ്ങള്‍ക്ക് മുന്നിലേക്ക് അതെടുത്ത് ചാടിയത്. മറ്റൊന്നുമായിരുന്നില്ല, പടുകൂറ്റന്‍ മത്സ്യം. ഞങ്ങളുടെ ബോട്ടിനേക്കാള്‍ വലിപ്പമുള്ള മത്സ്യം. ബോട്ടിനു തൊട്ടുമുന്നില്‍ വന്ന് അതുമുങ്ങി. ഞങ്ങള്‍ അല്‍പം സമാധാനിച്ചു. പക്ഷേ അതിന്റെ രണ്ടാമത്തെ പൊങ്ങലില്‍ ഞങ്ങളുടെ ബോട്ട് തലകീഴായി മറി്ഞ്ഞുകഴിഞ്ഞിരുന്നു. ഒന്നും മനസ്സിലാകുന്നില്ല…പടച്ചവനേ ഇതെന്ത് ലോകം…ചുറ്റും കരകാണാകടല്…കിലോമീറ്ററുകളോളം ആഴമുള്ള പുറംകടല്…മത്സ്യം സൃഷ്ടിച്ച തിരമാലയില്‍ ഒന്ന് നീന്തി ബോട്ടില്‍ പിടിച്ചുപറ്റാനാകാതെ ഞങ്ങള്‍ മുങ്ങിത്താഴുകയാണ്. പുതിയൊരു ലോകം ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങിയ നമിഷം. മറ്റൊന്നുമല്ല മത്സ്യത്തിന്റെ വയറുതന്നെ. മത്സ്യം ഞങ്ങളെ വിട്ടുമാറാതെ ചുറ്റിത്തിരിയുകയാണ്. നാട്ടിന്‍ പുറങ്ങളിലെ കുളത്തില്‍ മുങ്ങിക്കളിക്കാറുള്ള ഓര്‍മകള്‍ മനസ്സിലൂടെ തെന്നിമാറി. ഒരു പിലിപ്പൈനി ബോട്ടിനു പകരം മത്സ്യത്തന്റെ പുറത്താണ് പിടി കിട്ടിയത്. ആനപ്പുറത്തിരിക്കും പോലെ അവന്‍ അതിന്റെ പുറത്തിരുന്ന് ഞങ്ങള്‍ക്ക് കൈവീശി. മത്സ്യത്തിനു അരിശം മൂത്തിട്ടുണ്ടാകണം. അത് കടലിന്റെ ആഴിയിലേക്ക് അതിശീഘ്രം കുതിച്ചു. അതിലവന്‍ ആകാശത്തേക്ക് പറന്ന് വെള്ളത്തിലോട്ട് തന്നെ പതിച്ചു. ഞങ്ങള്‍ 6 പേരും ഒരു വിധത്തില്‍ ബോട്ടില്‍ അള്ളിപ്പിടിച്ച് കയറിപ്പറ്റി.

ബോട്ടില്‍ കയറിപ്പറ്റിയപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് ഞങ്ങള്‍ക്ക് മനസ്സിലായത്. അപ്പോല്‍ള്‍ മത്സ്യത്തോട് എതിരിട്ടതെല്ലാം ഒരു തമാശയായിതോന്നി. കാരണം ബോട്ടിലെ എല്ലാ സാധനങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയാണ് മരണത്തെ ശരിക്കും നേരിടേണ്ടതെന്ന് ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തി. ഭക്ഷണ സാധനങ്ങള്‍ ഒന്നുമില്ല..ഇന്ധനം നിറച്ച ടിന്നുകള്‍ കാണുന്നില്ല. റിമോട്ട് കണ്ട്രോളുകളുടെ പൊടിപോലുമില്ല. ശുദ്ധവെള്ളം നിറച്ച ടാങ്കും തുറക്കപ്പെട്ടിരുന്നു… ഏതൊരു മനസ്സും ദൈവത്തെ ആത്മാര്‍ത്ഥമായി വിളിക്കുന്ന ഘട്ടം. പോട്ടെ, ഉപ്പ് വെള്ളം കുടിച്ചെങ്കിലും 5 ദിനം കഴിച്ചുകൂട്ടാം പക്ഷെ ഇന്ധനം തീര്‍ന്നാല്‍ എന്ത് ചെയ്യും..ദിശനോക്കാനാണെങ്കില്‍ അതിന്റെ സാമഗ്രികളും വേണ്ടേ.. ബോട്ട് ഒരു മരണ വീടു പോലെയായി. എല്ലാവരുടെയും മുഖത്ത് മ്ലാനത.

ഒരുപാട് മുഖങ്ങള്‍ മനസ്സിലൂടെ മിന്നിമറിഞ്ഞു..ഉമ്മ.. ഉപ്പ..കുടുബക്കാര്‍, നാട്ടുകാര്‍, കൂട്ടുകാര്‍…അങ്ങിനെ പലരും..അവരെയൊക്കെ നീട്ടിവിളിക്കാന്‍ തോന്നി..പക്ഷേ ഒച്ച പൊങ്ങുന്നില്ല…എന്നാല്‍ തന്നെ ആരുകേള്‍ക്കാന്‍? പരകോടി ഓളങ്ങള്‍ തീര്‍ത്ത് സഞ്ചരിക്കുന്ന ഓളങ്ങള്‍ ഞങ്ങളോട് എന്തൊക്കെയോ പറയും പോലെ തൊന്നി..ഞങ്ങളെ പരിഹസിക്കുകയാണോ അതോ വഴികാട്ടുകയാണോ. ഒന്നുമറിയില്ല.

നൂല് പൊട്ടിയ പട്ടം പോലെ ഞങ്ങള്‍ ദിക്കേദും തിരിയാതെ അലയാന്‍ തുടങ്ങി….ഒരിക്കല്‍ ഞാന്‍ പൊട്ടിക്കരഞ്ഞു…കൂടെയുള്ളവരും കരഞ്ഞു…പരസ്പരം ആശ്വസിപ്പിക്കാന്‍ കഴിയാതെ 6 പേരും 6 ദിശയിലേക്ക്….വിദൂരതയിലേക്ക് തിരിഞ്ഞിരുന്നു.

സമയം വൈകുന്നേരത്തോടടുത്തു..അരണ്ട വെളിച്ചം മാത്രം നാളെ പുലര്‍ച്ചെ സൂര്യനുദിക്കുന്നത് കാണില്ലെന്ന് ഞങ്ങളുറപ്പിച്ചു. ആസമയത്താണ് വുദൂരതയില്‍ ഒരു കറുത്ത വസ്തു മുങ്ങിത്താഴുന്നത് കണ്ടത്. ഹൃദയമിടിപ്പ് വര്ദ്ധിച്ചു..കൈകാലുകള്‍ വിറക്കാന്‍ തുടങ്ങി. അതുമൊരു മത്സ്യമാണെങ്കില്‍ ഞങ്ങളുടെ ആയുസ്സ് ഉടനെ വെട്ടിച്ചുരുങ്ങുമെന്ന് ഉറപ്പിച്ചു…കാരണം മനസ്സ് തളര്‍ന്നിരിക്കുന്നു…വിശപ്പ് പടരാന്‍ തുടങ്ങിയിരിക്കുന്നു..’നേരത്തേ മറിച്ചിട്ട മത്സ്യമാണോ’….ഒരാള് പറഞ്ഞു..അതോടെ എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് അട്ടഹസിക്കാന്‍ തുടങ്ങി…….ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ യഥാര്ത്ഥ നൂല്പാലത്തിലൂടെ….ഒരാള്‍ പറഞ്ഞു ‘അടുത്തെത്തിയടാ’….ദൈര്യമില്ലാ ദൈര്യത്തെടെ പരസ്പരം സമാധാനിപ്പിച്ചു. ‘അതൊന്നും കാട്ടില്ലടാ’..ആസമയത്താണ് ഒരുത്തന് പെട്ടന്ന് കടലിലേക്കെടുത്ത് ചാടിയത്. മരണം മുന്നില് കണ്ട് ആത്മഹത്യ ചെയതതാണോ..ആവോ..ഒന്നുമറിയില്ല. ഇതുവരെ 6 മനസ്സുകള്‍ കൂടിയ ഒരു ദൈര്യമായിരുന്നു. ഇപ്പോള് അത് 5 ആയി ചുരുങ്ങിയിരിക്കുന്നു. ഞങ്ങള്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കാന്‍ തുടങ്ങി. എന്നിട്ട് പരസ്പരം പറഞ്ഞു..’പ്ലീസ് നീ ചാടല്ലെടാ….ഞാന്‍ ഒറ്റക്കാകുമെടാ’……ആ സമയത്താണ് ചാടിയവന്‍ അതിന്റെ പുറത്ത് അള്ളിപ്പിടിച്ച് കയറുന്നത് കണ്ടത്. അതിനെ ദേശ്യം പിടിപ്പിക്കാന്‍ അവന്‍ വീണ്ടും ആനപ്പുറത്തെന്നപോലെ കയറിയോ..പക്ഷേ അത് താഴ്‌നില്ല. കുറേ നേരം അങ്ങിനെ തന്നെ. അല്പം ആശ്വാസം തോന്നി. മെല്ലെ മെല്ലെ അത് അടുത്തു വരാന്‍ തുടങ്ങി. അന്നേരം അവന്‍ കൈ വീശി ചിരിക്കുന്നുണ്ടായിരുന്നു…’അവനു വട്ടായോ’..ഒരുത്തന്‍ സന്തോഷം കൊണ്ട് പറഞ്ഞു…അടുത്തെത്തിയപ്പോളല്ലെ സംഗതി മനസ്സിലായത്. ബോട്ടില്‍ നിന്നും നഷ്ടപ്പെട്ട ഇന്ധന ടിന്നായിരുന്നു. ഒരു വിധത്തില്‍ അവനെയും ടന്നിനെയും ബോട്ടില്‍ വലിച്ചു കയറ്റി.

ഇന്ധനം കിട്ടിയ ദൈര്യത്തില്‍ പരസ്പരം സന്തോഷിച്ച് ബോട്ട് മെല്ല കുതിക്കാന്‍ തുടങ്ങി. അല്പം കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ ഇന്ധന ടിന്നും കിട്ടി. ഒന്നുകൂടി സന്തോഷത്തോടുകൂടിയുള്ള ദൈര്യം കിട്ടി. യാത്ര തുടര്‍ന്നു..അലക്ഷ്യമായി……ദിശ നോക്കാന്‍ കഴിയാതെ….. പക്ഷെ വിശപ്പ് ഞങ്ങളെ അലട്ടാന്‍ തുടങ്ങി..കൂട്ടത്തിലൊരാള് പറഞ്ഞു ഫ്രീസറില്‍ മീനുണ്ടല്ലോ പേടിക്കേണ്ട….ദിവസം 2 കഴിഞ്ഞു വിശപ്പിന്റെ കാഠിന്യം വര്‍ധിച്ചു. ഫ്രീസറിലെ മീനെടുത്ത് അതിലെഐസ് തല്ലിക്കളഞ്ഞ് പച്ച മാംസം പിച്ചിത്തിന്നാന്‍ തുടങ്ങി ദാഹത്തിന് ഉപ്പുവെള്ളവും കുടിച്ചു…ഹോ..ഇപ്പോള്‍ അല്പം ആശ്വാസം..പക്ഷേ എന്തുചെയ്യാന്‍ ദിശയറിയാതെ എത്രനാള് ഇങ്ങനെ അലയാന്‍…ഏതെങ്കിലും കപ്പല്‍ യാത്രക്കാരെ പ്രതീക്ഷിച്ചു ഒന്നും കണ്ടില്ല..അലച്ചില്‍ തന്നെ…..

ഇപ്പോള്‍ ദിവസം 5 കഴിഞ്ഞിരിക്കുന്നു. സമയം രാത്രിയായിരിക്കുന്നു. ഇന്ധനം മുഴുവന്‍ തീരാറായിരിക്കുന്നു…നാളെ പുലര്‍ച്ചയാകുമ്പോഴേക്കും ഇന്ധനം തീരുമെന്ന് ഞങ്ങള്‍ക്ക്മ നസ്സിലായി. വീണ്ടും മരണത്തെ മുഖാമുഖം കാണാന്‍ തുടങ്ങി..കൂട്ടത്തില്‍ ഒരാള്‍ക്ക് വിറയലും പനിയും തുടങ്ങി..മനസ്സ് വീണ്ടും പതറാന് തുടങ്ങി..

അര്ദ്ധരാത്രയില്‍ എല്ലാവരും നിരാശനായിരിക്കെ….. അങ്ങ് വിദൂരതയില്‍ ഒരു പ്രകാശപ്പൊട്ട് കാണുകയാണ്….വിമാനമാണോ….കപ്പലാണോ….കരയാണോ…എന്തുമാവാം….ആഘാംഷയുടെ മുള്മുനയില്‍ ഞങ്ങളെത്തി. എത്രനേരമായിട്ടും അതിന് ചലനമില്ല. അപ്പോള്‍ അത് വിമാനമല്ലെന്ന് ഉറപ്പിച്ചു….ബോട്ട് മെല്ലെ അതിനു നേരെ അലക്ഷ്യമായി തന്നെ കുതിച്ചു. അടുക്കുംതോറും പ്രകാശം വലുതാകാന്‍ തുടങ്ങി…..പക്ഷേ,പെട്ടന്ന് അത് അപ്രത്യക്ഷമായി. നിരാശരാകാതെ മുന്നോട്ട് തന്നെ കുതിച്ചു. അവിടെ എന്തെങ്കിലുമുണ്ടല്ലോയെന്ന മട്ടില്‍. കൂടുതല്‍ അടുക്കുന്തോറും കാര്യം മനസ്സിലാകാന്‍ തുടങ്ങി…ദൈവം നമ്മുടെ രക്ഷക്കെത്തിയിരിക്കുന്നെന്ന് ഊഹിച്ചെടുത്തു……ഏകദേശം കരയോടടുത്തെത്തിയിരിക്കുന്നെന്ന് ഉറപ്പിച്ചു. ഉറങ്ങിപ്പോയ മറ്റുള്ളവരെ സന്തോഷത്തെടെ വിളിച്ചുണര്ത്തി..’എത്തിയെടാനമ്മള്‍’….അവര് പറഞ്ഞു. ‘പോടാ നീ സ്വപ്നം കാണുവാ’….പ്രകാശം മറ്റൊന്നുമായിരുന്നില്ല. ലൈറ്റ് ഹൌസായിരുന്നു. ഉള്ള ഇന്ധനവും കൊണ്ട് ലൈറ്റ് ഹൌസ് ലക്ഷ്യ മാക്കി നീങ്ങി. അതികം താമസിയാതെ 5 മണിയോടെ കരയിലെ പട്ടണങ്ങള്‍ പ്രഭതൂകി നില്ക്കുന്നത് കണ്ടു. 6 മണിയോടെ ഞങ്ങള്‍ ബോട്ട് കരയ്ക്കടിപ്പിച്ചു.

അണപൊട്ടിയ സന്തോഷം എങ്ങിനെ തടഞ്ഞുനിര്ത്തണമെന്നറിയാതെ ഞങ്ങള്‍ കുഴങ്ങി. ആഴക്കടലില് നിന്നും ഞങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് ദൈവിക സഹായത്തിനു പുറമേ ലൈറ്റ് ഹൌസിന്റെ പ്രകാശമായിരുന്നു. ജീവിതത്തിന്റെ ഏതെല്ലാം മേഖലകളുണ്ടോ അവിടെയെല്ലാം നിങ്ങള്‌ക്കൊരു ലൈറ്റ് ഹൌസാകാന്‍ കഴിയുമോ എങ്കില് നമ്മുടെ ജീവിതം പ്രഭാപൂരിതമായി. ഒരു മനുഷ്യന്റെ ആത്മാവില്‍ യഥാര്ഥ സ്‌നേഹം കുടികൊള്ളുന്നുണ്ടോ എങ്കില്‍ അവനില്‍ നിന്ന് നന്മകളുടെ പ്രകാശങ്ങള്‍ സ്ഫുരിക്കാന്‍ തുടങ്ങും. അപ്പോള്‍ അവനൊരു സ്‌നേഹമാകുന്ന ലൈറ്റ് ഹൌസാകും അതില് നിന്നുണ്ടാകുന്ന നന്മയുടെ പ്രകാശം അലക്ഷ്യമായി നടക്കുന്നവര്ക്കും എന്നല്ല ലക്ഷ്യത്തോടെ നടക്കുന്നവര്ക്ക് തന്നെയും വഴികാട്ടിയാകും. യഥാര്ത്ഥ സ്‌നേഹത്തില്‍ നിന്നുണ്ടാകുന്ന നന്മയുടെ പ്രകാശങ്ങള്‍ വിതറേണ്ട ലൈറ്റ് ഹൌസുകളെല്ലാം അണഞ്ഞുകൌണ്ടിരിക്കുന്നതാണ് സമകാലിക ലോകം നേരിടുന്ന ഏറ്റവും വലിയ മരീചിക.

നമുക്ക് ഉറക്കെപറയാം ‘സ്‌നേഹം മരിക്കരുത് നമുക്ക് ജീവിക്കണം’