ഫാഷിസം സംഘപരിവാറിന് മാത്രമുള്ള ഒരു സൂക്കേടല്ല, അത് മോദിയുടെ മാത്രം വീട്ടുപേരും അല്ല

221

M N Karassery

ഫാഷിസം നരേന്ദ്ര മോദിയുടെ വീട്ടുപേരാണ് എന്ന നിലയിലാണ് ഇപ്പോള്‍ കൂടുതലും ഉപയോഗിക്കുന്നത്. ഫാഷിസം സംഘപരിവാറിന് മാത്രമുള്ള ഒരു സൂക്കേട് അല്ല. ഫാഷിസത്തിന്റെ ഒരു പരിഭാഷ സര്‍വാധിപത്യം എന്നാണ്. അല്ലെങ്കില്‍ ഏകാധിപത്യം എന്നാണ്. അതായത് ഒരു നിലപാടിനേ അല്ലെങ്കില്‍ ഒരു ആദര്‍ശത്തിന് മാത്രമേ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉള്ളൂവെന്നും മറ്റാര്‍ക്കും അതില്ലായെന്നും പറയുന്നതാണ് ഫാഷിസം.

ഹിന്ദുത്വ രാഷ്ട്രീയം ഫാഷിസം ആണെങ്കില്‍ ഇസ്ലാമിക രാഷ്ട്രീയവും ഫാഷിസമാണ്. കാരണം ഒരു രാജ്യം ഹിന്ദു രാജ്യം ആണ് എന്ന് പറയുന്നതുപോലെ അപകടകരമാണ് ഇസ്‌ലാമിക രാജ്യമാണ് എന്ന് പറയുന്നതും. എന്താണ് കാരണം? അവിടെ ജനാധിപത്യം ഉണ്ടാവില്ല.

ജനാധിപത്യം എന്ന് പറഞ്ഞാല്‍ ആര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം എന്നാണ്. പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ല എന്ന് പറഞ്ഞാല്‍ അത് ഫാഷിസമാണ്. അത് കമ്മ്യൂണിസ്റ്റുകാര്‍ക്കും ഉണ്ട്. അതുകൊണ്ടാണ് ടി.പി ചന്ദ്രശേഖരനെ അവര്‍ കൊന്നത്. അത് ഫാഷിസമാണ്. പാര്‍ട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സി.പി.ഐ.എം സക്കറിയയെ ആക്രമിക്കുന്നതും സി.ആര്‍ നീലകണ്ഠന്റെ കാല് തല്ലിയൊടിച്ചതും ഫാഷിസമാണ്.

ചേകന്നൂര്‍ മൗലവിയെ കൊന്നത് ഫാഷിസമാണ്. ദാദ്രിയില്‍ മുഹമ്മദ് അഹ്‌ലാഖിനെ തല്ലിക്കൊന്നതും ഫാഷിസമാണ്. ഇപ്പോള്‍ ജയലളിത- അവര്‍ മരിച്ചുപോയി, എങ്കിലും പറയുകയാണ് അവരുടെ മുന്‍പില്‍ ആരും ഇരിക്കാന്‍ പാടില്ല, അവരെ വിമര്‍ശിക്കാന്‍ പാടില്ല, വിമര്‍ശനാതീതരാണ് തങ്ങള്‍ എന്ന ഭാവം അതും ഫാഷിസമാണ്.

തന്നെ പരിഹസിച്ച കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ കോളേജ് പ്രൊഫസ്സറെ പുറത്താക്കിയ മമത ബാനര്‍ജിയുടെ നടപടിയും ഫാഷിസമാണ്. ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ആദര്‍ശം എന്ന് പറയുന്നത് ആര്‍ക്കും ആരെയും വിമര്‍ശിക്കാം എന്ന സ്വാതന്ത്ര്യമാണ്. ആ അടിസ്ഥാന അവകാശം നിഷേധിക്കുന്നത് ഫാഷിസമാണ്.