Nazeer Hussain Kizhakkedathu എഴുതുന്നു
“എനിക്കന്നു പതിനെട്ട് വയസായിരുന്നു വൈരമുത്തുവുമായി ഒരു പ്രോജെക്ടിനെക്കുറിച്ച് സംസാരിക്കാനാണ് അദ്ദേഹത്തിന്റെ കോടമ്പാക്കത്തെ ഓഫീസിൽ ഞാൻ പോയത്. മഹാനായ കവിയും , ദേശീയ അവാർഡ് ജേതാവും , തമിഴ് ഇതിഹാസവുമായ അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാൻ അവസരം കിട്ടിയതിൽ എനിക്കഭിമാനമായിരുന്നു. പക്ഷെ അയാൾ വരികൾ വിശദീകരിക്കാൻ എന്ന വ്യാജേന, എന്നെ കെട്ടിപിടിച്ചു ചുണ്ടിൽ ഉമ്മ വച്ചു. എന്ത് ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. ഞാൻ വിറച്ച് വിറച്ച് അദ്ദേഹത്തിന്റെ പിടി വിടീച്ച് എന്റെ വീട്ടിലേക്ക് ഓടിപോയി. ഒറ്റക്കിരുന്ന് ആരോട് എന്ത് പറയണമെന്നറിയാതെ കരഞ്ഞു. അച്ഛനോടും അമ്മയോടും പറഞ്ഞാൽ പോലും വൈരമുത്തുവിനെക്കുറിച്ച് ഞാൻ പറയുന്നത് വിശ്വസിക്കില്ലെന്നു എനിക്ക് തോന്നി. പിന്നീട് അയാളുടെ കൂടെ ജോലി ചെയ്യേണ്ട സമയത്ത് എല്ലാം എന്റെ കൂടെ വേറെ ആളുകൾ ഉണ്ടാകാൻ ഞാൻ ശ്രദ്ധിച്ചു. ഞാൻ കഴിഞ്ഞ വർഷമിത് തുറന്നു പറഞ്ഞതിന്റെ ഫലമായി കുറെ നാൾ ആരും എന്നെ പാട്ടു പാടാനായി വിളിച്ചില്ല.”
കഴിഞ്ഞ ശനിയാഴ്ച ദീപാവലി പ്രമാണിച്ച് ന്യൂ ജേഴ്സി തമിഴ് സംഘം സംഘടിപ്പിച്ച ചിന്മയിയുടെ ഗാനമേള കേൾക്കാൻ പോയതാണ്. ആദ്യത്തെ പാട്ടിനു മുൻപ് തന്നെ ചിന്മയി ഞങ്ങളാരും പ്രതീക്ഷിക്കാത്ത ഒരു വെടി പൊട്ടിച്ചു. തമിഴ് കവി വൈരമുത്തു ചിന്മയിയോട് ചെയ്ത കാര്യങ്ങൾ പുള്ളിക്കാരി എണ്ണിയെണ്ണി പറഞ്ഞു. പക്ഷെ അതുകഴിഞ്ഞ് ചിന്മയി പറഞ്ഞതായിരുന്നു ഹൈലൈറ്റ്.
“ഇവിടെയിരിക്കുന്ന നിങ്ങൾ എല്ലാവരും ഇന്ന് വീട്ടിൽ പോയ ഉടനെ നിങ്ങളുടെ കുട്ടികളോട് സംസാരിക്കണം. എവിടെയൊക്കെ സ്പർശിക്കുന്നതാണ്, നല്ല ടച്ച് എന്നും, എന്തൊക്കെയാണ് ചീത്ത ടച്ച് എന്നും നിങ്ങൾ അവരോട് പറയണം, പക്ഷെ അതിനേക്കാളുപരി, അവർ എന്ത് തന്നെ നിങ്ങളോട് പറഞ്ഞാലും നിങ്ങൾ അവരെ വിശ്വസിക്കുമെന്നും, അവരുടെ കൂടെ നിൽക്കുമെന്നും, ഇതെല്ലം സംഭവിച്ചത് അവരുടെ കുറ്റം കൊണ്ടാണെന്ന് നിങ്ങൾ കരുതില്ലെന്നും നിങ്ങൾ അവരോട് പറയണം. കാരണം നിങ്ങളുടെ കുട്ടികൾക്ക് ഈ ലോകത്ത് ഇക്കാര്യങ്ങൾ പറയാൻ നിങ്ങൾ മാത്രമേ ഉള്ളൂ.. നിങ്ങൾ കൂടി അവർ പറയുന്നത് വിശ്വസിച്ചില്ലെങ്കിൽ അവർ തകർന്നു പോകും.”
ഒന്ന് നിർത്തിയിട്ട് ചിന്മയി ഒരു കാര്യം കൂടി പറഞ്ഞു.
“ഒരു പക്ഷെ നിങ്ങൾ കരുതുന്നുണ്ടാവും, സിനിമാ ഫീൽഡിലും കാസ്റ്റിംഗ് കൗച്ചിലും മറ്റും മാത്രമേ ഈ പ്രശ്നമുള്ളൂ എന്ന്. പക്ഷെ ഞാൻ ഇക്കാര്യം പുറത്തു പറഞ്ഞതിന് ശേഷം അനേകം ആളുകൾ എന്നോട് അവരുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞു. ഭൂരിപക്ഷം പേർക്കും അവർ കുട്ടികളായിരുന്നപ്പോൾ , അടുത്ത ബന്ധുക്കളിൽ നിന്നും, അയല്പക്കക്കാരിൽ നിന്നും, അവരുടെ വീട്ടിൽ വച്ചോ, ബന്ധുക്കളുടെയോ അയൽക്കാരുടെയോ വീട്ടിൽ വച്ചോ ആണ് ലൈംഗിക ചൂഷണം ഉണ്ടായിട്ടുള്ളത്. പല കുട്ടികൾക്കും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്ന പ്രായമായിരുന്നില്ല. പലരും തങ്ങളുടെ മാതാപിതാക്കളോട് ഇത് പറയാൻ മടിച്ചു, പറഞ്ഞ പലരോടും മാതാപിതാക്കൾ ഇത് പുറത്തു പറയരുതെന്ന് പറഞ്ഞു. ചിലർ കുട്ടികൾ കള്ളം പറയുന്നു എന്ന് കുട്ടികളെ കുറ്റപ്പെടുത്തി. എന്റെ അനുഭവത്തിൽ ഇത്തരം കാര്യങ്ങൾ ജീവിതം മുഴുവൻ നീണ്ടുനിൽക്കുന്ന ട്രോമയ്ക്ക് വഴിവയ്ക്കും. അതുകൊണ്ട് ദയവായി നിങ്ങൾ നിങ്ങളുടെ കുട്ടികളോട് സംസാരിക്കുക. അവരെ ജഡ്ജ് ചെയ്യാതിരിക്കുക. അവർ പറയുന്നത് കേൾക്കുക. ഒരിക്കൽ കൂടി, അവർക്ക് നിങ്ങൾ മാത്രമേ ഉള്ളൂ. എല്ലാം തുറന്നു പറയാനുള്ള ഒരു സാഹചര്യം അവർക്കും നിങ്ങൾക്കും ഇടയിൽ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, ഇത് പെൺകുട്ടികൾക്ക് മാത്രം ഉള്ള അനുഭവമല്ല, ആൺകുട്ടികളും പീഡിപ്പിക്കപ്പെടുന്നുണ്ട്. ഒരുപക്ഷെ പെണ്കുട്ടികളേക്കാൾ കൂടുതൽ.”
ഇത് വായിക്കുന്ന നിങ്ങളിൽ ചിലരെങ്കിലും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതും. പക്ഷെ ഇന്ത്യയിൽ 53 ശതമാനം കുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ഇതിൽ 21 ശതമാനം ആളുകൾ ബലാത്സംഗം അല്ലെങ്കിൽ പ്രകൃതിവിരുദ്ധഭോഗത്തിന് വിധേയമായവരാണ്. ഓരോ 15 മിനിട്ടിലും ഇന്ത്യയിൽ ഒരു കുട്ടി ലൈംഗിക ചൂഷണത്തിനിരയാവുന്നു. ഈ 53 ശതമാനത്തിൽ പകുതി ആൺകുട്ടികളാണ്.
53 ശതമാനം എന്ന് വച്ചാൽ രണ്ടിൽ ഒരാൾ വച്ച്. ദൗർഭാഗ്യവശാൽ ആ അമ്പത് ശതമാനത്തിൽ പെട്ട ഒരാളാണ് ഞാൻ.
എന്റെ അയൽപക്കത്തുള്ള ഒരു യുവാവാണ് എന്റെ ചെറുപ്പത്തിൽ എന്നെ ലൈംഗികമായി പീഡിപ്പിച്ചത്. എനിക്ക് പത്ത് വയസ്സായോ മറ്റുള്ളപ്പോൾ ആയിരുന്നു അത്. വീട്ടിൽ എപ്പോൾ വേണമെങ്കിലും കയറിവരാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്ന ഒരാൾ. ചിന്മയി പറഞ്ഞത് പോലെ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. വദനസുരതം ചെയ്യിപ്പിച്ചു എന്നത് എനിക്ക് നല്ല ഓർമയുണ്ട്. വീട്ടിൽ പക്ഷെ പറഞ്ഞാൽ അവർ വിശ്വസിക്കില്ല എന്നെനിക്ക് തോന്നി അതുകൊണ്ട് ഞാൻ ആരോടും പറയാതിരുന്നു. ഇങ്ങിനെയുള്ള കാര്യങ്ങൾ തുറന്നു പറയാവുന്ന ഒരു സാഹചര്യമായിരുന്നില്ല വീട്ടിൽ. ഗുഡ് ടച്ച് ബാഡ് ടച്ച് എന്ന ക്ലാസുകൾ ഒന്നും അന്നുണ്ടായിരുന്നില്ല. ആരോടും പറയാതെ , അയാൾ വീട്ടിൽ കയറിവരുമ്പോൾ പേടിച്ച് ഒളിച്ചിരിക്കേണ്ട ഗതികേടിലായിരുന്നു ഞാൻ. സമൂഹത്തോട് വിമുഖത കാണിച്ച് കുറെ വർഷങ്ങൾ ഞാൻ ഈ സംഭവം മൂലം തള്ളിനീക്കിയിട്ടുണ്ട്. അതിനു ശേഷം കുറച്ച് വർഷങ്ങൾക്ക് ശേഷം ഒരടുത്ത ബന്ധുവിൽ നിന്ന് ഇതേ അനുഭവം ഉണ്ടായി.
കല്യാണം കഴിഞ്ഞ് ഭാര്യയും ഇതേപോലെ അവൾക്കുണ്ടായ ഒരനുഭവം പറഞ്ഞപ്പോഴാണ് നമ്മുടെ സമൂഹത്തിൽ എത്ര വ്യാപകമാണിതെന്ന ബോധ്യം വന്നത്.
കഴിഞ്ഞ വർഷം എന്റെ ഒരു FB സുഹൃത്ത് കണ്ണൂരിലെ ഒരു സ്കൂളിലെ കുട്ടികളെ ആ ബസിലെ ഡ്രൈവർ ഇതുപോലെ ആളൊഴിഞ്ഞ സമയത്ത് പീഡിപ്പിക്കുന്ന കാര്യം പറഞ്ഞു കരഞ്ഞു. സ്വന്തം ബന്ധത്തിൽ പെട്ട , കളിച്ചുചിരിച്ച നടന്ന ഒരു കുട്ടി പെട്ടെന്ന് പുറത്തു പോകാൻ ഭയപ്പെടാൻ തുടങ്ങിയത് കണ്ടപ്പോൾ ഇദ്ദേഹം ചോദിച്ചപ്പോഴാണ് ഈ കാര്യം പുറത്തു വരുന്നത്. മറ്റു കുട്ടികളെ ചോദ്യം ചെയ്തപ്പോൾ ഇതുപോലെ പല കുട്ടികൾക്കും ഇതേ അനുഭവം. ഇതിനെതിരെ കേസ് കൊടുത്തതിനു എന്നെ ബന്ധപ്പെട്ട കൂട്ടുകാരനെ ഒറ്റപ്പെടുത്താനുള്ള ഒരു നീക്കം പോലും നടന്നു എന്നറിയുമ്പോഴാണ് സമൂഹം എത്രമാത്രം ഇത്തരം സംഭവങ്ങളോട് മുഖം തിരിച്ചിരിക്കുന്നത് എന്ന് മനസിലാവുന്നത്.
ബലാത്സംഗങ്ങളെ കുറിച്ചുള്ള തമാശകൾ 53 ശതമാനം ആളുകൾക്ക് ഇത്തരം അനുഭവങ്ങളുടെ ഓർമ്മപുതുക്കലാണ് , ഒട്ടും രുചികരമല്ലാത്ത, വായിൽ തികട്ടിവരുന്ന ഐസ്ക്രീമുകളുടെ ഓർമ്മകൾ.