ആമ്പലും താമരയും തമ്മിലുള്ള വ്യത്യാസം ?

അറിവ് തേടുന്ന പാവം പ്രവാസി

ശുദ്ധജലത്തില്‍ (പൊയ്കകളിലും മറ്റും) വളരുന്ന മനോഹരമായ പൂക്കള്‍ ഉണ്ടാവുന്ന ഒരു ചെടിയാണ്‌ ആമ്പൽ (Water lily) .ശാസ്ത്രീയ നാമം: നിംഫേയ ആൽബ .ആമ്പല്‍ ബംഗ്ലാദേശിന്റെ ദേശീയപുഷ്പമാണ്‌. കേരളത്തില്‍ സംഘകാലകൃതികളിലെ നെയ് തൽ തിണകളിലെ പുഷ്പം എന്ന നിലയി ല്‍ തന്നെ പ്രാചീനകാലം മുതല്‍ക്കേ
ആമ്പല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. താമരയോട് സമാനമായ സാഹചര്യങ്ങളില്‍ വളരുന്ന ആമ്പല്‍ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു.നാടന്‍ ഇനങ്ങള്‍ വെള്ളയും , ചുവപ്പും നിറത്തിലാണ്‌. ഇവ രാത്രിയില്‍ പൂക്കുകയും പകല്‍ കൂമ്പുകയും ചെയ്യും. എങ്കിലും സങ്കര ഇനങ്ങള്‍ ചുവപ്പ്, മെറൂണ്‍, കടുംനീല, ഇളം നീല, മഞ്ഞ, വയലറ്റ് എന്നീനിറങ്ങളില്‍ കാണപ്പെടുന്നു. ഇവ പകലാണ്‌ വിരിയുന്നത് എന്നതിനാല്‍ കൂടുതലായും ഉദ്യാനങ്ങളില്‍ വളര്‍ത്തുന്നു. ഏകദേശം 50 ഓളം വ്യത്യസ്ത ആമ്പല്‍ ഇനങ്ങള്‍ ലഭ്യമാണ്‌.

ആമ്പലിന്റെ തണ്ടിന്‌ മൂന്നു മീറ്ററോളം നീളമുണ്ടാകും.സസ്യങ്ങളില്‍ ശ്വാസോച്ഛ്വാസത്തിനായുള്ള സ്റ്റൊമാറ്റ (stomata) എന്ന ഭാഗം കരയില്‍ വളരുന്ന സസ്യങ്ങളില്‍ ഇലകള്‍ക്കടിയിലാണ്‌ കാണപ്പെടുക.
എന്നാല്‍ ആമ്പലുകളില്‍ ഇവ ഇലക്കു മുകള്‍ഭാഗത്തായാണ്‌ കാണപ്പെടുന്നത്.ഇലയുടെ മുകള്‍ഭാഗം ചെറിയ ചെറിയ മെഴുകുപരലുകളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇത് ഇലകളെ വെള്ളം നനയുന്നതില്‍ നിന്നും പ്രതിരോധിക്കുന്നു.ആമ്പല്‍ പോലുള്ള ജലസസ്യങ്ങള്‍ അതിന്റെ ഇലകള്‍ക്കു മുകളിലേക്ക് വരുന്ന ജലം ഇലയുടെ മദ്ധ്യഭാഗത്തേക്കെത്തിച്ച് ആവശ്യ മായ ജലാംശം ആഗിരണം ചെയ്തതിനു ശേഷം ഇല ചെരിച്ച് വെള്ളത്തെ ചെറിയ തുള്ളികളായി പുറത്തേക്കൊഴുക്കുന്നു. ഈ പ്രക്രിയ താമര പ്രഭാവം (lotus effect) എന്നാണ്‌ അറിയപ്പെടുന്നത്.

പൂക്കള്‍ക്ക് മൂന്നു നിര ദളങ്ങള്‍ കാണപ്പെടുന്നു. താമരയെ അപേക്ഷിച്ച് ഇവയുടെ തണ്ടിനു ബലം കുറവാണ്. തണ്ടിനു നീല കലര്‍ന്ന പച്ച നിറമാണ്. പൂക്കള്‍ ജലോപരിതലത്തില്‍ നിന്ന് ഒരടിയോളം ഉയരത്തില്‍ കാണപ്പെടുന്നു. ഇവ 4-5 ദിവസം വിരിഞ്ഞു നില്ക്കുകയും പൂവ് പൂര്‍ണ്ണവളര്‍ച്ചയെത്തിയശേഷം കൊഴിയാതെ വളഞ്ഞ് നുറുങ്ങി വെള്ളത്തിനടിയില്‍ കായ നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ വിത്തു കള്‍ മൂപ്പെത്തുവാന്‍ 1-2 മാസം വേണ്ടിവരും. വിളഞ്ഞ വിത്തിന്റെ പുറംഭാഗത്തിന്‌ കറുപ്പു നിറമാണ്‌. അവ കായില്‍ നിന്ന് വേര്‍പെട്ട് ചെളിയില്‍ മുളച്ചുവരും.

ആമ്പലുകളിലെ ഒരു വിഭാഗമാണ്‌ സുന്ദരി ആമ്പൽ (Red water lily). ചുവന്ന ആമ്പൽ, ചുവന്ന പൂത്താലി എന്നീ പേരുകളിലും അറിയപ്പെടുന്നു. വെള്ള ആമ്പലിനെ (Nymphaea pubescens) അപേക്ഷിച്ച് എണ്ണത്തിൽ കുറവാണ്. മനോഹരമായ ചുവന്ന പൂക്കൾ വെയിലുറക്കുന്നതോടുകൂടി വാടിത്തുടങ്ങുന്നു. പൂക്കൾക്ക് എട്ടു മുതൽ ഇരുപത്തിമൂന്നു സെൻറീ മീറ്റർ വരെ വ്യാസമുണ്ടാകും. ഉദ്യാന സസ്യമായി നട്ടുവളർത്തുവാൻ പ്രിയമുള്ള ചെടിയാണിത്. ഒരുപരിധിവരെ ഉപ്പിന്റെ അംശമുള്ള കായലുകളിലും തടാകങ്ങളിലും വളരും. തണ്ണീർത്തടങ്ങൾ മലിനമാകുന്നതും മണ്ണിട്ടു നികത്തുന്നതുമാണ് പ്രധാന ഭീഷണി.
ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ് താമര. താമരയാണ് ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പം. നെലുമ്പോ നൂസിഫെറാ (Nelumbo nucifera) എന്നാണ് ശാസ്ത്രീയ നാമം.

വെണ്‍താമര, ചെന്താമര എന്നീ രണ്ടുതരം താമരകളാണ് പൊതുവേ കാണപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ 1800 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലെ അധികം ഒഴുക്കില്ലാത്ത കുളങ്ങളിലും , തടാകങ്ങളിലും ചതുപ്പുകളിലും ആണ് ഈ ജലസസ്യം വളരുന്നത്. ചിരസ്ഥായിയായ താമരയുടെ പ്രകന്ദം (താമരക്കിഴങ്ങ്) ചെളിയില്‍ നിമഗ്നമായിരിക്കും. പ്രകന്ദം ശാഖിതവും ,കനം കുറഞ്ഞ് നീളം കൂടിയതുമാണ്. ഇതിന്റെ പര്‍വസന്ധികളില്‍ നിന്നാണ് വേരുകള്‍ പുറപ്പെടുന്നത്.

പ്രകന്ദത്തില്‍ നിന്ന് ജലോപരിതലം വരെ ഉയര്‍ന്നു നില്‍ക്കുന്ന തണ്ടിന്റെ അഗ്രത്തിലാണ് ഇലകള്‍ വിന്യസിച്ചിരിക്കുന്നത്. ഇലയ്ക്ക് 60-90 സെ.മീ. വ്യാസമുണ്ടായിരിക്കും. ഇലത്തണ്ടിലും , ഇലകളിലുമുള്ള വായു അറകളാണ് ഇലകളെ ജലോപരിതലത്തില്‍ പൊന്തിക്കിടക്കാന്‍ സഹായിക്കുന്നത്. ഇലയുടെ ഉപരിതലത്തിലെ മെഴുകുപോലുള്ള ആവരണം ഇതില്‍ വീഴുന്ന ജലകണങ്ങളെ വേഗത്തില്‍ വാര്‍ന്നു പോകാന്‍ സഹായിക്കുന്നു. ഇലത്തണ്ടില്‍ അവിടവിടെ വളരെ ചെറിയ മുള്ളുകളുണ്ടായിരിക്കും. ഇലകളില്‍ ടാനിനും ,മ്യൂസിലേജും അടങ്ങിയിരിക്കുന്നു.

പ്രകന്ദത്തില്‍ നിന്നുണ്ടാകുന്ന നീളം കൂടിയ പുഷ്പത്തണ്ടിലാണ് പുഷ്പം ഉണ്ടാകുന്നത്. പുഷ്പത്തണ്ട് ജലോപരിതലത്തിലെത്തിയ ശേഷമാണ് പുഷ്പം വികസിക്കുന്നത്. പുഷ്പങ്ങള്‍ക്ക് വെളുപ്പോ , ഇളം ചുവപ്പോ നീലയോ നിറമായിരിക്കും; വെളുത്ത പുഷ്പങ്ങളുള്ള താമര പദ്മം എന്നും അല്പം ചുവന്ന പുഷ്പങ്ങളുള്ളത് നളിനമെന്നും അല്പം നീല നിറമുള്ളത് ഉല്പലം എന്നും അറിയപ്പെടുന്നു. പുഷ്പങ്ങള്‍ക്ക് 10-25 സെ.മീ. വ്യാസം കാണും; സുഗന്ധവുമുണ്ടാകും; പുഷ്പത്തിന്റെ മധ്യഭാഗത്തായി മഞ്ഞ നിറത്തില്‍ ത്രികോണാ കൃതിയില്‍ കാണപ്പെടുന്ന പുഷ്പാസന (thalamus)ത്തിലാണ് ബീജാണ്ഡപര്‍ണങ്ങള്‍ നിമഗ്നമായിട്ടുള്ളത്. പച്ചനിറത്തില്‍ നാലോ അഞ്ചോ ബാഹ്യദളങ്ങളുള്ള താമര പുഷ്പ ത്തിന് അനേകം ദളങ്ങളും കേസരങ്ങളും ഉണ്ടായിരിക്കും. 5-12.5 സെ.മീ. വരെ നീളമുള്ള ദളങ്ങള്‍ എളുപ്പത്തില്‍ കൊഴിഞ്ഞു പോകുന്നവയാണ്. ദളങ്ങള്‍ ക്രമാനുഗതമായി പരിവര്‍ത്തനം ചെയ്ത് കേസരങ്ങളായി രൂപാന്തരപ്പെടുന്ന പ്രതീതി ജനിപ്പിക്കുന്നു.

സര്‍പ്പിളമായി ക്രമീകരിച്ചിരിക്കുന്ന കേസരങ്ങള്‍ക്ക് ദ്വികോഷ്ഠക പരാഗകോശ മാണുള്ളത്. സംയോജകം പരാഗകോശത്തിനു മുകളില്‍ ഒരു ഫണം പോലെ നീണ്ടുനില്ക്കു ന്നു.പുഷ്പാസനത്തിലാണ്ടു കിടക്കുന്ന അസംഖ്യം ബീജാണ്ഡപര്‍ണങ്ങളുള്‍പ്പെട്ടതാണ് ജനി. വര്‍ത്തികാഗ്രങ്ങള്‍ മാത്രമേ തലാമസിനു മുകളില്‍ കാണപ്പെടുന്നുള്ളൂ. തലാമസ് അഴുകുന്നതനുസരിച്ച് വിത്ത് അതില്‍ നിന്നു വേര്‍പെട്ടു വീഴുന്നു. വിത്തിന് അണ്ഡാകൃതി യാണ്. ഇതില്‍ ബീജാന്നവും പരിഭ്രൂണപോ ഷ(perisperm)വുമുണ്ട്. താമരക്കിഴങ്ങും , വിത്തും ഭക്ഷ്യയോഗ്യമാണ്. വിത്ത് പാകം ചെയ്യാതെയും ഭക്ഷിക്കാം. കിഴങ്ങില്‍ 2% പ്രോട്ടീന്‍, 0.1% കൊഴുപ്പ്, 6% സ്റ്റാര്‍ച്ച് എന്നിവ കൂടാതെ സോഡിയം, ജീവകം ബി,സി,ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. വിത്തില്‍ 17% പ്രോട്ടീന്‍, 2.5% കൊഴുപ്പ്, 60% സ്റ്റാര്‍ച്ച്, കൂടിയ അളവില്‍ ജീവകം സി എന്നിവ അടങ്ങിയിരി ക്കുന്നു. താമരക്കിഴങ്ങും തണ്ടും പൂവും ഔഷധയോഗ്യമാണ്. പ്രകന്ദത്തിലും വിത്തിലും നിലംബൈന്‍ എന്ന ആല്‍ക്കലോയിഡും റെസിന്‍, ഗ്ളൂക്കോസ്, ടാനിന്‍, കൊഴുപ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

പിത്തം, ചുമ, കുഷ്ഠം തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ വേര് ഉപയോഗി ക്കുന്നു. ഇല പനിക്കും നെഞ്ചെരിച്ചിലിനും ഔഷധമാണ്. പുഷ്പം ശീതളമാണ്. കോളറ, പനി, ഹൃദ്രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധമായും ഉപയോഗിക്കാ റുണ്ട്.താമരയുടെ തേന്‍ മകരന്ദം എന്നാണ് അറിയപ്പെടുന്നത്. ഇത് ത്രിദോഷങ്ങള്‍ അകറ്റുന്നു. സംസ്കൃതത്തിൽ രാജീവം, പുഷ്കരശിഖാ, അംബുജം, കമലം, ശതപത്രം, പദ്മം, നളിനം, അരവിന്ദം, സഹസപത്രം, പങ്കേരുഹം, കുശേശയം, പങ്കജം, പുണ്ഡരീകം, ഉത്പലം എന്ന് പേരുകൾ ഉണ്ട്. ഹിന്ദിയിൽ കൻവൽ എന്നും ബംഗാളിയിൽ പത്മ എന്നുമാണ്‌. തമിഴിലും തെലുങ്കിലും താമര എന്നു തന്നെയാണ്‌.

You May Also Like

ഇന്ത്യൻ സ്വതന്ത്ര സമരത്തിലെ യഥാർത്ഥ ഹീറോകൾ നാം അറിയാതെ പോയ, സ്വാതന്ത്രത്തിന്റെ പുലരി കാണാൻ സാധിക്കാതെ പോയ മറ്റുപലരുമാണ്

എഴുതിയത് :Suresh Madathil Valappil കടപ്പാട് : ചരിത്രാന്വേഷികൾ ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിനെ ചുറ്റിയൊഴുകുന്ന സീൻ…

2023-ൽ അധിക പണം സമ്പാദിക്കുന്നതിനുള്ള 13 മികച്ച ഓൺലൈൻ ജോലികൾ

  2023-ൽ നിങ്ങൾ കുറച്ച് അധിക വരുമാനം ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ അതിനു പറ്റിയ ചില മാർഗ്ഗങ്ങളാണ്…

കല്യാണ ഫോട്ടൊഗ്രാഫറായി റോബോട്ട് ഇവാ

കല്യാണ ഫോട്ടൊഗ്രാഫറായി റോബോട്ട് ‘ഇവാ’ അറിവ് തേടുന്ന പാവം പ്രവാസി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന…

ഇൻ്റർനെറ്റ് വരുന്ന വഴി, ഇൻ്റർനെറ്റ് ലഭ്യമാകുന്നത് ഏത് വഴിക്ക് ആണെന്നറിയാമോ ?

നമ്മുടെ മൊബൈലുകളിലും കമ്പ്യൂട്ടറുകളിലുമൊക്കെ, നാം തിരയുന്ന ഉടനെ ലഭിക്കുന്ന വീഡിയോസും, ഫോട്ടോസും, പാട്ടുകളുമൊക്കെ ഫോട്ടോണുകളുടെ രൂപത്തിൽ, ആഴക്കടലിനടിയിലൂടെ പ്രകാശവേഗതയിൽ ബഹുദൂരം സഞ്ചരിച്ചാണ് നമുക്ക് മുൻപിലെത്തുന്നത്