ഏതൊരു മഹദ് വ്യക്തിയേയും ഒരുനിമിഷം കൊണ്ട് വിഡ്ഢിത്തം പറയുന്ന നിലയിലേക്കെത്തിക്കുന്ന എന്തുതരം മന്ത്രമാണ് ബി ജെ പിക്കുള്ളത് ?

72

‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’

(സംവിധായകൻ എം എ നിഷാദിന്റെ കുറിപ്പ്)

മെട്രോമാൻ എന്നറിയപ്പെടുന്ന ഇ ശ്രീധരൻ ബി ജെ പിയിൽ,ചേർന്നു എന്ന വാർത്ത അറിഞ്ഞപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. കാരണം,ആത്യന്തികമായി അദ്ദേഹം,ഒരു ബ്യൂറോക്രാറ്റ് ആണ്. ബ്യൂറോക്രസിയുടെ ആത്മാവ് തന്നെ അരാഷ്ട്രീയ വാദമാണ്. അപ്പോൾ സ്വാഭാവികമായ ചോദ്യം ഉയരാം. അദ്ദേഹം ചേർന്നത് ബി ജെ പിയിൽ അല്ലേ എന്ന ചോദ്യം. അതെ,ഇത്തരം ആളുകളുടെ ലാസ്റ്റ് റിസോർട്ടുകൾ ബി ജെ പി പോലെയുളള ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾ തന്നെ. ഫ്യൂഡൽ,ചിന്താഗതിയുളള ഒരു അരാഷ്ട്രീയ വാദിയായ ബ്യൂറോക്രാറ്റിന് മറിച്ചൊരു തീരുമാനം എടുക്കാൻ കഴിയില്ല.സംഘപരിവാർ രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരായി,അവർ മാറുന്നതോടെ നാളിത് വരെയുളള അവരുടെ വാക്കും പ്രവർത്തിയും തമ്മിൽ അജഗജാന്തരമാണ് എന്ന് മനസ്സിലാകും. സമീപകാലത്ത്,ബി ജെ പി പാളയത്തിൽ ചേക്കേറിയ എല്ലാ ബ്യൂറോക്രാറ്റ്സും, ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ട്.

ശ്രീ ഇ ശ്രീധരന് ഏത് പാർട്ടിയിലും ചേരാനുളള സ്വാതന്ത്ര്യമുണ്ട്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണ്. അതിനെ,ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല താനും.ബി ജെ പിയിൽ ചേർന്ന ശേഷമുളള അദ്ദേഹത്തിന്റെ ചില വാചകങ്ങൾ തന്റെ മുൻഗാമികളായി സംഘപാളയത്തിലെത്തിയ സർവ്വശ്രീ കണ്ണന്താനം, സെൻകുമാർ, ജേക്കബ് തോമസ് തുടങ്ങിയ പ്രഭുക്കളേക്കാൾ ഒട്ടും മോശമല്ല എന്ന് പറയാതെ വയ്യ. ഏതൊരു മഹത്വവൽക്കരിക്കപ്പെട്ട വ്യക്തിയേയും നിമിഷ നേരം കൊണ്ട് വിഡ്ഢിത്തം പറയുന്ന നിലയിലേക്ക് എത്തിക്കുന്ന എന്തു തരം മന്ത്രമാണ് ബി ജെ പി എന്ന പ്രസ്ഥാനത്തിനുളളതെന്ന ന്യായമായ ഒരിക്കലും ഉത്തരം കിട്ടാത്ത പ്രസക്ത ചോദ്യത്തിന് ഉത്തരം ലഭിക്കുക എന്നുളളത് ഒരു മരീചികയാണ്.ശ്രീധരൻ സാറിന്റെ കഴിവുകളെ കുറച്ച് കാണുകയല്ല. മുഖ്യമന്ത്രിയാകാനുളള അദ്ദേഹത്തിന്റെ ആഗ്രഹത്തെ ആക്ഷേപിക്കുകയുമല്ല. കുറഞ്ഞപക്ഷം ഉത്തരേന്ത്യ അല്ല കേരളം എന്ന ഒരു തിരിച്ചറിവ് അദ്ദേഹത്തിനില്ലാതെ പോയല്ലോ എന്നോർക്കുമ്പോൾ ‘ശ്രീധരന്റ്റെ ഒന്നാം തിരുമുറിവ്’ എന്നല്ലാതെ എന്ത് പറയാൻ. എല്ലാ സംഘമിത്രങ്ങൾക്കും ശ്രീധരൻ ഫാൻസ് അസോസിയേഷനും ശ്രീധരൻ സാറിനും ധ്വജ, ധ്വജര, ധ്വജന്തര പ്രണാമം.’