“ഒരാണ്‍കുട്ടിയുടെ ഏറ്റവുമടുത്ത സുഹൃത്ത് അവന്‍റെ അമ്മയായിരിക്കും.” – ഹിച്ച്കോക്കിന്‍റെ സൈക്കോ എന്ന സിനിമയിലെ മനോവൈകല്യമുള്ള, കൊലപാതകിയായ നായകകഥാപാത്രം

പങ്കാളി തന്നെ സ്നേഹിക്കാതാവുമോ, ഉപേക്ഷിച്ചു പോയേക്കുമോ എന്നൊക്കെയുള്ള നിരന്തരസന്ദേഹങ്ങളെ ‘ആകുലത’ എന്നും ആരെങ്കിലും തന്നോടടുക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അസ്വസ്ഥത അനുഭവപ്പെടുന്നതിനെ ‘വിമുഖത’ എന്നും വിളിക്കാറുണ്ട്. ആകുലതയോ വിമുഖതയോ സന്നിഹിതമാണോ അല്ലയോ എന്നതിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തിബന്ധങ്ങളോടുള്ള ഓരോരുത്തരുടെയും സമീപനങ്ങളെ താഴെ വിശദീകരിച്ചിട്ടുള്ള രീതിയില്‍ നാലായി തരംതിരിക്കാം. ഇതില്‍ ഏതു ശൈലിയാണ് ഒരാളില്‍ രൂപപ്പെടുക എന്നു നിര്‍ണയിക്കുന്നത് കുട്ടിക്കാലത്ത് ആ വ്യക്തിക്ക് തന്‍റെ രക്ഷകര്‍ത്താക്കളുമായുണ്ടായിരുന്ന ബന്ധത്തിന്‍റെ രീതിവിശേഷങ്ങളാണ് എന്ന് ജോണ്‍ ബൌള്‍ബി എന്ന മനോരോഗവിദഗ്ദ്ധന്‍ മുന്നോട്ടുവെച്ച സിദ്ധാന്തം പറയുന്നു.

Romantic young couple, relationship breakup

ലവലേശം ആകുലതയോ വിമുഖതയോ കൂടാതെ മറ്റുള്ളവരുമായി അടുക്കുന്ന ശീലമുള്ളവര്‍ക്കു മാത്രമാണ് ആരോഗ്യകരമായ ദീര്‍ഘകാലബന്ധങ്ങള്‍ കൈവരിക്കാനാവുക. കുട്ടികളുടെ ആവശ്യങ്ങളോട് തക്കസമയത്ത് അനുയോജ്യമായ രീതിയില്‍ പ്രതികരിക്കുക പതിവാക്കിയവരുടെ മക്കളിലാണ് ഈ ശീലം രൂപപ്പെടാറുള്ളത്.

ചില നേരങ്ങളില്‍ മക്കളെ ഉചിതമായ രീതിയില്‍ സ്നേഹിക്കുകയും എന്നാല്‍ മറ്റു ചില വേളകളില്‍ അവരെ അകാരണമായ നിര്‍വികാരതയോടെ അവഗണിക്കുകയും ചെയ്യുക എന്ന സ്ഥിരതയില്ലാത്ത പെരുമാറ്റം പ്രകടിപ്പിക്കുന്നവരുടെ മക്കളില്‍ ആകുലത കൂടുതലായി കണ്ടുവരാറുണ്ട്. ഇക്കൂട്ടര്‍ അരക്ഷിതത്വബോധം, കടുത്ത സ്വയംവിമര്‍ശനം, പങ്കാളിയാല്‍ തിരസ്കരിക്കപ്പെടുമോയെന്ന നിരന്തരമായ ഉത്ക്കണ്ഠ തുടങ്ങിയവയില്‍ ഉഴറുന്നവരായി വളര്‍ന്നുവരാം.

കുട്ടികളെ ആപത്തുവേളകളില്‍ പോലും ഗൌനിക്കാതിരിക്കുകയും ചെറുപ്രായത്തിലേ സ്വയംപര്യാപ്തരാവാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നവരുടെ മക്കള്‍ വളര്‍ന്നു വരുന്നത് ഒരുപാട് വിമുഖതയുമായാവാം. ഇങ്ങിനെയുള്ളവര്‍ ഭാവിയില്‍ മറ്റുള്ളവരുടെ വികാരവായ്പുകള്‍ക്കു മുന്നില്‍ മനസ്സിളകാത്തവരും ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നും കൊടുക്കാത്തവരും ആയിമാറാം.

രക്ഷകര്‍ത്താക്കളുടെ ക്രൂരപീഢനങ്ങള്‍ക്കു വിധേയരാവുന്ന കുട്ടികളെ മുതിര്‍ന്നു കഴിയുമ്പോള്‍ ആകുലതയും വിമുഖതയും ഒരുപോലെ പിടികൂടാം. ഇവര്‍ വൈകാരികമായ അടുപ്പങ്ങളെ ഒരേസമയം തന്നെ ആഗ്രഹിക്കുകയും ഭയക്കുകയും ചെയ്യുന്നവരായിത്തീരാം. ഇത്തരക്കാര്‍ അകപ്പെടുന്ന ബന്ധങ്ങള്‍ നാടകീയതയും വികാരവിക്ഷുബ്ധതകളും പ്രവചനാതീതമല്ലാത്ത പെരുമാറ്റങ്ങളുമൊക്കെ നിറഞ്ഞാടുന്നവയായിരിക്കും.

ഇപ്പറഞ്ഞതില്‍ ഏതു ശൈലിയാണ് താന്‍ സ്വാംശീകരിച്ചിട്ടുള്ളത്‌ എന്നു തിരിച്ചറിയുന്നത് ബന്ധങ്ങളിലേര്‍പ്പെടുമ്പോള്‍ തക്കതായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നമ്മെ പ്രാപ്തരാക്കും. മുതിര്‍ന്നു കഴിഞ്ഞുണ്ടാകുന്ന അനുഭവങ്ങള്‍ക്കും ഒരാളുടെ വ്യക്തിബന്ധശൈലിയെ സ്വാധീനിക്കാനാവുമെന്നും തക്കതായ മനശാസ്ത്രചികിത്സകള്‍ വഴി ചെറുപ്പത്തില്‍ രൂപപ്പെട്ട മോശം ശൈലികളെ പൊളിച്ചുപണിയാന്‍ സാധിക്കുമെന്നും സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

You May Also Like

പങ്കാളിക്ക് ഇഷ്ടമില്ലാത്ത രതി പരീക്ഷണങ്ങള്‍ക്ക് മുതിരേണ്ട

ഡോ. സീമ തോമസ്, സിറ്റി സ്പെഷ്യല്‍ ആശുപത്രി, ടി നഗര്‍ , ചെന്നൈ ശാരീരികവും മാനസികവും…

ലോകത്ത് ചില ബീച്ചുകളിൽ കുട്ടികളുമൊത്ത് പോകാൻ കഴിയില്ല

എന്താണ് ന്യൂഡ് ബീച്ചുകള്‍ ? അറിവ് തേടുന്ന പാവം പ്രവാസി നഗ്‌നത എന്നത് ഇല്ലാതാകുന്നത് എല്ലാരും…

വൈശാഖപൌര്‍ണമി – ഭാഗം ഒന്‍പത് (കഥ)

വിശാഖം കാമാഠിപുരയിലേയ്ക്കു മടങ്ങിപ്പോകുന്നെന്നു കേട്ട് സദാനന്ദ് നടുങ്ങി. അവളുടെ പാസ്‌പോര്‍ട്ടും വിസയും ശരിയായിക്കഴിഞ്ഞ ഉടനെ അവളെ അമേരിക്കയിലേയ്ക്കു കൊണ്ടുപോകണമെന്നായിരുന്നു, സദാനന്ദ് ഉദ്ദേശിച്ചിരുന്നത്. വിസയ്ക്കു വേണ്ടി അപേക്ഷിയ്ക്കുന്നതിനു മുന്‍പ്, അവളെ വിവാഹം കഴിച്ചിരിയ്ക്കണം, അതു കഴിയുന്നത്ര നേരത്തേ തന്നെ നടത്തിയിരിയ്ക്കുകയും വേണം. പിന്നെ ജീവിതം മുഴുവനും വിശാഖവുമൊത്ത് അമേരിക്കയില്‍. അമേരിക്കയില്‍ വച്ച് തങ്ങള്‍ക്ക് കുഞ്ഞുങ്ങളുമുണ്ടാകണം. വിശാഖം പ്രസവിച്ചായാലും പ്രസവിയ്ക്കാതെയായാലും അവളെ ഒരമ്മയാക്കണം.

സ്ത്രീശരീരം സ്വയം സുഖം തേടുമ്പോള്‍

സ്ത്രീശരീരം സ്വയം സുഖം തേടുമ്പോള്‍ പുരുഷന്മാര്‍ മാത്രമേ സ്വയംഭോഗം ചെയ്യാറുള്ളൂവെന്നും സ്ത്രീകള്‍ക്ക് ഇതുപാടില്ലെന്നുമുള്ള ചിന്തയുള്ള ഏറെപ്പേരുണ്ട്.…