ഷിത്തോറിൻ്റെ ലേഖനം പിൻവലിപ്പിച്ച “സംഘടിത” തിയ്യപ്രമാണിമാരും കേരളത്തെ നാരായണ ഗുരുവിൽ നിന്നും പിന്നിലേക്ക് നടത്തി അന്ധകാര യുഗത്തിലേക്ക് നയിക്കുകയാണ്

144

M. R. Anilkumar 

പി. ആർ. ഷിത്തോർ ചന്ദ്രികയിൽ എഴുതിയ ചരിത്ര ലേഖനത്തിനെതിരെ എസ്.എൻ ഡി പി യോഗം എന്ന ” പിന്നോക്ക ” വിഭാഗ സംഘടനയും തിയ്യ മഹാസഭ എന്ന “സംഘ”ടനയും നടത്തിയ സാംസ്കാരികാക്രമണത്തെ തുടർന്ന് തിയ്യരും ഹിന്ദുവൽക്കരണവും എന്ന ലേഖനം ഷിത്തോർ മാഷ് പിൻവലിച്ച വിവരം വേദനയോടെയാണ് ഉൾക്കൊണ്ടത്.കേരളത്തിലെ ദളിത്- പിന്നോക്ക ഹിന്ദുക്കളെ മുഴുവൻ ഹിന്ദുത്വവത്കരിച്ച് കവിയണിയിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ ലേഖനം അവരുടെ രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്ന ഒന്നാണ്. 1916 – ൽ ഗുരു രാജി വെച്ചു പോയ SNDP എന്ന ജാതി സംഘടനയുടെ നേതാക്കളെല്ലാം NDA എന്ന രാഷ്ട്രീയ മുന്നണിയുടെ വാലിൽ തൂങ്ങി നടക്കുന്ന ഇക്കാലത്ത് അവരിൽ നിന്ന് സംയമനമോ ചരിത്രബോധമോ പ്രതീക്ഷിക്കുക വയ്യ. സംഘ പരിവാറിൻ്റെ കളിപ്പാവകൾ എന്ന നിലയിലുള്ള ചില ഈഴവ- തിയ്യ പ്രമാണിമാരുടെ ഇത്തരം അഹന്തയെ സഹിക്കേണ്ട ഗതികേട് കേരളത്തിലെ അക്കാദമിക സമൂഹത്തിനും മതേതര- ജാത്യേതര സമൂഹത്തിനും ഇല്ല. ചരിത്രമെഴുത്തിലെ തെറ്റുകളേയും പക്ഷപാതങ്ങളെയും നേരിടേണ്ടത്.മറുപടി ലേഖനങ്ങൾ എഴുതിക്കൊണ്ടാണ്. കയ്യൂക്ക് കൊണ്ടും കൂക്കിവിളികൊണ്ടും ഭീഷണി കൊണ്ടും വിവരക്കേട് കൊണ്ടും അല്ല.നിർഭാഗ്യവശാൽ ഈ “സംഘ”ടിത രാഷ്ട്രീയ വിഭാഗത്തിന് തലയിൽ ആൾപ്പാർപ്പില്ലാത്തതിനാൽ ഇങ്ങനെ ഒക്കെയേ പ്രതികരിക്കാൻ കഴിയുന്നുള്ളു.ഈ സാംസ്കാരികാക്രമണത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നു.ലേഖനം പിൻവലിക്കാൻ പാടില്ലായിരുന്നു. അത് അക്കാദമിക സമൂ ഹത്തിൻ്റെ പിൻമാറ്റത്തെ മാത്രമേ സൂചിപ്പിക്കുന്നുള്ളു.
മാതൃഭൂമിയിയിൽ നിന്ന് മീശ പിൻവലിപ്പിച്ച ചങ്ങനാശ്ശേരി പ്രമാണിമാരും ചന്ദ്രികയിൽ നിന്ന് ഷിത്തോറിൻ്റെ ലേഖനം പിൻവലിപ്പിച്ച ” സംഘടിത ” തിയ്യപ്രമാണിമാരും കേരളത്തെ നാരായണ ഗുരുവിൽ നിന്നും പിന്നിലേക്ക് നടത്തി അന്ധകാര യുഗത്തിലേക്ക് നയിക്കുകയാണ്.