LOVE TODAY……❤️
Jayan Vannery
പ്രദീപ് രംഗനാഥൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് നായകനായി അഭിനയിച്ച ചിത്രമാണ് ലവ് ടുഡേ… പേര് സൂചിപ്പിക്കുന്നത് പോലെ ഈ കാലഘട്ടത്തിന്റെ.. ഇന്നത്തെ യുവതയുടെ.. ഉത്തമൻ പ്രദീപിന്റെയും നിഖിതയുടെയും ആത്മാർത്ഥ പ്രണയത്തിന്റെ കഥയാണ് ലൗ ടുഡേ…
ഉണരുന്നന്നതിനും ഉറങ്ങുന്നതിനും ഇടക്കുള്ള ഒരു ദിവസമത്രയും മൊബൈൽ ഫോണിലൂടെ സംസാരിച്ചും മെസ്സേജ് അയച്ചും വീഡിയോ കാൾ ചെയ്തും സെൽഫി അയച്ചും അതി തീവ്രമായി പ്രണയIച്ചു കൊണ്ടിരിക്കെ നിഖിതയുടെ അച്ഛൻ അവൾക്ക് മറ്റൊരു ചെറുപ്പക്കാരനെ കണ്ടെത്തുന്നു.. നായികയുടെ നിർബന്ധപ്രകാരം നായകൻ അവളുടെ വീട്ടിലെത്തി അച്ഛനോട് നിഖിതയെ തനിക്ക് വിവാഹം കഴിച്ചു തരണമെന്ന് ആവശ്യപ്പെടുന്നു.. മറ്റ് ഒരുപാട് പ്രശ്നങ്ങൾ അവർക്കിടയിൽ വിലങ്ങു തടിയായി ഉണ്ടെകിലും അതൊന്നും കാര്യമാക്കാതെ അച്ഛൻ അവർക്ക് മുന്നിൽ ഒരു നിർദ്ദേശം വക്കുന്നു…
നിഖിതയും ഉത്തമൻ പ്രദീപും ഇരുവരുടെയും മൊബൈൽ ഫോണ് ആ നിമിഷം പരസ്പരം കൈമാറുക.. നാളെ ഇതേ സമയം നിങ്ങൾക്ക് സ്വന്തം ഫോണുകൾ തിരിച്ചെടുക്കാം. അതിന് ശേഷവും നിങ്ങൾ വിവാഹം കഴിക്കാൻ തയ്യാറാണെങ്കിൽ ഞാൻ ഈ വിവാഹം നടത്തി തരാം… ആശങ്കയോടെയാണെങ്കിലും ഇരുവരും അത് സമ്മതിക്കുന്നു… പിന്നീടുള്ള ആ 24 മണിക്കൂർ സമയമാണ് യഥാർത്ഥ സിനിമ…
നമുക്ക് മറ്റൊരാളുടെ മനസ്സ് വായിക്കാൻ കഴിഞ്ഞാൽ എന്താകും അവസ്ഥ.. ഒരിക്കലെങ്കിലും നമുക്ക് പ്രിയപ്പെട്ട ഒരാളുടെ മനസ്സിലുള്ളത് എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഒരാളും ഉണ്ടാകില്ല.. അതുപോലെയാണ് നമുക്ക് പ്രിയപ്പെട്ട ഒരാളുടെ മൊബൈൽ ഫോൺ.. ഒരിക്കലെങ്കിലും അതൊന്ന് എടുത്ത് നോക്കുകയോ അതിലെ കാര്യങ്ങൾ മനസ്സിലാക്കുകയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും പലരും.. ഒരാളുടെ മനസ്സ് പോലെ തന്നെയാണ് മൊബൈൽ ഫോണും. നമ്മൾ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന, സ്നേഹിക്കുന്ന, എനിക്ക് നിന്നെ കുറിച്ച് എല്ലാം അറിയാം എന്ന് ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും പറയുന്ന നമ്മൾക്ക് ആ ആളെ കുറിച്ച് ഒരു ചുക്കും അറിയില്ലായിരുന്നു എന്ന് തിരിച്ചറിയാൻ ഒരു പക്ഷെ അബദ്ധത്തിൽ എങ്കിലും അയാളുടെ ഫോണ് ഒന്ന് പരിശോധിച്ചാൽ മതിയാകും. അത്രയേറെ ആത്മരഹസ്യങ്ങളുടെ ഒരു നിലവറയാകാം പലരുടെയും മൊബൈൽ ഫോണുകൾ…
പെട്രോൾ ഒഴിച്ചു കത്തിക്കുകയും കഷായത്തിൽ വിഷം ചേർത്ത് കൊല്ലുകയുക ചെയ്യുന്ന ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമായ ഒരു സന്ദേശം കൂടി ഈ ചിത്രം നൽകുന്നുണ്ട്.. ചിരിക്കാനും ചിന്തിക്കാനും ഏറെ ഉള്ള ഈ സിനിമ നമ്മൾ ഓരോരുത്തരും തീർച്ചയായും കണ്ടിരിക്കേണ്ടതാണ്..
NB: അബദ്ധത്തിൽ പോലും പ്രിയപ്പെട്ടവരുടെ ഫോൺ തുറന്ന് നോക്കാതിരിക്കുന്നതാണ് മനസമാധാനത്തോടെ ജീവിക്കാൻ ഏറ്റവും നല്ലത്. 🙏🙂