Share The Article

ഇനിയൊരു മൂന്നു നാള്‍ കൂടി. അല്ലെങ്കില്‍ പരമാവധി പത്തുനാള്‍ കൂടി. അതിനപ്പുറം ഈ ഒരിയിടലുകള്‍ക്കു ആയുസ്സില്ല. എല്ലാ പ്രതിഷേധങ്ങള്‍ക്കും സ്വാഭാവികമായും ഉണ്ടാകുന്ന പരിണാമം മാത്രമേ ഇവിടെയും സംഭവിക്കൂ.

പ്രതിഷേധിക്കാന്‍ വേണം നമുക്ക് ചാനല്‍ ചര്‍ച്ചകള്‍. പ്രതിഷേധ കൂട്ടായ്മകള്‍ വേണം. അതില്‍ മെഴുകുതിരികള്‍ കത്തണം. അതിനപ്പുറത്തെക്കു എന്ത്? അവിടെയാണ് ഇതൊക്കെ വെറും പ്രഹസനങ്ങളും വൈകാരിക പ്രകടനങ്ങളും മാത്രമാണെന്ന് വെളിപ്പെടുന്നത്.

കേരളത്തിലെ സ്ത്രീ സുരക്ഷക്കു ഭീഷണി ഒറ്റ രാത്രി കൊണ്ട് ഉണ്ടായതല്ല. ദിനംപ്രതി നടക്കുന്ന പീഡനങ്ങളില്‍ ദളിതര്‍ ആയതു കൊണ്ടോ സെലിബ്രിറ്റി ആയതുകൊണ്ടോ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയോ മാധ്യമ ശ്രദ്ധ നേടുന്ന സംഭവങ്ങള്‍ മാത്രമേ നമ്മള്‍ ചര്‍ച്ച ചെയ്യുന്നുള്ളൂ. അല്ലെങ്കില്‍ പ്രതികരിക്കുന്നുള്ളൂ. പുറം ലോകം അറിയാതെ അല്ലെങ്കില്‍ കേവലം ഒരു പത്രവാര്‍ത്തയില്‍ ഒതുങ്ങുന്ന സംഭവങ്ങള്‍ നിത്യേന നിരവധി നടക്കുന്നുണ്ട്. സിനിമ മേഖലയില്‍ എന്നല്ല സകല തൊഴില്‍ മേഖലകളിലും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സ്ത്രീപീഡനങ്ങള്‍ നടക്കുന്നുണ്ട്.

കേവലം പൊലീസോ സര്‍ക്കാരോ വിചാരിച്ചാല്‍ മാത്രം പള്‍സര്‍ സുനിമാരെ (അദ്ദേഹമാണ് കുറ്റവാളിയെങ്കില്‍) സമൂഹത്തില്‍ നിന്നും ഇല്ലാതാക്കാന്‍ കഴിയില്ല. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന പൊതുസമൂഹം ഒന്നിച്ചു നിന്നാലെ ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കതുള്ളൂ.

ഇന്ന് ഈ നടിക്കായി കൈകോര്‍ത്ത സിനിമ സമൂഹം സിനിമ മേഖലയും ഗൂണ്ട മാഫിയയും തമ്മില്‍ നിലനില്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും ഒന്നിച്ചു പ്രതിഷേധിക്കണം. അല്ലെങ്കില്‍ ഇനിയും ഇത്തരം അനുഭവങ്ങള്‍ നിങ്ങളുടെ സഹാപ്രവര്‍ത്തകര്‍ക്കു ഉണ്ടായിക്കൊണ്ടിരിക്കും.

മാധ്യമങ്ങള്‍ ഇത്തരം സംഭവങ്ങള്‍ ബ്രേക്കിംഗ് ന്യൂസ് ആയി ഉപയോഗിക്കാനും അനാവശ്യ ചര്‍ച്ച ചെയ്തു ഇരയെ വീണ്ടും വീണ്ടും പീഡിപ്പിക്കാനും ഉപയോഗിക്കുന്ന സന്ദര്‍ഭവും കണ്ടുവരുന്നു. അത് അപലപനീയമാണ്.

ഇപ്പോള്‍ തെളിയുന്ന തിരിനാളങ്ങള്‍ ഒരു പ്രതിഷേധഗ്‌നിയായി ഉയരണം. അത് സമൂഹ മനസാക്ഷിയെ തന്നെ ചോദ്യം ചെയ്യുന്നതാവണം. അത് ഏറ്റെടുക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും ആളുകള്‍ ഉണ്ടാവണം. അതിനോടൊപ്പം ലൈംഗിക വൈകൃതമില്ലാത്ത , മാഫിയകളില്ലാത്ത ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ നമ്മുടെ കുടുംബങ്ങളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും ആത്മാര്‍ഥമായ പരിശ്രമം ഉണ്ടാകണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ഇപ്പോള്‍ തെളിച്ച തിരിനാളം കെടുത്തി , വികാരപ്രകടനങ്ങള്‍ അവസാനിപ്പിച്ചു സ്വന്തം മാളങ്ങളിലേക്കു ഒളിക്കണം.

നല്ല സൌഹൃദങ്ങള്‍ സ്വന്തമായുള്ള, നാട്ടില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന, സ്വദേശവും വിദേശവുമായ യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരു പ്രവാസിയാണ് ഞാന്‍. കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ജനിച്ചു വളര്‍ന്ന ഞാന്‍ ഇപ്പോള്‍ കുടുംബസമേതം ബഹറിനില്‍ താമസം. ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള Works Directorate ല്‍ വിവര സാങ്കേതിക വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ . എല്ലാവരുമായും വളരെ എളുപ്പം ഇണങ്ങുകയും ഒപ്പം എനിക്ക് ശരിയല്ല എന്നു തോന്നുന്ന കാര്യങ്ങളില്‍ വളരെ വേഗത്തില്‍ പ്രതികരിക്കുകയും ചെയ്യുന്ന സ്വഭാവവും കൂട്ടിനുണ്ട്.