കനമില്ലാത്ത കഥ, കാമ്പിലാത്ത തിരക്കഥ, കരുത്തില്ലാത്ത കഥാപാത്രങ്ങള്‍

1440

തുടക്കത്തിൽ ഫാൻസിന്റെ തള്ളൽ കൊണ്ട് ബ്രഹ്മാണ്ഡ സിനിമയെന്ന് പ്രചരിക്കപ്പെട്ടെങ്കിലും സിനിമയെ സീരിയസ് ആയി സമീപിക്കുന്നവർക്ക് ഒട്ടും രസിക്കുന്ന സിനിമയല്ല ലൂസിഫർ എന്നാണു പിന്നീടുള്ള റിപ്പോർട്ടുകൾ. കുറെ സീനുകൾ ചേർത്തുവച്ചു കാട്ടിക്കൂട്ടിയ ഒരു കസർത്ത് എന്നതിലുപരി ഒരു കഥാപാത്രം പോലും പ്രേക്ഷകരുടെ മനസ്സിൽ സ്പർശിക്കുന്നില്ല. കഥയില്ലായ്മ തന്നെയാണ് പ്രധാന കുറവ്. പുലിമുരുകനെ പോലെ നിലവാരമില്ലെങ്കിലും ലൂസിഫറും വലിയ വിജയം നേടിയേക്കാം. അതിനു നൽകുന്ന കൃത്രിമ പബ്ലിസ്റ്റിറ്റി തന്നെ കാരണം. സൽമാബാഷയുടെ (Salma Basha)റിവ്യൂ വായിക്കാം

==========

ലൂസിഫർ എന്ന സിനിമയുടെ അപദാനങ്ങൾ കേട്ടുകൊണ്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച മലയാളികൾ ഉണർന്നത്, നിർബന്ധമായും ആദ്യദിവസം തന്നെ കാണണം എന്ന നിശ്ചയത്തിൽ വളരെ പാടുപെട്ടാണ് ഫാമിലിയടക്കം 4 ടിക്കറ്റുകൾ തരപ്പെടുത്തിയത്, സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമുയര്‍ത്താന്‍ ആവശ്യത്തിലധികം ഘടകങ്ങളായി ലൂസീഫറില്‍. ആ പ്രതീക്ഷയുടെ പ്രതിഫലനമാണ് തീയറ്ററുകളില്‍ തിരയടിച്ചെത്തുന്ന പ്രേക്ഷകവൃന്ദം. തീയറ്ററുകള്‍ പ്രേക്ഷകരെ കൊണ്ട് തിങ്ങിനിറയുന്ന കാഴ്ചതന്നെ ഏതൊരു കലാസ്നേഹിയേയും ആനന്ദിപ്പിക്കുന്ന കാഴ്ചയാണ്. പടം തുടങ്ങുന്നതിനു മുന്പുതന്നെയുള്ള ഫാൻസുകാരുടെ ആർപ്പുവിളികൾ ആവേശമായി, സിനിമ തുടങ്ങി, പതുക്കെയുള്ള തുടക്കം. ആ മന്ദഗതിയിൽ നിന്നും മോചനം കിട്ടാൻ വളരെയധികം സമയമെടുത്തു. എന്നിലെ പ്രേക്ഷകന് സിനിമക്കകത്തേക്കു ഇറങ്ങി ചെല്ലാൻ കഴിയാത്ത അവസ്ഥ. രാഷ്ട്രീയക്കാരായും അധോലോക വില്ലന്മാരായും പോലീസുകാരായും പല പല നടന്മാർ സ്‌ക്രീനിൽ വന്നു പോകുന്നു, അതിൽ മോഹൻലാലുണ്ട്, ട്ടോവിനോയുണ്ട്, വിവേക് ഒബ്‌റോയിയുണ്ട്, പ്രിത്വിരാജുണ്ട്, മഞ്ജു വാര്യരുണ്ട്, ഇന്ദ്രജിത്തുണ്ട്, സായി കുമാറുണ്ട്, എന്നാൽ ഒരാളെപ്പോലും കൃത്യമായി ഉപയോഗപ്പെടുത്താൻ പ്രിത്വിരാജിലെ സംവിധായകന് സാധിച്ചില്ല, എന്തിന് സ്വന്തം അഭിനയ മികവിനെപ്പോലും പ്രയോജനപ്പെടുത്താൻ പൃഥ്വിരാജിന് സാധിച്ചില്ല എന്നതാണ് സത്യം,

സിനിമാ കുടുംബത്തില്‍ ജനനം. ബാല്യം മുതലേ സിനിമാക്കാരേയും സിനിമാ കഥ കേട്ടുമുള്ള വളര്‍ച്ച. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിദ്ധ്യം. ചിന്തയിലും സംസാരത്തിലും സിനിമയല്ലാതെ മറ്റൊന്നുമില്ലാത്ത ജീവിതം. മുന്‍നിര നടനെന്ന നിലയില്‍ നല്ല എഴുത്തുകാരും സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരുമായുള്ള അടുത്തിടപ്പെടലും അതുവഴി നേടിയ അറിവുകള്‍, സിനിമാ സംബന്ധമായ പരിജ്ഞാനം ഇതെല്ലാം ഒന്നിച്ചുകൂടിയ വ്യക്തിത്വമാണ് മലയാളത്തിന്‍റെ യുവനടന്‍ പൃഥ്വിരാജ്. അദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിഞ്ഞിട്ടുള്ള ഓരോ വ്യക്തിയും തിരിച്ചറിഞ്ഞിട്ടുള്ള സത്യമാണ് പൃഥ്വിരാജ് ഒരു സംവിധായകനാകുമെന്ന്. അദ്ദേഹം സഹകരിച്ച ഓരോ സിനിമയില്‍ നിന്നും അഭിനയിക്കുന്നതിലുപരി അദ്ദേഹം സംവിധാനം പഠിക്കുകയായിരുന്നു. നീണ്ടകാലത്തെ ആ സ്വപ്ന സാക്ഷാത്ക്കാരമാണ് ലൂസീഫര്‍. തന്‍റെ ആദ്യ സിനിമയില്‍ മലയാളത്തിന്‍റെ നടന വിസ്മയം മോഹന്‍ലാലിനെ നായകനാക്കാന്‍ കഴിഞ്ഞുവെന്നത് പൃഥ്വിരാജിന്‍റെ മഹാഭാഗ്യം. കൂടെ മലയാളത്തിന്‍റെ യുവ സൂപ്പര്‍സ്റ്റാര്‍ ടോവിനോ തോമസ്, ബോളിവുഡിന്‍റെ കരുത്തനായ നടന്‍ വിവേക് ഒബ്റോയി എന്നിവരെക്കൂടി ഒന്നിപ്പിക്കാന്‍ കഴിഞ്ഞു എന്നത് അതിലധികം മഹാഭാഗ്യം. കൂടെ താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു കഥാപാത്രമായി പൃഥ്വിരാജും.

റാം ഗോപാല്‍ വര്‍മ്മയുടെ സിനിമകള്‍ കണ്ടാല്‍ അധോലോകത്തിന്‍റെ ഉള്‍തുടിപ്പറിയാം. രഞ്ജിപ്പണിക്കരുടെ സിനിമകള്‍ കണ്ടാല്‍ രാഷ്ട്രീയത്തിന്‍റെ ഒള്ളുക്കള്ളികളറിയാം. എന്നാല്‍ മുരളിഗോപിയുടെ തിരക്കഥയില്‍ പൂര്‍ത്തീയാകുന്ന സിനിമകള്‍ കണ്ടാല്‍ ഇതു രണ്ടും ആസ്വദിക്കാനാവില്ല. ലൂസിഫര്‍ എന്ന നാല് സൂപ്പര്‍സ്റ്റാറുകള്‍ അണിനിരക്കുന്ന സിനിമ അടിവരയിട്ടു ബോധിപ്പിക്കുന്നതും മറ്റൊന്നുമല്ല. കുറെ രാഷ്ട്രീയവേഷധാരികളും ചീറിപ്പായുന്ന കാറുകളും ഒരുവശത്ത് മറുവശത്ത് തോക്കുകളുമായി എന്തിനെന്നറിയാതെ പകരം വീട്ടുന്ന കുറെ ചെറുതും വലുതുമായ അധോലോക നായകന്മാര്‍. സ്റ്റീഫന്‍ എന്ന മോഹന്‍ലാലിന്‍റെ നായക കഥാപാത്രമുള്‍പ്പെടെ ലൂസീഫറിലെ ഒരു കഥാപാത്രത്തിനും സിനിമാ പ്രേക്ഷകന്‍റെ ഏഴയല്‍പ്പക്കത്തുപ്പോലും എത്താനാകുന്നില്ല.

കനമില്ലാത്ത കഥ, കാമ്പിലാത്ത തിരക്കഥ, കരുത്തില്ലാത്ത കഥാപാത്രങ്ങള്‍ ഇവയേയെല്ലാം ഷാജി കൈലാസ് രീതിയിലുള്ള ഷോട്ടുകളിലൂടെ ചിത്രീകരിച്ചു എന്നതിനുപരിയായി പൃഥ്വിരാജിന് ഒരു സംവിധായകനെന്ന നിലയില്‍ ലൂസീഫറില്‍ തന്‍റെ കയ്യൊപ്പ് പതിപ്പിക്കാന്‍ കഴിയുന്നില്ല എന്നത് ഖേദകരമായ സത്യമായി അവശേഷിക്കുന്നു. സംവിധാന സ്വപ്നവുമായി നടക്കുന്ന ഓരോ വ്യക്തിയും പ്രേക്ഷകര്‍ക്ക് പകരാന്‍ തന്‍റേതായ ഒരു ഷോട്ട്, ഒരു സംഭാഷണം, ഒരു സീന്‍ ഒക്കെ ഹൃദയകോണിലെവിടെങ്കിലും സൂക്ഷിക്കും. പൃഥ്വിരാജിന്‍റേത് എന്ന് ഹൃദയംത്തൊട്ടുപറയാവുന്ന ഒരു ഷോട്ടുപോലും പ്രേക്ഷക മുന്‍മ്പിലെത്തിക്കാന്‍ കഴിയാത്തിടത്ത് പൃഥ്വിരാജ് എന്ന സംവിധായകനിലുണ്ടായിരുന്ന സകല പ്രതീക്ഷയും സിനിമാ പ്രേക്ഷകന് നഷ്ടപ്പെടുന്നു.

മോഹന്‍ലാല്‍ എന്ന മലയാളത്തിന്‍റെ മഹാനടന്‍റെ ഒരു മനോഹരദൃശ്യപ്പോലും പകര്‍ത്താന്‍ കഴിയാഞ്ഞത് പൃഥ്വിരാജ് എന്ന സംവിധായകന്‍റെ പരാജയം അടിവരയിട്ട് രേഖപ്പെടുത്തുന്നു. ലൂസീഫര്‍ എന്ന സിനിമ കൊണ്ട് ആകെയുള്ള മെച്ചം മോഹൻലാലിന്റെ കണ്ണുകളുടെയും കൈകളുടെയും കാലുകളുടെയും ഷോട്ടുകൾ ഒരുപാട് വട്ടം ആവർത്തിച്ചു കണ്ടു എന്നുള്ളതാണ്,

കൂടുതല്‍ ആത്മാര്‍ത്ഥമായ ശ്രമം പൃഥ്വിരാജില്‍ നിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. കാര്യം താങ്കളില്‍ ഞങ്ങള്‍ മലയാള പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ അത്രവലുതാണ്. സമീപ കാലത്ത് പരിചയ സമ്പന്നരായ സംവിധായകരെ തഴഞ് പ്രിത്വിരാജ് എന്ന നടൻ പുതുമുഖ സംവിധായകരുടെയും തിരക്കഥകൃത്തുക്കളുടെയും ക്യാമറാമാന്മാരുടെയും സിനിമകൾ ചെയ്യുകയും അവരുടെ പേരിൽ സിനിമകൾ സംവിധാനം ചെയ്തുകൊണ്ടിരുന്നതും ഇത്തരത്തിലുള്ള ഒരു സിനിമക്ക് വേണ്ടിയുള്ള മുന്നൊരുക്കമായിരുന്നുവോ ?

പലസീനുകളിലും ആവർത്തിക്കപ്പെടുന്ന ഷോർട് കോമ്പോസിഷൻ, അപ്രധാന കഥപാത്രങ്ങൾക്ക് ഓവർ ബിൽഡ് അപ്പ് നൽകി ഒരേ രീതിയിലുള്ള ഇൻട്രൊഡക്ഷൻ സീനുകൾ, സാഗർ എലിയാസ് ജാക്കി, ഉസ്താദ്, നാടുവാഴികൾ, പോലുള്ള ലെറ്റർ സിനിമകളെ ഓർമപ്പെടുത്തുന്ന കഥസന്ദർഭങ്ങൾ, സിനിമയിൽ നിന്നും സംവിധായകന്റെ കൈവിട്ടുപോകുന്ന ഇഴച്ചിലിനിടയിൽ മേമ്പോടിപോലെ ചില മാസ് സീനുകൾ, ഡയലോകുകൾ, യഥാർത്ഥ കാഥാഗതി പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കുന്നതിലുള്ള പോരായ്മ, കെട്ടുറപ്പില്ലാത്ത തിരക്കഥ, ഹിന്ദി ഗാനത്തോടുകൂടിയ പത്തു മിനിറ്റ് നീണ്ടുനിൽക്കുന്ന ഐറ്റം ഡാൻസ് …. ലൂസിഫറിൽ പോരായ്മകൾ ഒരുപാടുണ്ട്, എന്നാൽ മലയാള സിനിമാ സമൂഹവും, പ്രേക്ഷകരും സിനിമയെ നിരന്തരമായി വാഴ്ത്തി കൊണ്ടിരിക്കുന്നു, പ്രിത്വിരാജിലെ സംവിധായകനെ മലയാള സംവിധായകരുടെ തലപ്പത്തു പ്രതിഷ്ഠിക്കുവാനാണ് എല്ലാർക്കും തിടുക്കം. എന്തെ, സംവിധാനം ചെയ്യാൻ ഇത്ര വൈകിയേ എന്നാണ് എല്ലാവരുടെയും ചോദ്യം? സിനിമ ഇഷ്ടപ്പെടാത്തവർ അത് തുറന്നു പറയാൻ മടിക്കുന്നു, ലൂസിഫർ ഇഷ്ടമില്ലെന്നു പറഞ്ഞാൽ താൻ മോശക്കാരനാകുമോ എന്നാണവരുടെ ചിന്ത.

എന്തായാലും തീയറ്ററിൽ സിനിമ ഉത്സവം സൃഷ്ടിച്ചു കഴിഞ്ഞു, മലയാളത്തിലെ എക്കാലത്തെയും കൊമേർഷ്യൽ സിനിമയുടെ മാസ്റ്ററായ സംവിധായകൻ പ്രിയദർശൻ വരെ ലൂസിഫറിനെയും പ്രിത്വിരാജിന്റെ സംവിധാന മികവിനെയും പുകഴ്ത്തിക്കഴിഞ്ഞു, അതുകൊണ്ട് തന്നെ ഇനിയാർക്കും ലൂസിഫറിനെയും പ്രിത്വിരാജിനെയും വിമർശിക്കാൻ അവകാശമില്ല!!!