അമ്പതുകളിലെ കോടതിമുറിയിൽ ബലാത്‌സംഗം നടന്നോ എന്ന് തെളിയിച്ചത് ഇങ്ങനെയായിരുന്നു, സൂചിയും നൂലും , എന്തൊരു കാലം

329

M A Muhammed Aslam

1950-കളിലെ ഒരു സെഷൻസ് കോടതിമുറിയാണ് ഈ പറയുന്ന അസംബന്ധനാടകത്തിൻ്റെ രംഗഭൂമി. ജഡ്ജിയദ്ദേഹം ഘനഗംഭീരനായി അദ്ദേഹത്തിൻ്റെ ഇരിപ്പിടത്തിൽ ആസനസ്ഥനായിരിക്കുന്നു. സർക്കാർവക്കീലും പരിവാരങ്ങളും.. പ്രതിഭാഗം വക്കീൽമാരും ശിങ്കിടികളും.. പോലീസുകാർ-കോടതിയുദ്യോഗസ്ഥർ.. അങ്ങനെ കോടതിമുറി നിറയെ ആളുകൾ. പുറത്ത് ജനാലകളുടെയും വാതിലുകളുടെയും മുന്നിൽ തിക്കിത്തിരക്കുന്ന ആൾക്കൂട്ടം.

ക്രൂരവും സങ്കടകരവുമായ ഒരു ബലാൽസംഗക്കേസിൻ്റെ വിചാരണ നടക്കുകയാണ്. സാക്ഷിക്കൂട്ടിൽ സാരിത്തലപ്പുകൊണ്ട്‌ തലയും മുഖവും മറച്ച് തലകുനിച്ച് തൊഴുകയ്യോടെ ഒരു യുവതി. അക്കാലത്ത്, “ആയിരം രൂപയും (വാദിക്കാൻ) അദ്ദേഹവുമുണ്ടെങ്കിൽ ആരെയും കൊല്ലാമേ രാമനാരായണ”, എന്ന പ്രശസ്തിയുള്ള പ്രതിഭാഗം വക്കീലിൻ്റെ ക്രോസ്സ് വിസ്താരം പുരോഗമിക്കുകയാണ്. വക്കീലിൻ്റെ കയ്യിൽ ഒരു തുന്നൽസൂചിയുണ്ട്. ഒരുതുണ്ട് നൂൽ അയാൾ യുവതിയുടെ കയ്യിൽകൊടുത്തുകൊണ്ട് പറയുന്നു, “നിങ്ങൾ ഈ നൂൽ എൻ്റെ കയ്യിലുള്ള ഈ സൂചിയിൽ കോർക്കുക”! പബ്ലിക് പ്രോസിക്യൂട്ടർ പാതി മനസ്സോടെ എഴുന്നേറ്റ് ‘ഒബ്ജക്ഷൻ’ ഉന്നയിക്കുന്നതായി ഭാവിക്കുന്നു. അത് കണക്കിലെടുക്കാതെ ബഹു:ജഡ്ജി പ്രതിഭാഗംവക്കീലിനെ തുടരാൻ അനുവദിക്കുന്നു. അപമാനവും സഭാകമ്പവും നിമിത്തം വിറകൊള്ളുന്ന മെയ്യും കയ്യുമായി യുവതി സൂചിയിൽ നൂൽകോർക്കാൻ ശ്രമിക്കുന്നു. നൂൽ സൂചിക്കുഴയ്ക്ക് സമീപമെത്തിയാൽ വക്കിൽ സൂചി ചലിപ്പിക്കും! കോടതിമുറിയ്ക്കുള്ളിലും പുറത്തും തിങ്ങിക്കൂടിയിട്ടുള്ള ‘പ്രേക്ഷകർ’ ഈ തമാശക്കളികണ്ട് ആർത്തുചിരിക്കുന്നു. ജഡ്ജിയേമാൻ തിരുമുഖത്തെ ചിരിമറയ്ക്കാതെതന്നെ വിളിക്കുന്നു, “ഓഡർ, ഓഡർ”! ഏഴാമത്തെ ശ്രമത്തിലും വക്കീലിൻ്റെ സൂചിയിൽ നൂൽ കോർക്കാൻ കഴിയാതെ യുവതി മുഖംപൊത്തി പൊട്ടിക്കരഞ്ഞുകൊണ്ട് ആ ശ്രമം മതിയാക്കുന്നു!

ആൾക്കൂട്ടം ചിരിച്ചുവശംകെടുന്നു. നാടകീയമായി ഒന്ന് വെട്ടിത്തിരിഞ്ഞ് വട്ടംകറങ്ങി പ്രതിഭാഗം വക്കീൽ മുൻകൂർ കരുതിവച്ചിരുന്ന ഡയലോഗ് ഒച്ചയെടുത്ത് ഉരുവിടുന്നു, “ദാറ്റ്സിറ്റ് യുവറോണർ, എൻ്റെ കയ്യിലുള്ള സൂചി ചലിക്കുന്നതുകൊണ്ട് ഈ സ്ത്രീക്ക് അതിൽ നൂൽകോർക്കാൻ കഴിയുന്നില്ല. അതുപോലെ, ഇവർ എതിർത്തിരുന്നെങ്കിൽ എൻ്റെ കക്ഷിക്ക് ഇവരെ ബലാൽസംഗംചെയ്യാനും കഴിയുമായിരുന്നില്ല. ഈ പരീക്ഷണത്തിലൂടെ ഞാൻ ഇവിടെ തെളിയിച്ചത് ഈ കേസിനാസ്പദമായ സംഭവം ബലാൽസംഗമേ ആയിരുന്നില്ലെന്നും, ഈ സ്ത്രീയുടെ പരിപൂർണ്ണസമ്മതത്തോടെ നടന്ന ഉഭയസമ്മതപ്രകാരമുള്ള വേഴ്ച മാത്രമായിരുന്നു എന്നുമാണ്”. (എത്ര തെറ്റായതും വിഡ്ഢിത്തപൂർണ്ണവുമായ ഒരു തറവേല)! ജനം കൂട്ടത്തോടെ ചിരിച്ചുകുഴഞ്ഞ് കയ്യടിക്കുന്നു.. ഏമാൻ പുഞ്ചിരിയോടെ വിളിച്ചുപറയുന്നു, “Order.. Order”. എന്ത് ഓഡറാണാവോ, ‘Odour’ എന്നായിരിക്കുമോ അയാൾ ഉദ്ദേശിക്കുന്നത്!
ഈ കഥ കേട്ടിട്ട് എന്തുതോന്നുന്നു?
പച്ചക്കള്ളമായിരിക്കാമെന്ന്, അല്ലേ?!

അങ്ങനെയല്ല. റെയ്പ് കേസുകളിൽ ‘ഇൻ ക്യാമറ’ (അടച്ചിട്ട മുറിയിൽ) വിചാരണ വേണമെന്നും അവിടെ അത്യാവശ്യമുള്ളത്ര ആളുകളേ പാടുള്ളൂ എന്നും ഇരയ്ക്ക് അപമാനമുണ്ടാക്കുന്ന ചോദ്യങ്ങൾ പാടില്ലെന്നും മറ്റുമുള്ള പരിഷ്കൃത നിബന്ധനകൾ നിലവിൽവന്നത് പിൽക്കാലത്തു മാത്രമാണ്!
എന്നാൽ ഉന്നതന്മാർ പ്രതികളായ സ്ത്രീപീഡക്കേസുകളിൽ ഈ പോസ്റ്റിൻ്റെ തുടക്കത്തിൽക്കണ്ടതരം പ്രാകൃതവും മനുഷ്യത്വഹീനവുമായ വിചാരണകൾ അരങ്ങേറുന്ന ഒരിടം ഇന്നും ഈ ആധുനികലോകത്തുണ്ട്.. അത് നമ്മുടെ സാക്ഷര-ജനകീയ-നവോത്ഥാന കേരളംതന്നെയാണ്! ‘സ്വപ്നതുല്യമായ ഇക്കിളിവാർത്ത’കളുടെ കുത്തൊഴുക്കിനിടെ നമ്മുടെ വെടിവിഴുങ്ങി മീഡിയ തീരെ പ്രാധാന്യംകൊടുക്കാതെ downplay ചെയ്ത ചില വാർത്തകളുണ്ട്. നടിയെ സൂപ്പർസ്റ്റാറായ ഒരു സൂപ്പർക്രിമിനൽ ക്വൊട്ടേഷൻ റെയ്പ്പിന് ഇരയാക്കിയ കേസ് ഇഴഞ്ഞുനീങ്ങുന്ന കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതിയിൽനിന്നുമുള്ള വിശേഷങ്ങൾ അക്കൂട്ടത്തിൽപ്പെടുന്നു.

നടിയുടെ ഇൻ-ക്യാമറ ക്രോസ്സിംഗിൽ ബഹു: വനിതാ ജഡ്ജി കോടതിമുറിക്കുള്ളിൽ പ്രതിയുടെ 20 വക്കീൽമാരെയാണ് അനുവദിച്ചത്. പ്രകൃതിവിരുദ്ധ പീഡനമടക്കമുള്ള കാര്യങ്ങളെപ്പറ്റി കേട്ടാലറയ്ക്കുന്ന ചോദ്യപരമ്പരകളുമായിട്ടായിരുന്നു കോട്ടിട്ട 20 കാട്ടുനായ്ക്കൾ അവളെ ആ കോടതിമുറിയിലിട്ട് വിചാരണപീഡനം നടത്തിയത്. ബഹു:വനിതാന്യായാധിപ ഇതിന് അരുനിൽക്കാൻ തയ്യാറായി. അതുമാത്രമല്ല, തുടക്കംമുതൽ പീഡകൻ്റെ ക്വൊട്ടേഷൻ സംഘത്തിലെ മറ്റൊരംഗത്തെപ്പോലെയാണത്രെ ചിലരുടെ പെരുമാറ്റം! പീഡനദൃശ്യങ്ങൾ പ്രതിക്ക് കൈമാറുന്നതിനും പ്രോസിക്യൂഷൻ സാക്ഷികളെ പരമാവധി കഷ്ടപ്പെടുത്തുന്നതിനും കേസ് പ്രതിക്കനുകൂലമാക്കുന്നതിനുമുള്ള ശ്രമങ്ങൾ അവിശ്വസനീയമായ തരത്തിൽ മുന്നേറുന്നു. കേസ് ഈ കോടതിയിൽനിന്ന് മാറ്റിക്കിട്ടണമെന്ന ആവശ്യവുമായി ഇരയ്ക്ക് മേൽക്കോടതിയെ സമീപിക്കേണ്ടി വന്നിരിക്കുന്നു!

സമാനമാണ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ കന്യാസ്ത്രീ പീഡനക്കേസിൻ്റെ അവസ്ഥയും. കോട്ടയത്തെ അഡീഷണൽ സെഷൻസ് കോടതിയിൽ പ്രതിഭാഗം വക്കിൽപ്പടയുടെ കൊത്തിപ്പറിക്കൽ സഹിക്കാനാവാതെ ഇര പൊട്ടിക്കരഞ്ഞുപോവുകയുണ്ടായി. അവിടെയും ബഹു:കോടതി കാഴ്ചക്കാരൻ്റെ റോളിലായിരുന്നു!ഇപ്പറഞ്ഞ രണ്ടുകേസുകൾക്കും സമാനതകളുണ്ട്. നാവിൽ പൊന്നുകെട്ടിയ ഒരു പ്രമാണിയാണത്രെ രണ്ട് ബലാൽസംഗവീരന്മാരുടെയും വക്കീൽ. ഇരു പീഡകർക്കും അത്യുന്നതങ്ങളിൽ പിടിപാടുണ്ട്, എല്ലാ കക്ഷികളിലും പെട്ട ചില MLA-മാർ.. MP-മാർ.. A.M.M.A.. ‘BOSS’.. തിരുസഭ.. ചാനൽ ലിസാഡ്മാർ..!
ആറുപതിറ്റാണ്ടുമുമ്പത്തെ ആ പഴയ ചൊല്ലിന് നമുക്കൊരു പാരഡിയുണ്ടാക്കാം.. “ആയിരം കോടിയും നേതാക്കളുമുണ്ടെങ്കിൽ ആരെയും റെയ്പാമേ രാമനാരായണാ..”!