കബറിടങ്ങൾ നിറഞ്ഞ ഹോട്ടൽ എവിടെയാണുള്ളത് ?

അറിവ് തേടുന്ന പാവം പ്രവാസി

മരിച്ചവരുടെ മഹാ മൗനമുറങ്ങുന്ന മുറികൾ, അവിടെ കോഫിയുടെയും, മസാലച്ചായയുടെയും ഗന്ധം. ഇത് രണ്ടും കൂടി എങ്ങനെ യോജിപ്പിക്കും എന്നാലോചിച്ച് ബുദ്ധിമുട്ടേണ്ട, ഇതിനെ രണ്ടിനെയും ചേർത്തു വച്ചയാൾ ഒരു മലയാളിയാണ്, സ്ഥലം ഇവിടെയെങ്ങുമല്ല അങ്ങ് അഹമ്മദാബാദിൽ ആണെന്നു മാത്രം. ഇവിടെ വരുന്നവർക്ക് പന്ത്രണ്ടു ശവകുടീരങ്ങളുടെ അടുത്തിരുന്ന് കാപ്പിയും, ചായയും കുടിക്കാം, ഭക്ഷണം കഴിക്കാം. അതെ, ഇതൊരു ഹോട്ടലാണ് .

 കഴിഞ്ഞ അഞ്ചു ദശാബ്ദമായി കൃഷ്‌ണൻകുട്ടി ചേട്ടന്റെ ചായക്കട ഇവിടെയുണ്ട്. ഒരു മുസ്‌ലിം പള്ളിയോടു ചേർന്ന കബർസ്ഥാനായിരുന്നു മുൻപ് ഈ സ്ഥലം. നാനൂറോളം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന സൂഫിവര്യന്മാരുടെ കബറിടങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കാലാന്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ ആ കബറുകൾ ആരും നശിപ്പിച്ചതുമില്ല.

തിരുവനന്തപുരംകാരനായ കൃഷ്ണൻകുട്ടി ഒരു കോഴിക്കോട്ടുകാരനിൽ നിന്നാണ് ഈ സ്ഥലം വാങ്ങിയത്. ഇവിടെയിങ്ങനെയൊരു ശവപ്പറമ്പുണ്ടെന്ന് അറിയില്ലായിരുന്നു. അറിഞ്ഞപ്പോൾ എന്തു ചെയ്യണമെന്നറിയാതെ കുറച്ചുകാലം വെറുതേ പോയി. പിന്നെ ഇവിടെയൊരു ചായക്കട തുടങ്ങി– ‘ദ് ന്യൂ ലക്കി സ്റ്റാർ’.

കൃഷ്‌ണൻകുട്ടി തന്റെ ഹോട്ടലിലെ സൂഫി വര്യന്മാരുടെ ആത്മാക്കളെ നമസ്കരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നു. ദിവസവും രാവിലെ കബറുകളിൽ പൂക്കൾ അർപ്പിച്ചു പ്രാർഥിച്ച ശേഷമേ താൻ കച്ചവടം ആരംഭിക്കാറുള്ളൂവെന്ന് അദ്ദേഹം പറയുന്നു.എന്തെങ്കിലും കാര്യം നടക്കണമെങ്കിൽ ആദ്യം ഇവിടുത്തെ കബറിനടുത്തിരുന്ന് ഒരു ഗ്ലാസ് ചായ കുടിച്ച ശേഷമേ ആരും മുന്നോട്ടു പോകൂ, അതൊരു അനുഗ്രഹമായി അവർ കരുതുന്നു.

മരിച്ചവർക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കുന്നത് നല്ലതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.വിഖ്യാത ചിത്രകാരനായിരുന്ന എം.എഫ്. ഹുസ്സൈൻ ഇവിടെ വരുകയും ,ഇവിടുത്തെ സവിശേഷതയെ പ്രകീർത്തിക്കുകയും ചെയ്തിട്ടുണ്ട്.തന്റെ മനോഹരമായൊരു ചിത്രവും അദ്ദേഹം കൃഷ്ണൻകുട്ടിക്ക് സമ്മാനിച്ചു. അതിപ്പോഴും ന്യൂ ലക്കി സ്റ്റാറിന്റെ ചുമരിലുണ്ട്.

‘ജീവിതവും ,മരണവും ഒന്നിച്ച് അനുഭവിക്കാൻ പറ്റുന്നയിടം’ എന്നാണ് അദ്ദേഹം ഈ ഹോട്ടലിനെക്കുറിച്ച് പറഞ്ഞത്. ഭക്ഷണം കഴിക്കുന്ന മേശകൾക്കും, കസേരകൾക്കും അടുത്താണ് വെളുത്ത മെറ്റലിൽ പൊതിഞ്ഞ മതിലുകൊണ്ട് വേർതിരിക്കപ്പെട്ട ശവ കുടീരങ്ങൾ. ദിവസവും ഇതിൽ പൂക്കൾ വർഷിക്കപ്പെട്ടിരിക്കും. കാപ്പി, ചായ, നൂഡിൽസ്, ബിരിയാണി തുടങ്ങി എല്ലാം ഇവിടെ കഴിക്കാൻ കിട്ടുമെങ്കിലും ഇവിടുത്തെ ചായയ്‌ക്കാണ്‌ ആരാധകർ ഏറെയും. ജീവിതവും, മരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ തന്നെയാണ്, എന്നിരുന്നാലും മരിച്ചു കിടക്കുന്നവർക്കരികിലിരുന്നു ചായ കുടിക്കുക എന്ന ആശയം ഇവിടെ വന്നവരെ പലരെയും ആദ്യമൊന്ന് കുഴക്കിയിട്ടുണ്ട്.

നല്ല തിരക്കാണ് ഈ ചായക്കടയിൽ എപ്പോഴും. കബറുകൾക്കടുത്തിരുന്നാണ് ഭക്ഷണവും ആസ്വദിക്കേണ്ടത് എന്നതുകൊണ്ട് ഒരിക്കലും മര്യാദകൾ മറന്ന് ഇവിടെ ആരും ഭക്ഷണം കഴിക്കാറില്ല, മരിച്ചവരോടുള്ള ആദരവും, ഇത്തിരി ഭീതിയും നിലനിർത്തിക്കൊണ്ട് തന്നെ ഈ ഹോട്ടലിൽ ആളുകൾ ഭക്ഷണം കഴിക്കുന്നു. ഈ ഹോട്ടൽ തനിക്ക് ഭാഗ്യവും, അനുഗ്രഹവും മാത്രമേ നൽകിയിട്ടുള്ളൂ എന്നാണു കടയുടമ കൃഷ്ണൻ കുട്ടിയുടെ അഭിപ്രായം.

You May Also Like

അഡിഡാസിനും പ്യൂമയ്ക്കും ജന്മം നൽകിയ കഥ, അഥവാ ഒരു കുടുംബ കലഹം

അഡിഡാസിനും പ്യൂമയ്ക്കും ജന്മം നൽകിയ കഥ Sreekala Prasad ഒരു കുടുംബ കലഹം കായിക ലോകത്തെ…

അത്ഭുതം ! ലോകത്തിലെ ഏറ്റവും നീളമുള്ള ജീവി – സൈഫൊണോഫോർ

ലോകത്തിലെ ഏറ്റവും നീളമുള്ള ജീവി – സൈഫൊണോഫോർ Sreekala Prasad ഓസ്ട്രേലിയൻ തീരത്തെ ആഴക്കടലിൽ ജീവിക്കുന്ന…

ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടും മസാബുമി ഹോസോനോയെ ‘ഹതഭാഗ്യൻ’ എന്ന് വിശേഷിപ്പിക്കാൻ കാരണമെന്ത് ?

മസാബുമി ഹോസോനോ: ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ‘ ഹതഭാഗ്യൻ’ Sreekala Prasad 2023…

ലോകത്തിലെ പത്ത് മനോഹര ബീച്ചുകളിലൊന്ന് കേരളത്തിലെ ഈ ജില്ലയിൽ, അഭിമാനിക്കാം…

ലോകത്തിലെ പത്ത് മനോഹര ബീച്ചുകളിലൊന്ന് ഇതാണ്…ഇതാണ്…അതിവിടെയാണ് !! അറിവ് തേടുന്ന പാവം പ്രവാസി കൊല്ലം കണ്ടവന്…