ടൈംസ് നൗവും റിപ്പബ്ലിക് ചാനലും മീഡിയ വണും മുതലെടുക്കുന്ന ഡൽഹി കലാപം

130
M.A. Akbar
ജാഫറാബാദിൽ നിന്നും മീഡിയാവൺ *
അത്രമേൽ നിഷ്കളങ്കം എന്നു തോന്നുന്ന ചില വാർത്തകൾ നമ്മുടെ വൈകാരിക ചിന്തകളിലേക്ക് അധികമൊന്നും ആഴത്തിൽ പതിക്കാറില്ല. ഭീതി പടർത്തിയ അന്തരീക്ഷങ്ങൾക്ക് ശേഷം വേട്ടക്കാരന് തൻറെ പ്രത്യയശാസ്ത്രഭാഷ്യം ന്യായീകരിക്കാൻ ഒരു ന്യായം റിസർവ് ചെയ്തു ഇടുക എന്നത് ഒറ്റുകാരായ മാധ്യമപ്രവർത്തകരുടെ പണിയാണ് .പതിനായിരക്കണക്കിന് കമ്മ്യൂണിസ്റ്റുകളെ കൂട്ടക്കൊല നടത്തിയതിനുശേഷം ഹിറ്റ്ലർ ബർലിൻ നഗരത്തോട് ചോദിച്ചത് ‘റീഷ് സ്റ്റാഗിന് തീവെച്ച കമ്മ്യൂണിസ്റ്റുകളെ പിന്നെ ഞാൻ താലോലിക്കേണ്ടിയിരുന്നോ ” എന്നായിരുന്നു .
അവിടെ അങ്ങനെയൊരു നരേഷൻ സൃഷ്ടിച്ചെടുക്കാൻ ഹിറ്റ്ല റോട് അടിമപ്പെട്ടുപോയ ഒരുകൂട്ടം മാധ്യമങ്ങൾ ഉണ്ടായിരുന്നു .
ഡൽഹിയിൽ ആ ദൗത്യം
ഏറ്റെടുത്തിരിക്കുന്നത് ടൈംസ് നൗവും റിപ്പബ്ലിക് ചാനലുമാണ്.
അതവരുടെ കർത്തവ്യമാണ്. സംഘപരിവാർ മധ്യവർഗ്ഗ മനസ്സുകളെ തൃപ്തിപ്പെടുത്തി ഫാസിസ്റ്റ് ഭരണകൂട ഭീകരതയെ ന്യായീകരിക്കുക എന്നത്. അനുസരണശേഷിയുള്ള നായകൾക്ക് മാത്രം ചെയ്യാൻ സാധിക്കുന്നവ .
പക്ഷേ മീഡിയ വണ്ണിന് ഈ കളിയിൽ എന്താണ് ലാഭം?
കലാപം അതിൻറെ എല്ലാ അർത്ഥത്തിലും സംഹാരതാണ്ഡവമാടിയ മോജ്പൂരും ബാബർപൂരും അശോക് വിഹാറുമെല്ലാം മറികടന്ന് ഇരകളാക്കപ്പെട്ട സമുദായം ഒരുമിച്ചു കൂട്ടപ്പെട്ട ജാഫറാബാദി ലേക്ക് മീഡിയ വണ്ണിന്റെ ക്യാമറക്കണ്ണുകൾ പോയത് എന്തിനാണ് ?
ജാഫറാബാദിൽ ഇരകളാക്കപ്പെട്ടവർ നിങ്ങളുടെ ക്യാമറക്കണ്ണുകൾക്ക് നേരെ രോഷാകുലരായപ്പോൾ ‘മേം മുസൽമാൻ ഹൂം’ എന്ന് ഘോരശബ്ദത്താൽ നിങ്ങളവരെ തൃപ്തിപ്പെടുത്താൻ ശ്രമിച്ചതെന്തിനായിരുന്നു ? അവിടെ നിങ്ങൾക്ക് ചുറ്റും കൂടിയ ഇരകളാക്കപ്പെട്ടവർ തങ്ങളുടെ മുൻപിലേക്ക് വരുന്ന അമുസ്ലീങ്ങളെ വകവരുത്താൻ തക്കം പാർത്തിരിക്കുന്നവരാണെന്നുള്ള പൊതുബോധം നിർമ്മിച്ച് ദില്ലി കലാപത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സംഘപരിവാറിനെ രക്ഷിച്ചെടുക്കലായിരുന്നോ നിങ്ങളുടെ ഉദ്ദേശം?
ജാഫറാബാദിലെ താടിയും തലപ്പാവും ധരിച്ചവരുടെ വിഷ്വലൈസേഷൻ മെയിൻ സ്ട്രീമിൽ കൊടുത്തതിനു ശേഷം(25-2-20) നിങ്ങൾ ലോകത്തോട് പറഞ്ഞത് മീഡിയ വൺ വാർത്താ സംഘത്തിനുനേരെയും അക്രമം എന്നതായിരുന്നല്ലോ !!
ഇന്ത്യയിലാകമാനമുള്ള സംഘപരിവാർ പേജുകളിലേക്ക് നോക്കൂ അവർ ദില്ലി കലാപത്തെ ന്യായീകരിക്കുന്നത് നിങ്ങളുടെ വാർത്തകൊണ്ടാണ് . ബഹുമാനപ്പെട്ട റഷീദുദ്ദീൻ ആല്പറ്റയെ പോലുള്ളവർ മീഡിയവണ്ണിനെ നയിക്കുന്നവരുടെ ചതിക്കുഴികളിൽ പെട്ടു പോയതാണോ?
നിങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ പി ആർ സുനിലിന്റെ റിപ്പോർട്ട് കണ്ടിരുന്നോ? തന്നെ ആക്രമിക്കാൻ വന്ന സംഘപരിവാർ തെമ്മാടികളുടെ ഇടയിൽ നിന്നുകൊണ്ടാണ് തൻറെ ഹൈന്ദവ സ്വത്വം പറയാതെ തന്നെ ധീരതയോടെ സംഘപരിവാർ ക്രൂരകൃത്യങ്ങൾ അദ്ദേഹം തുറന്നുകാട്ടിയത്. വെടിയേറ്റിട്ടു പോലും 24×7 റിപ്പോർട്ടർ സംഘപരിവാരത്തിന്റെ രക്തദാഹത്തെ കുറിച്ച് പുറം ലോകത്തേക്ക് വാർത്തയെത്തിച്ചത് നിങ്ങൾ കണ്ടിരുന്നോ ? പല്ല് അടിച്ചു കൊഴിക്കപ്പെട്ടിട്ടും എൻ ഡി ടിവി റിപ്പോർട്ടറുടെ ധാർമ്മികത നിങ്ങൾ കണ്ടിരുന്നോ ? ഫസ്റ്റ് പോസ്റ്റ് പോർട്ടലിന്റെ ഇസ്മത്ത് അറയുടെ ലേഖനം നിങ്ങൾ കണ്ടിരുന്നോ?
ആസന്നമായ ഭീകരതയ്ക്ക് മുൻപിലും അടിയുറച്ച് ഇരകളോട് അവർ നീതി കാണിച്ചു .
പക്ഷേ നിങ്ങൾ ഒറ്റു കൊടുക്കുകയായിരുന്നു.
കേരളത്തിലെ പൗരത്വ പ്രക്ഷോഭങ്ങളെയെല്ലാം പിണറായിയിലേക്കും സിപിഐഎമ്മിലേക്കും വഴിതിരിച്ചു കൊണ്ട് നിങ്ങൾ സംഘപരിവാറിനെ എങ്ങനെയാണോ രക്ഷിച്ചെടുത്തത് അതുപോലെതന്നെ ദില്ലി കലാപത്തിലും നിങ്ങൾ സംഘപരിവാറിനെ രക്ഷിച്ചു കൊണ്ടിരിക്കുകയാണ് .
ഊർദ്ധശ്വാസം വലിക്കുന്ന ഇരകളെ ഒറ്റിക്കൊടുത്തതിനുശേഷം നിങ്ങൾക്ക് ലഭിക്കുമെന്നു കരുതുന്ന സ്വർഗ്ഗങ്ങളെല്ലാം നിങ്ങളെ സംസ്കരിക്കാൻ കാത്തിരിക്കുന്ന വെറും കുഴിമാടങ്ങൾ മാത്രമാണ്.
കാരണം സംഘപരിവാർ എന്നത് ഒരു കൊലയാളിക്കൂട്ടം മാത്രമല്ല ,വാറോലകളിൽ ലിഖിതമാക്കപ്പെട്ട സംശുദ്ധമായ ആര്യ രക്ത മൊഴികെയുള്ളതിനെയൊക്കെ റിജെക്ട് ചെയ്യുന്ന ജനിതക എൻജിനീയറിങ് കൂടിയാണത് .