ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കണോ നിവിന്‍പോളീ, നിങ്ങള്‍ക്ക് ആകെ സ്വന്തമായിട്ടുള്ളത് ആ താടിമാത്രമാണ്

1116

നിവിന്‍ പോളി നായകനായി നയന്‍ താര നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രം ലൗആക്ഷന്‍ ഡ്രാമ മികച്ച അഭിപ്രായത്തോടെ തീയറ്ററില്‍ മുന്നോട്ട്‌പോകുകയാണ്. ധ്യാന്‍ ശ്രീനിവാസനാണ് സംവിധാനം നിർവ്വഹിച്ചത്. ചിത്രത്തെക്കുറിച്ച്‌ മാളവിക എഴുതിയ വ്യത്യസ്തമായ റിവ്യൂ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

മാളവിക എഴുതിയ കുറിപ്പ് വായിക്കാം:

‘മാന്യ’മഹാജനങ്ങളെ !ഒരു പ്രസംഗം ഇങ്ങനെ തുടങ്ങുന്നത് എന്ത് കാരണം കൊണ്ടാണെന്ന് അറിയാമോ? അതെ, അത് കേള്‍ക്കുന്ന ജനങ്ങള്‍ മാന്യര്‍ ആണെന്നൊരു തോന്നല്‍ ഉള്ളതുകൊണ്ടാണത് ! ഇതെന്തിന് ആദ്യമേ പറഞ്ഞു എന്ന് അവസാനം പറഞ്ഞുതരാം.അപ്പൊ മാന്യമഹാജങ്ങളെ, ഇന്നലെ Love Action Drama കാണാനിടയായി. ഹോ ! എന്താ ഒരു സിനിമ, എന്താ ഒരഴക്! അത് കണ്ട് ഇന്നല്ലേ എഴുന്നേറ്റുനിന്ന രോമം ദേ ഇ നേരമായിട്ടും അതേപടി അറ്റെന്‍ഷനില്‍ നില്‍ക്കുകയാണ്. Mr ധ്യാന്‍ ശ്രീനിവാസ്, എങ്ങനെ ഇതൊക്കെ സാധിക്കുന്നു?

Spoilers ahead !

ഇതിന്റെ കഥ ചുരുക്കിപ്പറയുവാണേല്‍, ജോലിയും കൂലിയുമില്ലാതെ ചുമ്മാ വെള്ളമടിച്ചു കോണ്‍ തിരിഞ്ഞുനടക്കുന്ന നായകനെ, നായികയായതുകൊണ്ടടുമാത്രം പ്രേമിക്കേണ്ടിവരുന്ന നായിക. അവള്‍ ഒരു ഫെമിനിസ്റ്റ് ആണെന്ന് തികഞ്ഞ പുച്ഛത്തോടെ ആദ്യ സീനുകളില്‍ തന്നെ നായകന്റെ സില്ബന്ധികള്‍ പറയുന്നുമുണ്ട്. അത്രേം സുന്ദരിയായ ലവള്‍ക്ക് പ്രേമിക്കാന്‍ ആ ആണൊരുത്തന്‍ മാത്രമേയുള്ളു അന്നാട്ടില്‍. അത് പോട്ടെ, പ്രേമിക്കുന്നു. അവന്‍ കൊടൂര വെള്ളമാണെന്ന് കൊച്ചിന് ആദ്യമേ അറിയാം കേട്ടോ. എന്നിട്ട് പ്രേമം പാതിവഴിയില്‍ ആയപ്പോ അവന്‍ വെള്ളമടി നിര്‍ത്തണം എന്ന് അവളുടെയൊരു കണ്ടിഷന്‍. മുന്‍പും ഏഴെട്ടുപ്രാവിശ്യം നിര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളത്‌കൊണ്ട് നായകനത്തൊക്കെ നിസ്സാരം. അവന്‍ ശ്രമിക്കുന്നു, പരാജയപ്പെടുന്നു, ശ്രമിക്കുന്നു, പരാജയപ്പെടുന്നു, വീണ്ടും ശ്രമിക്കുന്നു. അവസാനം കുടിയന്മാരുടെ അവസാനത്തെ അടവെടുക്കുന്നു. ഏത്? ശബരിമലയ്ക്ക് പോവാന്‍ മാലയിടാന്‍. പുള്ളിക്കാരന്‍ ഒന്ന് നന്നായി വന്നപ്പോഴേക്കും ദേ കിടക്കുന്നു നായികയുടെ കൂട്ടുകാരുടെ ഭര്‍ത്താക്കന്മാരുടെ പ്രതികാരം. ശിവനെ! എന്താ അവര്‍ക്ക് അവളോടിത്ര ദേഷ്യം തോന്നാനുള്ള കാരണം. അതൊക്കെ നിസ്സാര case ആണെന്നെ. അവള്‍ ഫെമിനിസ്റ്റ് ആണല്ലോ. അപ്പൊ അവര്‍ക്ക് പ്രതികാരം ചെയ്തല്ലേ പറ്റു. അതിനവര്‍ കണ്ടെത്തുന്ന വഴി, അവള്‍ക്ക് മുന്‍പ് വേറെ affair ഉണ്ടായിരുന്നു എന്ന് വരുത്തിത്തീര്‍ക്കലാണ്. വെറും ഒരു ശരാശരി ആണായ നായകന്‍, നായികയെ സംശയിച്ചു അവളുടെ പുറകെ സ്ത്രീവേഷത്തില്‍ നടന്നു അവളെ observe ചെയ്യുന്നു. ഒന്നും കണ്ടെത്താന്‍ കഴിയാതെ അവസാനം കെട്ടാം എന്ന് അവര്‍ തീരുമാനിക്കുമ്പോഴേക് സംവിധായകന്‍ സ്വന്തം ചേട്ടനെ ഇറക്കുന്നു, with കുറെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍. ഇതില്‍ വിശ്വസിച്ച നായകന്‍ നായികയെ get out അടിക്കുന്നു. അവസാനം വില്ലന്മാരുടെ ഫേസ്ബുക് അഡിക്ഷന്‍ കാരണം നായകന്‍ സത്യം മനസിലാക്കുന്നു. വില്ലന്മാരെ ഇടിച്ചു പഞ്ചര്‍ ആക്കുന്നു. നായികയുടെ അച്ഛന്റെ കാലുപിടിക്കുന്നു. നായികയെ വീണ്ടും കെട്ടുന്നു. ഇത്തിരി മുന്നേ അടികൊണ്ട് വില്ലന്മാര്‍ അവരുടെ റെസ്‌പെക്റ്റീവ് ഭാര്യമാരുടെ കൂടെ കല്യാണം കെങ്കേമം ആക്കുന്നു. ഇതാണ് കഥ. വെറൈറ്റി അല്ലെ?

ഇനി എന്തുകൊണ്ട് ഇ സിനിമ വേറിട്ടുനില്‍ക്കുന്നു എന്നതിലേക്ക്. Smoking and drinking is injurious to health എന്ന് നായകന്റെ നെറ്റിയില്‍ ഒട്ടിക്കാമായിരുന്നു. അതായിരുന്നു കൂടുതല്‍ എളുപ്പം. ഇങ്ങനെയുണ്ടോ ഒരു കൂതറ വെള്ളമടി. നിവിന്‍പോളി എന്തിനോ വേണ്ടി ഇടയ്ക്കിടയ്ക്ക് ഗര്‍ജ്ജിച്ചു എന്നതൊഴിച്ചാല്‍ പടം തീരാറായപ്പോഴേക്കും ഫാന്‍സുകാര്‍ വരെ മടുത്ത ഒരു performance എന്ന് പറയേണ്ടിവരും. നയന്‍താര അതീവ സുന്ദരി ആയതിനാലും നല്ല സ്‌ക്രീന്‍പ്രെസെന്‍സ് ഉള്ളതുകൊണ്ടും അവരുമാത്രമായിരുന്നു ഏക ആശ്വാസം. പക്ഷെ കടുത്ത നയന്‍സ് ആരാധികയായ എനിക്ക് പോലും രണ്ടര മണിക്കൂര്‍ അവരുടെ സൗന്ദര്യം മാത്രം കണ്ടിരിക്കാന്‍ സാധിച്ചില്ല. എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ. അജു വര്‍ഗീസിന്റെ കയ്യില്‍ ഒരുപാട് കാശുണ്ടെന്ന് മനസ്സിലായി. കൂട്ടുകാരന്റെ അനിയനോട് ഇത്രയ്ക്ക് സ്‌നേഹമാണെല്‍ ആ കാശ് ചുമ്മാ ധ്യാനിന്റെ അക്കൗണ്ടിലേക്കു ഇട്ടാല്‍ പോരെ? ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കാണോ?നിവിന്‍പോളി, പറയുന്നത്‌കൊണ്ട് ഒന്നും തോന്നരുത്, നിങ്ങള്‍ക്ക് ആകെ സ്വന്തംയിട്ടുള്ളത് ആ താടിമാത്രമാണ്. ബാക്കിയൊക്കെ, വന്‍ ശോകം.ഇനി ‘മാന്യ’മഹാജനങ്ങളെ എന്ന് ആദ്യം നിങ്ങളെ ഏവരെയും അഭിസംബോധന ചെയ്തത് എന്ന് മനസ്സിലായോ? പടത്തിന്റെ പ്രൊമോഷനില്‍ സംവിധായകനും ക്രൂവും പറഞ്ഞത് , അധികം ചിന്തിക്കാതെ, ബുദ്ധി ഉപയോഗിക്കാതെ കണ്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്കീ ചിത്രം ഇഷ്ടമാവും എന്നല്ലേ? അത് വിശ്വസിച്ചു നിങ്ങളീ പടം കാണുന്നതില്‍ തെറ്റില്ല. പക്ഷെ കണ്ടിട്ട് നിങ്ങള്‍ക്കിത് ഇഷ്ടപെട്ടാല്‍, ആദ്യം പറഞ്ഞ ആ മാന്യത സ്വയം അങ്ങ് വെട്ടികളഞ്ഞേക്കണം. ഇത്തിരി നാള്മുന്നെ ‘ഇഷ്‌ക് ‘ എന്നൊരു സിനിമ ഇറങ്ങിയിരുന്നു ഇവിടെ. തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത നായകനുനേരെ തന്റെ നടുവിരല്‍ കാണിക്കാന്‍ ഒരു പുതുമുഖ നായികയ്ക്ക് അവിടെ കഴിഞ്ഞു. ഇവിടെ നയന്‍താര ആയിട്ടും, സര്‍വോപരി ഒരു ഫെമിനിസ്റ്റ് ആയിട്ടും, നായിക നായകനോട് സര്‍വവും ക്ഷമിക്കുകയാണ്. ‘ഇ അവസരത്തില്‍ ശോഭ എന്നെ വിട്ടിട്ട് പോയാല്‍ ഞാന്‍ തകര്‍ന്നുപോകും ശോഭ ‘ എന്ന് നായകന്‍ പറയുമ്പോള്‍, ‘ആണുങ്ങളെ നന്നാക്കാനുള്ള ദുര്‍ഗുണപരിഹാരപാഠശാലയല്ല പെണ്ണുങ്ങള്‍ ‘ എന്ന് പറയാനുള്ള അര്‍ജവമെങ്കിലും, ഒരു ഫെമിനിസ്റ്റ് ആയ നായിക കാണിക്കണമായിരുന്നു. ഇതൊരുമാതിരി. അയ്യേ