ലോഥൽ-മരിച്ചവരുടെ കുന്ന് !

0
90

Rajesh C

ലോഥൽ-മരിച്ചവരുടെ കുന്ന് !

ഗുജറാത്തിലെ അങ്കലേശ്വർ എന്ന സ്ഥലത്ത് നിന്ന് സൗരാഷ്ട്ര മേഖലയിലുള്ള ഭാവ്‌നഗറിലേക്ക് പോകുകുകയായിരുന്നു ഞങ്ങൾ. അങ്കലേശ്വറിൽ നിന്ന് ഭാവ്‌നഗറിലേക്കുള്ള 275 കിലോമീറ്റർ ദൂരം കാറിൽ ആയിരുന്നു യാത്ര. വിജനമായ സ്റ്റേറ്റ് ഹൈവേ 6-ലൂടെ, കാംബെ പിന്നിട്ട്, ഊഷര ഭൂമിയായ സൗരാഷ്ട്ര പ്രദേശത്തു കൂടിയുള്ള യാത്ര. റോഡിന്റെ ഇരുവശങ്ങളിലും കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ഭൂമി. വൃക്ഷങ്ങൾ നന്നേ കുറവാണു, അവിടെ ഇവിടെയായി കുറ്റിക്കാടുകൾ കാണാം. മനുഷ്യവാസവും നന്നേ കുറവാണ്. ഒരു ചെറിയ ഗ്രാമം കഴിഞ്ഞു കുറേ ദൂരം സഞ്ചരിച്ചാലാണ് അടുത്ത ജനവാസ കേന്ദ്രം കാണാൻ പറ്റുക. കുറെ കഴിഞ്ഞപ്പോൾ ഉപ്പു പാടങ്ങൾ കാണാൻ കഴിഞ്ഞു. ചെറിയ കുന്ന് പോലെ ഉപ്പു കൂട്ടിയിട്ടതിന് താഴെ രാജഹംസങ്ങൾ മീൻ വേട്ട നടത്തുന്നുണ്ടായിരുന്നു. അത് രാജഹംസങ്ങളുടെ വിരുന്നു കാലമായിരുന്നു.

കാഴ്ചകൾ ആവർത്തിച്ചു, യാത്ര വിരസമായി തുടങ്ങിയ വേളയിലാണ് റോഡിൻറെ വലത്തേ അരികിൽ ആ ബോർഡ് ശ്രദ്ധയിൽ പെട്ടത്. നീല പശ്ചാത്തലത്തിൽ എഴുതിയ വെളുത്ത അക്ഷരങ്ങൾ, ലോഥൽ-11 KM. പണ്ടെങ്ങോ ചെറിയ ക്ലാസ്സ് മുറികളിൽ കേട്ട് മറന്നുപോയ ഒരു സ്ഥലനാമം. മഹത്തായ സിന്ധു നദീതട സംസ്കാരത്തിലെ പല പട്ടണങ്ങളിൽ ഒന്ന്. ആ ബോർഡിന് കുറച്ചകലെയായി കാർ നിർത്തി, മൊബൈലിൽ ‘ലോഥൽ’ തിരയാൻ തുടങ്ങി. അതെ,ചരിത്രപുസ്തകത്താളുകൾക്കിടയിൽ വായിച്ച ലോഥലിൽ നിന്ന് വെറും 11 കിലോമീറ്റർ അകലെയാണ് ഞങ്ങളിപ്പോൾ. 4500 വർഷങ്ങൾക്ക് മുൻപ് നമ്മുടെ പൂർവികർ കെട്ടിപ്പടുത്ത മഹത്തായ സംസ്ക്കാരത്തിന്റെ തിരുശേഷിപ്പുകൾ കാണാനുള്ള അവസരം ഇതാ കൺമുന്നിൽ. പിന്നെ സംശയിച്ചില്ല, കാർ പുറകോട്ടെടുത്ത്‌ വലത് വശത്തേക്ക് ഉള്ള റോഡിലൂടെ ഞങ്ങൾ യാത്ര തുടർന്നു.

ഇത് വരെ പിന്നിട്ട റോഡ് പോലെ ആയിരുന്നില്ല, ലോഥലിലേക്കുള്ള പാത. വീതി കുറഞ്ഞു അല്പം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെ സഞ്ചരിച്ചു ലോഥൽ പട്ടണത്തിന്റെ മതിലിന് മുൻപിൽ ഞങ്ങൾ എത്തി. മഹത്തായ ഒരു ചരിത്ര സ്മരണയെ കാത്തു സൂക്ഷിക്കുന്ന മതിലിന് വേണ്ടതായ പകിട്ടൊന്നും നിറം മങ്ങിയ ആ മഞ്ഞ മതിലിന് ഉണ്ടായിരുന്നില്ല. കറുത്ത മാർബിൾ ഫലകത്തിൽ ‘ലോഥൽ, അർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ’ എന്ന് കൊത്തിവെച്ചിരുന്നു. അങ്ങോട്ടുള്ള പ്രവേശനം സൗജന്യമാണ്. ലോഥലിൽ നിന്ന് കുഴിച്ചെടുത്ത വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്ന മ്യൂസിയം കാണാൻ നാമമാത്രമായ ഫീസുണ്ട്, ക്യാമറയ്ക്കു വേറെയും.

ബബൂൽ മരങ്ങളും കാറ്റാടി മരങ്ങളും അങ്ങിങ്ങായി കാണപ്പെടുന്ന ആ ചരിത്ര ഭൂമിയിലൂടെ ഞങ്ങൾ നടന്നു. ഇങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ മനസ്സിൽ വെക്കേണ്ട ഒരു കാര്യമുണ്ട്, മൂന്നാർ പോലുള്ള സ്ഥലങ്ങളുടെ പ്രകൃതി ഭംഗിയോ, ഹംപി പോലുള്ള സ്ഥലങ്ങളുടെ ശില്പ ചാതുര്യമോ നമുക്ക് ഇവിടെ പ്രതീക്ഷിക്കാനാവില്ല. ഇവിടെ, പൊയ് പോയ കാലത്തിനോടുള്ള താല്പര്യം മാത്രമാണ് നിങ്ങളെ മുന്നോട്ടു നയിക്കുക. ആ ചരിത്രാവശിഷ്ടങ്ങൾക്ക് മുന്നിൽ കണ്ണുകളടച്ചു നിൽക്കുമ്പോൾ നമുക്ക് അന്നത്തെ ജീവിതം കാണാൻ കഴിയണം, അവരായി മാറാൻ കഴിയണം. എങ്കിൽ മാത്രമേ ആ കാഴ്ചകൾ ആസ്വദിക്കാനാവൂ.
സ്വാതന്ത്ര്യത്തിന് ശേഷം, സിന്ധൂനദീതട സംസ്ക്കാരത്തിന്റെ ശേഷിപ്പുകൾ പാകിസ്താനിലായി പോയതിന്റെ സങ്കടത്തിൽ, ഹാരപ്പയ്ക്കും മോഹൻ മോഹൻ ജെദാരോവിനും തുല്യമായ ഇടങ്ങൾ ഇന്ത്യയിലും ഉണ്ടാകണമെന്ന വാശിയിൽ പുരാവസ്തു ഗവേഷകർ കുഴിച്ചെടുത്തതായിരുന്നു ലോഥലിന്റെ ഭൂതകാലം. അതിന് വളരെ മുൻപ് തന്നെ അവിടെ ജീവിച്ചിരുന്ന ഗ്രാമീണർ ആ സ്ഥലത്തിനെ ഗുജറാത്തി ഭാഷയിൽ ‘മരിച്ചവരുടെ കുന്ന്’ എന്നർത്ഥം വരുന്ന ലോഥൽ എന്ന് വിളിച്ചു. അവർക്കറിയാത്ത ഏതോ ഒരു കാലത്തു അവിടെ ജീവിച്ചിരുന്ന മനുഷ്യർ അവശേഷിപ്പിച്ച പട്ടണാവശിഷ്ടങ്ങൾ മണ്ണിനടിയിൽ മറഞ്ഞു കിടന്നിരുന്നു എന്ന് അവർക്കറിയാമായിരുന്നു.

സിന്ധൂനദീതട സംസ്ക്കാരത്തിന്റെ തെക്കുവശത്തുള്ള പട്ടണങ്ങളിൽ ഒന്നായിരുന്ന ലോഥലിന്റെ നിർമാണ കാലഘട്ടം 2500 BCE ആണെന്ന് വിചാരിക്കുന്നു. ലോഥൽ പട്ടണത്തെ രണ്ടായി തിരിച്ചിരിക്കുന്നു, സാധാരണ ജനങ്ങൾ ജീവിച്ചിരുന്ന ‘ലോവർ ടൌൺ’. സമൂഹത്തിലെ ഉന്നതർ ജീവിച്ചിരുന്ന ‘അപ്പർ ടൌൺ’.
ലോവർ ടൌണിലായിരുന്നു മുത്ത് (Bead Making), ആഭരണങ്ങൾ തുടങ്ങിയവ നിർമിക്കുന്നവർ ജീവിച്ചിരുന്നത്. അവർ അതിനായി ഉപയോഗിച്ചിരുന്ന ഒരു ആല കമ്പി വലയിൽ സംരക്ഷിച്ചിരിക്കുന്നത് കാണാം. ഇന്നത്തെ സബർമതി നദി കടലിൽ ചേരുന്നത് അന്ന് ലോഥലിനടുത്ത്‌ വെച്ചായിരുന്നു. ഇവിടെ ഉണ്ടാക്കിയിരുന്ന മുത്തുകളും ആഭരണങ്ങളും കടൽ കടന്ന് സിന്ധൂനദീതട സംസ്ക്കാരത്തിലെ മറ്റു പട്ടണങ്ങളിലും മെസോപ്പൊട്ടാമിയയിലും ഈജിപ്തിലും വരെ എത്തി. കപ്പലുകളുടെ സൗകര്യാർത്ഥം അക്കാലത്ത്‌ നിർമിച്ച ഒരു ഡോക്ക് യാർഡ് ഇന്നും ഇവിടെ കാണാം. കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന ഈ ‘ഡോക്ക് യാർഡ്’ (Dock Yard) ആണ് ലോഥലിലെ പ്രധാന കാഴ്ച.

സമൂഹത്തിലെ കുലീനർ ജീവിച്ചിരുന്ന ‘അപ്പർ ടൌൺ’ ലോവർ ടൗണിൽ നിന്ന് 3 മീറ്റർ ഉയരത്തിൽ ആണ്. സിന്ധൂനദീതട സംസ്ക്കാരത്തിന്റെ ഒരു പ്രത്യേകതയാണ്, പട്ടണത്തിനെ ‘അപ്പർ ടൌൺ’ (Upper Town)എന്നും ‘ലോവർ ടൌൺ’ (Lower Town) എന്നും രണ്ടായി തിരിച്ചിരിക്കുന്നത്. കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടില്ലാത്തതിനാൽ, ഭരണം ഒരു സംഘം ആളുകളിൽ കേന്ദ്രീകരിച്ചിരുന്നു എന്നാണ് അനുമാനം. അപ്പർ ടൗണിൽ ഭംഗിയായി കല്ല് വിരിച്ച പാതകൾ, വലിയ സംഭരണശാലയുടെ (Ware House) അവശിഷ്ടങ്ങൾ, മലിന ജലം പുറത്തേക്കൊഴുക്കാനുള്ള സംവിധാനം (Drainage System) എന്നിവയാണ് കാണേണ്ടത്. 4500 വർഷം പഴക്കമുള്ളതാണ് ഈ നിർമ്മിതികൾ എന്നോർക്കണം.അത്ര തന്നെ പഴക്കമുള്ള രണ്ടു കിണറുകളും അതിന്റെ അരഭിത്തിയോടു കൂടി കാണാം.

ആ കാഴ്ചകൾ കണ്ട് കഴിഞ്ഞ് ഞങ്ങൾ മ്യൂസിയത്തിനകത്തേക്ക് കയറി. ചെറിയൊരു മ്യൂസിയമാണ്. ലോഥലിൽ നിന്ന് കുഴിച്ചെടുത്ത 1000 ത്തോളം വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്നു. അതിൽ പ്രധാനപ്പെട്ടതാണ് ഒരേ സ്ഥലത്ത്‌ നിന്ന് കണ്ടെടുക്കുന്ന രണ്ട്‌ ആളുകളുടെ മൃതദേഹാവശിഷ്ടങ്ങൾ. ‘ട്വിൻ ബറിയൽ’ (Twin Burial) എന്നറിയപ്പെടുന്ന ഈ രീതിയിലുള്ള അസ്ഥിക്കൂടങ്ങൾ സിന്ധൂനദീതട സംസ്ക്കാരത്തിന്റെ സവിശേഷതയാണ്. മ്യൂസിയത്തിൽ ഇതിന്റെ മാതൃകയാണ് വെച്ചിട്ടുള്ളത് എന്നാണ് ഓർമ. പിന്നെ കെട്ടിട നിർമാണത്തിന് ഉപയോഗിച്ചിരുന്ന ചുട്ട ഇഷ്ടികകൾ, മൺപാത്രങ്ങൾ, മുത്തുമണികൾ, ആഭരണങ്ങൾ, ടെറാക്കോട്ട കളിപ്പാട്ടങ്ങൾ, സീലുകൾ (Seal), എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്.

എല്ലാം കണ്ട്‌ ഞങ്ങൾ മ്യൂസിയത്തിൽ നിന്നിറങ്ങി. പലപ്പോഴും അങ്ങനെയാണ്, ലക്ഷ്യസ്ഥാനത്തേക്കാൾ മനസ്സിനെ സംതൃപ്തമാക്കുന്നത് വഴിയരികിലെ കാഴ്ചകളാണ്. ‘ലോഥൽ’ ആണെങ്കിലോ വെറും വഴിയോരകാഴ്ചയും ആയിരുന്നില്ല. മുൻകൂട്ടി തയ്യാറെടുക്കാതെ, മറ്റൊരു ഇടത്തേക്കുള്ള യാത്രയിൽ അപ്രതീക്ഷിതമായി വന്ന് കയറിയ ഒരു ഓർമ. പുരാതന കാലത്ത്‌ അവിടെ ജീവിച്ചിരുന്ന ആ മനുഷ്യരുടെ സംസ്ക്കാരത്തെ നമിച്ചു കൊണ്ട്, പൊള്ളുന്ന വെയിലിൽ ഞങ്ങൾ കാറിനടുത്തേക്ക് വേഗം നടന്നു, യാത്ര തുടരാൻ!