എം.എസ്. വിനോദ്
ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ് ജീത്തു ജോസഫ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ സിനിമയാണ് മൈ ബോസ്. ദൃശ്യം ഒന്നും രണ്ടുമെല്ലാം നമുക്ക് സമ്മാനിച്ച ജീത്തു ജോസഫ് എന്ന സംവിധായകനെ പത്ത് പേര് അറിയാൻ തുടങ്ങിയത് സത്യത്തിൽ ഈ മൈ ബോസ് എന്ന സിനിമയിൽക്കൂടിയാണ്. അതിന് മുമ്പ് ഒന്നോ രണ്ടോ സിനിമ ജീത്തു ജോസഫ് സംവിധാനം ചെയ്തു. എന്നാൽ അതൊന്നും ഈ ആൾബഹളത്തിൽ സ്വയം അടയാളപ്പെടുത്താൻ പറ്റുന്ന പരിശ്രമങ്ങൾ ആയിരുന്നില്ല.പത്ത് വർഷമായി കുടുംബസദസിനെ രസിപ്പിച്ചു നിലനിൽക്കുന്ന സിനിമയാണ് മൈ ബോസ്.
2009 ൽ പുറത്തിറങ്ങിയ”ദ പ്രപ്പോസൽ” എന്ന ഹോളിവുഡ് സിനിമയുടെ കഥ മലയാളത്തിലേക്ക് പകർത്തി എഴുതിയതാണ് മൈ ബോസ് എന്ന സിനിമ. എന്നാൽ ഒരു ഹോളിവുഡ് സിനിമയായി ഒരിടത്തും തോന്നിപ്പിക്കാതെ ഒരു പാതിനിറയെ കുട്ടനാടൻ സൗന്ദര്യവും മറുപാതിയിൽ മുംബൈ അഴകും കൂടി അരച്ചു ചേർത്തു പുരട്ടി അതിനെ മലയാളീകരിച്ചു വിജയിപ്പിക്കാൻ ജീത്തു ജോസഫിന് കഴിഞ്ഞു.
കോമഡിയും ഫാമിലി ഡ്രാമയും ഒത്തുചേരുന്ന സിനിമയിൽ ദിലീപ്, മംത മോഹൻദാസ് എന്നിവരുടെ കോമ്പിനേഷൻ പിന്നീട് ഒരു ഹിറ്റ് മേക്കിങ് ഘടകമായി മാറി. അവരൊരുമിച്ചു പിന്നീട് അഭിനയിച്ച ടു കൺഡ്രീസ് എന്ന സിനിമയും ഹിറ്റ് ആയിമാറാൻ ഈ മൈ ബോസ് സഹായിച്ചു എന്നു പറയാം. മലയാളത്തിലെ പ്രണയ ആൽബങ്ങളുടെ പൊന്നുതമ്പുരാൻ എന്ന് വിശേഷിപ്പിക്കുന്ന ഈസ്റ്റ് കോസ്റ്റ് വിജയൻ ആണ് നിർമാണം എന്നതുകൊണ്ട് നല്ല ചില്ലറ ഗാനങ്ങൾ ഈ സിനിമയിലുണ്ട്.
ഞാൻ ഈ സിനിമയുടെ വിശേഷം പറഞ്ഞു നിങ്ങളെ ബോറടിപ്പിക്കാൻ വന്നതല്ല ഞാൻ. നിങ്ങളിൽ പലരും അത് രണ്ടോ മൂന്നോ തവണ കണ്ടിരിക്കും. പറയാൻ വന്നത് മറ്റൊരു കാര്യമാണ്.അത് പറഞ്ഞു ഒറ്റവാക്കിൽ പറഞ്ഞു കഴിഞ്ഞു. പിന്നെ ഒരു കാര്യം കൂടി. മൈ ബോസ് എന്ന സിനിമയിൽ എല്ലാ കഥാപാത്രങ്ങളും നമ്മളെ ഒരുവിധം രസിപ്പിക്കുന്നുണ്ട്. എങ്കിലും കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്ന കഥാപാത്രത്തെ നിങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ആരെപ്പറ്റിയും ഇല്ലാത്തത് എന്തും പറയാൻ ഒരു മടിയില്ലാത്ത അലി എന്ന കഥാപാത്രമാണ് ഷാജോൺ അവതരിപ്പിക്കുന്നത്. ആൾ ഒരു പരോപകാരിയും നിഷ്കളങ്കനുമെല്ലാം ആണെങ്കിലും ഈ പരദൂഷണം പറച്ചിൽ ഒരു സുഖമാണ്.
മംത മോഹൻദാസും അവരുടെ കൂട്ടുകാരി ജ്യോതിയും കൂടി നഗരത്തിലെ ഒരു ഫ്ളറ്റിൽ ആണ് താമസം. അവരെ പറ്റി നമ്മുടെ ഷാജോൺ കൈകാര്യം ചെയ്യുന്ന അലി എന്ന കഥാപാത്രം പറയുന്നത് ശ്രദ്ധിക്കുക.
” രണ്ടും പെഴയാ…ഒരു പ്ലാറ്റ് എടുത്തു രണ്ടും കൂടി ആണ് താമസം.അവിടെ പലരും വന്നുപോകുന്നുണ്ട്….”
തുടർന്ന് ഷാജോൺ പറയുന്ന കാര്യങ്ങൾ എല്ലാം കേട്ട് ദിലീപിന്റെ മനു എന്ന കഥാപാത്രം തരിച്ചിരുന്നു പോകുന്നു. അതൊന്നും വിശ്വസിക്കാൻ പക്ഷേ മനുവിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഷാജോൺ പറയുന്നത് മനു തിരുത്താൻ ശ്രമിച്ചു.
“ഏയ്…അവർ അങ്ങനെയൊന്നും ഉള്ള ഒരാൾ ആണെന്ന് എനിക്ക് തോന്നുന്നില്ല…” എന്നു പറഞ്ഞു മനു ഷാജോണിനെ അല്പം ശാസിച്ചു. തന്റെ പ്രകടനം മനുവിന് ഇഷ്ടമായില്ല എന്ന് മനസ്സിലാക്കിയ ഷാജോൺ തടിതപ്പാൻ വേണ്ടി പറയുന്ന ഒരു ഡയലോഗ് ഉണ്ട്…
” അതൊന്നും എനിക്ക് അറിയില്ല…എന്നാൽ ഇങ്ങനെ എന്തെങ്കിലുമൊക്കെ പറയുമ്പഴാണ് എന്റെ മനസിനൊരു സന്തോഷം… ഞാൻ എന്റെ സന്തോഷം നോക്കിയാൽ പോരെ…”
സിനിമ കണ്ടിറങ്ങിയാലും അലിയുടെ ഈ ഡയലോഗ് ഓർത്തു ജനം പലതവണ ചിരിക്കാറുണ്ട്. ഈ അലിയെപോലെ ചിലർ നമുക്കിടയിലുമുണ്ട്. ഒരു സത്യവുമില്ലെങ്കിലും ഇതുപോലെ പത്ത് പരദൂഷണം പറയുന്നത് അവർക്ക് ഒരു സന്തോഷമാണ്. കയ്യിൽ കിട്ടിയാൽ കരണക്കുറ്റി നോക്കി രണ്ട് കൊടുക്കണം എന്നൊക്കെ നമുക്ക് തോന്നും. അപ്പോഴാണ് ഈ ഡയലോഗ് നമ്മൾ ഓർക്കുന്നത്.
“ഇങ്ങനെ എന്തെങ്കിലുമൊക്കെ പറയുമ്പഴാണ് എന്റെ മനസിനൊരു സന്തോഷം…”
അതേ…അതാണ് അവരുടെ സന്തോഷമെങ്കിൽ നമ്മളായി എന്തിന് ആ സന്തോഷം നശിപ്പിക്കണം. വെറുതെ കൈ മിനക്കെടുത്തണ്ട. നന്നാകില്ല ആ പാവങ്ങൾ…അല്ലേ.