ആശുപത്രി കിടക്കയിലെ പ്രണയം

0
1431


സീൻ 1
——-

തൊണ്ണൂറുകളുടെ അവസാനം ആണ് കഥ(സംഭവം) ആരംഭിക്കുന്നത്. ഞാൻ BSc ക്കു പഠിക്കുന്ന കാലം. എന്റെ ക്ലാസ്സിൽ സ്ഥിരമായി ഒരു പെണ്കുട്ടി താമസിച്ചു വരാൻ തുടങ്ങി. നിഷ്കളങ്കനായ ഞാൻ അതിൽ അപാകതയൊന്നും കണ്ടില്ല. രാവിലെ ട്യൂഷനു പോകുന്ന പലരും ബസ് കിട്ടാതെ വൈകി വരുന്നത് പതിവാണ്. അങ്ങനെയേ ഞാൻ അതിനെ കണ്ടുള്ളൂ.  പക്ഷെ എന്റെ പ്രിയ സുഹൃത്തു അജീഷ് ആ പെണ്കുട്ടിയിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞു.

അവൻ എന്നോട് പറഞ്ഞു ടാ അവൾക്കു എന്തോ ഒരു ചുറ്റിക്കളി ഉണ്ട്, സ്ഥിരമായി ഇപ്പോൾ താമസിച്ചു വരുന്നു, അവളുടെ മുഖം ഒരു കാമുകിയുടെ ഭാവങ്ങൾ പ്രകടിപ്പിക്കുന്നു എന്നൊക്കെ. പക്ഷെ ഞാൻ സമ്മതിച്ചു കൊടുത്തില്ല. എൻ്റെ ബാല്യകാല സഖിയായ അവൾക്കു ഒരു പ്രണയമോ? അതും പെണ്ണിന്റെ ശരീരവും മൂന്നു പുരുഷന്റെ ആരോഗ്യവും പെണ്ണിന്റെ ഒരു ഗുണവുമില്ലാത്ത ഇവൾക്ക്. ഇതു പറഞ്ഞു ഞാൻ അവനുമായി പലപ്പോഴും തല്ലുണ്ടാക്കിയിരുന്നു. പക്ഷെ കാലം അധികം വേണ്ടി വന്നില്ല എന്റെ കൂട്ടുകാരൻ പറഞ്ഞതു ശെരിയായിരുന്നു എന്നു ഞാൻ മനസ്സിലാക്കാൻ.

പിന്നെ ഞാനും അവളിലെ മാറ്റങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. അതേ, എന്റെ കൂട്ടുകാരൻ പറഞ്ഞതു ശെരിയാണ്. എന്തോ മനസ്സിൽ ഉറപ്പിച്ചപോലെ ഉള്ള ഒരു ഭാവം ഞാൻ അവളിൽ ദർശിച്ചു. അവളുടെ ശരീരം മാത്രമേ ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ. ബിജോയ് സർ ബോർഡിൽ വരച്ചിട്ട convex ലെന്സ് അവൾക്കു ഹൃദയവും അമ്പും ചേർന്ന ചിത്രം ആയി തോന്നി. ഫെലിക്സ് സാർ തന്ന നോട്ടുകൾ പ്രണയലേഖനങ്ങൾ ആയി അവൾക്കു അനുഭവപ്പെട്ടു.

ഒരു നാൾ അവളുടെ ഇരുപ്പിൽ അപാകത തോന്നിയ സൈമൺ സാർ അവളുടെ ശ്രദ്ധ ക്ലാസ്സിലേക്ക് കൊണ്ടു വരാനായി ഒരു ചോദ്യം ചോദിച്ചു. ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് ആരെന്നു ബാക്ക് ബെഞ്ചിൽ രണ്ടാമത് ഇരിക്കുന്ന കുട്ടി പറയൂ.

പ്രണയപരവശയായ അവൾ ചാടി എഴുന്നേറ്റ് പറഞ്ഞു.

അയ്യേട്ടൻ !!!!!!!!

എങ്ങും നിശബ്ദത. ഞങ്ങൾ ആകെ ഞെട്ടി തരിച്ചു പോയി. അജീഷ് എന്നെ ഒന്ന് ഞോണ്ടി. ഞാൻ ചിരി കടിച്ചമർത്തി ഇരുന്നു.

സൈമൺ സാർ ചോദ്യം ആവർത്തിച്ചു. കുട്ടി ഞാൻ ചോദിച്ചത് ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് ആരെന്നാണ്.

അവൾ വീണ്ടും ആവർത്തിച്ചു പറഞ്ഞു. സാർ ഉത്തരം “അയ്യേട്ടൻ” എന്നു തന്നെയാണ്. എനിക്ക് സംശയമില്ല. സാർ ഇന്നലെയും ഞാൻ ക്വാണ്ടം തിയറിയെ കുറിച്ചു പഠിച്ചതാണ്.

അവളുടെ ‘അസുഖം’ മനസ്സിലാക്കിയ സൈമൺ സാർ ക്ലാസ് കഴിഞ്ഞ ശേഷം ആ പെണ്കുട്ടിയോട് തന്നെ വന്നു കാണാൻ പറഞ്ഞ ശേഷം ക്ലാസ് തുടർന്നു.

കഥ ഇതുവരെ ആയ സ്ഥിതിക്ക് എന്റ ബാല്യകാലസഖി ആയ ഈ കഥാനായികയെ  വിന്നി എന്ന സാങ്കൽപിക പേരിൽ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.

ഇനി കഥ തുടരുന്നതിനു മുമ്പ് അൽപ്പം ഫ്ലാഷ് ബാക്ക് പറയേണ്ടതുണ്ട്.

ഫ്ലാഷ് ബാക്ക് എന്നു പറയുമ്പോൾ അതു വളരെ പഴക്കം ഉള്ള ബ്ലാക്ക് & വൈറ്റ് കഥ എന്നു നിങ്ങൾ കരുതരുത്. കളർ സീൻ തന്നെയാണ്. വിന്നിയുടെ പ്രണയത്തിന്റെ പിന്നാമ്പുറ കഥ.

സീൻ 2
———–
തിരുവനന്തപുരം ആയുർവേദ കോളേജ്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കൊണ്ടു ലോക പ്രശസ്തമായ ആശുപത്രി.   നമ്മുടെ കഥാനായിക കാലിന്റെ ചികിത്സക്കായി അവിടെ അഡ്മിറ് ആയി കിടക്കുന്ന കാലം. അഡ്മിറ് ആയ കാര്യം പറയുമ്പോൾ അതിനു അനുബന്ധമായി മറ്റൊരു കാര്യം കൂടെ പറയേണ്ടത് ഉണ്ട്. ഒരു അപകടത്തിൽ കാലിനു ചെറിയൊരു  വൈകല്യം സംഭവിച്ചു എന്നത് ഒഴിച്ചാൽ ഓടി ചാടി നടന്ന കുട്ടിയായിരുന്നു അവൾ. അവളുടെ ഓട്ടത്തിന്റെ  വേഗത്തിൽ ഞാൻ പലപ്പോഴും അത്ഭുതത്തോടെ മിഴിച്ചു നിന്നിട്ടുണ്ട്. സ്കൂൾ ഓട്ട മത്സരത്തിൽ സമ്മാനം നേടിയപ്പോൾ വിന്നിയുടെ പപ്പാക്കു ഒരു മോഹം അവളെ ഒളിംപിക്സിനു വിട്ടാലോ എന്നു. അങ്ങനെ കാലിന്റെ വൈകല്യം മാറ്റാൻ സർജറി നടത്തിയാണ് അവസാനം എന്റെ പ്രിയ കൂട്ടുകാരി ആയുർവേദ കോളേജിൽ എത്തിപെട്ടത്.

ഇനി സീൻ രണ്ടിലോട്ടു തിരിച്ചു വരാം.

ആശുപത്രിയിൽ electrical ജോലികൾ നടക്കുന്ന സമയം ആയിരുന്നു അത്. ആ ജോലിയുടെ ഭാഗമായി ഒരു സുമുഖനായ ചെറുപ്പക്കാരൻ സ്ഥിരമായി ആശുപത്രിയിൽ വന്നും പോയുമിരുന്നു. രോഗാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ആരും ഒരു റിലാക്സേഷൻ ആഗ്രഹിക്കില്ലേ? അതേ എന്റെ കൂട്ടുകാരിയും ആഗ്രഹിച്ചുള്ളൂ. അതൊരു തെറ്റാണോ? ഏയ് അല്ല.

അവളുടെ കണ്ണുകൾ അജി കുമാർ എന്ന ആ ചെറുപ്പക്കാരനിൽ ഉടക്കി. അവന്റെ കണ്ണുകൾ അവിടുത്തെ ശാന്തമ്മ എന്ന നേഴ്സിലും. പക്ഷെ വിധി ഒന്നിപ്പിച്ചത് വിന്നിയേയും അജിയെയും തമ്മിൽ തന്നെ ആയിരുന്നു. വിധി കാത്തു വച്ച ദുരന്തം അവനെ തേടി എത്തി എന്നു പറയുന്നതാണ് കൂടുതൽ ഉചിതം.

‘അമ്മ വീട്ടിൽ പോകുന്ന നേരത്തു
ആശ്വാസ വാക്കുകളുമായി അജി അവളുടെ അരികിൽ ഇരുന്നു. അങ്ങനെ ചുരുങ്ങിയ ദിനങ്ങൾ കൊണ്ടു അവരുടെ പ്രണയം പൂത്തുലഞ്ഞു.

ഒരുനാൾ അവൾ അവനോടു ചോദിച്ചു ചേട്ടാ ഞാൻ ചേട്ടനെ ‘അയ്യേട്ടാ’ എന്നു വിളിച്ചോട്ടെ.

അജി:എന്തിനാ വിന്നി നീ എന്നെ അങ്ങനെ വിളിക്കുന്നത്?

വിന്നി: ഞാൻ അങ്ങനെയേ വിളിക്കൂ. ചേട്ടൻ ഇസബെല്ലാ സിനിമ കണ്ടിട്ടില്ലേ അതിൽ ഇസബെല്ലയെ ‘ബേല’ എന്നാണ് വിളിക്കുന്നത്. അതുപോലെ.

അജി: അപ്പോൾ ഞാൻ നിന്നെ ‘ചക്കുരു’ എന്നു വിളിച്ചോട്ടെ?

വിന്നി: ചക്കരെ എന്നല്ലേ ചേട്ടാ ശെരിക്കു വിളിക്കേണ്ടത്. ചേട്ടൻ എന്തിനാ ‘ചക്കുരു’ എന്നു വിളിക്കുന്നത്?

അജി: എനിക്ക് ചക്കക്കുരു ഭയങ്കര ഇഷ്ടമാണ്. എനിക്ക് നീയും ചക്കകുരുവും ഒന്നുപോലെയാണ് തോന്നുന്നത്. അതുകൊണ്ടു നിന്നെ ഞാൻ ‘ചക്കുരു’ എന്നു വിളിക്കും.

വിന്നി: ശെരി ചേട്ടാ! ഇന്നുമുതൽ നമ്മൾ ചക്കുരുവും അയ്യേട്ടനും ആയിരിക്കും.

അങ്ങനെ ഒരു നാൾ അവൾ ആശുപത്രി വിട്ടു. പിന്നെ ആശുപത്രി കിടക്കയുടെ നാലു ചുവരുകൾക്കു അപ്പുറത്തേക്ക് ആ പ്രണയം പടർന്നു പന്തലിച്ചു.

സീൻ 3
———–
ചികിത്സക്ക് ശേഷം വീട്ടിൽ എത്തിയ പ്രണയിനിക്കു തന്റെ പ്രിയതമന്റെ അസാന്നിധ്യം മറ്റു എന്തിനെക്കാളും വേദനിപ്പിക്കുന്നതായി മാറി. ആ വേദനയിൽ കാലിന്റെ വേദന അവൾ മറന്നു. തന്റെ അയ്യേട്ടനെ കാണാനായി അവൾ വീണ്ടും തുള്ളി ചാടി ഓടാൻ തുടങ്ങി. അതു കണ്ട അവളുടെ പപ്പ കണ്ണുനീർ പൊഴിച്ചു.

മനസ്സിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു. സിഡ്‌നി ഒളിംപിക്സിൽ പങ്കെടുക്കേണ്ട എന്റെ മകൾക്ക് അടുത്ത ജന്മത്തിൽ എങ്കിലും അതിനുള്ള ഭാഗ്യം കൊടുക്കണേ ഈശ്വര!. ഒളിംപിക്സിൽ മകളെ അയക്കാൻ പറ്റാത്തതിന്റെ സ്മരണാർത്ഥം അദ്ദേഹം ഒരു ഓട്ടു മെഡൽ ചെയ്യിച്ചു ഷോകേസിൽ സൂക്ഷിച്ചു. ഞാൻ കഴിഞ്ഞ വർഷം ലീവിന് പോയപ്പോഴും അങ്കിൾ അതു എടുത്തു എന്നെ കാണിച്ചു ഒരുപാട് കരഞ്ഞു.  ആ പാവം അച്ഛന് ഇന്നും അറിയില്ല അന്നത്തെ തുള്ളിച്ചാട്ടം അവളുടെ അയ്യേട്ടനെ കാണാൻ വേണ്ടി ഉള്ളതായിരുന്നു എന്നു.

അയ്യേട്ടന്റെ ശബ്ദം ഒന്നു കേൾക്കാനായി അവളുടെ മനസ്സ് പിടഞ്ഞു. പെട്ടെന്ന് അവളുടെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി. തന്റെ പ്രിയകൂട്ടുകാരിൽ ഒരാളെ ഹംസം ആക്കിയലോ എന്നായി അവളുടെ ചിന്ത. പേരുകൾ ഓരോന്നായി അവൾ ആലോചിച്ചു.

രേഷ്മ  — ഇവളെ ഹംസം ആക്കിയലോ? അല്ലെങ്കിൽ വേണ്ട അവൾ പ്രായപൂർത്തി(18 വയസ്സു) ആകാത്ത കുട്ടിയാണ്. ഞാൻ പറയുന്നത് ഒന്നും മനസ്സിലാക്കാൻ അവൾക്കു കഴിയില്ല. മാത്രവുമല്ല ബുദ്ധിഭ്രമവും ഉണ്ട്. അയ്യേട്ടനുള്ള കത്തു ചിലപ്പോൾ കൊടുക്കുന്നത് പപ്പായുടെ കയ്യിൽ ആയിരിക്കും. അവളെ വേണ്ട.

മീനു — ആ പേരു ആലോചിച്ചപ്പോൾ തന്നെ വേണ്ട എന്നു വച്ചു. ആരെ നമ്പിയാലും അവളെ നമ്പാൻ പറ്റില്ല. അവൾക്കു അതിബുദ്ധിയാണ്. ചിലപ്പോൾ എന്റെ അയ്യേട്ടനെ അവൾ തട്ടിയെടുത്താലോ? അവൾ വേണ്ടേ വേണ്ട. ഉറപ്പിച്ചു.

അവളുടെ മനസ്സ് ഇങ്ങനെ മന്ത്രിച്ചു.
ഹംസമാക്കാൻ ഇനി വേറൊരു പേരു ആലോചിക്കേണ്ടതില്ല. ഉറപ്പിച്ചു. ഞാൻ പറഞ്ഞാൽ എന്തും അനുസരിക്കുന്ന, എന്റെ അടിമക്കു തുല്യ ആയ ഷൈനി മതി. അവളെ ആകുമ്പോൾ പേടിപ്പിച്ചു ആയാലും കാര്യം നടത്തി എടുക്കാം.

ആവശ്യം ഷൈനിയെ ബോധിപ്പിച്ചു. ആ പാവം ഉൾഭയം കൊണ്ടു ഹംസം ആകാൻ തീരുമാനിച്ചു.

പാവം അവൾക്കും കാണില്ലേ ജീവനിൽ കൊതി.

അങ്ങനെ അയ്യേട്ടന്റെ ഫോൺ കാളുകൾ ഷൈനിയുടെ വീട്ടിൽ എത്തി. അയ്യേട്ടന്റെയും ചക്കുരുവിന്റെയും ഫോൺ വഴിയുള്ള പ്രണയലീലകൾ ഷൈനിയെ അസ്വസ്ഥ ആക്കാൻ തുടങ്ങി. പക്ഷെ അവൾക്കു പ്രതികരിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. വിന്നി കായലിൽ മുക്കി കൊല്ലുമോ എന്നുള്ള ഉൾഭയം ആയിരുന്നു പാവം ഷൈനിക്കു. അങ്ങനെ ദിനങ്ങൾ കുറെ കടന്നു പോയി.

അയ്യേട്ടന്റെയും ചക്കുരുവിന്റെയും പ്രണയം വീട്ടിൽ അറിഞ്ഞു. ആ പാവം അച്ഛന് താങ്ങാവുന്നതിലും അധികം ആയിരുന്നു ആ വാർത്ത. മോളെ ക്രിസ്തുവിന്റെ മണവാട്ടി ആക്കാം എന്നൊരു നേർച്ച ആ അച്ഛന് ഉണ്ടായിരുന്നു. പക്ഷെ മോൾ വളർന്നപ്പോൾ കന്യാസ്ത്രീ മഠത്തിന്റെ നന്മയെ കരുതി അദ്ദേഹം ആ തീരുമാനം മാറ്റി. അപ്പോഴാണ് ഇടി വെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചു എന്നു പറഞ്ഞ പോലെ മോളുടെ പ്രണയ വാർത്ത ആ അച്ഛനെ തേടി എത്തിയത്.

ആ പാവം അച്ഛനും കുഞ്ഞു അനുജനും വിന്നിയെ ചോദ്യം ചെയ്തു. പ്രതീക്ഷിച്ച പോലെ അനുജനെ ഒറ്റ കയ്യിൽ തൂക്കി എടുത്തു അവൾ നിലത്തടിച്ചു. പിന്നെ ആക്രോശം പപ്പയോട്‌ ആയി. ആ പാവം അടുക്കള വാതിലിലൂടെ പുറത്തേക്കു ഓടി രക്ഷപ്പെട്ടു. പിന്നെ സംഭവിച്ചതൊക്കെ ബോളിവുഡ് മൂവിയെ വെല്ലുന്ന ക്ലൈമാക്സ് രംഗങ്ങൾ ആയിരുന്നു.

ഇനി നമുക്ക് സീൻ 1 ലേക്ക് തിരിച്ചു വരാം.

ക്വാണ്ടം തിയറിയെ കുറിച്ചു ചോദിച്ച സൈമൺ സാറിനു തന്നെ പിന്നെ സംശയം ആയി. ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് ആയ മാക്സ് പ്ലാങ്കിന് ഇനി അയ്യേട്ടൻ എന്ന പേരു വല്ലതും ഉണ്ടോ. അദ്ദേഹത്തിന്റെ കുറെ ദിനങ്ങൾ അതിനെ കുറിച്ചു അന്വേഷിച്ചു വെറുതെ പാവം സാർ സമയം പാഴാക്കി.

ക്ലാസ് കഴിഞ്ഞു തന്നെ വന്നു കാണാൻ ആവശ്യപ്പെട്ട സാറിനെ കാണാൻ പിന്നെ വിന്നി എത്തുന്നത് കൃത്യം 10 മാസം കഴിഞ്ഞാണ്. അതും ഓമനത്തമുള്ള ഒരു കൈ കുഞ്ഞുമായി. സാർ ഒരു പുഞ്ചിരിയോടെ നമ്മുടെ വിന്നിയെ നോക്കി ഇങ്ങനെ പറഞ്ഞൂ.

“ക്വാണ്ടം തിയറി പോയിട്ടു കോണ്ടം തിയറി പോലും നിന്റെ അയ്യേട്ടൻ കണ്ടുപിടിച്ചിട്ടില്ല എന്നു ഇപ്പോൾ എങ്കിലും മനസ്സിലായോ. ഇനിയെങ്കിലും മോനെ വീട്ടിൽ ആക്കിയിട്ടു ക്ലാസ്സിൽ വന്നിരുന്നു പഠിക്കാൻ നോക്കു”

ഇതുകേട്ട വിന്നിയുടെ മുഖത്തു ഉണ്ടായ ജാള്യത ഞാൻ ഇന്നും ഓർക്കുന്നു.

അന്യമതക്കാരനായ അജി എന്ന കഥാനായകൻ പീറ്റർ എന്ന പേരു സ്വീകരിച്ചു വിന്നിക്കു ഒപ്പം രണ്ടു മക്കളുമായി ഇന്ന് സുഖമായി ജീവിക്കുന്നു.

Previous articleറോമിയോ ആൻഡ് ജൂലിയറ്റിന്റെ 424 വർഷങ്ങൾ..
Next articleഏതു മരമാകണം നിങ്ങൾക്ക് ..?
നല്ല സൌഹൃദങ്ങള്‍ സ്വന്തമായുള്ള, നാട്ടില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന, സ്വദേശവും വിദേശവുമായ യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരു പ്രവാസിയാണ് ഞാന്‍. കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ജനിച്ചു വളര്‍ന്ന ഞാന്‍ ഇപ്പോള്‍ കുടുംബസമേതം ബഹറിനില്‍ താമസം. ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള Works Directorate ല്‍ വിവര സാങ്കേതിക വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ . എല്ലാവരുമായും വളരെ എളുപ്പം ഇണങ്ങുകയും ഒപ്പം എനിക്ക് ശരിയല്ല എന്നു തോന്നുന്ന കാര്യങ്ങളില്‍ വളരെ വേഗത്തില്‍ പ്രതികരിക്കുകയും ചെയ്യുന്ന സ്വഭാവവും കൂട്ടിനുണ്ട്.