തേച്ചിട്ടു പോയാൽ എന്ത് ചെയ്യണം? തേപ്പിനെ നേരിടാൻ അഞ്ചു മാർഗ്ഗങ്ങൾ
റിജെക്ഷൻ അഥവാ തിരസ്കരണം ( പച്ച ന്യൂജൻ മലയാളത്തിൽ പറഞ്ഞാൽ തേപ്പ് ) ഏതു രീതിയിൽ ആയാലും വേദനാജനകമാണ് .അക്ഷരാർത്ഥത്തിൽ തന്നെ അത് ഹൃദയങ്ങളെ തകർക്കാറുമുണ്ട്. തേപ്പു കിട്ടിയവർ കടുത്ത മാനസിക വിഷമത്താൽ വിഷാദരോഗികളും ലഹരിഅടിമകളും ആയിത്തീരുന്നതും അസാധാരണമല്ല. അപൂർവം ചിലർ ആത്മഹത്യ ചെയ്യാറ് പോലുമുണ്ട്. എന്നിരുന്നാലും റിജക്ഷനെ തരണം ചെയ്തു മുന്നേറുന്നവർ ശക്തമായ വ്യക്തിത്വത്തിന് ഉടമകളായിതീരുന്നു എന്ന് പഠനങ്ങൾ വെളിവാക്കുന്നു
തേപ്പിനെ തരണം ചെയ്തു കരുത്തരാകാനുള്ള ചില വഴികൾ ഇവിടെപ്പറയുന്നു
1.എന്തുകൊണ്ട് ഇത്ര മനോവേദന ഉണ്ടാകുന്നു എന്ന് തിരിച്ചറിയുക
പരിണാമപരമായി തന്നെ മനുഷ്യൻ ഒരു സാമൂഹ്യ ജീവിയായതിനാൽ, എവിടെ നിന്നെങ്കിലും തേപ്പു കിട്ടിയാൽ നമ്മുടെ അതിജീവനം നിലക്കുന്നു എന്ന ഒരു വികാരം ആണ് ആദ്യം നമുക്ക് ഉണ്ടാകുന്നത് . ഇത് പ്രാകൃതമായ അതിജീവന തന്ത്രങ്ങളിലേക്കും പെരുമാറ്റങ്ങളിലേക്കും നമ്മെ നയിക്കും.
ഇതിലും പ്രധാനമായി നമുക്ക് ബന്ധങ്ങൾ ഉണ്ടാക്കാനുള്ള കഴിവിനെ ( അറ്റാച്ച്മെന്റ് സ്റ്റൈൽ ) ആശ്രയിച്ചും ആണ് നമ്മുടെ തേപ്പിനോടുള്ള പ്രതികരണം രൂപപ്പെടുക.
വളരുന്ന കാലത്തു സുരക്ഷിതമായ ( സെക്യു്വർ ) അറ്റാച്ച്മെന്റ് രൂപപ്പെട്ട വ്യക്തികൾക്ക് തിരസ്കരണത്തെ പക്വതയോടെ നേരിടാൻ ആവുമ്പോൾ , സുരക്ഷിതമല്ലാത്ത ( ഇൻ സെക്യു്വർ ) അറ്റാച്ച് മെന്റ് ഉള്ളവർ തങ്ങൾ സ്നേഹിക്കപ്പെടാൻ അർഹതയില്ലാത്തവർ ആണെന്നും യാതൊരു മൂല്യവും ഇല്ലാത്ത വ്യക്തി ആയതു കൊണ്ടാതാണ് തേപ്പുകിട്ടിയത് എന്നും കരുതുന്നു
2.ഒരു പടി പുറകോട്ടു മാറി നിന്ന് ചിന്തിക്കാൻ പഠിക്കുക
തേപ്പു കിട്ടിയ ഉടനെ മനോവേദനയാൽ നേരായി ചിന്തിക്കാൻ പലർക്കും ആവില്ല. നിരാശ,ദേഷ്യം തുടങ്ങിയ വികാരങ്ങളാൽ എടുത്തു ചാടി പല പ്രവർത്തികളും അവർ ചെയ്തേക്കാം .പക്ഷെ ഇത് നമ്മിലുള്ള നെഗറ്റീവ് വികാരങ്ങളെ വർധിപ്പിക്കുക മാത്രമേ ഉള്ളൂ .
എന്നാൽ ഈ സമയത്തു നമുക്ക് നമ്മിലേക്ക് തന്നെ ശ്രദ്ധ പതിപ്പിച്ച് വ്യായാമം , യോഗ , ധ്യാനം തുടങ്ങിയ ശരീരത്തിനും മനസിനും തളർച്ച അകറ്റുന്ന പ്രവർത്തികളിൽ ഏർപ്പെട്ടാൽ നമുക്ക് അതിജീവനം എളുപ്പമാകും
3.അല്പം സമയം എടുത്തു തന്നെ നമ്മുടെ വികാരങ്ങളെ മനസിലാക്കാൻ ശ്രമിക്കുക.
ഇതിനു ഏറ്റവും നല്ല മാർഗം നിങ്ങളുടെ തോന്നലുകൾ അപ്പപ്പോൾ എഴുതി ഇടുക എന്നതാണ് . ഇത് മനസ്സിനെ അല്പം ശാന്തമാക്കും. പിന്നീട് അവ വീണ്ടും വായിച്ചു നോക്കുക. അപ്പോൾ നമ്മുടെ വികാരങ്ങളെയും വിചാരങ്ങളെയും നമുക്ക് ഒരു മൂന്നാമൻ എന്ന നിലയിൽ സമീപിച്ചു കൂടുതൽ മനസിലാക്കാൻ ആവും . ഇത്തരം ശ്രമങ്ങളിൽ നിന്ന് മഹാകാവ്യങ്ങൾ വരെ ഉണ്ടായിട്ടുണ്ട്
പിന്നീട് നിങ്ങളെക്കുറിച്ചു നിങ്ങൾ നല്ലതെന്നു കരുതുന്ന കാര്യങ്ങൾ എഴുതി നോക്കുക . അപ്പോൾ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുന്നതായി കാണാം.
4.നിങ്ങള്ക്ക് ഏറെ ഇഷ്ടമുള്ളവരുടെ സാമീപ്യം തേടുക
തേപ്പു കിട്ടിക്കഴിഞ്ഞാൽ നിങ്ങള്ക്ക് ഏറെഇഷ്ടമുള്ളതും തുറന്നു സംസാരിക്കാൻ സ്വാതന്ത്രം ഉള്ളതുമായ വ്യക്തികളുടെ സാമീപ്യം തേടുക . അവരും ഒരുമിച്ചു നിങ്ങള്ക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക . നിങ്ങളോടു ദയാപൂർവം പെരുമാറുന്നവരുടെ സാമീപ്യത്തിൽ നിങ്ങളും നിങ്ങളോടുതന്നെ അല്പം ദയ കാട്ടുവാൻ മറക്കരുത്. എപ്പോഴും സംഭവിച്ചതിനെക്കുറിച്ചു ഓർത്തു വിഷമിക്കാതെ നിങ്ങള്ക്ക് ആസ്വദിക്കാൻ പറ്റുന്ന എന്തും ചെയ്യുക. മുൻപ് പറഞ്ഞതുപോലെ ആരോഗ്യ കരമായ പ്രവണതകളിൽ മുഴുകാൻ ശ്രദ്ധിക്കുക
5.തേപ്പ് നിങ്ങളെ പിടിച്ചു നിർത്താൻ അനുവദിക്കാതിരിക്കുക.
ഏറ്റവും പ്രധാനമായി തേപ്പ് നിങ്ങളെ നിങ്ങളുടെ ഭാവി പരിപാടികളിൽ നിന്നും പിന്തിരിപ്പിക്കുവാൻ കാരണം ആകാതെ ശ്രദ്ധിക്കുക. തിരസ്കരണം ജീവിതത്തിൽ എല്ലാവരും എപ്പോഴെങ്കിലും അനുഭവിക്കുന്ന ഒന്നാണെന്നും നിങ്ങൾ തനിച്ചല്ല എന്നും മനസിലാക്കുക. അതിനെ കീഴ്പ്പെടുത്താൻ ആവില്ല എന്ന് നിങ്ങൾക്ക് ബോധ്യമായാൽ ഉടനെ തന്നെ ഒരു മനശാസ്ത്രജ്ഞന്റെ ഉപദേശം സ്വീകരിക്കുക.