ഗാനരചയിതാവും തിരക്കഥാകൃത്തുമായ ബീയാര്‍ പ്രസാദ് (62)അന്തരിച്ചു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് മരണം. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. മാധ്യമപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്.
സാഹിത്യത്തിൽ ബിരുദം നേടിയിട്ടുള്ള പ്രസാദ് ചെറുപ്പകാലം തൊട്ടേ കവിതകൾ വായിക്കുകയും മറ്റു സാഹിത്യാഭിരുചികളിൽ ഏർപ്പെടുകയും ചെയ്തിരുന്നു, നാടക രചന, സംവിധാനം എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം 1993 ൽ ജോണി എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്.
നിർമ്മാതാവ് ഗുഡ്നൈറ്റ് മോഹന്റെ നിർദ്ദേശപ്രകാരം ഒരു കഥ പറയുന്നതിനുവേണ്ടി സംവിധായകൻ പ്രിയദർശനെ കണ്ടതാണ് പ്രസാദിന്റെ കലാജീവിതത്തിൽ വഴിത്തിരിവായത്. പ്രസാദിന്റെ സാഹിത്യാഭിരുചി മനസ്സിലാക്കിയ പ്രിയദർശൻ തന്റെ അടുത്ത സിനിമയ്ക്ക് ഒരു പാട്ടെഴുതാൻ ആവശ്യപ്പെടുന്നു. അങ്ങനെ പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിൽ വിദ്യാസാഗറിന്റെ സംഗീതത്തിന് വരികൾ (ഒന്നാംകിളി പൊന്നാണ്‍കിളി) രചിച്ചുകൊണ്ട് ചലച്ചിത്രഗാനരചയിതാവായി ബീയാർ പ്രസാദ് തുടക്കം കുറിച്ചു.
കിളിച്ചുണ്ടൻ മാമ്പഴത്തിനു മുൻപ് ബീയാർ പ്രസാദ് ഗാനരചന നിർവഹിച്ചത് സീതാ കല്യാണം എന്ന ചിത്രത്തിനായിരുന്നു പക്ഷേ ആ ചിത്രം റിലീസായത് വർഷങ്ങൾ കഴിഞ്ഞാണ്. അതിനാൽ പ്രസാദിന്റെ ജനങ്ങൾ കേട്ട ആദ്യ ഗാനങ്ങൾ കിളിചുണ്ടൻ മാമ്പഴത്തിലേതായിരുന്നു. തുടർന്ന് ജലോത്സവം ( ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’), വെട്ടം (‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി…’), തട്ടുംപുറത്ത് അച്യുതൻ എന്നിവയുൾപ്പെടെ നിരവധി സിനിമകൾക്ക് ബീയാർ പ്രസാദ് ഗാനരചന നിർവഹിച്ചു. സിനിമകൾ കൂടാതെ സംഗീത ആൽബങ്ങൾക്കും ബീയാർ പ്രസാദ് രചന നിർവഹിച്ചിട്ടുണ്ട്.
നാടകൃത്ത്, പ്രസംഗകന്, ടിവി അവതാരകന് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. സനിതയാണ് ഭാര്യ, ബീയാർ പ്രസാദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്