ലൂസിഫർ – NO SPOILERS

മൂവീ സ്ട്രീറ്റ് പേജിൽ ഇഷാൻ ക്രിഷ് (Link > Nishan Krish)പങ്കുവച്ച റിവ്യൂ

കാത്തിരിപ്പിന്റെയും ആകാംക്ഷയുടെയും ഒടുവിൽ ലൂസിഫർ തിയറ്ററുകളിൽ എത്തുമ്പോൾ ലാലേട്ടൻ എന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരത്തിന്റെ അലങ്കാരവും മലയാള സിനിമയുടെ മുതൽക്കൂട്ടായ പ്രിത്വിരാജിന്റെ സംവിധാന മികവും ഒത്തിണങ്ങിയ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ തന്നെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത് എന്ന് നിസംശയം പറയാം. പ്രിത്വിരാജ് നിങ്ങൾ ഒരു പുതുമുഖ സംവിധായകൻ ആണെന്ന് ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത രീതിയിൽ ആയിരുന്നു ഓരോ സീനും പ്രേക്ഷകനിലേക്ക് എത്തിച്ചത്. ലാലേട്ടനെ നിങ്ങൾ എങ്ങനെ കാണാൻ ആഗ്രഹിച്ചുവോ അതുപോലെ തന്നെയാണ് ഞങ്ങൾ പ്രേക്ഷകർ ഓരോരുത്തരും ആഗ്രഹിച്ചത്. സ്റ്റീഫൻ നെടുമ്പള്ളി ആയി മോഹൻലാൽ വെള്ളിത്തിരയിൽ മാറിയപ്പോൾ അദ്ദേഹത്തിലെ സൂപ്പർ താരത്തിലുപരി നടനെ തിരികെ ലഭിക്കുകയായിരുന്നു. നന്ദിയുണ്ട് പ്രിത്വിരാജ് മലയാളി പ്രേക്ഷകർ ആഗ്രഹിച്ച ഒരു ദൃശ്യാനുഭവത്തെ ഞങ്ങൾക്ക് തിരികെ സമ്മാനിച്ചതിൽ.

ആദ്യപകുതിയിൽ കഥാ സന്ദർഭങ്ങൾ ചേർത്തിണക്കി പതിഞ്ഞ താളത്തിൽ ചിത്രം മുന്നോട്ട് പോകുമ്പോൾ രണ്ടാം പകുതിക്കു ആവിശ്യമായ ഒഴുക്ക് നേടിയെടുക്കാൻ ലൂസിഫറിന് ആകുന്നുണ്ട്. മികവേറിയ ക്യാമറ കാഴ്ചകളും കെട്ടുറപ്പുള്ള തിരക്കഥയും ഒരുനിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ ഇന്റർവെൽ പഞ്ചിലേക്ക് എത്തിക്കാൻ പര്യാപ്തമായതാണ്. എന്റെ കരിയറിൽ ഞാൻ എഴുതിയ ഏറ്റവും മാസ്സ് തിരക്കഥകളിൽ ഒന്നായിരിക്കും എന്ന് പറഞ്ഞ മുരളി ഗോപി വാക്ക് പാലിച്ചു. മോഹൻലാൽ എന്ന താരത്തിനെയും നടനെയും ഒരുപോലെ ഉപയോഗപ്പെടുത്താൻ പ്രാപ്തമായ തിരക്കഥയും സംവിധാന ശൈലിയും ഒത്തുചേരുമ്പോൾ ക്ലാസും മാസ്സും കൊണ്ടു രോമാഞ്ച നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരു പ്രേക്ഷകാനുഭവം ലൂസിഫർ നൽകുന്നുണ്ട്.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത സുജിത് വാസുദേവ് ഒരു നിറഞ്ഞ കൈയ്യടി അർഹിക്കുന്നുണ്ട്. ആസ്വാദനത്തിന്റെ രസച്ചരട് മുറിയാതെ ചിത്രത്തിനെ മുന്നോട്ട് കൊണ്ടു പോകുന്നതിൽ ഛായാഗ്രഹണം വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഒരു പുതുമുഖ സംവിധായകന്റെ പോരായ്മകൾ ലവലേശമില്ലാതെ ലൂസിഫറിനെ പൃഥ്‌വി സ്‌ക്രീനിൽ എത്തിക്കുമ്പോൾ അതിന്റെ പിന്നിൽ സുജിത് വാസുദേവിന്റെ അനുഭവ സമ്പത്ത് ഉണ്ട്. ലാലേട്ടൻ എന്ന ബ്രാൻഡ് എങ്ങനെ മാർക്കറ്റ് ചെയ്യാമെന്നും, മോഹൻലാൽ എന്ന നടനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും തിരിച്ചറിഞ്ഞ ഒരു ക്രൂ ലഭിച്ചതാണ് ലൂസിഫറിനെ വ്യത്യസ്തമാക്കുന്നത്. എഡിറ്റിംഗ്, ക്യാമറ, ബിജിഎം, സംഗീതം തുടങ്ങി ചിത്രത്തിന്റെ സമസ്ത മേഖലകളിലും ആ മികവ് കാണാമായിരുന്നു.

27 ക്യാരക്ടർ പോസ്റ്ററുകളിൽ ആയി പരിചയപ്പെടുത്തിയ എല്ലാവരും തന്നെ തങ്ങൾക്കു ലഭിച്ച കഥാപാത്രങ്ങളോട് നീതി പുലർത്തുന്ന പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്. തന്റെ തിരിച്ചു വരവിൽ ഹൌ ഓൾഡ് ആർ യൂ, ഉദാഹരണം സുജാത, സൈറ ബാനു എന്നീ ചിത്രങ്ങൾ ഒഴിച്ച് നിർത്തിയാൽ മെച്ചപ്പെട്ട പ്രകടനങ്ങൾ ഇല്ലാതിരുന്ന മഞ്ജു വാരിയർ ലുസിഫെറിൽ പ്രതീക്ഷകൾക്കുമപ്പുറമുള്ള ഒരു പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ഇന്ദ്രജിത്, സായികുമാർ, വിവേക് ഒബ്‌റോയ്, തുടങ്ങിയവരും വളരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്. ടോവിനോ തോമസ് ന്റെ പ്രകടനത്തെ എടുത്ത് പറയേണ്ടുന്ന ഒന്ന് തന്നെയാണ്. ഒരുപക്ഷെ മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും കൂടുതൽ വേർസറ്റൈൽ ആയ നടൻ താൻ ആണെന്ന് ടോവിനോ പല വട്ടം തെളിയിച്ചിട്ടുള്ളതാണ്. ലുസിഫെറിലും തനിക്ക് ലഭിച്ച ചെറിയ സ്ക്രീൻ ടൈമിൽ വലിയൊരു ഇമ്പാക്ട് കൊണ്ടു വരാൻ ടോവിനോയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാള സിനിമ എന്നത് പ്രതിഭകളുടെ ഒരു സംഗമം ആണെന്ന് തെളിയിക്കുന്നതായിരുന്നു ലുസിഫെറിലെ ഓരോ നിമിഷവും. വന്നവരും പോയവരും അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കിയപ്പോൾ പ്രേക്ഷകാനുഭവത്തിന്റെ മറ്റൊരു തലമായിരുന്നു ലഭ്യമായത്. ഒരു നായക നടനായി തന്റെ കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയത്ത് സംവിധായകന്റെ വേഷം പ്രിത്വി സ്വീകരിച്ചപ്പോൾ തന്നെ അറിയാമായിരുന്നു എന്തെങ്കിലും കൈവശമില്ലാതെ ഇത്തരമൊരു സാഹസത്തിനു മുതിരില്ല എന്ന്.

മുരളി ഗോപി, പ്രിത്വിരാജ് ഫാൻ ബോയ്സ് കോമ്പിനേഷനിൽ തങ്ങളുടെ ആരാധ്യ പുരുഷനെ വെള്ളിത്തിരയിലേക്ക് ആനയിച്ചപ്പോൾ നമ്മളെന്നും തിരികെ ലഭിക്കണം എന്നാഗ്രഹിച്ചിരുന്ന ആ പഴയ ലാലേട്ടനെ ആയിരുന്നു കാണാൻ സാധിച്ചത്. മലയാളം കണ്ട ഏറ്റവും വലിയ താരത്തിനെ താരമൂല്യം ലവലേശം കുറയാതെ എന്നാൽ അദ്ദേഹത്തിലെ നടനെ അങ്ങേയറ്റം ഉപയോഗിച്ചു കൊണ്ടുള്ള ഒരു മാസ്സ് – ക്ലാസ്സ്‌ കോമ്പിനേഷൻ ആണ് ലൂസിഫർ. ഒരുപക്ഷെ ഇതുവരെയുള്ള ബോക്സ്‌ ഓഫീസ് റെക്കോർഡുകൾ പഴങ്കഥയാക്കി ലൂസിഫർ മുന്നേറിയേക്കാം, സിനിമ പ്രേമികൾ ഈ ചിത്രം ആഘോഷമാക്കിയേക്കാം, എന്നാലും എന്നെ സംബന്ധിച്ചിടത്തോളം ലൂസിഫർ കണ്ടിറങ്ങുമ്പോൾ മനസ്സ് നിറയ്ക്കുന്ന ഘടകം ആരാധക വൃന്ദത്തിനു വേണ്ടി സിനിമകൾ ചെയ്തപ്പോൾ നഷ്ടമായ മോഹൻലാൽ എന്ന നടനെ തിരികെ നൽകാൻ ലൂസിഫറിലൂടെ പ്രിത്വിക്കും മുരളി ഗോപിക്കും ആയി എന്നതാണ്.

ക്ലൈമാക്സിലും പോസ്റ്റ്‌ ക്രെഡിറ്റ്‌ സീനിലും ഉൾപ്പെടെ ചെറിയ വലിയ സർപ്രൈസുകൾ കരുതി വച്ചിട്ടുണ്ട് ലൂസിഫർ. പരീക്ഷണങ്ങളിലൂടെ മലയാള സിനിമയിൽ മാറ്റങ്ങൾ കൊണ്ടു വരാൻ ശ്രമിച്ച / ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രിത്വിരാജ്, നിങ്ങൾ ഇനിയും സംവിധാനം ചെയ്യണം. നിങ്ങളെ പോലുള്ള പ്രതിഭകളുടെ കരങ്ങളിൽ ഭദ്രമാണ് മലയാള സിനിമ.

MOVIE STREET

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.