അന്നേ പറഞ്ഞിരുന്നു, നിവർന്നു നിൽക്കാൻ തുടങ്ങുമ്പോൾ നാം അയാളെ തള്ളിപ്പറയുമെന്ന്

2419

എം സുകുമാരൻ ലാൽ

അന്നേ പറഞ്ഞിരുന്നു. ഈ കോവിഡ് കാലം നാം നിവർന്നു നിൽക്കാൻ തുടങ്ങുമ്പോൾ നാം അയാളെ തള്ളിപ്പറയുമെന്ന്! മലയാളി വൈറസ് തന്റെ ആ പെരുമ ഒട്ടും തെറ്റിച്ചില്ല. ഓർമ്മയുണ്ടോ വെളിച്ചമുണ്ടായിട്ടും നാം വിറങ്ങലിച്ചു നിന്ന ഇരുൾ മൂടിയ പകലുകൾ ? സ്കൂൾ വിട്ടുവന്ന കുഞ്ഞുങ്ങളെ അന്ന് മുതൽ നെഞ്ചിൽ ചേർത്ത് ചിറകിൽ ഒതുക്കി കൂട്ടിൽ കഴിഞ്ഞ നാളുകൾ. പട്ടിണിയുടെ കടം കഥകളില്ലാതെ ഒരു ദുരന്തകാലത്തിലും ജീവിക്കാമെന്ന് നമ്മെ പ്രചോദിപ്പിച്ച അയാൾ തന്ന സായാഹ്നങ്ങൾ. കാസർകോഡ് സ്പ്രെഡ് ചെയ്ത കണക്കുവെച്ചു കേരളം തീർന്നെന്നു നാം വീട്ടിലിരുന്നു ഞെട്ടിയപ്പോഴും തലകുനിച്ചു സന്ധ്യയ്ക്കു നമ്മുടെ മുന്നിൽ തുറന്ന സ്‌ക്രീനിൽ ഇരുന്ന് അയാൾ തന്ന ധൈര്യത്തിൽ നാം നെഞ്ചു വിരിച്ചിരുന്നു. വെറും കോവിഡ് പ്രതിരോധം മാത്രമായിരുന്നില്ല അയാളുടെ വഴിയിൽ ഉണ്ടായിരുന്നത്. മനുഷ്യന്റെ മുതൽ പക്ഷികളുടെയും ജീവജാലങ്ങളുടെയും വിശപ്പിനേയും കുറിച്ച് അയാൾ പറഞ്ഞപ്പോൾ മാത്രം നാം പരസ്പരം നോക്കി. ലോകം മുഴുവൻ അയാളെ ആദരവോടെ കോവിഡിന്റെ പോരാട്ടവീഥിയിലെ ക്യാപ്റ്റൻ ആയി പുകഴ്ത്തിയപ്പോളും അയാൾ പതിവുപോലെ തലയല്പം താഴ്ത്തി സന്ധ്യകളിൽ നമ്മുടെ വീട്ടിലെ മുതിർന്നയാളുടെ സ്നേഹവും കരുതലും തന്നു പോയി.

കൊച്ചുകേരളം ചുമച്ചും പനിച്ചും കരയുമ്പോൾ അയാൾ ജീവിതകാലം മുഴുവൻ എതിർത്തവർക്കു മുൻപിൽ പോലും വിട്ടുവീഴ്ചയോടെ നമുക്കുവേണ്ടി കാത്തുനിന്നു. തെരുവിൽ കിടന്നിരുന്ന അനാഥജീവിതങ്ങൾ, രോഗികൾ, ആലംബമില്ലാത്തവർ.. അവർക്ക് വയറെരിയാതെ കിടക്കാൻ ഷെൽട്ടർ ഒരുക്കുമെന്നയാൾ വൈകുന്നേരങ്ങളിൽ നമ്മോടു പറഞ്ഞു. തെരുവ് തെണ്ടികൾ എന്ന് ഇന്നലെകളിൽ വിളിക്കപെട്ടവർ ഇന്ന് തെരുവുകൾക്കന്യമായിരിക്കുന്നു. ലോകവും ഇതരസംസ്ഥാനങ്ങളും പകച്ചുനിൽകുമ്പോൾ ഇക്കൊച്ചു കേരളം ഇങ്ങിനെയിന്ന് കൂട്ടത്തിൽ തലയുയർത്തി പാതിവിജയം കൊണ്ടുനില്കുന്നുവെങ്കിൽ അതിനു ഒരുപാടുത്തരങ്ങൾക്കിടയിൽ ആരാലും നിഷേധിക്കാനാകാത്ത ആദ്യത്തെ ഉത്തരം അയാളാണ്. അസാമാന്യമായ മനക്കരുത്തോടെ, പക്വതയോടെ കോവിഡിനെ പ്രതിരോധിക്കുകയും ജനങ്ങളിൽ വിശ്വാസം സന്നിവേശിപ്പിക്കുകയും ചെയ്ത ഇന്ത്യയിലെ പകരം വയ്ക്കാനില്ലാത്ത ഒരേയൊരു മുഖ്യമന്ത്രി സഖാവ് വിജയൻ!

ഇന്നയാൾ സുപ്രധാനഘട്ടം പിന്നിടുമ്പോൾ നാം കൂട്ടിൽ നിന്നിറങ്ങിതുടങ്ങിയപ്പോൾ ഇത് വരെ മാളങ്ങളിൽ ഒളിച്ചിരുന്ന പഴയകാല കൊള്ളക്കാർ കരുതി വെച്ച കത്തികൾക്കു മൂർച്ച കൂട്ടിയിറങ്ങിയിരിക്കുന്നു. നമ്മെ കൊലയ്ക്കു കൊടുക്കാൻ ഉപദേശിച്ചവർ കോവിഡിനെ പിണറായിയും കേരളജനതയും പടി പാതിയിലേറെ കടത്തിവിട്ട ധൈര്യത്തിൽ പിണറായിയെ തള്ളിപ്പറഞ്ഞുല്ലസിക്കുകയാണ്. പക്ഷെ, അയാൾ പറഞ്ഞു കഴിഞ്ഞു. കോവിഡ് കാലം പോലും ടെലികോമഡിയാക്കുന്ന പ്രതിപക്ഷ മരപ്പാഴുകളോട്, മറുപടിയ്ക്കു മുൻപ്, ഇനി അടുത്ത ഘട്ടം പ്രവാസികളുടെ പ്രശ്നങ്ങൾ പെയ്യാമഴയായി നിൽക്കുന്നുണ്ട്. വരാൻ പോകുന്നവർക്കുള്ള ഷെൽട്ടറുകൾ. കോവിഡ് പൂർണ നിർമാർജ്ജനം. അതെ ഇനിയും മുഖ്യനും കൂട്ടരും കൃത്യനിർവഹണത്തിലാണ്. ഏത് രാത്രിയിലും ഉണർന്നിരിക്കുന്ന കേരളം. അതിന്റെ അമരക്കാരനാണയാൾ. പട്ടികൾ കുരയ്ക്കട്ടെ, കേരളം മുന്നോട്ടു തന്നെ !