
പ്രണയാഭിമുഖ്യം പ്രകടിപ്പിക്കത്തവരാരുണ്ട് ജീവിതത്തില്‍. ഏതൊരു മനുഷ്യനും ഓമനിക്കാന്‍ ഒരു കുഞ്ഞുപ്രണയമെങ്കിലും കണ്ടേക്കാം. കൗമാരത്തില്‍, യൗവ്വനത്തില്‍, ചിലപ്പോള്‍ യൗവ്വനാനന്തരത്തിലെല്ലാം പ്രണയാനുഭവങ്ങളുണ്ടാകാം. ജീവിതത്തിന്റെ ആകെത്തുകതന്നെ സെക്‌സാണെന്ന ഫ്രോയിഡിയന്‍ സങ്കല്‍പത്തെ എല്ലാവരും അറിയുന്നില്ലെങ്കിലും സെക്‌സിനെക്കുറിച്ച് ചിന്തിക്കാതെ ചിന്തിച്ചുപോകുന്നവരാണ് നമ്മില്‍ പലരും.
മതിവരാത്ത പ്രണയം എന്നത് പ്രണയത്തെ സംബന്ധിച്ച് എപ്പോഴും പറയാവുന്ന ഒന്നാണ്.
‘വിശപ്പിനു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും
വിശിഷ്ട ഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയമാര്‍ക്കും’ എന്നതുപോലെയാണത്.
സൗന്ദര്യത്തിന്റെ പരമാവധി എന്നത് എന്താണെന്ന് ഏറ്റവും വലിയ സൗന്ദര്യവാദികള്‍ക്കുപോലും പറയാനാകില്ല. എങ്കിലും ഓരോ സ്ത്രിയും പുരുഷനും വിചാരിക്കുന്നത് താനാണ് ഏറ്റവും വലിയ സുന്ദരന്‍/സുന്ദരി എന്നാണ്. സൗന്ദര്യം എന്നത് ലോകത്തെ മാറ്റിത്തീര്‍ക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ്. സൗന്ദര്യബോധമുള്ള മനുഷ്യനു മാത്രമേ സ്വപ്നങ്ങളുണ്ടാകൂ. സ്വപ്നം എന്നത് ഭാവിയിലേയ്ക്കുള്ള വഴികൂടിയാണല്ലോ. ലോകത്തിന്റെയും കാലത്തിന്റെയും തന്റേതന്നെയും സൗന്ദര്യം മനസ്സിലാക്കാന്‍ കഴിയുമ്പോഴാണ് ഓരാള്‍ ജീവിതത്തെ തൊട്ടറിയുന്നത്. അഥവാ ലോകമനസ്സാക്ഷിയുടെ ഭാഗമാകുന്നത്.
‘മര്‍ത്ത്യസൗന്ദര്യബോധങ്ങള്‍ പെറ്റ മക്കളല്ലീ പുരോഗമനങ്ങള്‍’ എന്ന് വൈലോപ്പിള്ളി എഴുതിയത് അതുകൊണ്ടാണ്.
എന്നാല്‍ ഇത്തരമൊരു സൗന്ദര്യബോധവും സ്ത്രീപുരുഷപ്രണയത്തിന്റെ സൗന്ദര്യവും ഒന്നല്ലെന്നതാണ് സത്യം. മുമ്പ് സൂചിപ്പിച്ചതുപോലെ വിശിഷ്ട വസ്തുവിനെ കണ്ടാല്‍ ആരാണ് നോക്കാത്തത്? വിശിഷ്ട ആഹാരം കണ്ടാല്‍ ആര്‍ക്കാണ് ഭക്ഷിക്കാന്‍ തോന്നാത്തത്? വിശിഷ്ടത അല്ലെങ്കില്‍ സവിശേഷത സമാകര്‍ഷകമാവുന്നു. അങ്ങനെയുള്ള സവിശേഷമായ കാഴ്ചയും വേഴ്ചയും ആഗ്രഹവുമാണ് ജീവിതത്തെ ധന്യമാക്കുന്നതെങ്കില്‍ അതുതന്നെയാണ് പലപ്പോഴും ജീവിതത്തെ നീചമാക്കുന്നതെന്നും കണാന്‍ കഴിയും.
ഈ സവിശേഷതയില്‍ പൊലിഞ്ഞുപോകുന്ന എത്രയെത്ര ജീവിതങ്ങളുണ്ട്! സൗന്ദര്യബോധം ജീവിതത്തിന് ആവശ്യമാണെങ്കിലും അത് ചിലപ്പോഴെല്ലാം അപകടകരവുമാകുന്നതും അതുകൊണ്ടാണ്. ഒരാള്‍ക്ക് മറ്റൊരാളിനോടുള്ള സവിശേഷമായ സ്‌നേഹത്താല്‍ സംഭവിക്കുന്നതെന്തെന്ന് പരസ്പരമറിയാത്തവരല്ല സ്ത്രീപുരുഷന്മാര്‍ എന്നിരിക്കെ, സഹകരിക്കുകസാന്നിദ്ധ്യമാവുക, സമ്പര്‍ക്കത്തിലാവുക എന്നതൊക്കെ മുറക്ക് സംഭവിച്ചുകൊണ്ടേയിരിക്കുന്നു. സവിശേഷ സ്‌നേഹമാണ് പിന്നീട് പ്രണയമായി പരിണമിക്കുന്നതെന്ന്പറയപ്പെടുന്നു. എല്ലാപ്രണയങ്ങളും സാഹചര്യങ്ങളുടെ സൃഷ്ടികളാണ്. വാക്കിലും നോക്കിലും ആംഗ്യങ്ങളിലുമെല്ലാം അത് പ്രകടമാകുന്നു. ഇത് പരസ്പരമറിയാന്‍ കുറച്ചുകാലമെടുക്കുമെങ്കിലും കാഴ്ചക്കാരും കേള്‍വിക്കാരും അതിനുമുമ്പേ അറിഞ്ഞേക്കാം. അതിലും ഒരുതരത്തിലുള്ള സവിശേഷത ഒളിഞ്ഞിരുക്കുന്നുവേന്നു കാണാം.
പ്രണയത്തിന്റെ കണ്ണ് എപ്പോഴും പരസ്യമാക്കാറില്ലല്ലോ? പ്രണയിക്കുന്നവരുടെ കണ്ണിനെക്കാള്‍ ആഴത്തില്‍, പ്രണയത്തെ പകര്‍ത്തുന്നവരുടെ കണ്ണ് കടന്നുപോകുന്നതായി കാണാം. ആരെങ്കിലും പ്രണയിക്കുന്നുണ്ടോയെന്ന് ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്നവരുണ്ട് നമ്മുടെ സമൂഹത്തില്‍. അവര്‍ക്കും എന്തെങ്കിലുമൊക്കെ ജോലിവേണ്ട? പ്രണയിക്കാന്‍ കഴിയാത്തവരോ, പ്രണയിക്കപ്പെടാത്തവരോ പ്രണയവിരോധികളോ ആയിരിക്കാം ഇവരില്‍ അധികം പേരും. പിണങ്ങുന്നതിനെക്കാള്‍, വിരോധിക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് സ്‌നേഹിക്കുന്നത്? സ്‌നേഹംകൊണ്ട് സ്‌നേഹത്തെയല്ലേ സൃഷ്ടിക്കാനും നിലനിര്‍ത്താനും കഴിയുന്നത്. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഒരുതരത്തിലും ഉപദ്രവമുണ്ടാക്കുന്നില്ലെങ്കില്‍ ആരുടെ പ്രണയത്തെയും തടയാതിരിക്കുന്നതല്ലേ നല്ലത്.
യാത്രയില്‍, തൊഴിലിടങ്ങളില്‍, തിയ്യറ്ററില്‍, അരങ്ങില്‍, വേദിയില്‍, അസുഖത്തില്‍, സുഖത്തില്‍, ആശുപത്രിയില്‍, അങ്ങാടിയില്‍, ആരാധനാലയത്തില്‍, ആഘോഷങ്ങളില്‍.. ഇങ്ങനെ എവിടെയാണ് പുരുഷന്‍ സ്ത്രീയെ തിരയാത്തത്? സ്ത്രീ പുരുഷനെയും അന്വേഷിക്കാത്തത്. സാധാരണ പ്രവര്‍ത്തിയിലും ചിന്തയിലുമെല്ലാം വ്യാപരിക്കുമ്പോഴും മനുഷ്യരില്‍ ചിലപ്പോഴൊക്കെ ആത്മാവിഷ്‌കാരമായിത്തീരുന്ന ‘സവിശേഷമായ പ്രണയ’ത്തെ മാനിക്കാതിരിക്കേണ്ടണ്ടതുണ്ടോ?