ലൂസിഫറും പൊലീസ് വിവാദവും ഫാൻസ്‌ വൈകൃതങ്ങളും

919

രാജേഷ് ശിവ (Rajesh Shiva)എഴുതുന്നു

ഒരു പോലീസ്ഓഫീസറുടെ നെഞ്ചത്തു ‘കംപ്ലീറ്റ് ആക്ടർ’ ചവിട്ടി നിൽക്കുന്ന രംഗം വിവാദമായപ്പോൾ എവിടെയും പോലീസിനെതിരെ ഫാൻസിന്റെ തെറിയഭിഷേകങ്ങളാണ് (നേരിട്ട് വിളിക്കില്ല ഹി..ഹി..). ഒരു വിദേശരാജ്യത്തു പോലീസുദ്യോഗസ്ഥന്റെ യൂണിഫോമിൽ ഒന്ന് സ്പർശിച്ചാൽ പോലും അവരുടെ കൃത്യനിർവ്വഹണത്തെ തടസപ്പെടുത്തി എന്നനിലയിൽ കേസുചുമത്തുന്ന സാഹചര്യമാണുള്ളത് എന്നിരിക്കെ ഫാൻസിനെ തൃപ്തിപ്പെടുത്താൻ പോലീസിനുനേരെ മുണ്ടുപറിച്ചടിയും മറ്റുമായി അക്രമികൾ ആയ നായകന്മാർ രംഗം കൊഴുപ്പിക്കുന്നു. എന്താണിവിടത്തെ പ്രശ്നം. ഒരു മുഖ്യധാരാപത്രത്തിന്റെ ഫ്രണ്ട് പേജിൽ ഒരു തെർമോകോൾ കട്ടൗട്ട് വെട്ടിവച്ചപോലെ കംപ്ലീറ്റ് ആക്റ്റർ കാലുംപൊക്കി സ്റ്റെഡിയായി നിൽക്കുന്നു. പ്രൊട്രാക്ടിൽ എഴുപതു ഡിഗ്രി കൃത്യം അളന്ന ആ കാൽ പോലീസോഫീസറുടെ നെഞ്ചിൽ. കാപ്‌ഷൻ “എന്റെ പിള്ളേരെ തൊടുന്നോടാ…” . അതായത് എന്റെ പിള്ളേരെ തൊട്ടാൽ ഏതു പോലീസ് സ്റ്റേഷനും കയറി ഞാൻ അടിക്കും എന്ന സന്ദേശം അവിടെ പ്രചരിക്കപ്പെടുന്നു.

(കുറേക്കാലമായി തന്റെ കാല് അത്രയും പൊക്കാൻ പറ്റുമെന്ന് അയാൾ ആവശ്യത്തിനും അനാവശ്യത്തിനും കാണിച്ചുതരുന്നു. ലാലിസത്തിന് മുമ്പേ തുടങ്ങിയ മറ്റൊരു സാഹസമാണ് അത്. സിനിമയിൽ ഇല്ലെങ്കിൽ പോസ്റ്ററിലെങ്കിലും കാലുംപൊക്കി നിൽക്കും. പുലിമുരുകനിലെ പുലിയെ രണ്ടുകാലിൽ നിർത്തി ഏഴെട്ടടി ഉയരത്തിൽ തൊണ്ണൂറു ഡിഗ്രിയിൽ കാലുയർത്തി പുലിയുടെ മുഖത്ത് ചവിട്ടാൻ പ്ലാനിട്ടിരുന്നെങ്കിലും പുലി സഹകരിക്കാത്തതിനാൽ ചീറ്റിപ്പോയി :p . മാത്രമല്ല ആ സിനിമയിൽ കൈലി മടക്കിക്കുത്തുന്നതിനാൽ പ്രസ്തുത സീൻ ഷൂട്ട് ചെയ്‌താൽ A സർട്ടിഫിക്കറ്റ് തരുമെന്ന് സെൻസർ ബോർഡ് കർക്കശമായി പറഞ്ഞു. എന്നാൽ മടക്കിക്കുത്ത് അഴിച്ചിടാമെന്നു വിചാരിച്ചാൽ, പുലിയെ ലാലേട്ടൻ ബഹുമാനിക്കുന്നതായി ഫാൻസ്‌ കരുതുമെന്നും അത് അദ്ദേഹത്തിന് ക്ഷീണമാകുമെന്നും പിന്നാമ്പുറ സംസാരം )

ഇനി കാര്യത്തിലേക്കു വരാം …

പോലീസ് സ്റ്റേഷൻ കയറിയുള്ള ആക്രമണങ്ങളും പോലീസിന്റെ മെക്കിട്ടു കയറ്റവും വർദ്ധിക്കുന്ന കാലമാണ്. ഏതൊരു വിഭാഗത്തിലും ഉള്ളതുപോലെ പോലീസിലും ഒരുവിഭാഗം കെട്ടതുതന്നെ. എന്നിരുന്നാലും പോലീസ് ആണ് ഏതൊരു പട്ടാളത്തെക്കാളും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നവർ.പട്ടാളക്കാരെ പൂവിട്ടു പൂജിക്കുന്ന ദേശസ്നേഹികൾക്ക്‌ പക്ഷെ ആ സ്നേഹം പോലീസിനോടില്ല. രാജ്യത്തിന് അതിർത്തി ഉള്ളതുപോലെ തന്നെ ഓരോ പൗരന്റെയും  ജീവനും സ്വത്തിനും

രാവണപ്രഭു

ഓരോ അതിർത്തികൾ ഉണ്ട്. അത് സംരക്ഷിക്കാൻ കാവൽ നിൽക്കുന്നത് പൊലീസാണ്. പോലീസ് അവരുടെ ജോലിയാണ് ചെയ്യുന്നതെങ്കിൽ പട്ടാളവും അതുതന്നെ. പോലീസ് ഉള്ളതുകൊണ്ട് തന്നെയാണ് നമ്മൾ സ്വസ്ഥമായി കിടന്നുറങ്ങുന്നത്. നമുക്ക് ഏതു അർദ്ധരാത്രിയിലും തെരുവിലൂടെ നടക്കാൻ സാധിക്കുന്നത്. പോലീസിന്റെ തൊഴിലും വളരെ പ്രയാസമുള്ളതുതന്നെ. ജീവൻനഷ്ടപ്പെടാനുള്ള സാധ്യത അതിലും ഒളിഞ്ഞിരിക്കുന്നുണ്ട്. അതിർത്തിയിലെ പട്ടാളക്കാരനുനേരെ എവിടെ നിന്നും വെടിയുണ്ട പാഞ്ഞുവന്നേക്കാമെങ്കിൽ തെരുവിലെ പോലീസുകാരൻ കൂരന്മാരായ ക്രിമിനലുകളാൽ കൊല്ലപ്പെടാനുള്ള സാധ്യതയുമുണ്ട്. . പോരെങ്കിൽ രാഷ്ട്രീയക്കാരുടെ തെറിയും ചവിട്ടും വിരട്ടും കൊണ്ട് അനുദിനം പണിയെടുക്കുന്ന ബുദ്ധിമുട്ടുകളും ടെൻഷനുകളും ജോലിഭാരവും.

ആർക്കുമെടുത്തിട്ടു അലക്കാനുള്ളവരല്ല തങ്ങളെന്ന് പോലീസുകാർ ഇനിയെങ്കിലും ഉറക്കെത്തന്നെ പറയേണ്ടതുണ്ട്. ഒരുപാട് കാലങ്ങളായില്ലേ നായകന്മാരുടെ ഉണ്ണിപ്പിണ്ടി കാലുകൾ കൊണ്ട് തൊഴിയേൽക്കുന്നത്. എന്തുകൊണ്ടാണ് ഇവിടത്തെ ജനത്തിന് പോലീസിനോട് ദേഷ്യം ഉണ്ടാകുന്നത്? തെരുവിലിറങ്ങിയാൽ എങ്ങനെയൊരു നിയമലംഘനം കാണിക്കാം എന്ന് ചിന്തിച്ചു നടക്കുന്ന ആളുകളാണ് ഇവിടെയുള്ളത്. നിരന്തരമായ ട്രാഫിക് ലംഘനങ്ങൾ, അക്രമങ്ങൾ, അഴിഞ്ഞാട്ടങ്ങൾ… നടത്തുന്ന നമ്മൾ ഇതുവരെ ബോധമുള്ളൊരു പൗരസമൂഹമായി മാറിക്കഴിഞ്ഞിട്ടില്ല. ആൾക്കൂട്ടങ്ങൾ മാത്രമുള്ള രാജ്യത്തു പൊലീസിന് പണികൂടുതൽ തന്നെ. ജനവും ഭരണാധികാരികളും  നന്നല്ലാത്തയിടത്തു പോലീസും കുറെയൊക്കെ മോശപ്പെട്ടവർ ആകുന്നതിൽ അത്ഭുതമില്ല. തെരുവിലെ അരാജകത്വ സ്വപ്നങ്ങൾക്ക് ആകെയൊരു തടസ്സം എന്ന നിലക്ക് പോലീസിനോട് ജനങ്ങൾക്ക് നല്ലരീതിയിൽ ദേഷ്യമുണ്ടാകാം. കയ്യിലിരുപ്പ് കൊണ്ട് ഒരു പെറ്റിയടിച്ചു കിട്ടിയാലും അത് അടിച്ചുകൊടുത്ത പോലീസുകാരന്റെ പത്തുതലമുറയെ വരെ ജനം പ്രാകും. ഏവരുടെയും ആട്ടുംതുപ്പും കേൾക്കാൻ പോലീസ് മാത്രം. മറ്റൊരു കൂട്ടർക്കും ആ പ്രശ്നമില്ല. നമ്മുടെ അടുത്ത ബന്ധു കുറ്റം ചെയ്താൽ നമുക്ക് പോലീസ് വില്ലനാകുമെങ്കിൽ നമ്മുടെ  ശത്രുവിനെ അകത്താക്കിയാൽ പോലീസ് നല്ലവനാകും. ഇത്തരം മനസ്ഥിതിയുള്ളവർ ആണ് ജനങ്ങൾ. ദിവാൻ ഭരണകാലത്തിന്റെ ചില അധികാര ധാർഷ്ട്യങ്ങൾ അടുത്തകാലംവരെ പൊലീസിലുണ്ടായിരുന്നു എന്നതും വിസ്മരിക്കുന്നില്ല.

ഇവിടെ വില്ലൻ പൊലീസല്ല. ‘നെടുമ്പുള്ളി സ്റ്റിഫനെ’ പോലുള്ള രാഷ്ട്രീയക്കാരാണ് . പോലീസിനെ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് ആ ഫോഴ്‌സിന്റെ നന്മയെയും ആത്മവീര്യത്തെയും തന്നെ കവർന്നുകളഞ്ഞു. എന്നിട്ടു ഏതെങ്കിലും ഊച്ചാളി രാഷ്ട്രീയക്കാരനെ തെറ്റുചെയ്തതിന്റെ പേരിൽ പിടിച്ചു അകത്തിട്ടാൽ പോലീസിന്റെ നെഞ്ചത്തിട്ടു തന്നെ ചവിട്ടും. പോലീസ് വേഷം ചെയുന്ന ഒരാളെ കൊണ്ട് അത്തരമൊരു സീനിൽ അഭിനയിപ്പിക്കണമെങ്കിൽ ആ വിവാദസീനിൽ പോലീസ് യൂണിഫോമല്ലാതെ അഭിനയിപ്പിക്കാവുന്നതേയുള്ളൂ. കഥാപാത്രം പോലീസ് ആണെന്ന് ഏവർക്കും അറിയാമല്ലോ. നായകന് ഷോ കാണിക്കാൻ അതൊന്നും പോരല്ലോ. നായകൻ അമേരിക്കയെ വരെ ഒറ്റയ്ക്ക് യുദ്ധം ചെയ്തു തോൽപ്പിക്കാൻ കഴിയുന്ന യൂണിവേഴ്സൽ സ്റ്റാർ കൂടിയാകുമ്പോൾ. അന്ധേരിയിലെ ചേരിയൊക്കെ ഒറ്റയ്ക്ക് ഒഴിപ്പിച്ച ആളല്ലേ. ഒരു പോലീസ് സ്റ്റേഷനൊക്കെ എന്താകാൻ.

ലേലത്തിലും രാവണപ്രഭുവിലും പുലിമുരുകനിലും പത്രത്തിലും രാജമാണിക്യത്തിലും സ്ഫടികത്തിലും …അങ്ങനെ ഇന്നലെകളിലെ നൂറുകണക്കിന് സിനിമകളിൽ പലതും സംഭവിച്ചിട്ടുണ്ടാകും. അതുകൊണ്ടു നാളെയും അനുവദിച്ചു തരണം എന്ന് ശഠിക്കരുത്. പണ്ട് ബലാത്സംഗ രംഗങ്ങളിലും മദ്യപാന-പുകവലി രംഗങ്ങളിലും മുന്നറിയിപ്പുകൾ ഒന്നും ഇല്ലായിരുന്നു. ഇന്നത് മാറിയില്ലേ. നിർമ്മാല്യം സിനിമയിൽ വെളിച്ചപ്പാടായ പി.ജെ.ആന്റണി ദേവിയുടെ മുഖത്തു കർക്കിച്ചുതുപ്പുന്നു. അന്നങ്ങനെ ഒരു സിനിമയിൽ ഉണ്ടായിരുന്നു എന്ന അധികാരത്തിൽ ഇന്നത്തെ സിനിമയിൽ അതെ രംഗം ഉൾപ്പെടുത്തിയാൽ കലാപം ആളിക്കത്തിക്കാൻ കാത്തുനിൽക്കുന്നവർക്കു കുശാലാകും. രണ്ടാണ് കാര്യം, നടന്റെ മതം, പിന്നെ പ്രവർത്തി. കാര്യങ്ങൾ കൈവിട്ടു പോകില്ലേ ഈ വർഗ്ഗീയവെറി പിടിച്ചവരുടെ നാട്ടിൽ . അഥവാ കലാപം ഉണ്ടായാലും ഇല്ലെങ്കിലും അത്തരമൊരു രംഗം വീണ്ടുമെടുക്കാൻ ആരെങ്കിലും തയ്യാറാകുമോ ? സോഷ്യൽ മീഡിയയിലെ വേതാളങ്ങൾ വിടുമോ… കൊന്നുകൊലവിളിക്കില്ലേ .അതുകൊണ്ടു  ഇന്നലെ പ്രതികരിക്കാത്തതിനാൽ ഇന്നു പ്രതികരിക്കുന്നതെന്തിനെന്ന വാദങ്ങൾക്ക് അടിസ്ഥാനമില്ല.

‘ഒരിടത്തൊരു ഫയൽവാനി’ൽ തവള പിടുത്തക്കാരനായ അശോകൻ ജീവനോടെ തവളയെ മുറിച്ചു കൊല്ലുന്ന രംഗമുണ്ട്. അതുപോലും ഇന്നത്തെ സിനിമയിൽ ഉൾപ്പെടുത്താൻ പറ്റില്ല. എത്രയോ സിനിമകളിൽ കോഴികളെ ജീവനോടെ മന്ത്രവാദ സീനുകളിൽ ബലികൊടുത്തിരിക്കുന്നു. കാലം പരിഷ്കൃതമാകുമ്പോൾ പലതിലും മാറ്റംവരും. പോലീസുകാർക്ക് അഭിമാനബോധം തോന്നിയതും അങ്ങനെയൊരു മാറ്റമായി കണ്ടാൽ മതി. തെരുവിൽ വിദ്യാർത്ഥി പിള്ളേർ അക്രമംകാട്ടി പോലീസിനെ ചവിട്ടികൂട്ടുന്നതുപോലെയാണോ ബോധപൂർവ്വം എടുക്കുന്ന സിനിമയിൽ ഇങ്ങനെ കാണിക്കുന്നത് ? കലാകാരൻമാർ വിവേകം ഇല്ലാത്ത പിള്ളേരെപ്പോലെയാണെന്നു സമ്മതിക്കുകയാണോ ?സിനിമ ഒരു കലയാണ്. കല സമൂഹത്തിനുവേണ്ടിയാകണം. കല കലയ്ക്കുവേണ്ടി മാത്രമായാൽ ഏതു കൊലയെയും ന്യായീകരിക്കേണ്ടിവരും. ചിലർ ഈ വിഷയത്തെ ആവിഷ്കാരസ്വാതന്ത്ര്യം എന്ന കാഴ്ചപ്പാടിൽ വിലയിരുത്തുമ്പോൾ, കലാകാരൻ അതിന്റെ മറപിടിച്ചു മാനേഴ്‌സില്ലായ്മ കാണിച്ചു എന്നാണ് എന്റെ മതം. എന്ത് വൈകൃതങ്ങളും എഴുതിവെച്ചു ഷൂട്ടുചെയ്തു ഫാൻസെന്ന ബോധമില്ലാക്കൂട്ടങ്ങളെ കാണിച്ചു കയ്യടിവാങ്ങുക മാത്രമാണ് ലക്‌ഷ്യം. യാതൊരു ഉത്തരവാദിത്തവും സമൂഹത്തോട് വേണ്ട.

എത്രയോ മോശമായ കഥാപാത്രങ്ങൾ ആ സിനിമയിലുണ്ട്. അവരൊന്നും അർഹിക്കാത്ത നായകന്റെ ‘പാദമോക്ഷം’ പോലീസിനുനേരെ മാത്രം ഉണ്ടാകുമ്പോൾ അത് സിനിമയ്ക്കുവേണ്ടിയുള്ള ‘ഷോ’ മാത്രമാകുന്നു. കൂട്ടിക്കൊടുക്കുകയും മകളെ പീഡിപ്പിക്കുകയും ഉപജാപങ്ങൾ നടത്തുകയും ചെയുന്ന കോട്ടുംസ്യൂട്ടും ഖദറും ഇട്ടവന്റെയൊന്നും നേരെ പൊങ്ങാത്ത കാലും ചെറിയ കുറ്റങ്ങളുടെ പേരിൽ പോലീസുകാന്റെ നെഞ്ചത്തേയ്ക്കു പൊങ്ങുമെങ്കിൽ പോലീസുകാർ ആത്മാഭിമാനം ഉയർത്തിപ്പിടിക്കേണ്ട കാലമായി. തങ്ങൾ മാത്രമായി ഒരു സിസ്റ്റത്തെയും നശിപ്പിച്ചിട്ടില്ല എന്ന് അവർക്കു നെഞ്ചുവിരിച്ചു തന്നെ പറയാം. കഥാനായകനായ നെടുമ്പുള്ളി സ്റ്റീഫനോ റഷ്യൻ മാഫിയയുമായിട്ടാണ് കമ്പനി. മാഫിയ വളരെ നല്ലതാണല്ലോ. വരുംതലമുറയ്ക്ക് ചേർന്ന് പ്രവർത്തിക്കാവുന്ന സംഘടന തന്നെ. പക്ഷെ നാട്ടിലെ ലോക്കൽ പോലീസ് മോശമായാൽ ചവിട്ടും.

കേരളത്തിലെ  സിനിമാ സങ്കൽപ്പങ്ങൾ അസ്സൽ കോമഡിയായി വരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ‘ഫാൻസ്‌ ഊളകളുടെ’ ആസ്ഥാന സംസ്ഥാനങ്ങളായിരുന്ന തമിഴ്‌നാടും മറ്റും ആ വഴിയിൽ നിന്നും മാറിനടക്കുമ്പോൾ ‘പ്രബുദ്ധ പ്രേക്ഷകരുടെ’ കേരളം കൂടുതൽ ഗതികെട്ടു പോകുന്നു. ഇവിടെ പാലഭിഷേകവും മറ്റും തുടങ്ങിവരുന്നതേയുള്ളൂ. പുരുഷാധിപത്യത്തിന്റെ നെടുങ്കോട്ടകൾ ആയി സ്ത്രീവിരുദ്ധതകളുടെ കേന്ദ്രമായി സിനിമാരംഗം ചീഞ്ഞുനാറുന്നു. പ്രതികരിക്കുന്നവർക്കു നേരെ ‘വെട്ടുക്കിളി ആക്രമങ്ങൾ’. അഭിനയത്തിന്റെ നീരുറവ വറ്റിയ വയസൻ നായകന്മാരുടെ അരോചക പ്രകടങ്ങൾ ആഘോഷമാക്കുന്ന സിനിമാസ്വാദനം തൊട്ടുതീണ്ടിയില്ലത്ത അരസികർ. താരാരാധന ആൾദൈവാരാധനയെ പോലെ അശ്ലീലമാണ്. അതിലും കോമഡി സൂപ്പർ സ്റ്റാറിന്റെ ബിനാമി ആയാൽ പോലും ഒരുവന് സമൂഹത്തിൽ നിന്നും ആദരവ് കിട്ടുന്നു എന്നതാണ്. ലോകത്തു വിവരമുള്ളവരുടെ ഒരു രാജ്യങ്ങളിലും ഇല്ലാത്ത ഈ ഫാൻസ്‌ വൈകൃതം ദക്ഷിണേന്ത്യയുടെ ശാപങ്ങളിൽ ഒന്നുതന്നെ. ഈ രാജ്യം നിലനിന്നു പോകുന്നത് നടൻമാർ കിളച്ചതുകൊണ്ടല്ല. അനുദിനം ഒരുപാടുപേരുടെ പ്രയത്നങ്ങൾ കൊണ്ടാണ് അവരാണ് യഥാർത്ഥ ഹീറോകൾ. കച്ചവട സിനിമയുടെ ഉത്പന്നങ്ങൾ ആണ് സൂപ്പർസ്റ്റാറുകൾ എന്ന കൂട്ടർ. ഏതാണ്ട് വംശനാശം വന്നുകൊണ്ടിരിക്കുന്നു. കാരണം നല്ല സിനിമകളുടെ കാലത്തിന് അത് അനിവാര്യമാണ്. തൊണ്ണൂറുകളിൽ മരിച്ചുപോയ സൂപ്പർ സ്റ്റാറുകൾ ആണ് നമ്മുടേത്. പിന്നെയുള്ളത് അവരുടെ നിഴലുകൾ മാത്രം. അതിനെയും ചുമക്കാനാണ് അടിമകളുടെ വിധി.

സൂപ്പർ സ്റ്റാറുകൾ എന്നെ പിടിച്ചു കടിച്ചോ എന്ന് ചോദിക്കരുത്. ഫാൻസുകളെ സൃഷ്ടിക്കുകയും  കേരളത്തിലെ സംഘടിത ഗുണ്ടാപ്പടയായി വളർത്തുകയും ചെയുന്നത് സിനിമ സ്നേഹമല്ല. നിലനിൽപ്പിന്റെ തന്ത്രം. സൂപ്പർ സ്റ്റാറുകളെ  ഒരു യഥാർത്ഥ സിനിമാ പ്രേമിക്കു മാന്യമായി ഒന്ന് വിമർശിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. അപ്പൊത്തന്നെ ഫാൻസ്‌ വേതാളങ്ങൾ അടിഞ്ഞുകൂടി കുടുംബസംസ്കാരം വിളിച്ചുപറയും. ഏതെങ്കിലും ഒരു നദി ആർജ്ജവത്തോടെ എന്തെങ്കിലും തുറന്നുപറഞ്ഞാൽ അവളെ ഇൻഡസ്ട്രിയിൽ നിന്നുതന്നെ പുറത്താക്കാൻ പലരീതികളിൽ പ്രവർത്തനങ്ങൾ തുടങ്ങും. വലിയൊരു മാഫിയയാണ് .ഒരു കലാകാരൻ വിമർശനത്തിന് അതീതൻ എങ്കിൽ ആ വിമർശനം നേരിടുക തന്നെ വേണം. എന്നാൽ സ്റ്റാറുകളെ ദൈവങ്ങളായി കരുതുന്നവർക്കു അവർ എന്ത് കാണിച്ചാലും അതെല്ലാം അമൃതായിരിക്കാം. നല്ല സിനിമയാണ് യഥാർത്ഥ പ്രേക്ഷകരുടെ ലക്‌ഷ്യം. ലാലായാലും മമ്മൂട്ടിയായാലും നിവിനായാലും ടൊവീനോ ആയാലും ദുൽഖർ ആയാലും യഥാർത്ഥ പ്രേക്ഷകർക്ക് ഒരുപോലെ തന്നെ. കാരണം അവരുടെ മുന്നിൽ നല്ല പ്രമേയമാണ് യഥാർത്ഥ സൂപ്പർസ്റ്റാർ.

facebook post