ലിംഗം പച്ചക്ക് മുറിച്ച് മാറ്റുകയായിരുന്നു അന്ന് നടന്നിരുന്നത്, മരിച്ചവരെ രാത്രി കുഴിവെട്ടി മൂടിക്കളയും

0
1281

അനന്യകുമാരി അലക്സ് എന്ന ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റീവിസ്റ്റിന്റെ മരണത്തോടെ ഏറെ ചര്‍ച്ചായാവുന്ന ഒന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലെ വിഷമതകള്‍. പക്ഷേ ഇന്ന് അനുഭവിച്ചതിന്റെ നൂറിരട്ടിയാണ് പഴയ ട്രാന്‍സ്ജെന്‍ഡര്‍ തലമുറക്ക് പറയാനുള്ളത്.

എം റിജു

ട്രാന്‍സ് ജെന്‍ഡര്‍ ആക്റ്റീവിസ്റ്റ് അനന്യ അലക്സിന്റെ മരണത്തോടെ ലിംഗമാറ്റ ശസ്ത്രക്രിയയിലെ പ്രശ്നങ്ങള്‍ വ്യാപകമായി ചര്‍ച്ചയാവുന്ന സമയമാണ്. എന്നാല്‍ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ ലിംഗം നേരിട്ട് ഛേദിക്കുന്ന രീതി ഇന്ന് തമിഴ് നാട്ടിലടക്കം പലയിടുത്തും നിലനില്‍ക്കുന്നുണ്ട്. ആശുപത്രി വഴി നടക്കുന്ന ലിംഗമാറ്റ ശസ്ത്രക്രിയകള്‍  വ്യാപകമായിട്ട് വെറും പത്തുവര്‍ഷം മാത്രമേ ആയിട്ടുള്ളുവെന്നാണ് ട്രാന്‍സ് ജെന്‍ഡര്‍ ആക്റ്റീവിസ്റ്റുകള്‍ പറയുന്നത്. അതിനുമുമ്പ് വരെ തമിഴ്‌നാട്ടിലെ കൂവാഗത്തും, ബ്ലാംഗ്ലൂരിലുമൊക്കെയുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ കേന്ദ്രങ്ങളില്‍ അര്‍ധരാത്രി ചില മതപരമായ ചടങ്ങുകളോടെ കത്തികൊണ്ട് ലിംഗം അറത്തുമാറ്റുകയാണത്രേ.

തമിഴ്നാട്ടില്‍ ഇന്നും ലിംഗഛേദം സാധാരണം

ഇത്തരം അവസ്ഥക്ക് വിധേയായ ഒരു ട്രാന്‍സ് യുവതി ലോഗിന്‍ കേരളയോട് ഇങ്ങനെ പറയുന്നു. ‘പച്ചക്ക് മുറിച്ച് മാറ്റുകയായിരുന്നു അന്ന് നടന്നിരുന്നത്. ഇങ്ങനെ മരിച്ചവരുണ്ട്. അവരെ രാത്രി കുഴിവെട്ടി മൂടിക്കളയും. വലിയ വാദ്യഘോഷങ്ങളോടെയൊക്കെയാണ് ലിംഗം മുറിക്കുന്ന ചടങ്ങ് നടക്കാറുള്ളത്. എണ്ണ തിളപ്പിച്ച് ഒഴിച്ച് മൂര്‍ച്ചയുള്ള കത്തികൊണ്ടാണ് മുറിക്കുന്നത്. കത്തി തുടര്‍ച്ചായി മൂര്‍ച്ചകൂട്ടും. ആ മൂര്‍ച്ചകൂട്ടലില്‍ തന്നെ ഒറ്റ വീശും കഴിയും.നാടന്‍ കത്തിയാണ് ഉപയോഗിക്കാറ്.  മുറിവില്‍  ചുണ്ണാമ്പ് ഇലയും മഞ്ഞള്‍പ്പൊടിയും ഇടും. കറുത്ത റിബ്ബണ്‍ കെട്ടി ഒരു മണിക്കൂറോളം നടത്തിക്കും. ചിലര്‍ രക്ഷപ്പെടും. ചിലര്‍ മരിക്കും. അന്ന് ഹോര്‍മോണ്‍ ചികിത്സയൊന്നുമില്ല. ആ അവസ്ഥയില്‍ നിന്ന് നാം എത്രമാറിയെന്ന് ഓര്‍ക്കുക’.

Villupuram's Koovagam festival in pictures: A celebration of transgender identity- The New Indian Express

തമിഴ്‌നാട്ടില്‍ ഇന്നും പലയിടത്തും ആശുപത്രികളെ ആശ്രയിക്കാതെയുള്ള ലിംഗചേദം നടക്കുന്നുണ്ട്. പണമില്ലാത്തവരും ഈ രീതിയാണ് പിന്തുടരാറുള്ളത്. ട്രാന്‍സുകള്‍ക്കിടയിലെ പരിചയസമ്പന്നയായ മുതിര്‍ന്നൊരാളാണ് മുറിച്ചു മാറ്റല്‍ നടത്തുന്നത്. ഇതിനെ ‘തായാമ്മ നിര്‍വാണം’ എന്നാണ് പറയുന്നത്. തായാമ്മ നിര്‍വാണം ചെയ്തവര്‍ക്ക് ട്രാന്‍സ് സമൂഹത്തില്‍ കൂടുതല്‍ പരിഗണനയുണ്ട്.

Villupuram's Koovagam festival in pictures: A celebration of transgender identity- The New Indian Express

തായാമ്മ നിര്‍വാണത്തില്‍ മാനസികമായി തയാറെടുപ്പിനു ശേഷം ഒരു തേങ്ങ ഉടയ്ക്കും. തേങ്ങ കൃത്യം രണ്ടായി മുറിഞ്ഞാല്‍ ശുഭമായി കരുതി ലിംഗം മുറിക്കാനുളള തയാറെടുപ്പുകള്‍ തുടങ്ങും. ഭക്തി നിറഞ്ഞ അന്തരീക്ഷത്തില്‍ പാലില്‍ മുക്കി തിളപ്പിച്ചു ശുദ്ധി വരുത്തിയ കത്തി ഉപയോഗിച്ച് തായാമ്മ ലിംഗഛേദം നടത്തും. മുറിവുണങ്ങാനായി പച്ചമരുന്നുകളും മറ്റും പ്രയോഗിക്കും. ഇങ്ങനെ നാല്‍പതുനാള്‍ വിശ്രമം. തുടര്‍ന്നു കൂടുതല്‍ സ്ത്രൈണതയോടെ ട്രാന്‍സ് വുമണ്‍ ജീവിതമായി അവര്‍ മാറും. പക്ഷേ, തായാമ്മ നിര്‍വാണത്തില്‍ രക്തസ്രാവമോ അണുബാധകളോ വന്നു മരിച്ചു പോകാനുളള സാധ്യത ഏറെയാണ്. അതിനാലാവാം അതിനെ അതിജീവിച്ചെത്തുന്നവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

ആണുടലില്‍നിന്ന് മോചിപ്പിക്കുന്ന ജല്‍സ

തുടര്‍ന്നാണ് ജല്‍സ എന്ന ചടങ്ങ് നടക്കുന്നത്. പണ്ട് ഇതിലൂടെയായിരുന്നു ഒരു ലിംഗമാറ്റം ചടങ്ങ് പൂര്‍ത്തിയായിരുന്നത്.  ജല്‍സ ചെയ്യുന്നതിലൂടെ തന്റെ പഴയ ജീവിതത്തേയും ശരീരത്തേയും എന്നന്നേക്കുമായി ഉപേക്ഷിച്ച് പുതിയ ജന്മം സ്വീകരിക്കുന്നതിനെയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ആണുടലിനുള്ളില്‍ കുടുങ്ങിപ്പോയ പെണ്‍ മനസ്സിനെ മോചിപ്പിക്കുന്നതിലൂടെ ജല്‍സ പൂര്‍ത്തിയാവുന്നു.

ജൽസ' മലപ്പുറം ജില്ലയിൽ ആദ്യമായി തിരൂരിൽ; അപൂർവ ചടങ്ങ് | മലപ്പുറം വാർത്തകൾ | Malappuram News | കൊറോണ | കോവിഡ് | തിരഞ്ഞെടുപ്പ് വാർത്തകൾ ...

പെണ്ണായി മാനസികമായും ശാരീരികമായും നടക്കുന്ന മാറ്റങ്ങള്‍ക്ക് ശേഷം ആണ് ജല്‍സ നടത്തുന്നത്. ശസ്ത്രക്രിയക്ക് ശേഷം പതിനൊന്നാം ദിവസം’ തണ്ണി’ എന്നൊരു ചടങ്ങ് നിലനില്‍ക്കുന്നുണ്ട്. അതിന് വേണ്ടി ആദ്യം ശസ്ത്രക്രിയക്ക് വിധേയയായ വ്യക്തിയെ ചൂടുവെള്ളത്തില്‍ കുളിപ്പിക്കുന്നു. അതിന് ശേഷം ഒരു റൂമില്‍ ഇരുത്തുന്നു. ആ സമയത്ത് ആണുങ്ങളുടെ മുഖം കാണരുത്. ദൈവങ്ങളുടെ ചിത്രം പോലും നോക്കരുത്. കണ്ണാടി നോക്കരുത്, ഫോണ്‍ പോലും ഉപയോഗിക്കാന്‍ പാടില്ല. മാത്രമല്ല ദൈവങ്ങളുടെ ചിത്രത്തിലെല്ലാം ചുണ്ണാമ്പ് തേച്ച് മൂടി വെക്കുകയും ചെയ്യുന്നു.

21-ാമത്തെ ദിവസം വീണ്ടും കുളിപ്പിക്കുന്നു. അതിനായി മഞ്ഞള്‍ തേച്ച് മുടി കൊണ്ട കെട്ടി സ്ത്രീകളുടേത് പോലെ മുലക്കച്ച കെട്ടിയാണ് കുളിക്കുന്നത്. ആദ്യമായി ഒരു പെണ്‍കുട്ടി ഋതുമതിയാവുന്ന സമയത്ത് നടത്തുന്ന ചടങ്ങുകളെല്ലാം ഇവരും അനുഷ്ഠിക്കുന്നു. മാത്രമല്ല ശസ്ത്രക്രിയക്ക് ശേഷമുള്ള മുറിവുണങ്ങുന്നതിന് വേണ്ടി അല്‍പം നാടന്‍ പൊടിക്കൈകളും ഇവര്‍ നടത്തുന്നു. അരിയാഹാരം കഴിക്കാതിരിക്കുകയും ചെയ്യുന്നു.

ട്രാൻസ്‌ജൻഡർസ് ജൽസ പൂജ |Transgenders Jalsa pooja - YouTube

വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും വളരെയധികം കഷ്ടപ്പാടുകള്‍ സഹിച്ചായിരിക്കും ഓരോ വ്യക്തിയും തന്റെ  സ്വത്വം തിരഞ്ഞെത്തുന്നത്. അതുകൊണ്ട് തന്നെ ശസ്ത്രക്രിയക്ക് ശേഷം തനിക്ക് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഒരുബോധം ഉണ്ടാക്കിയെടുക്കുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഈ ദിവസങ്ങള്‍ സഹായിക്കുന്നു. കണ്ണാടി വിലക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് നല്ല ഒരു മാനസികാവസ്ഥയും ആലോചിക്കുന്നതിനുള്ള കഴിവും ഉണ്ടാക്കിയെടുക്കുക എന്നതാണെന്നാണ് ഇവര്‍ പറയുന്നത്.

നാല്‍പ്പത്തി ഒന്നാം ദിവസം ആണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. രാത്രിയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇത് പുലര്‍ച്ചെ വരെ നീളുന്നു. ‘ജല്‍സ’ എന്ന് പറയുന്നത് ഇവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആഘോഷമാണ്. ആട്ടവും പാട്ടും കൊണ്ട് വളരെയധികം ആഘോഷരാവായിരിക്കും ഇവര്‍ക്ക് അന്നത്തെ ദിവസം. ക്ഷണിക്കപ്പെട്ട അതിഥികളും എല്ലാം ഈ ദിവസം സ്നേഹസമ്മാനങ്ങളുമായി ഇവര്‍ക്കരികിലേക്കെത്തുന്നു.

Neha turns woman as Thrikkandiyur cheers | Kozhikode News - Times of India

പച്ച നിറമുള്ള വസ്ത്രമാണ് അന്നേ ദിവസം ഇവര്‍ ധരിക്കുക. പച്ച ബ്ലൗസും പച്ച സാരിയും ധരിത്ത് പൂമാല കഴുത്തിലിട്ട് തലയില്‍ പാല്‍ക്കുടം വെച്ച് കണ്ണുകെട്ടി നദിക്കരയിലേക്കോ കടല്‍ക്കരയിലോക്കോ പോവുന്നു. നദിക്കരയിലെത്തി പുറകോട്ട് തിരിഞ്ഞ് നിന്ന് പാല്‍ക്കുടം നദിയില്‍ ഒഴുക്കുന്നു. പിന്നീട് പ്രാര്‍ത്ഥിച്ച ശേഷം ദേവീദര്‍ശനം നടത്തുകയും മുഖം കണ്ണാടിയില്‍ നോക്കുകയും ചെയ്യുന്നു. ഈ ചടങ്ങ് പൂര്‍ത്തിയാകുന്നതോടെ ശാരീരികമായും മാനസികമായും താന്‍ സ്ത്രീയെന്ന പൂര്‍ണതയിലേക്ക് എത്തി എന്നാണ് ഓരോ
ട്രാന്‍സ് ജെന്‍ഡറുകളുടെയും വിശ്വാസം.

ഒരു ടേബിളില്‍വെച്ച് മുറിച്ച് തുന്നിക്കെട്ടി

എന്നാല്‍ ഈ ആധുനിക കാലത്തും ആശുപത്രികളില്‍നിന്ന് പലര്‍ക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. ട്രാന്‍സ് ജെന്‍ഡറുകളില്‍നിന്ന് ഉയര്‍ന്നുവന്ന വനിതാ സംരംഭകയായ തൃപ്തി ഹൃതിക് പങ്കുവെക്കുന്ന അനുഭവങ്ങളൊക്കെ ഭീതി ജനകമാണ്. ‘എന്റെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് 2015ല്‍ ബംഗളൂരുവിലെ എന്നൂര് ക്രോസ് ആശുപത്രിയില്‍ വച്ചായിരുന്നു. ശസ്ത്രക്രിയക്ക് വിധേയയാക്കും മുമ്പ് യാതൊരു പരിശോധനകളും നടന്നില്ല. എച്ച്.ഐ.വി ടെസ്റ്റ് മാത്രം നടത്തി. ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഉണ്ടായിരുന്നെങ്കിലും അവിടെ വെച്ചല്ല ശസ്ത്രക്രിയ നടത്തിയത്. ഒരു റൂമില്‍ ഒരു ടേബിളില്‍ കിടത്തി. അവിടെ ഒരു കത്രികയും തൂന്നിക്കെട്ടാനുള്ള സൂചിയും നൂലുമാത്രമാണുണ്ടായിരുന്നു. സാധാരണ അനസ്തേഷ്യ നല്‍കാറുണ്ടെന്നു കേട്ടിരുന്നു. ഇവിടെ അതൊന്നും ഉണ്ടായില്ല.’- അവര്‍ പറയുന്നു.

Meet Thripthi Shetty a transgender businesswoman, model and actress - LIFESTYLE TODAY NEWS

മറ്റുസുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാഞ്ഞിട്ടും ഓപ്പറേഷന് മുമ്പില്‍ പതറാതിരുന്നത്  ശാരീരികമായി പെണ്ണാവണം എന്ന തീവ്ര ആഗ്രഹം കൊണ്ടുമാത്രം. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മൂത്രം തടസപ്പെട്ടു. അവസാനം കമ്പിവെച്ച് തുളച്ച് മൂത്രം പോകാന്‍ കുഴലിട്ടുവെന്നും ഇന്നും വേദന മറക്കാനാവാതെ തൃപ്തി പറയുന്നു.

ഓപ്പറേഷന്‍ കഴിഞ്ഞ ഉടന്‍ വീട്ടിലേക്ക് പറഞ്ഞ് വിടുകയും ചെയ്തു. 40 ദിവസത്തെ വിശ്രമവും 41-ാം ദിവസം ആഘോഷ പൂര്‍വ്വമായ ജല്‍സയും കഴിഞ്ഞെങ്കിലും 42-ാം ദിവസം മൂത്രം തടസപ്പെട്ടു. ആശുപത്രിയില്‍ എത്തിയെങ്കിലും കമ്പിവെച്ച് തുളച്ചാണ് മൂത്രം പോകാന്‍ കുഴലിട്ടത്. പ്രശ്നം അവിടംകൊണ്ടും തീര്‍ന്നില്ല. പണം അടച്ച് തീര്‍ക്കാന്‍ വേണ്ടി ഈകുഴലും താങ്ങിയാണ് ദിവസങ്ങളോളം ജീവിക്കാന്‍ പണംകണ്ടെത്താനായി ഇറങ്ങിയതെന്നും സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സംരംഭക കൂടിയായ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

trans couple hrithik tripthi shetty: നന്ദു നിങ്ങളുടെ കുഞ്ഞാണോ; അവസാനം ദുഖിക്കരുതെന്നും അഭിപ്രായം; മറുപടിയുമായി ഹൃത്വിക്! - Samayam Malayalam

ഇന്ന് കാര്യങ്ങള്‍ എത്രയോ മുന്നോട്ട്പോയിട്ടുണ്ട്. പക്ഷേ അപകട സാധ്യത ഇപ്പോഴുമുണ്ടെന്ന് അനന്യകുമാരി അലക്സുമാരുടെ ജീവിതം ഓര്‍മ്മിപ്പിക്കുന്നു.

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ

അവര്‍ക്ക് ഉള്ളതുമായി ജീവിച്ചാല്‍പോരെ, എന്തിനാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നത് എന്നൊക്കെ ചോദിക്കുന്നവരുണ്ട്. എതിര്‍ലിംഗശരീരത്തോട് മനസ്സു നടത്തുന്ന സംഘര്‍ഷം അവസാനിപ്പിക്കാനുളള ഒരു  ട്രാന്‍സ് ജെന്‍ഡറിന്റെ
ഒരേ ഒരു ശ്രമമാണ് ലിംഗമാറ്റ ശസ്ത്രക്രിയ. യൂറോളജിയും ഗൈനക്കോളജിയും റീകണ്‍സ്ട്രക്ഷന്‍ ശസ്ത്രക്രിയാ വിഭാഗങ്ങളുമൊക്കെ യോജിച്ചു പ്രവര്‍ത്തിക്കേണ്ട ഒരു മേഖലയാണിത്. അതീവ സങ്കീര്‍ണ്ണമായ ഒന്ന്.

ആണായി മാറാനും പെണ്ണായി മാറാനുമുളള രണ്ടുതരം ശസ്ത്രക്രിയകളാണ് നടക്കുന്നത്. രണ്ടു വര്‍ഷം നീളുന്ന കൗണ്‍സിലിങ്ങിലൂടെ ശസ്ത്രക്രിയകളുടെ സങ്കീര്‍ണതകള്‍ ബോധ്യപ്പെടുത്തുകയും പുതിയ ലിംഗത്തില്‍പ്പെട്ട ശരീരം സ്വീകരിക്കാന്‍ പ്രാപ്തമാക്കിയതിനും ശേഷമേ ശസ്ത്രക്രിയയ്ക്ക് മുതിരൂ. 18 വയസ്സ് കഴിയുകയും വേണം. ആണ്‍ ശരീരമുളള പെണ്‍ട്രാന്‍സ്ജെന്‍ഡറിന് ലിംഗവും വൃഷണങ്ങളും നീക്കം ചെയ്ത് യോനി രൂപപ്പെടുത്തുകയാണ് ശസ്ത്രക്രിയയുടെ പ്രധാന ലക്ഷ്യം. സെക്സില്‍ ഏര്‍പ്പെടാന്‍ യോഗ്യമായ വിധത്തിലുളള യോനി രൂപപ്പെടുത്താനാകും. ഒപ്പം സ്തനത്തിന്റെ സ്വാഭാവിക സ്വഭാവം നല്‍കുന്ന കൃത്രിമ വസ്തുക്കളുപയോഗിച്ച് സ്തനങ്ങളും രൂപപ്പെടുത്തുന്നു. മുലക്കണ്ണും ഏരിയോളയുമൊക്കെ നിര്‍മിച്ചെടുക്കാം.

Pin on Nursing

പെണ്ണിന് ആണാകാനുളള ശസ്ത്രക്രിയയില്‍ സ്തനങ്ങള്‍ നീക്കം ചെയ്യുകയും ലിംഗം വെച്ചുപിടിപ്പിക്കുകയുമാണ് ഇതില്‍ നടക്കുന്നത്. പലപ്പോഴും കാലിന്റെ തുടയില്‍നിന്നാണ് ലംഗത്തിന് വേണ്ട മാംസം എടുക്കുന്നത്.ശസ്ത്രക്രിയയെ തുടര്‍ന്ന് വിപുലമായ ഹോര്‍മോണ്‍ ചികിത്സകളും വേണ്ടിവരും. പുരുഷന് രോമ വളര്‍ച്ചയും ലിംഗാനുസൃതമായ ശബ്ദമാറ്റവും ഇതിനെ തുടര്‍ന്നുണ്ടാകും. സ്ത്രീകളില്‍ സ്തനവളര്‍ച്ചയും അരക്കെട്ടിന്റെ വികാസവും ഉണ്ടാകാം. പക്ഷേ പ്രത്യുത്പാദനശേഷി ഉണ്ടാവില്ല.

ഇത്രയും സങ്കീര്‍ണ്ണമാണെന്ന് അറിഞ്ഞിട്ടും ട്രാന്‍സ് ജെന്‍ഡറുകള്‍ ഇത് തെരഞ്ഞെടുക്കുന്നത് എങ്ങനെയങ്കിലും തങ്ങളുടെ സ്വത്വം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി മാത്രമാണ്. അത് മനസ്സിലാക്കാതെ അവരെ അപഹസിക്കുന്ന് വളരെ മോശം പ്രവണതയാണ്.