ആദ്യദര്‍ശനത്തിലെ അനുരാഗം എന്നൊന്ന് ശരിക്കും ഉണ്ടോ ?

ഉണ്ട്. ഒരാളുടെ ആകര്‍ഷണീയതയുടെ അളവെടുക്കാന്‍ നമുക്ക് ശരാശരി 0.13 നിമിഷങ്ങള്‍ മതിയെന്നും രണ്ടുപേര്‍ ഒന്നിച്ചു ചെലവിടുന്ന ആദ്യമിനിട്ടുകള്‍ തന്നെ അവരുടെ ബന്ധത്തിന്‍റെ ഭാവിയെ നിര്‍ണയിക്കുന്നുണ്ട് എന്നും ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഒരാളുടെ രൂപഭംഗിയും സൌന്ദര്യമുള്ളവര്‍ സല്‍ഗുണസമ്പന്നരായിരിക്കും എന്ന മുന്‍വിധിയും ആണ് നാം ഒറ്റനോട്ടത്തിലേ ചിലരില്‍ ആകൃഷ്ടരായിപ്പോവാന്‍ നിമിത്തമാകുന്നത് എന്നോര്‍ക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഒന്നാംകാഴ്ചയില്‍ നാം കല്‍പിച്ചുകൊടുത്ത നല്ല ഗുണങ്ങളൊന്നും സത്യത്തില്‍ ആ വ്യക്തിക്ക് ഇല്ല എന്ന് പിന്നീട് തെളിയിക്കപ്പെട്ടാല്‍ ഇത്തരം ബന്ധങ്ങള്‍ താറുമാറായിപ്പോവാനുള്ള സാദ്ധ്യത ഏറെയാണ്‌.

വിരഹം പ്രണയത്തിന്‍റെ തീവ്രത കൂട്ടുമോ?

അത് ഒരാളുടെ വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കും. അന്തര്‍മുഖരില്‍ വിരഹം പ്രണയത്തെ ശക്തിപ്പെടുത്തും. എന്നാല്‍ ഏവരോടും അങ്ങോട്ടുകയറി ഇടപെടുന്ന ശീലമുള്ളവരില്‍ വിരഹം വിപരീതഫലമാവാം സൃഷ്ടിക്കുക.

പ്രണയം നമ്മളറിയാതെ സംഭവിച്ചു പോകുന്നതാണോ?

അല്ല. ഐകമത്യം, കാമം, പ്രതിജ്ഞാബദ്ധത എന്നിവയില്‍ കാമം മാത്രമാണ് തീരെ നമ്മുടെ നിയന്ത്രണത്തിലല്ലാതുള്ളത്. ഒരാളോട് പ്രതിജ്ഞാബദ്ധത പുലര്‍ത്താന്‍ നാം നിശ്ചയിക്കുന്നത് പൂര്‍ണമായും സ്വയമറിഞ്ഞു തന്നെയാണ്. ഒരു ബന്ധത്തില്‍ എത്രത്തോളം ഐകമത്യം പ്രകടമാക്കണം എന്നതും ഒരു പരിധി വരെ നമുക്ക് തീരുമാനിക്കാന്‍ കഴിയും.

ഇതേ കാരണത്താല്‍ പ്രതിജ്ഞാബദ്ധത, ഐകമത്യം എന്നിവയില്‍ തക്കതായ ശ്രദ്ധ ചെലുത്തുക വഴി നേടിയെടുത്തു കഴിഞ്ഞ ഒരു പ്രണയം മാഞ്ഞുപോകാതെ സൂക്ഷിക്കാനും നമുക്കു പറ്റും.

ഒരേസമയം ഒന്നിലധികം പേരെ പ്രണയിക്കാനാവുമോ?

ഐകമത്യവും കാമവും പ്രതിജ്ഞാബദ്ധതയും തികഞ്ഞ സമ്പൂര്‍ണപ്രണയത്തിന്‍റെ കാര്യമാണ് ഉദ്ദേശിച്ചതെങ്കില്‍ സാദ്ധ്യമല്ല എന്നാണുത്തരം. അതിനു ശ്രമിക്കുന്നത് കടുത്ത അന്തഃസംഘര്‍ഷങ്ങള്‍ക്കു വഴിവെക്കുകയും ആ ആന്തരികകലഹങ്ങള്‍ ക്രമേണ ബന്ധങ്ങളുടെ വിനാശത്തിന് ഇടയാക്കുകയും ചെയ്യും.

വികാരതീവ്രപ്രണയം, സാനുകമ്പപ്രണയം എന്നിവയില്‍ ഏതെങ്കിലുമൊരെണ്ണം മാത്രമേ തന്‍റെ പങ്കാളിക്കു തരാനാവുന്നുള്ളൂ എന്ന നിഗമനത്തിലെത്തുന്നവര്‍ കിട്ടാതെ പോവുന്നയാ പ്രണയത്തിനു വേണ്ടി മറ്റൊരു പങ്കാളിയെ കണ്ടെത്തിയേക്കാം. പക്ഷേ കാലക്രമത്തില്‍ അതിലൊരാളോടു പുലര്‍ത്തുന്ന വികാരതീവ്രപ്രണയം എരിഞ്ഞടങ്ങി അതും സാനുകമ്പപ്രണയത്തിനു വഴിമാറുമ്പോള്‍ കാര്യങ്ങള്‍ ദുഷ്കരമാകും. രണ്ടു പ്രേമഭാജനങ്ങളോട് മനസ്സറിഞ്ഞിടപഴകാന്‍ അയാള്‍ക്ക് രണ്ട് വ്യത്യസ്തമുഖങ്ങള്‍ കൈക്കൊള്ളേണ്ടതായി വരും. ഇത്തരം ദ്വൈതവ്യക്തിത്വങ്ങള്‍ ഏറെനാള്‍ നിലനിര്‍ത്തിക്കൊണ്ടു പോവുക അതീവക്ലേശകരമായിരിക്കും. ഇതു സൃഷ്ടിക്കുന്ന മനോയാതന രണ്ടിലൊരാളിലേക്ക് ഒതുങ്ങിക്കൂടാന്‍ അയാളെ നിര്‍ബന്ധിതനാക്കുകയും ചെയ്യും.

പ്രണയത്തിനു തീവ്രത കൂടുതലുള്ളത് പ്രേമവിവാഹങ്ങളിലാണോ ?

രാജസ്ഥാന്‍ സര്‍വ്വകലാശാലയിലെ ചില ഗവേഷകര്‍ ഈ വിഷയത്തെ പഠനവിധേയമാക്കുകയുണ്ടായി. മധുവിധുവേളയില്‍ കൂടുതല്‍ ഉല്‍ക്കടമായ പ്രണയം ദൃശ്യമായത് പ്രേമവിവാഹങ്ങളില്‍ത്തന്നെയായിരുന്നു. എന്നാല്‍ കാലക്രമത്തില്‍ പ്രേമവിവാഹങ്ങളില്‍ പ്രണയം ദുര്‍ബലമായിപ്പോവുമ്പോള്‍ അറേഞ്ച്ഡ് വിവാഹങ്ങളില്‍ അത് പതിയെപ്പതിയെ സുദൃഢമായിത്തീരുന്നതായാണു കാണപ്പെട്ടത്. വിവാഹത്തിന്‍റെ പത്താം വാര്‍ഷികത്തില്‍ അറേഞ്ച്ഡ് വിവാഹങ്ങളിലെ പ്രണയത്തിന്‍റെ തീക്ഷ്ണത പ്രേമവിവാഹങ്ങളിലേതിനേക്കാള്‍ ഏകദേശം ഇരട്ടിയായിരുന്നു! പ്രേമവിവാഹങ്ങളുടെ തുടക്കത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന കാമം ക്രമേണ എരിഞ്ഞടങ്ങുന്നതും അറേഞ്ച്ഡ് വിവാഹങ്ങളില്‍ ആദ്യനാളുകളില്‍ ദുര്‍ബലമായ ഐകമത്യം ക്രമേണ ദൃഢതയാര്‍ജിക്കുന്നതുമാണ് ഈ സ്ഥിതിഭേദങ്ങള്‍ക്കു നിമിത്തമാകുന്നത്.

പ്രണയത്തിനൊരുങ്ങുന്നവര്‍ക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ഗുണം ഏത്?

ഇന്ത്യയടക്കമുള്ള മുപ്പത്തിയേഴ് രാജ്യങ്ങളിലെ പതിനായിരത്തോളം സ്ത്രീപുരുഷന്മാരോട് പതിമൂന്നിനങ്ങളുള്ള ഒരു പട്ടികയില്‍ നിന്ന്‍ തങ്ങളുടെ ജീവിതപങ്കാളിയില്‍ കാണാനാഗ്രഹിക്കുന്ന മൂന്നു ഗുണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെടുകയുണ്ടായി. സ്ത്രീകളുടെയും പുരുഷന്മാരുടെയും മുന്‍ഗണനകളില്‍ പല വ്യത്യാസങ്ങളും തെളിഞ്ഞുവന്നെങ്കിലും കരുണ എന്ന ഗുണം ദേശഭേദമന്യേ ഇരുലിംഗങ്ങളുടെയും പട്ടികകളില്‍ മുന്നിട്ടുനിന്നു.

വിവാഹപ്രായത്തിനു ശേഷം പലരുടെയും സര്‍ഗാത്മകത വറ്റിവരണ്ടുപോകുന്നത് എന്തുകൊണ്ട്?

ജെഫ്രി മില്ലര്‍ എന്ന മനശാസ്ത്രജ്ഞന്‍റെ അഭിപ്രായത്തില്‍ ചിത്രം വരക്കാനോ, പാട്ടുപാടാനോ, തമാശ പറയാനോ, കായികാഭ്യാസങ്ങള്‍ നടത്താനോ ഒക്കെ ചിലര്‍ക്കുള്ള കഴിവുകള്‍ അനുയോജ്യരായ ഇണകളുടെ മനസ്സിളക്കാന്‍ വേണ്ടി മാത്രം ഉരുത്തിരിഞ്ഞു വന്നവയാണ്. മറ്റുള്ളവരിലെ ഇത്തരം യോഗ്യതകളെ തിരിച്ചറിയാനും വിവിധ കലാകായികരൂപങ്ങളെ ആസ്വദിക്കാനും വിലയിരുത്താനുമൊക്കെയുള്ള പാടവം നമ്മുടെ തലച്ചോറുകളില്‍ രൂപപ്പെട്ടത് യോഗ്യരായ പങ്കാളികളെ വേര്‍തിരിച്ചറിയുകയെന്ന ജോലി ആയാസരഹിതമാകാന്‍ വേണ്ടിയുമാണ്.

അടുത്ത രക്തബന്ധത്തിലുള്ളവരോടു നമുക്ക് പൊതുവെ പ്രണയം തോന്നാത്തത് എന്തു കൊണ്ട്?

രക്തബന്ധമുള്ളവര്‍ക്കു ജനിക്കുന്ന സന്തതികള്‍ക്ക് ജനിതകവൈകല്യങ്ങള്‍ പിടിപെടാന്‍ സാദ്ധ്യത കൂടുതലാണ്. ഇതൊഴിവാക്കാനാണ് പ്രകൃതി നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് ഇങ്ങിനെയുള്ളവരോടുള്ള പ്രണയാസക്തി എടുത്തുമാറ്റിയത്. എന്നാല്‍ ഇത് എങ്ങിനെ സാദ്ധ്യമാകുന്നു എന്നതിന്‍റെ വിശദാംശങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ബാല്യശൈശവങ്ങളില്‍ നിരന്തരം നേരില്‍ക്കാണുന്നവരോടാണ് മുതിര്‍ന്നുകഴിയുമ്പോള്‍ നമുക്ക് ലൈംഗികവൈമുഖ്യം രൂപപ്പെടുന്നത് എന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെയൊക്കെയുള്ളില്‍ അറപ്പ് എന്ന വികാരം ആവിര്‍ഭവിച്ചതിന്‍റെ ഒരു പ്രധാന ഉദ്ദേശവും ഇതാവാം എന്നും സൂചനകളുണ്ട്.

You May Also Like

സെക്സ് ൽ നിങ്ങളുടെ പങ്കാളി ഈ തെറ്റുകൾ ചെയ്യാറുണ്ടോ ?

ഗാർഹിക ജീവിതത്തിൽ പതിവായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ആളുകൾക്ക് കൂടുതൽ അടുപ്പം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ശരിയായ…

മണിയറ സങ്കൽപ്പങ്ങൾ ഇവിടെ അവസാനിക്കുകയും യാഥാർത്ഥ്യങ്ങൾ ഇവിടെയാരംഭിക്കുകയും ചെയ്യുന്നു

മണിയറ സങ്കൽപ്പങ്ങൾ ഇവിടെ അവസാനിക്കുകയും യാഥാർത്ഥ്യങ്ങൾ ഇവിടെയാരംഭിക്കുകയും ചെയ്യുന്നു ഡോ. പി ബി എസ് ചന്ദ്…

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ? അറിയാൻ…

പങ്കാളിക്ക് ഇഷ്ടമില്ലാത്ത രതി പരീക്ഷണങ്ങള്‍ക്ക് മുതിരേണ്ട

ഡോ. സീമ തോമസ്, സിറ്റി സ്പെഷ്യല്‍ ആശുപത്രി, ടി നഗര്‍ , ചെന്നൈ ശാരീരികവും മാനസികവും…