ലുസൈൽ എന്ന ഖത്തറിലെ അത്ഭുതനഗരം
മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽനിന്ന് 23 കിലോമീറ്റർ അകലെ മരുഭൂമിയിൽ പണിതുയർത്തിയ അത്ഭുതനഗരമാണ് ലുസൈൽ. കെട്ടിലും മട്ടിലും ഏതൊരു യൂറോപ്യൻ നഗരത്തേയും അതിശയിപ്പിക്കുന്ന തരത്തിലാണ് അതിന്റെ നിർമിതി.പരമ്പരാഗത അറബിനഗരങ്ങളിൽനിന്ന് വ്യത്യസ്തമായി, ആസൂത്രിതമായി പണിതുയർത്തിയ ഈ നഗരത്തിന് ഈ പേര് കണ്ടെത്തുന്നത് അവിടെ പ്രാദേശികമായി കണ്ടുവരുന്ന ‘അൽ വാസീൽ’എന്ന സസ്യത്തിൽ നിന്നാണ്.
പത്തൊമ്പതാം നൂറ്റാണ്ടിൽ ആധുനിക ഖത്തറിന്റെ സ്ഥാപകനായ ജാസിം ബിൻ മുഹമ്മദ് അൽതാനിയുടെ കൊട്ടാരം ഇവിടെയായിരുന്നു. അതിനുശേഷം വളരെ നാളുകളായി അത്ര പുരോഗതിയൊന്നും കൈവരിക്കാതെ കിടന്നിരുന്ന ഈ സ്ഥലം 2005 ഓടെ യാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിയാൻ ആരംഭിക്കുന്നത്.
അറബ് വാസ്തുശിൽപ്പഭംഗിയുടെ പ്രൗഢിയും പുതിയ കാലത്തിന്റെ കൈയൊപ്പും പതിഞ്ഞ മഹാനഗരത്തിൽ കഴിഞ്ഞ 17 വർഷത്തിനുള്ളിൽ ഉയർന്ന കെട്ടിടങ്ങൾ കണക്കുകൾ നോക്കിയാൽ കണ്ണുതള്ളിപ്പോക്കും.മനോഹരമായ ശിൽപ്പം പോലെ മാനം മുട്ടുന്ന നിർമിതികൾ, നക്ഷത്രഹോട്ടലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, കളിയിടങ്ങൾ, കൂറ്റൻ ഷോപ്പിങ് മാളുകൾ, പാർക്കുകൾ, ആഡംബരവില്ലകൾ, ബീച്ച് ക്ലബ്ബുകൾ എല്ലാം നിറഞ്ഞിരിക്കുന്ന ഈ നഗരം സമ്പൂർണമാകുന്നത് 2030 ലാണെന്ന് പറയുമ്പോൾ ഇനിയെന്താണ് വരാനുള്ളതെന്ന ആകാംക്ഷയാണ് ബാക്കി നിൽക്കുന്നത്.
ലോകകപ്പായതോടെ നിർമാണത്തിന് വേഗംകൂടി. പുതിയ റോഡുകളും മേൽപ്പാലങ്ങളും മെട്രോയും സ്റ്റേഡിയവും വന്നു. ഇവിടെ ഇതുവരെ ലോകകപ്പിന്റെ 8 മത്സരങ്ങൾ നടന്നു. ഇനി നടക്കാനുള്ളത് സെമി ഫൈനലും ഫൈനലുമാണ്. ആകെ 10 മത്സരങ്ങൾ. 80,000 ത്തിൽ പരം ആളുകൾക്ക് കളി കാണാവുന്ന ഈ അറേബ്യൻ വാസ്തു വിസ്മയം പുരാതന യാനപാത്രത്തിന്റെ ആകൃതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. അതോടൊപ്പം ചരിത്ര പാരമ്പര്യത്തിന്റെ അടയാളമായ ഫനാർ റാന്തലിന്റെ നിഴലും വെളിച്ചവും ഇഴചേരുന്നുണ്ട്.
അത്യാധുനിക സൗകര്യങ്ങളിൽ പാരമ്പര്യവും ചരിത്രവും സമ്മേളിക്കുന്ന ഈ സ്റ്റേഡിയം
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയമാണ്. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് നിർമ്മിച്ച ഇതിൽ കളിക്കുന്നവർക്കും കളി കാണുന്നവർക്കും ശീതീകരിച്ച അന്തരീക്ഷമാണ് പ്രധാനം ചെയ്യുന്നത്.
നവീകരിച്ച റോഡുകൾ, ദോഹ മെട്രോ, ട്രാം എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വിവിധ പാർക്കുകളും തീം പാർക്കും ഇവിടെയുണ്ട്. ചൂട്, പൊടി എന്നിവയിൽനിന്ന് സംരക്ഷിക്കാൻ മേൽക്കൂരയുമുണ്ട്. സ്റ്റേഡിയത്തോടുചേർന്ന് പാർക്ക് ആൻഡ് റൈഡ് സൗകര്യങ്ങളും.
ഫൈനൽ കഴിയുന്നതോടെ മറ്റ് പല സ്റ്റേഡിയത്തിനും ഉണ്ടാകുന്ന രൂപമാറ്റം പോലെ ഈ സ്റ്റേഡിയവും മാറും. സീറ്റുകളിൽ നിന്ന് ഒരുഭാഗം മറ്റുരാജ്യങ്ങളിൽ നിർമ്മിക്കുന്ന സ്റ്റേഡിയങ്ങൾക്ക് നൽകും. തുടർന്ന് ഷോപ്പുകൾ, കഫേകൾ, കായിക സൗകര്യങ്ങൾ, ആരോഗ്യ ക്ലിനിക്കുകൾ, സ്കൂളുകൾ എന്നിവയുള്ള മൾട്ടി പർപ്പസ് കമ്യൂണിറ്റി ഹബ്ബാക്കി ഈ സ്റ്റേഡിയത്തെ മാറ്റും എന്നാണ് അറിയുന്നത്.