ക്രിമിനലുകളെ നിലക്ക് നിർത്തുക
M. Thankachan Joseph
“ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്’ എന്നാണ് നമ്മുടെ നിയമ വ്യവസ്തയുടെ പ്രധാന പ്രതിഫലനം. എന്നാൽ ഈ പഴുതിലൂടെ കുറ്റവാളികൾ പലരും രക്ഷപെട്ടു പോകുന്നുണ്ടെങ്കിലും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും പീഡിക്കപ്പെടുകയും ചെയ്യുമ്പോൾ അത് അവരുടെ മാത്രം വേദനയല്ല അതൊരു നാടിന്റെ തന്നെ മനസ്സാക്ഷിയുടെ വേദനയായി മാറുന്നു. അതാണ് ഇപ്പോൾ കേരളത്തിൽ വിവാദമായിരിക്കുന്ന കൊല്ലം കിളികൊല്ലൂരിലെ രണ്ടു നിരപരാധികളായ യുവാക്കൾക്കെതിരെ നടന്ന,പോലീസിന്റെ കിരാതമായ പീഡനങ്ങൾ.
അന്ന് സ്റ്റേഷൻ പരിധിയിൽ പിടികൂടിയ ഏതോ പ്രതികൾക്കു വേണ്ടി ജാമ്യമെടുക്കുവാൻ ഒരു പൊതു പ്രവർത്തകൻ കൂടിയായ വിഘ്നേഷിനെ പോലീസ്, സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അവിടെ വെച്ച് വിവരം അറിഞ്ഞ വിഘ്നേഷ് ജാമ്യം നിൽക്കുവാൻ വിസമ്മതിക്കുകയും അതിന്റെ പേരിൽ പോലീസുമായി തർക്കമുണ്ടാകുകയും തുടർന്ന് അവനെ അന്വോഷിച്ച് വന്ന സൈനികനും ജേഷ്ഠനുമായ വിഷ്ണു ഇതേക്കുറിച്ചു ചോദ്യം ചെയ്തുവെന്ന കാരണത്താൽ രണ്ടുപേരെയും പോലീസ് സ്റ്റേഷൻ ആക്രമണമെന്ന കേസും ചുമത്തി ലോക്കപ്പിലിട്ടു ക്രൂരമായി മർദ്ദിച്ചു എന്നാണ് യുവാക്കളുടെ ആരോപണം. അതിക്രൂരമായി മർദിച്ചതിന്റെയും കൈകാലുകൾ അടിച്ചു പൊട്ടിച്ചതിന്റെയും ഫോട്ടോകോപ്പികളും അവർ സൂക്ഷിക്കുന്നു.
വിഘ്നേഷിന്റെ ശാരീരികനില ഇന്നും നേരെ ആയിട്ടില്ലന്നു പറയപ്പെടുന്നു.മക്കളെ നല്ല രീതിയിൽ പൊന്നുപോലെ നോക്കിയ ഒരമ്മയുടെ രണ്ട് ആണ്മക്കളെയും നിഷ്ടൂരമായി കേസിൽ കുടുക്കുകയും അക്രമത്തിന് വിധേയരാക്കുകയും ചെയ്തപ്പോൾ അവിടെ പൊലിഞ്ഞു വീണത്, മൂന്ന് ജീവിതങ്ങളുടെ നിരവധി സ്വപ്നങ്ങളാണ്. സൈനികനായ വിഷ്ണുവിന്റെ വിവാഹം, സഹോദരൻ വിഘ്നേഷിന്റെ ജോലി, നല്ലൊരമ്മയുടെ പ്രതീക്ഷകൾ എന്നിവയൊക്കെ ഒറ്റദിവസം കൊണ്ട് തകർന്നടിഞ്ഞു.
ഈ സംഭവത്തിന്റെ വാർത്ത കേട്ടപ്പോൾ എന്റെ മനസ്സിലേക്ക് വന്നത്, തമിഴ് നടൻ ശരത്കുമാർ നായകനായ ഒരു പഴയ സിനിമയാണ്.അതിൽ ഒരു സൈനികനായ നായകൻ പട്ടാളത്തിൽ നിന്നും ലീവിന് വീട്ടിലേക്ക് വരുംവഴിയിൽ, പെൺവേട്ടക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും ഒരു സാധുപെൺകുട്ടിയെ രക്ഷിക്കുകയും തുടർന്ന് ആ പോലീസ് ഉദ്യോഗസ്ഥന്റെ രോഷപ്രകാരം സൈനികനെ കള്ളക്കേസിൽ കുടുക്കി സെല്ലിൽ ഇടുകയും മർദിക്കുവാൻ ഒരുങ്ങുന്നതുമാണ് രംഗം. നായകനായത് കൊണ്ട് അയാൾ ആ പൊലീസ്റ്റേഷൻ അടിച്ചു നിരപ്പാക്കി ആ ഉദ്യോഗസ്ഥനേയും നിലംപരിശാക്കി അവിടെ നിന്നും രക്ഷപ്പെടുന്നു. ഇത് സിനിമയാണ്.
എന്നാൽ കൊല്ലത്തെ ഈ നിരപരാധികളുടെ ജീവിതത്തിൽ സംഭവിച്ചത് സിനിമയുടെ തിരക്കഥകളെയും വെല്ലുന്നതാണ്.ലോക്കപ്പിൽ കിടക്കുന്ന ഒരു പ്രതിക്ക് ജാമ്യത്തിന് വേണ്ടി അവിടെ ചെന്നപ്പോൾ അതേ കേസിലെ പ്രതിയാവുകയും,സ്റ്റേഷൻ ആക്രമിച്ചുവെന്ന കേസിലെ പ്രതിയാകുന്നതും എങ്ങിനെയാണ്?
പൊലീസെന്നാൽ ആരെയും, എവിടെ വെച്ചും, എപ്പോൾ വേണമെങ്കിലും,ഏതുകേസിലും പ്രതിയാക്കാമെന്നാണോ!!?
രാജ്യത്തെ പൗരന്മാരെയും മാതൃരാജ്യത്തെയുംകാക്കുന്ന ഒരു സൈനികനോട് ഇത്രയും ക്രൂരതകാട്ടാനാകുന്നത് സുബോധമുള്ളവർക്ക് കഴിയുന്നതാണോ! രാജ്യം കാക്കുന്ന ഒരു സൈനികന് ഒന്നോരണ്ടോ പോലീസിൽ നിന്നും ആദരവ് കിട്ടിയില്ലെങ്കിൽ സഹിക്കാം.എന്നാൽ പോലീസിൽ നിന്നും അനീതിയും മർദ്ദനവുമാണ് കിട്ടുന്നതെങ്കിൽ അവിടെ നിന്നും സാധാരണക്കാർക്ക് ലഭിക്കുന്ന അവസ്ഥ ഒന്നോർത്തു പോകുന്നു. നിരപരാധികളെ പിടിച്ചു കൊണ്ടുപോയി ഇടിച്ചു പിഴിഞ്ഞ് ഒരു പകരം കൃത്രിമ പ്രതിയെ ഉണ്ടാക്കുന്ന രീതിയും അതിനു വേണ്ടി ഉരുട്ടുന്നതിനിടയിൽ മരിച്ചു പോകുന്നതും, ചില തെളിവുകളെ മായ്ച്ചു കളയുന്നതും, അതിനു വേണ്ടി ഏതറ്റംവരെയും പോകുന്നതുമായ കാര്യങ്ങൾ അനവധി മുമ്പ് പുറത്തു വന്നിട്ടുണ്ട്. അവയൊക്കെ ഇന്ന് കാലഹരണപ്പെട്ടു കൊണ്ടിരിക്കുകയാണെന്നു ചില മൂഢന്മാർ ഇന്നും മനസ്സിലാക്കുന്നില്ല.
ഇന്ന് ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരത്തിൽ ഓരോ സംഭവങ്ങളുടെയും സത്യം ഓരോ ജനത്തിന്റെയും കണ്മുനയിൽ ഉണ്ടെന്നത് പോലീസും മനസ്സിലാക്കേണ്ടതുണ്ട്.മാമ്പഴം മോഷ്ടിച്ച പോലീസുകാരനേയും നമ്മൾ കണ്ടു കഴിഞ്ഞു. പട്ടാളക്കാരുടെ കഷ്ടതകളും വിഷമങ്ങളും എത്രത്തോളമെന്ന് വിരമിച്ച പട്ടാൽക്കാരോടൊപ്പമുള്ള എന്റെ ജോലിസമയത്ത് മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. രാജ്യം സുഖമായി ഉറങ്ങുമ്പോൾ മനസ്സും ശരീരവും തണുത്തുറയുന്ന കൊടും തണുപ്പിൽ കൊടുമുടിയുടെ മുകളിൽ കണ്ണിമപൂട്ടാതെ തോക്കും പിടിച്ചിരിക്കേണ്ടവനാണ് സൈനികൻ.
വിവാഹം കഴിഞ്ഞു മധുവിധുവിന്റെ മധുരം തീരുംമുമ്പേ പട്ടാളക്ക്യാമ്പിലേക്കും ശത്രുമുഖത്തേക്കും പോകുവാൻ വിധിക്കപ്പെട്ടവൻ. വീട്ടിൽ നിന്നും സ്വന്തം ക്യാമ്പിലേക്ക് മടങ്ങുമ്പോൾ സ്വന്തം കുഞ്ഞിനെയോ,ഭാര്യയെയോ കുടുംബക്കാരെയോ ജീവനോടെ ഇനിയും ഒരു നോക്ക് കാണേനാകുമെന്ന് യാതൊരു ഉറപ്പുമില്ലാത്തവൻ.മാതൃരാജ്യത്തിനു വേണ്ടി ശത്രുവിന്റെ ഏതെങ്കിലും ഒരു ബുള്ളറ്റിനാൽ എപ്പോൾ വേണമെങ്കിലും ഈ ശ്വാസം നിലച്ചു പോകാമെന്നറിയുന്ന ഓരോ സൈനികനും, സ്വന്തംമാതൃരാജ്യത്തിന് സമർപ്പിതമാണ് അവന്റെ ജീവനും ജീവിതവും.ഇക്കാര്യങ്ങളൊക്കെ സാധാരണ പൗരൻമാർക്കും ബോധ്യമുള്ളത്കൊണ്ടാണ് ഞാനുൾപ്പെടെയുള്ള പൗരസമൂഹം സൈനികരെ എന്നും ആദരവോടെ നോക്കിക്കാണുന്നത്.
അല്ലാതെ സൈനികന്റെ ജീവിതംചാവാലിപ്പട്ടികളായ ചില ക്രിമിനലുകൾക്ക് നിരങ്ങാനുള്ളതല്ല. സമർത്ഥരായ എത്രോയോ പോലീസുകാർക്കും സേനക്കും അപമാനമാണ് ഇതുപോലുള്ള സംഭവങ്ങൾ.അതിനാൽ ഇത്തരം സംഭങ്ങളുടെ തുടർച്ച ആഭ്യന്തരവകുപ്പ് തടയുക തന്നെ വേണം. ഈ യുവാക്കളുടെ ആരോപണങ്ങൾ തികച്ചും ശരിതന്നെയെങ്കിൽ ആ സൈനികനോടും സഹോദരനോടും എന്തുകൊണ്ട് ഇത്തരമൊരു ക്രൂരത കാണിച്ചുവെന്ന് അന്വേഷിക്കുകയും മറ്റുള്ളവർക്കും മാതൃകയായി ആർജവത്തോടെ നടപടികൾ കൈകൊള്ളുവാനും ആഭ്യന്തരവകുപ്പിന് കഴിയട്ടെ,സർക്കാർ വകുപ്പുകളിലുള്ള ക്രിമിനലുകളെ നിലയ്ക്ക് നിർത്തുവാൻ സർക്കാരി