ഒരാളെ കണ്ടപ്പോള്‍ തന്നെ ആകര്‍ഷണം തോന്നിയിരുന്നു എന്ന് പലരും പറയുന്നത് നമ്മള് കേട്ടിട്ടുണ്ട്. “എനിക്കവളെ ആദ്യമായി കണ്ടപ്പോള്‍ തന്നെ വല്ലാത്ത ഒരു പ്രേമം തോന്നി” എന്ന് എന്റെ പല സുഹൃത്തുക്കളും എന്നോട് പണ്ട് പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ നമുക്കെല്ലാം അങ്ങിനെ ഒരനുഭവം എന്നെങ്കിലുമൊക്കെ ഉണ്ടായി എന്നും വരാം. സത്യത്തില്‍ അങ്ങിനെ ഒരു കാര്യം ഉണ്ടോ?
നമ്മുടെ തലച്ചോറിലെ മുന്‍ ഭാഗത്തുള്ള ഒരു ഭാഗമായ ഡോര്സോ മീഡിയല്‍ പ്രി ഫ്രോണ്ടല്‍ കോര്‍ട്ടക്സ്, ഒരാളെ കണ്ടു കഴിയുമ്പോള്‍ തന്നെ അയാളെ പറ്റി ഒരു തീരുമാനം നിമിഷങ്ങള്‍ക്കകം എടുത്തു കഴിഞ്ഞിരിക്കും! ബ്രെയിന്‍ സ്കാനുകളുടെ സഹായത്താല്‍ ഡബ്ലിന്‍ ട്രിനിറ്റി കോളേജിലെ ഗവേഷകര്‍ ഈ പുതിയ കണ്ടുപിടിത്തം നടത്തി.

പാരാസിംഗുലേറ്റ് കോര്‍ടെക്സ്, റോസ്ട്രോ മീഡിയല്‍ പ്രി ഫ്രോണ്ടല്‍ കോര്‍ടെക്സ് തുടങ്ങിയ ഭാഗങ്ങള്‍ക്ക് (ഡോര്സോ മീഡിയല്‍ പ്രി ഫ്രോണ്ടല്‍ കോര്‍ട്ടക്സിന്റെ രണ്ട് ഭാഗങ്ങള്‍ ആണ് ഇവ) ഒരാളുമായി പ്രേമ ബന്ധത്തില്‍ ഏര്‍പ്പെടുവാനും ഏര്‍പ്പെടാതിരിക്കുവാനും ഉള്ള സാധ്യതയെപ്പറ്റി തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയും. ഈ പഠനത്തില്‍ പങ്കെടുത്തവരെ ആകര്‍ഷകങ്ങളായ രൂപമുള്ള സ്ത്രീ പുരുഷന്മാരുടെ ഫോട്ടോകള്‍ കാണിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് അവരെ തലച്ചോറിന്റെ സ്കാനിംഗിന് വിധേയരാക്കുകയും ചെയ്തു. അത് കഴിഞ്ഞതിനു ശേഷം അവര്‍ക്ക് ഫോട്ടോയില്‍ കണ്ട ആളുകളെ നേരിട്ട് കാണുവാനുള്ള അവസരവും കൊടുത്തു.
ഫോട്ടോ കാണുമ്പോള്‍ തന്നെ ആളുകള്‍ക്ക് ഒരാളോട് ഇഷ്ടം തോന്നാം എന്ന കാര്യം ഈ പഠനം കൊണ്ട് സ്ഥിരീകരിക്കപ്പെട്ടു. ഏതാണ്ട് അറുപത്തിമൂന്ന് ശതമാനം ആളുകളും തങ്ങള്‍ക്ക് ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ടവരെ നേരില്‍ കണ്ടപ്പോഴും ഇഷ്ടമായി. പാരാസിംഗുലേറ്റ് കോര്‍ടെക്സ് എന്ന സ്ഥലം ആദ്യമായി ഉണ്ടാവുന്ന ആകര്ഷണത്തിനും റോസ്ട്രോ മീഡിയല്‍ പ്രി ഫ്രോണ്ടല്‍ കോര്‍ടെക്സ് എന്ന ഭാഗം അടുത്ത് ഇടപഴകുമ്പോള്‍ ഒരു വ്യക്തിയെ തനിക്കു ചേര്‍ന്ന ആളാണോ എന്ന് വിലയിരുത്തുവാനായി ഉപയോഗിക്കുന്നുവെന്നും മനസ്സിലായി. ഒരാള്‍ക്ക് ഇഷ്ടം തോന്നിയേക്കാവുന്ന ഒരു വ്യക്തിയെ കാണുമ്പോള്‍ പാരാസിംഗുലേറ്റ് കോര്‍ടെക്സ് എന്ന ഭാഗം സ്കാനുകളില്‍ ലൈറ്റ് അപ്പ് ചെയ്യും.
റോസ്ട്രോ മീഡിയല്‍ പ്രി ഫ്രോണ്ടല്‍ കോര്‍ടെക്സ് എന്ന ഭാഗം നമ്മുടെ സാമൂഹികമായ തീരുമാനങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന സ്ഥലമാണെന്ന് മുന്‍പേ മനസ്സിലാക്കിയിരുന്നു. ആദ്യ നോട്ടത്തില്‍ തന്നെ അനുരാഗം പോട്ടിമുളക്കാമെന്നും, അത് വെറുമൊരു കാവ്യ സങ്കല്പം അല്ല എന്നും ഇതോടെ തെളിയിക്കപ്പെട്ടിരിക്കുന്നു.അതിനു കാരണമായ തലച്ചോറിലെ ഭാഗങ്ങളെ അത്യന്താധുനിക സ്കാനുകള്‍ ഉപയോഗിച്ച് വേര്‍തിരിച്ച് അറിയുക വഴി ശാസ്ത്രം ഒരു പടികൂടി മുന്നോട്ടു പോയിരിക്കുന്നു.