ചിഹ്നങ്ങളിൽ കൂടി ജനങ്ങളിൽ അടിത്തറ ഉണ്ടാക്കുക ഫാസിസത്തിന്റെ മനഃശാസ്ത്രമാണ്, രഞ്ജിത്തും അത് നിർവഹിച്ചു

70

സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്ത് ഇടതുപക്ഷ സ്ഥാനാര്ഥിയാകുമ്പോൾ അയാളുടെ സിനിമകളെ കീറിമുറിച്ചു ചർച്ച ചെയ്ത പുരോഗമന ഇടങ്ങൾ എങ്ങനെ പ്രതികരിക്കും എന്നത് ചർച്ചാ വിഷയമായിട്ടുണ്ട്. M Sudheesh Kumar-ന്റെ ഫേസ്ബുക് കുറിപ്പ് വായിക്കാം

**

രഞ്ജിത്ത് കോഴിക്കോട് നിന്നും ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.ഫാസിസത്തിന് ഒരു ചിഹ്ന മനശാസ്ത്രമുണ്ട്. ചിഹ്നങ്ങളിൽ കൂടിയാണ് അത് ജനങ്ങളിൽ അടിത്തറ ഉണ്ടാക്കുക എന്നുള്ളത് ഫാസിസത്തെ കുറിച്ചുള്ള ഒരു പഠനമാണ്.ബാബറി മസ്ജിദ് തകർക്കുന്നതിനുമുമ്പ് അദ്വാനിയുടെ രഥയാത്രയ്ക്ക് രഥം എന്ന ചിഹ്നത്തെ തന്നെ ഉപയോഗിച്ചത് ഹിന്ദു മനസ്സുകളിൽ രഥം എന്ന ചിഹ്നത്തിലുള്ള മതപരമായ സ്വാധീനത്തിൻ്റെ സാധ്യതയെ എങ്ങനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താം എന്ന പരീക്ഷണമായിരുന്നു. അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം താമരയായതും യാദൃശ്ചികമല്ല.

May be an image of 1 personത്രിശൂലവും ശംഖും ഓങ്കാരവുമൊക്കെ അവരുടെ വേദികളിലും നോട്ടീസ്ബോർഡുകളിലും പതിപ്പിക്കുന്നത് ചിഹ്നങ്ങളെ ജനകീയ വൽകരിച്ചുകൊണ്ട് മതബോധത്തെ സൃഷ്ടിക്കാമെന്നും അതിൽ കൂടി മതധ്രുവീകരണം നടത്താമെന്നുമുള്ള ബോധപൂർവ്വമായ തന്ത്രമാണ്. അത്തരത്തിൽ ഉത്തരേന്ത്യൻ മനസ്സുകളിൽ മതചിഹ്നങ്ങളെ ജനകീയ വൽക്കരിച്ച് ഹിന്ദുത്വ ധ്രുവീകരണം നടത്തിയതിൽ രാമാനന്ദ് സാഗറിൻ്റെ രാമായണം എന്ന ടെലിസീരിയൽ വഹിച്ച പ്രതിലോമകരമായ പങ്കിനെ ഇന്ത്യയിലെ ബിജെപിയുടെ വളർച്ചയെ കുറിച്ച് പഠിക്കുന്ന എല്ലാ നിരീക്ഷണങ്ങളും ഒരുപോലെ പങ്കുവെക്കുന്നുണ്ട്.

May be an image of 1 person, standing and outdoorsഅത്തരത്തിൽ കേരളത്തിലെ പൊതു ഇടതുപക്ഷ ബോധത്തിന് മുകളിൽ ഹിന്ദുത്വ ചിഹ്നങ്ങളിൽ കൂടി ഒരു സവർണ്ണ ഹിന്ദു മനോഭാവം സൃഷ്ടിക്കുന്നതിൽ രഞ്ജിത്തിൻ്റെ സിനിമകൾ വഹിച്ച പങ്ക് ആർക്കും നിഷേധിക്കാൻ കഴിയുന്നതല്ല.നീലകണ്ഠനും ജഗന്നാഥനും ഇന്ദുചൂഡനും കാശിനാഥനുമൊക്കെ നിറഞ്ഞാടിയ ഓരോ ഫ്രെയിമുകളിലും അത്തരം ചിഹ്നങ്ങളുടെ ബോധപൂർവ്വമായ കൂട്ടിച്ചേർക്കലുകൾ നമുക്ക് കാണുവാൻ കഴിയും.അതിൽ കൂടി കേരളീയ മനസ്സുകളിൽ ചെറിയതോതിലെങ്കിലും ഒരു സവർണഹിന്ദുത്വ മനോഭാവം സൃഷ്ടിക്കുന്നതിൽ രഞ്ജിത് സിനിമകൾ വഹിച്ച പങ്ക് എന്ന പാപകറയിൽ നിന്നും അത്ര പെട്ടന്നൊന്നും അദ്ദേഹത്തിന് രക്ഷപ്പെടുവാൻ കഴിയുകയില്ല.

ഇന്ന് നിങ്ങൾ ഏത് ആശയത്തെ ഏത് രാഷ്ട്രീയത്തെ നേരിടുവാനാണോ ഇലക്ഷനിൽ മത്സരിക്കുന്നത്,ആ രാഷ്ട്രീയത്തെ, ആ ആശയത്തെ കേരളീയ മനസുകളിൽ കുത്തിനിറച്ച് അവരെയൊക്കെ ഒരു അര സംഘിയാക്കുന്നതിൽ നിങ്ങളുടെ സിനിമകൾ വഹിച്ച പരോക്ഷമായ പങ്കിനെ വിസ്മരിക്കാൻ കഴിയുന്നതല്ല.