ഇണക്കവും പിണക്കവും (കഥ)
ബൈക്കു ഗേറ്റിലേയ്ക്കുള്ള കയറ്റം കയറാന്‍ തുടങ്ങുമ്പോള്‍ത്തന്നെ അവളെന്റെ മാറിലൂടെ ചുറ്റിപ്പിടിച്ചിട്ടുണ്ടാകും. അതാണു പതിവ്.
142 total views, 2 views today

രചന: സുനില്‍ എം എസ്, മൂത്തകുന്നം
വീട്ടുമുറ്റത്തു നിന്നു ഗേറ്റിലേയ്ക്ക് കുത്തനെയൊരു കയറ്റമുണ്ട്. കയറ്റം കയറിച്ചെന്നു ഗേറ്റു കടന്നുകഴിയുമ്പോള്‍ ഹൈവേയുടെ അരികിലുള്ള കാന മൂടിയിരിയ്ക്കുന്ന സ്ലാബിന്റെ മുകളില്‍ ഒരു കുലുക്കത്തോടെ കയറിയിറങ്ങണം. അങ്ങനെ, ഒരു കയറ്റവും തുടര്‍ന്നൊരു കുലുക്കവും. ബൈക്കു ഗേറ്റിലേയ്ക്കുള്ള കയറ്റം കയറാന്‍ തുടങ്ങുമ്പോള്‍ത്തന്നെ അവളെന്റെ മാറിലൂടെ ചുറ്റിപ്പിടിച്ചിട്ടുണ്ടാകും. അതാണു പതിവ്.
ഇന്നു പതിവു തെറ്റിയിരിയ്ക്കുന്നു. ബൈക്ക് സ്റ്റാര്‍ട്ടാക്കിയപ്പോള്‍ മുതല്‍ ഞാനതു ശ്രദ്ധിച്ചിരുന്നു.
എന്നെ സ്പര്ശിയ്ക്കുകപോലും ചെയ്യാതെ, ഇവളെങ്ങനെയാണു ബൈക്കിന്മേല് ഉറച്ചിരിയ്ക്കുന്നത്? ഞാന്‍ റിയര്‍വ്യൂ മിററുകളിലൂടെ നോക്കി.
അവള് പിന്‍സീറ്റിന്റെ പുറകറ്റത്തേയ്ക്കു നീങ്ങിയിരിയ്ക്കുന്നു. സീറ്റിന്റെ പുറകിലുള്ള സീറ്റ്ഹാന്റിലില് ഇടതുകൈകൊണ്ടു പിടിച്ചിട്ടുണ്ടാകണം; അതു മിററുകളില്‍ ശരിയ്ക്കു ദൃശ്യമല്ല. പിന്‍സീറ്റിന്റെ വലതു വശത്ത്, അല്പം താഴെയായി മറ്റൊരു ഹാന്റിലുണ്ട്. അതിലവള് വലതുകൈ കൊണ്ടു പിടിച്ചിരിയ്ക്കുന്നതു വലതുവശത്തെ മിററില്‍ കാണാം.
ബൈക്കില്‍ പോകുമ്പോഴൊക്കെ എന്നോടൊട്ടിച്ചേര്‍ന്ന്, വലതുകവിള്ത്തടം എന്റെ പുറത്തമര്‍ത്തിയാണ് അവളിരിയ്ക്കാറ്. സദാ എന്തെങ്കിലുമൊക്കെ പറയുകയും ചെയ്യും, എനിയ്ക്കു മാത്രം കേള്‍ക്കാന്‍ പാകത്തില്‍. ആ പോക്കിനൊരു സുഖമുണ്ട്.
ഇന്നിപ്പോള്‍ അകലം, നിശ്ശബ്ദത, സുഖക്കുറവ്…
അവളെന്തൊക്കെ പറഞ്ഞാലും ചെയ്താലും എനിയ്ക്കതു പ്രശ്നമല്ല. പക്ഷേ, അവള് മിണ്ടാതിരിയ്ക്കുന്നതും അകന്നു നില്ക്കുന്നതും എനിയ്ക്കസഹനീയമാണ്. അവള്‍ക്കത് അസ്സലായറിയുകയും ചെയ്യാം. മറ്റുവഴികളില്ലാത്തപ്പോള്‍ അവള് ഫലപ്രദമായി പ്രയോഗിയ്ക്കാറുള്ള ആയുധങ്ങളും അവ തന്നെ.
ഇന്നത്തെ പ്രശ്നം നിസ്സാരമാണ്. ആറേഴു കൊല്ലമായി വീടൊന്നു പെയിന്റടിച്ചിട്ട്. വീണ്ടും പെയിന്റടിയ്ക്കേണ്ട സമയം അതിക്രമിച്ചു. മാറ്റിവയ്ക്കാനാവാത്ത മറ്റു ചില അത്യാവശ്യങ്ങള്‍ മൂലം പെയിന്റിംഗ് നീണ്ടു നീണ്ടുപോയി. ഒടുവില്‍ ഇനി നീട്ടിവയ്ക്കാനാകാത്ത നിലയിലെത്തി.
വീടിന് ഏതു ചായമടിയ്ക്കണം?
അവള്‍ക്കു സംശയമില്ല: വെള്ള, തൂവെള്ള, പാല്‍വെള്ള, മില്‍ക്ക് വൈറ്റ്…
ഞാനെതിര്‍ത്തു. കഴിഞ്ഞ തവണയും വെള്ളയാണ് അകത്തും പുറത്തും അടിച്ചത്. അതും അവളുടെ തന്നെ നിര്‍ബന്ധം മൂലമായിരുന്നു. വീടു നിര്‍മ്മിച്ച ഉടന്‍ വൈറ്റ് സിമന്റു പൂശിയിരുന്നു. അതിനു ശേഷമുള്ള ആദ്യത്തെ പെയിന്റിംഗായിരുന്നു, അത്. ‘നമുക്കു വെള്ള തന്നെ അടിച്ചാല്‍ മതി. അകത്തും പുറത്തും,’ എന്നവള്‍ കടും പിടിത്തം പിടിച്ചു.
അന്നും ഞാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു: അല്പം കഴിയുമ്പോഴേയ്ക്കു വെള്ളനിറം മങ്ങും. അഴുക്കുകള്‍ എടുത്തു കാണിയ്ക്കുകയും ചെയ്യും. അതുകൊണ്ടു വെള്ളയ്ക്കു പകരം മറ്റെന്തെങ്കിലും നിറമടിയ്ക്കാം.
അവള് സമ്മതിച്ചില്ല. വെള്ളനിറം തന്നെ അടിയ്ക്കണം.
ഒടുവില്‍ അവള് പറഞ്ഞതു സമ്മതിച്ചുകൊടുക്കേണ്ടി വന്നു: അകത്തും പുറത്തും വെളുപ്പു തന്നെ.
അതിന്റെ ദൂഷ്യം ഇപ്പോള്‍ പ്രകടം. അകത്തേയും പുറത്തേയും വെള്ളനിറം മങ്ങി. മഴ നനയുന്നയിടങ്ങളിലെല്ലാം പായല്‍ പിടിച്ചു. പച്ച നിറം മാത്രമല്ല, ചിലയിടങ്ങളില്‍ കറുത്ത നിറവുമുണ്ട്. വെള്ളനിറത്തിന്റെ സകല പ്രതാപവും നഷ്ടപ്പെട്ടിരിയ്ക്കുന്നു.
ഞാന്‍ കുറ്റപ്പെടുത്തി: മറ്റേതെങ്കിലും നിറമടിച്ചിരുന്നെങ്കില് ഇപ്പോഴത്തെയീ ഗുരുതരാവസ്ഥയുണ്ടാവില്ലായിരുന്നു.
മറ്റേതെങ്കിലും നിറമായിരുന്നെങ്കില്‍ ഇതിലേറെ ഇരുണ്ടു പരിതാപകരമാകുമായിരുന്നു; ഇപ്പൊ ചെലേടത്തെങ്കിലും തെളിച്ചമുണ്ട്: അവള് തിരിച്ചടിച്ചു.
അതു ശരിയായാലും തെറ്റായാലും ഇത്തവണ പുറത്തു വെള്ളയല്ല, ഇഷ്ടികക്കളറാണ് അടിയ്ക്കുക; ഞാനുറപ്പിച്ചു പറഞ്ഞു. അകത്തു നീയെന്തു നിറം വേണമെങ്കിലും തേച്ചോളിന്. പക്ഷേ, പുറത്ത് ബ്രിക്ക് റെഡ്. അക്കാര്യത്തില്‍ ഒരു നീക്കുപോക്കുമില്ല.
ടൗണിലെ കോടതികള്‍ക്കും താലൂക്കാപ്പീസിനും രജിസ്ട്രാപ്പീസിനുമെല്ലാം ബ്രിക്ക് റെഡ് നിറമാണുള്ളത്, ഇഷ്ടികക്കളര്. നൂറും ഇരുനൂറും വര്‍ഷത്തെ പഴക്കമുള്ള, പ്രൗഢഗംഭീരങ്ങളായ കെട്ടിടങ്ങള്‍. അവയില്‍ച്ചിലത് അല്പം അവശതയിലായിരിയ്ക്കാം. എങ്കിലും, അവയുടെ നിറം എനിയ്ക്കു വളരെയിഷ്ടമാണ്. അവയാണ് എന്റെ ഇഷ്ടത്തിന്റെ അടിസ്ഥാനം; ഞാനവള്‍ക്കു വിവരിച്ചുകൊടുത്തു.
‘കച്ചേരിക്കളറൊന്നും ഇവിടെ വേണ്ട. ഇതു വീടാ, കച്ചേരിയല്ല,’ അവള് പരിഹസിച്ചു. ‘തൂവെള്ളടെ ഐശ്വര്യം വേറൊന്നിനും ണ്ടാവില്ല.’
കാരണം, അവള് വെള്ളനിറത്തിന്റെ ആരാധികയാണ്.
അവള് ധരിയ്ക്കുന്ന വസ്ത്രങ്ങളുടെ നിറങ്ങള്‍ എന്നില്‍ വിവിധ തരത്തിലുള്ള സ്വാധീനങ്ങളാണു ചെലുത്താറ്. അവള്‍ക്കൊരു ചുവന്ന സാരിയും ബ്ലൗസുമുണ്ട്; അവ ധരിച്ചാല്‍ അവളൊരു തീജ്വാലയായതായി തോന്നാറുണ്ട്. അതു കാണുമ്പോള്‍ ആസക്തികള്‍ക്കു കടിഞ്ഞാണിടാന്‍ എനിയ്ക്കാകാതാകും; എന്നാണവള്‍ 1091നെ വിളിച്ചുവരുത്താന്‍ പോകുന്നതെന്നറിയില്ല!
വെളുപ്പുനിറത്തിന് എന്റെ മേലുള്ള പ്രഭാവം ചുവപ്പിന്റേതിനു കടകവിരുദ്ധമാണ്. വെള്ളസാരിയും വെള്ള ബ്ലൗസും ധരിച്ചൊരു വരവുണ്ട് അവളിടയ്ക്കൊക്കെ. ഒരു മാലാഖയുടെ മട്ടുണ്ടാവും അവള്‍ക്കപ്പോള്‍. അവളങ്ങനെ, മാലാഖയെപ്പോലെ, പരിശുദ്ധിയുടെ പ്രതീകമായി നില്ക്കുമ്പോള് എനിയ്ക്കു സ്വയം അശുദ്ധി തോന്നും. മാലാഖയെപ്പോലെ നില്ക്കുന്ന അവളെയെങ്ങനെ തൊടും! പരിശുദ്ധിയിലെങ്ങനെ അശുദ്ധി കലര്‍ത്തും!
അവളെ ശുഭ്രവസ്ത്രധാരിണിയായിക്കാണുമ്പോള് എനിയ്ക്കുണ്ടാകാറുള്ള അധൈര്യത്തെപ്പറ്റി അവള്‍ക്കു നന്നായറിയാം. വെള്ളസാരിയും വെള്ള ബ്ലൗസും ധരിച്ചു വരുമ്പോള്‍ അവളുടെ മുഖത്തൊരു ഭാവമുണ്ട്: ‘അങ്ങനെ നല്ല കുട്ട്യായി അകലെ നിക്ക്, ട്ടോ!’
സത്യം പറയണമല്ലോ, അവളെ തൊടാതെയും പിടിയ്ക്കാതെയുമിരിയ്ക്കാന് എനിയ്ക്കാവില്ല. കുറച്ചു നാള് മുന്‍പൊരു ദിവസം, പരിശുദ്ധി കണ്ടു ശ്വാസം മുട്ടി ഞാന്‍ പറഞ്ഞു, ‘നീയിനി വെള്ള ധരിയ്ക്കണ്ട.’
‘എന്താ കൊഴപ്പം?’
‘നീ മാലാഖയാവണ്ട.’
മാലാഖയെന്ന വിശേഷണം അവള്‍ക്കിഷ്ടമാണ്. അവള് ചിരിച്ചു. മാലാഖയെന്നു വിശേഷിപ്പിയ്ക്കുന്നിടത്തോളം അവളിടയ്ക്കിടെ വെള്ളവസ്ത്രം ധരിച്ച് എന്നെ അകറ്റിനിര്ത്തിക്കൊണ്ടിരിയ്ക്കും, തീര്‍ച്ച, എന്നു ഞാനാ ചിരിയില്‍ നിന്നു വായിച്ചെടുത്തു.
അതങ്ങു മനസ്സിലിരിയ്ക്കട്ടെ. ഞാനടവു മാറ്റി: ‘വിധവകളുടെ നിറമാ വെള്ള. ഞാനുള്ളിടത്തോളം കാലം നീ കളറു ധരിച്ച് അടിപൊളിയായി നടക്കണം. ഞാനെങ്ങാന്‍ തട്ടിപ്പോയാത്തന്നെ, നീയാരെയെങ്കിലും കല്യാണം കഴിച്ച്, നല്ല കളറൊക്കെ ധരിച്ച് അടിപൊളിയായിത്തന്നെ നടന്നോണം. വിധവേടെ യൂണിഫോം നിനക്കു വേണ്ടേ വേണ്ട!’
അവളുടെ ചിരി മങ്ങി. ഒരു മിനിറ്റവളെന്നെ രൂക്ഷമായി നോക്കി നിന്നു. എന്നിട്ടു വെട്ടിത്തിരിഞ്ഞുപോയി.
അടുത്ത നാല്പത്തെട്ടു മണിക്കൂര്‍ നേരം അവളെന്നോട് ഒരക്ഷരം പോലും മിണ്ടിയില്ല. ചായ മുന്നില്‍ കൊണ്ടു വച്ചു തിരിഞ്ഞു നടക്കും. ആഹാരം വിളമ്പി വച്ച് ഈച്ച വരാതെ നോക്കും; പക്ഷേ, ക്ഷണിയ്ക്കില്ല. പതിവുള്ള ‘ചേട്ടാ, വരിന്’ പാടെ പിന്‍വലിച്ചു. പകരം, കുഞ്ഞുങ്ങളെക്കൊണ്ടു വിളിപ്പിയ്ക്കും: ‘പപ്പയെ വിളിയ്ക്ക്’.
രാത്രി കിടക്കുമ്പോളവള് പുറം തിരിഞ്ഞുകിടക്കും. നിലത്തു പുല്പായ് റെഡി. ഞാനെങ്ങാന്‍ അവളെ സ്പര്‍ശിച്ചുപോയാല്‍, അവളിറങ്ങി പുല്പായില് കിടന്നുകളയും!
ഞാന്‍ പല ശ്രമങ്ങളും നടത്തി നോക്കി. ‘ഞാനങ്ങനൊരു വിടുവായത്തരം പറഞ്ഞുപോയീന്ന്വച്ച് നീയിങ്ങനെ മിണ്ടാതിരിയ്ക്കണ്ട ആവശ്യെന്താള്ളത്!’
പ്രതികരണമില്ല.
ഇത്ര വലിയ ബോയ്ക്കോട്ടിനുള്ളതൊന്നും ഞാന്‍ പറഞ്ഞുപോയിരുന്നില്ല. അവളെന്നും വര്ണശബളമായിരിയ്ക്കണമെന്നേ ഞാന്‍ പറഞ്ഞുള്ളൂ. ഞാനുണ്ടെങ്കിലും ഇല്ലെങ്കിലുമെന്നു കൂട്ടിച്ചേര്ത്തെന്നതു ശരി തന്നെ. ഇന്നത്തെ ലോകത്തു നടക്കാത്തതൊന്നുമല്ലല്ലോ പുനര്‍വിവാഹം. എന്റെ മരണശേഷം അവളും…
അല്പമൊന്നാലോചിച്ചപ്പോള്‍ ഞാന്‍ പറഞ്ഞുപോയതിനെപ്പറ്റി എനിയ്ക്കുമല്പം വല്ലായ്മ തോന്നി. ആലോചിയ്ക്കാന്‍ തീരെ സുഖമില്ലാത്തൊരു വിഷയമാണത്…
‘എന്റെ തങ്കം, നീയെന്നോടൊന്നു ക്ഷമിയ്ക്ക്.’ അവളെ പിടിച്ചുനിറുത്തി യാചിച്ചു. യാചനയും വിഫലം. കേട്ടഭാവമില്ല.
ഓഫീസില്‍ നിന്നു ഞാന്‍ രണ്ടു മൂന്നു തവണ ഫോണ്‍ ചെയ്തു: ഫോണില്‍ക്കൂടി അവളെന്തെങ്കിലുമൊക്കെയൊന്നു പറഞ്ഞുകിട്ടിയെങ്കിലോ! അവിടന്നു മുന്നോട്ടു പോകുകയും ചെയ്യാം.
പക്ഷേ, ഫോണിന്റെ കോളര്‍ ഐഡി പറ്റിച്ചു; വിളിയ്ക്കുന്നതു ഞാനാണെന്ന് അതവള്‍ക്കു കാണിച്ചുകൊടുത്തിരിയ്ക്കണം. ഞാന്‍ ഹലോ ഹലോയെന്നു പറഞ്ഞിട്ടും, അവള് ഫോണെടുത്തു പിടിച്ചതല്ലാതെ, മിണ്ടിയില്ല.
അവളെക്കൊണ്ടു സംസാരിപ്പിയ്ക്കാനുള്ള എന്റെ ശ്രമങ്ങളൊക്കെ വൃഥാവിലായി. എത്ര നാളാണാവോ ഈ ബോയ്ക്കോട്ടു സഹിയ്ക്കേണ്ടി വരിക!
ഒടുവില്‍ സഹികെട്ടു ഞാന്‍ അമ്മയെ സമീപിച്ചു. ‘അമ്മേ, അവളെന്നോടു മിണ്ടണില്ല. രണ്ടു ദെവസായി. അമ്മയൊന്നു ചോദിയ്ക്ക്വോ?’
‘നീ വല്ല തോന്ന്യാസോം കാട്ടീട്ട് ണ്ടാവും.’ അമ്മ ഉടന്‍ പ്രത്യാരോപണം നടത്തി.
ഞാന്‍ അമ്മയുടെ മകനാണ്, അവളാകട്ടെ, ഇടക്കാലത്തു വന്നുകയറിയ മരുമകള്‍ മാത്രവും. എങ്കിലും അമ്മ അവളുടെ ഭാഗമാണു പിടിയ്ക്കാറ്. പക്ഷപാതം തന്നെ.
എന്നിരുന്നാലും, എന്റെ പരാതിയിന്മേല് അമ്മ ഉടന്‍ നടപടി തുടങ്ങി. ‘മോളേ, കൗസൂ…’ അമ്മ നീട്ടി വിളിച്ചു.
വിളിയിലെ ഗൗരവം എനിയ്ക്കിഷ്ടപ്പെട്ടു. എനിയ്ക്കാശ്വാസമായി. ഇന്ന് അമ്മ എന്റെ ഭാഗത്തായിരിയ്ക്കും. അല്ലെങ്കിലും ഭര്ത്താക്കന്മാരോടു ഭാര്യമാരു മിണ്ടാതിരിയ്ക്കാമോ! കടുപ്പമല്ലേ അവള് കാണിയ്ക്കണത്!
‘എന്താമ്മേ’ എന്നു ചോദിച്ചുകൊണ്ട് അവള് വന്നു, വന്നയുടന്‍ അമ്മയെ മുട്ടിയുരുമ്മിയിരുന്നു.
അവള്‍ക്ക് എന്നെ മാത്രമേ മുട്ടാന്‍ ബുദ്ധിമുട്ടുള്ളൂ! അമ്മായിഅമ്മയെ മുട്ടാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല!
അവളെന്നെ കണ്ട ഭാവം നടിച്ചില്ല.
‘നീ മിണ്ടണില്ലാന്ന് ഇവന് കമ്പ്ളേന്റ് പറേണ് ണ്ടല്ലോ. എന്താ മോളേ?’
അവള് മിണ്ടിയില്ല. പകരം അവളെന്നെ രൂക്ഷമായൊരു നോട്ടം നോക്കി.
‘ഇവന് വേണ്ടാതീനം വല്ലോം ചെയ്തോ?’
അമ്മ വീണ്ടും ചോദിച്ചപ്പോ അവളുടെ കണ്ണില്‍ നിന്നു ശരേന്നു കണ്ണീരൊഴുകി. ഇതിത്ര പെട്ടെന്ന് എവിടന്നൊഴുകി വരുന്നു!
ദാ, ഞാനവളെ പീഡിപ്പിച്ചെന്നാണ് ഇക്കണ്ണീരു കാണുമ്പൊ അമ്മ വിചാരിയ്ക്കാന്‍ പോണത്! ഞാനതു കൃത്യമായി മനസ്സിലാക്കി.
പരാതിക്കാരനെ ‘അകത്ത്’ ആക്കുന്ന പോലീസിനെപ്പോലെ, യാതൊരു ചോദ്യം ചെയ്യലുമില്ലാതെ, മിന്നല്‍ വേഗത്തില്‍, അമ്മയെന്റെ ചെവിയില്‍ പിടിത്തമിട്ടു!
എന്റെ ചെവിയോടൊരു പ്രത്യേക താല്പര്യം എന്റെ ബാല്യം മുതല്ക്കേ അമ്മയ്ക്കുള്ളതാണ്. ചെവി പിടിച്ചു തിരിച്ചുവയ്ക്കാന്‍ ഇത്തവണയും അമ്മ പരിശ്രമിച്ചു.
‘അയ്യോ, അമ്മേ, ചെവി പറിഞ്ഞുപോരും, വിടമ്മേ…’
എന്റെ നിലവിളി കേട്ട് അവള് കണ്ണീരിനിടയിലും ചിരിച്ചു; ഭര്‍ത്താവു പീഡിപ്പിയ്ക്കപ്പെടുന്നതു കണ്ട് ആഹ്ലാദിയ്ക്കുന്ന ഭാര്യ!
‘ഇനിയിവള്‍ടെ കണ്ണീരിവിടെ കാണരുത്!’ അമ്മ ചെവിയിന്മേലുള്ള പിടി വിട്ടു.
‘അമ്മേ, അതിന്, ഞാനവളെ ഒന്നും ചെയ്തിരുന്നില്ലമ്മേ…’
‘പോടാ, അവടന്ന്! ഇവള് രണ്ടു ദെവസം നെന്നോടു മിണ്ടാതിരിയ്ക്കണങ്കി നീയെന്തോ കാര്യായ തോന്ന്യാസങ്ങള് ചെയ്തട്ട് ണ്ടാവും. നിയ്ക്കറിഞ്ഞൂടേ!’
‘ഇല്ലമ്മേ! ഞാമ്പറയാം…’
‘വേണ്ട വേണ്ട! നെന്റെ വിശദീകരണോന്നും നിയ്ക്ക് കേക്കണ്ട.’ കുറ്റാരോപിതന്റെ ഭാഗം കേള്‍ക്കാത്ത ജഡ്ജിയാണ് എന്റെ അമ്മ. അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് അമ്മ പറഞ്ഞു, ‘മോളു വെഷമിയ്ക്കണ്ട. ഇവനെ ഞാന്‍ ശരിയാക്കിക്കോളാം.’
‘അമ്മക്കോടതി’യില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ അവളെന്നെ പുറകില്‍ നിന്നു പിടിച്ചു നിര്‍ത്തി. ‘നൊന്തോ ചേട്ടന്? പാവം.’
‘എന്റെ ചെവി തിരിഞ്ഞുപോയി! എന്നട്ടും നീയത് കണ്ട് ചിരിച്ചേക്കണ്’ ഞാന്‍ പരിഭവിച്ചു.
അവളെന്റെ ശിരസ്സുപിടിച്ചടുപ്പിച്ച്, അമ്മ തിരിച്ചുവയ്ക്കാന്‍ ശ്രമിച്ച ചെവിയില്‍ ചുണ്ടമര്‍ത്തി.
ആ ഒറ്റ പ്രവൃത്തിയില്‍ എന്റെ സകല വിഷമങ്ങളും പറപറന്നിരുന്നു. ഞാനവളെ പിടിച്ചടുപ്പിയ്ക്കാന് കൈകള്‍ നീട്ടും മുമ്പ് അവള് വഴുതിമാറിയിരുന്നു.
അന്നത്തെയാ തര്‍ക്കവും ഇന്നിപ്പോഴത്തെ തര്‍ക്കവും നിറത്തെച്ചൊല്ലിയുള്ളതു തന്നെ. അന്നത്തേതു വസ്ത്രത്തിന്റെ നിറത്തെപ്പറ്റിയുള്ളതായിരുന്നെങ്കില്, ഇന്നത്തേതു വീടിനടിയ്ക്കുന്ന പെയിന്റിന്റേതിനെച്ചൊല്ലിയുള്ളതാണ്.
ബൈക്ക് ഹൈവേയില്ക്കടന്ന് ഓട്ടം തുടങ്ങിയിരുന്നു. പത്തു കിലോമീറ്ററിലേറെയുണ്ടു ടൗണിലേയ്ക്ക്. വീടിനടുത്ത് ഒന്നു രണ്ടു പെയിന്റുകടകളുണ്ടെങ്കിലും, ടൗണിലെ കടകളില്‍ വിലക്കുറവുണ്ടാകാറുണ്ട്; ഒന്നിലേറെ ഇനം പെയിന്റുകളുണ്ടാകും, ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും കിട്ടും. പെയിന്റു മാത്രമല്ല, വേറെ ചില സാധനങ്ങള്‍ കൂടി വാങ്ങാനുണ്ട്; അവളുടെ സാന്നിദ്ധ്യം ആവശ്യം.
ഞാന്‍ റിയര്‍ വ്യൂ മിററുകളിലൂടെ നിരീക്ഷിച്ചു. സീറ്റിന്റെ പുറകറ്റത്തേയ്ക്കു നീങ്ങിയുള്ള ഇരിപ്പ് അവള് തുടരുന്നു. സീറ്റിനു താഴെയുള്ള ഹോള്‍ഡറില്‍ മുറുക്കിപ്പിടിച്ചിരിയ്ക്കുന്ന വലതുകൈ കാണാം. ‘വെള്ളപ്പെയിന്റു വാങ്ങിയ ശേഷം മാത്രമേ ഇനി പരസ്പരം മുട്ടിയിരിയ്ക്കുന്ന പ്രശ്നമുള്ളൂ; അതുവരെ ഞാന്‍ ഇങ്ങനിരിയ്ക്കും!’ എന്ന ഭാവം.
വീതിയുള്ള, നീണ്ടുനിവര്‍ന്നു കിടക്കുന്ന ഹൈവേ. ഏതാനും നിമിഷനേരത്തേയ്ക്കു ബൈക്കിന്റെ ത്രോട്ടിലില്‍ നിന്നു കൈയെടുത്തെന്നു വച്ചു പ്രശ്നമൊന്നുമില്ല. ഞാന്‍ കൈയെടുത്ത് അവളുടെ വലതുകൈയില്‍ സ്പര്‍ശിയ്ക്കാന്‍ ശ്രമിച്ചു.
അവളെന്റെ ഉദ്ദേശങ്ങള്‍ മണത്തറിയും! എന്റെ കൈ ചെന്നപ്പോഴേയ്ക്ക് അവളുടെ കൈ പൊയ്ക്കഴിഞ്ഞിരുന്നു.
ഇളിഭ്യനായി ഞാന്‍ വീണ്ടും ത്രോട്ടിലില്‍ പിടിച്ചു.
നീലസാരിയില്പ്പൊതിഞ്ഞ വലതുതുട ഇടതു മിററില്‍ കാണാം. ഞാന്‍ ക്ലച്ചില്‍ നിന്നു കൈയെടുത്ത്, മെല്ലെ അവളുടെ തുടയില്‍ സ്പര്‍ശിയ്ക്കാന്‍ ശ്രമിച്ചു. പക്ഷേ, അവളെന്റെ കൈ തള്ളിനീക്കി. രണ്ടു മൂന്നു തവണ ഞാനാ ശ്രമം ആവര്‍ത്തിച്ചു. ശ്രമങ്ങളെല്ലാം വിഫലമായി. ഒരു തവണ അവളെന്നെ നുള്ളിയകറ്റുകയും ചെയ്തു.
അതു ഹൈവേയില്പ്പലരും കണ്ടിട്ടുണ്ടാകണം, എന്നെയൊരു പീഡകനായി അവരില്‍ച്ചിലരെങ്കിലും ധരിച്ചുപോയിട്ടുമുണ്ടാകണം!
ഞാന്‍ കൈ പിന്‍വലിച്ച്, ക്ലച്ചില്ത്തന്നെ പിടിച്ചു. എന്തിനു വെറുതേ നാട്ടുകാരുടെ മുന്നില്‍ മാനം കളയണം!
ഇടതുവശത്തെ മിറര്‍ ഞാന്‍ ശകലം തിരിച്ചു വച്ചു. ഇപ്പോളതില്‍ അവളുടെ മുഖം കാണാം.
അവള്‍ക്കറിയാം, അതിലൂടെ ഞാനവളെത്തന്നെ നോക്കുന്നുണ്ടെന്ന്. നോട്ടങ്ങള്‍ കൂട്ടിമുട്ടാത്ത തരത്തില്‍ അവള് അകലെ കണ്ണും നട്ടിരുന്നു.
‘ചേട്ടന്റെ പൊന്നല്ലേ, ചേട്ടനോടൊന്നു കനിയ്, തങ്കം!’ ഞാന്‍ ശിരസ്സു പുറകോട്ടു തിരിച്ചുകൊണ്ട്, അല്പം ഉറക്കെത്തന്നെ പറഞ്ഞു. പക്ഷേ, അവള് ശ്രദ്ധിച്ചില്ല. അതുകൊണ്ടു ഞാന്‍ പാടി, ‘എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്, കല്ലാണീ നെഞ്ചീലെന്ന്, കരിങ്കല്ലാണ്…’ ആ കരിങ്കല്ലിനു ഞാനൂന്നല്‍ നല്കി.
ആ മുഖത്തൊരു മന്ദഹാസം മിന്നിമറഞ്ഞില്ലേ? മിററില്‍ നോക്കിക്കൊണ്ടിരുന്ന എനിയ്ക്കങ്ങനെ തോന്നി.
ഒരു ജങ്ഷനില്‍ സിഗ്നലിനു വേണ്ടി ബൈക്കു നിറുത്തി. സിഗ്നല്‍ കാത്തുകിടക്കുമ്പോള്‍ തോളത്തൊരു മൃദുസ്പര്‍ശം.
വിശ്വസിയ്ക്കാനാകാതെ ഞാന്‍ തിരിഞ്ഞുനോക്കി. അവളുടെ വലത്തുകൈ എന്റെ തോളില്‍! ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന അകലം കുറയുകയും ചെയ്തിരിയ്ക്കുന്നു!
സിഗ്നല്‍ കിട്ടി, ബൈക്ക് ഓട്ടം തുടങ്ങിയപ്പോള്‍, അവളുടെ കൈ എന്റെ തോളത്തുനിന്നിറങ്ങി, എന്റെ മുന്നിലൂടെ ചുറ്റിവളഞ്ഞ് എന്റെ നെഞ്ചിലമര്‍ന്നു. ഓടുന്ന ബൈക്കിന്മേലല്ലായിരുന്നെങ്കില് അവളുടെ വിരലുകള്‍ക്കെന്റെ ഹൃദയസ്പന്ദനം അറിയാനാകുമായിരുന്നു.
ഞാനറിയാതെ തന്നെ എന്റെ മുഖത്തൊരു ചിരി വിടര്‍ന്നു. ആകാശത്തേയ്ക്കു നോക്കി ഞാന്‍ ആഹ്ലാദമാഘോഷിച്ചു.
നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളെന്നോടു ചേര്‍ന്നിരുന്നു. ഇതുവരെച്ചെയ്ത വിക്രിയകളൊക്കെ അവള് മാപ്പാക്കിത്തന്നിരിയ്ക്കുന്നു! അവളുടെ മൃദുലതകള്‍ എന്റെ പുറത്തമര്ന്നപ്പോഴുള്ള സുഖത്തോടും ഊഷ്മളതയോടുമൊപ്പം, ഹൃദയസ്പന്ദങ്ങളുടെ ഏകകാലപ്പൊരുത്തവും സ്വര്‍ഗസുഖം പകര്‍ന്നു.
അവളെന്റെ തോളത്തു ചുണ്ടുകളമര്‍ത്തി. മെല്ലെ മൊഴിഞ്ഞു, ‘കച്ചേരിക്കളറു തന്നെ വാങ്ങിക്കോളൂ ട്ടോ.’
എനിയ്ക്കത്ഭുതമായി. അത്ഭുതത്തേക്കാളേറെ ആവേശവുമുണ്ടായി. അവള്‍ക്കു കച്ചേരിക്കളറു സമ്മതമെങ്കില്‍, എനിയ്ക്കു വെള്ളനിറം അതിലേറെ സമ്മതം: ‘വേണ്ട, തങ്കം. വെള്ള മതി. തൂവെള്ള, പാല്‍വെള്ള. മില്‍ക്ക് വൈറ്റ്. വൈറ്റ് വൈറ്റ്. അകത്തും പുറത്തും മാത്രമല്ല, ടെറസ്സിലും!’
‘ഹ…ഹ…ഹ…’
ഹൈവേയില്‍, ഒപ്പമോടിക്കൊണ്ടിരുന്ന വാഹനങ്ങളെയെല്ലാം വിസ്മരിച്ചവള്‍ പൊട്ടിച്ചിരിച്ചു. സര്‍വം മറന്നുള്ള ആ മണികിലുക്കം കേട്ടു ചില യാത്രികര്‍ തിരിഞ്ഞുനോക്കി. ഹോ, ആ ചിരി കേള്‍ക്കാന്‍ ഞാനെന്തു തന്നെ കൊടുക്കില്ല!!!
അവളെ ആ നിമിഷം ഉമ്മവയ്ക്കാന്‍ എനിയ്ക്കാര്ത്തി തോന്നി. ഞാന്‍ ബൈക്ക് റോഡരികിലടുപ്പിച്ചു നിറുത്തി. പിന്‍സീറ്റില്‍ നിന്ന് അവളിറങ്ങിയെങ്കില് മാത്രമേ എനിയ്ക്കിറങ്ങാനാകൂ. ഞാന്‍ പറഞ്ഞു, ‘നീയൊന്നിറങ്ങ്.’
ഞാന്‍ മനസ്സില്‍ കണ്ടത് അവള് മാനത്തു കണ്ടിട്ടുണ്ടാകും! അവള് പറഞ്ഞു, ‘ഉംഉം.’
ഇറങ്ങില്ല എന്നാണ് ആ ഇരട്ട ഉമ്മിന്റെ അര്‍ത്ഥം.
ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവള് മുന്നറിയിപ്പു നല്കി: ‘ദേ, ചേട്ടാ, തോന്ന്യാസോന്നും കാണിയ്ക്കണ്ട. ഇത് നാഷണല്‍ ഹൈവേയാ.’ ഇരുകൈകള്‍ കൊണ്ടും ബൈക്കില്‍ മുറുക്കിപ്പിടിച്ച് അവള് ഉറച്ചിരുന്നു.
ഗത്യന്തരമില്ലാതെ ഞാന്‍ ബൈക്കു സ്റ്റാര്‍ട്ടു ചെയ്തു. വണ്ടി ടോപ്പ് ഗിയറിലെത്തിയ ഉടനെ, എന്റെ മാറത്തമര്ന്നിരുന്ന അവളുടെ കൈത്തലം ഞാനുയര്‍ത്തി ചുണ്ടോടമര്‍ത്തി.
അവളെന്റെ ചുണ്ടില്‍ നിന്നു കൈ വലിച്ചെടുത്തു വീണ്ടുമെന്റെ മാറത്തമര്‍ത്തി: ‘മര്യാദയ്ക്കു ബൈക്കോടിയ്ക്ക്.’ അവളെന്നോടു ചേര്‍ന്നിരുന്നു. അവളുടെ കവിള്‍ത്തടം എന്റെ പുറത്തമര്‍ന്നു.
sunilmssunilms@rediffmail.com
143 total views, 3 views today
