ഇന്ന് LIC, നാളെ ഇന്ത്യൻ റെയിൽവേ, ഓരോ പൊതുമേഖലാ സ്ഥാപനവും വിറ്റു തുലയ്ക്കുമ്പോൾ അവിടെ നിന്ന് കുടിയിറക്കപ്പെടുന്നത് അതിലെ 50 % വരുന്ന പിന്നോക്ക ദളിത് ആദിവാസി വിഭാഗങ്ങളാണ്

246

M R Anilkumar എഴുതുന്നു

ബാബറി സ്ജിദ് പൊളിക്കുന്നതിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്ത ആളാണ് മുൻ ആർ എസ് എസുകാരനായ പ്രധാനമന്ത്രി നരസിംഹറാവു. ബാബറി മസ്ജിദ് ഹിന്ദുക്കൾക്ക് ആരാധനക്കായി 1986-ൽ രാജീവ് ഗാന്ധി തുറന്നു കൊടുത്തതിനു പിന്നിലെ ഉപദേശകനും ഈ മുൻ ആർ എസ് എസുകാരനായിരുന്നു എന്നു വേണം കരുതാൻ. ഇന്ത്യയിൽ സ്വകാര്യവത്കരണത്തിനും പൊതുമേഖല വിറ്റുതുലയ്ക്കുന്നതിനും നെഹ്റുവിന്റെ സകല നിർമ്മിതികളും – സെക്യുലറിസം അടക്കം – പൊളിച്ചടുക്കുന്നതിനും നേതൃത്വം കൊടുത്ത ഒരു കപട കോൺഗ്രസുകാരനായിരുന്നു നരസിംഹറാവു. ഒരു നവ ലിബറൽ അമേരിക്കൻ ഏജന്റ് എന്നു നിസംശയം പറയാം. അതു കൊണ്ടു തന്നെ പത്ര മാധ്യമങ്ങൾക്കും വാർത്താ ചാനലുകൾക്കും ഏറ്റവും പ്രിയപ്പെട്ടവനായ പ്രധാനമന്ത്രിയായിരുന്നു.

അയാൾ ലോകബാങ്ക് ആസ്ഥാനത്തു നിന്ന് ഇറക്കുമതി ചെയ്ത മറ്റൊരു ഏജന്റായ മന്മോഹൻ സിങ്ങും മൂപ്പരും ചേർന്ന് കഴിഞ്ഞ 30 വർഷം കൊണ്ട് ഇന്ത്യയെ വികസിപ്പിച്ചതിന്റെ വമ്പൻ കണക്കുകൾ നമ്മൾ പലവട്ടം കേട്ട് കോരിത്തരിച്ചതാണ്. എങ്കിലും ഇപ്പഴും കോരിത്തരിപ്പിന് ഒരു കുറവും ഇല്ല. റാവു ഉണ്ടാക്കിയതും മന്മോഹൻ ഉണ്ടാക്കിയതും ആയ നവലിബറൽ ഇന്ത്യൻ സ്വർഗം മോദി വന്ന് അട്ടിമറിച്ചതാണ് എന്ന നുണ മിക്ക ദേശീയ മാധ്യമങ്ങളും ഇടയ്ക്കിടയ്ക്ക് പൊടിപ്പും തൊങ്ങലും വെച്ച് തട്ടിവിടാറുണ്ട്. നിർമ്മല മാറി മന്മോഹൻ വന്നാൽ എല്ലാം ശരിയാവും എന്നു വിചാരിക്കുന്ന ഉത്തമ കോൺഗ്രസുകാരും ബുദ്ധിജീവികൾ പോലും ഉണ്ട്. !

വാസ്തവം എന്താണ്?

ഇന്ത്യ വളരെ സ്ലോ ആൻഡ് സ്റ്റെഡി ആയി വളർന്നു കൊണ്ടിരുന്ന ഒരു സമ്പദ് വ്യവസ്ഥയായിരുന്നു 90 കൾ വരെ. ഒരു തരം elephant walk in economic development എന്നു പറയാം. കുതിപ്പുകളില്ല, കിതപ്പുകളുമില്ല. ദരിദ്രനും സമ്പന്നനും തമ്മിലുള്ള അന്തരം കൂടിക്കൂടി വന്നിരുന്നെങ്കിലും ഭാവിയെ വലിയ പ്രതീക്ഷകൾ ഉല്പാദിപ്പിക്കാൻ അക്കാലത്ത് ഇന്ത്യക്ക് കഴിഞ്ഞു. ഇതിനെ തകർക്കാൻ വേണ്ടി ഇന്ത്യയിൽ അടിത്തട്ട് മുതൽ തീവ്രവാദ – വിഘടനവാദ ഗ്രൂപ്പുകളെ ഫണ്ടിങ്ങ് നടത്തി വളർത്തിക്കൊണ്ടുവരികയാണ് അമേരിക്ക അടക്കമുള്ള ലോകബാങ്ക് സപ്പോർട്ടഡ് ശക്തികൾ . വിഘടന – തീവ്രവാദങ്ങളെ തുടർന്ന് ആഭ്യന്തര ഉല്പാദനവും സാമ്പത്തിക വളർച്ചയും പ്രതിസന്ധിയിലാക്കിയ ഇന്ത്യ തൊഴിലില്ലായ്മയിലേക്കും കൂപ്പുകുത്തി. ഇങ്ങനെ അന്താരാഷ്ട്ര തലത്തിൽ ഡിസൈൻ ചെയ്തെടുത്ത ഇന്ത്യൻ പ്രതിസന്ധിക്കുള്ള മാന്ത്രിക പരിഹാരമായിട്ടാണ് ഇന്ദിരാഗാന്ധി ലോകബാങ്ക് വായ്പയിൽ അഭയം തേടിയത്. ആ വായ്പാ നയങ്ങളുടെ ട്രാപ്പിൽ പെട്ടാണ് ഇന്ദിരയുടെ സോഷ്യലിസം മുഞ്ഞി കുത്തിവീണത്. ഇന്ത്യൻ സാമ്പത്തിക തകർച്ചക്ക് മേല്പറഞ്ഞ രണ്ട് കാരണങ്ങളായിരുന്നു ഉണ്ടായിരുന്നത്. അവയെ ഉപയോഗിച്ച് ഇന്ത്യയെ ലോക മുതലാളിമാർക്കുള്ള ചൂഷണത്തിനായി തുറന്നിടപ്പെട്ടു.

ഇന്ത്യൻ മുതലാളിമാരും ബഹുരാഷ്ട്രകോർപ്പറേറ്റുകളും ചേർന്ന് ഇവിടുത്തെ സമ്പത്ത് മുഴുവൻ അടിച്ചുമാറ്റി. അതുണ്ടാക്കിയ സാമ്പത്തിക തകർച്ചകളെ മറച്ചു വെക്കാൻ ഓരോ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലച്ചു. സ്വർണം അടക്കമുള്ള കരുതലുകൾ വിറ്റു തുലച്ചു. റിസർവ് നിക്ഷേപം മുഴുവൻ എടുത്തു തിന്നു. പൊതുമേഖലാ ബാങ്കുകൾ കൊള്ളയടിച്ചു. ഇടത്തരക്കാരുടെ സമ്പത്ത് മുഴുവൻ നോട്ട് നിരോധനത്തിലൂടെ കൊള്ളയടിച്ചു. GST യിലൂടെ ടാക്സ് കൊള്ള നടത്തി. പെട്രോൾ- ഡീസൽ വില വർദ്ധനയിലൂടെ ഓരോ സാധാരണക്കാരന്റെയും കീശ കൊള്ളയടിച്ച് കോടികൾ സ്വന്തമാക്കി.

എന്നിട്ട് എല്ലാം ഇക്കണോമിക് ലിബറലിസത്തിന്റെ മേന്മയാണെന്ന് മേനി നടിച്ച് നമ്മളെ പറ്റിക്കുന്നു. പുതിയ ബഡ്ജറ്റിലടക്കം ! പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലച്ചു കൊണ്ടാണ് ഇതുവരെ ഇക്കണോമിക് ലിബറലിസത്തെ വിജയിപ്പിച്ചു കൊണ്ടിരുന്നത്. ഇന്ന് LIC, നാളെ ഇന്ത്യൻ റെയിൽവേ. ഓരോ പൊതുമേഖലാ സ്ഥാപനവും വിറ്റു തുലയ്ക്കുമ്പോൾ അവിടെ നിന്ന് കുടിയിറക്കപ്പെടുന്നത് അതിലെ 50 % വരുന്ന പിന്നോക്ക ദളിത് ആദിവാസി വിഭാഗങ്ങളാണ്. അവരെ ദരിദ്രവത്കരിച്ച് വഴിയാധാരമാക്കുക എന്നതാണ് ആത്യന്തികമായ ഇന്ത്യൻ ഉപരിവർഗത്തിന്റെ മറ്റൊരു വർഗ താല്പര്യം.