കഫേ കോഫീ ഡേ ഓണർ സിദ്ധാർഥ് എന്തിന് ആത്മഹത്യ ചെയ്തു

367

MA Nishad

നഗരത്തിൽ ഒരു പകൽ..കഫേ കോഫീ ഡേയിൽ..(Cafe Coffee Day).തിരുവനന്തപുരം എനിക്കെന്നും നല്ലോർമ്മകൾ നൽകിയ നഗരമാണ്.ഒരുപാട് സൗഹൃദങ്ങളും ഐശ്വര്യവും നൽകി അനുഗ്രഹിച്ച നഗരം. തിരുവനന്തപുരത്തെ പകലുകളിൽ എന്നും ചെന്നിരിക്കുന്ന ഒരു സ്ഥലമാണ് കൗഡിയാറിലെ കഫേ കോഫീ ഡേ. ഞാൻ മാത്രമല്ല എന്നെ പോലെ ചിന്തിക്കുന്ന ഒരുപാട് പേർ. മാധ്യമസുഹൃത്തുക്കൾ, സിനിമാപ്രവർത്തകർ, രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ , വിദ്യാർത്ഥികൾ അങ്ങനെ നീളും ആ പട്ടിക..ഒരു പോസിറ്റീവ് എനർജി നൽകുന്ന ഇടം.

ഇന്നലെ ആ സ്ഥാപനത്തിന്റെ ഇരുപതാം വാർഷികമായിരുന്നു…എന്റെ ഒന്ന് രണ്ട് സുഹൃത്തുക്കളെ കാത്ത് ഞാനിരിക്കുന്ന സമയം അവിടത്തെ ഒരു ജീവനക്കാരൻ എന്റെ അടുത്ത് വന്ന് കുറച്ച് നേരം സംസാരിച്ചു.അയാളുടെ സംഭാഷണം മുഴുവനും ആ സ്ഥാപനത്തിന്റെ ഉടമയായിരുന്ന അകാലത്തിൽ മരണപ്പെട്ട ( ആത്മഹത്യ ചെയ്ത ) V G സിദ്ധാർത്ഥയെ പറ്റിയായിരുന്നു. അദ്ദേഹം എന്ന മനുഷ്യത്വമുള്ള നല്ല മനുഷ്യനെ പറ്റി.

സിദ്ധാർത്ഥയെ പറ്റി പറയുമ്പോൾ അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഇംഗ്ളീഷിലും പാതി മലയാളത്തിലുമായി ചിക്കമംഗ്ളൂർക്കാരനായ ആ സുഹൃത്ത് ഒടുവിൽ പറഞ്ഞത് എന്നെ വല്ലാതെ സ്പർശിച്ചു….”സിദ്ധാർത്ഥ സർ ആത്മഹത്യ ചെയ്തതല്ല കൊന്നതാണ്. നമ്മുടെ സിസ്റ്റം (വ്യവസ്ഥിതി) അദ്ദേഹത്തെ കൊന്നു”

ഒന്നോർത്താൽ അത് ശരിയല്ലേ?. സിദ്ധാർത്ഥ എന്തിന് ആത്മഹത്യ ചെയ്തു എന്ന ചോദ്യത്തിനുളള ഉത്തരം അയാളുടെ ജീവനക്കാരന്റെ വാക്കുകളിൽ തന്നെയില്ലേ ? ചിക്കമംഗ്ളൂരിലെ പത്താം ക്ളാസ്സ് കഴിഞ്ഞ ആയിര കണക്കിന് ചെറുപ്പക്കാർക്ക് തൊഴിൽ നൽകിയ സ്ഥാപനം. സൗജന്യമായി എത്രയോ പാവപ്പെട്ടവർക്ക് ചികിത്സ നൽകിയ ആശുപത്രി സ്ഥാപിച്ച അവരുടെ സ്വന്തം ബോസിന്റെ മരണം അവരെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.

നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി നാൾക്കുനാൾ ആശങ്കയുണർത്തുന്നു എന്നുളളത് നഗ്നമായ യാഥാർഥ്യം ആണ്. വ്യവസായങ്ങൾ പൂട്ടുന്നു. അത് വഴി ആയിരങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു. പലരും നാട് വിടുന്നു. ചെറുകിടകച്ചവടക്കാർ മുതൽ വൻകിട മുതലാളിമാർ വരെ സാമ്പത്തിക അടിത്തറയിളകുന്നതിന്റെ അങ്കലാപ്പിലാണ്. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയുടെ സൂചനകൾ കണ്ട് തുടങ്ങിയിരിക്കുന്നു.

സിദ്ധാർത്ഥയെ പോലുളള രക്തസാക്ഷികൾ ഈ രാജ്യത്തുണ്ടാകാതിരിക്കണം. ക്രിയാത്മകമായ ഇടപെടലുകൾ ഭരണാധികാരികൾ കൈകൊളളണം. ജനശ്രദ്ധ മാറ്റാൻ പശുവും ഭാഷയും എത്ര നാൾ കൊണ്ട് നടക്കാൻ പറ്റും ? രാഷ്ട്രീയപരമായ വിയോജിപ്പുകൾ മാറ്റിവെക്കാം. ചിന്താ ശക്തിയുളള, നൂറ് ശതമാനം സാക്ഷരതയുളള നാടാണ് നമ്മുടെ കേരളം. തലച്ചോറ് ആർക്കും പണയം വെക്കാതെ,ജാതി മത വർഗ്ഗ ഭേദമന്യേ, കക്ഷി രാഷ്ട്രീയത്തിനതീതമായി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നാടിന് വേണ്ടി.

NB
ഹിന്ദി ഒരു നല്ല ഭാഷയാണ്. പക്ഷെ എനിക്ക് വഴങ്ങൂല്ല. ”ഗായ് ഏക് പാൽതൂ ജാൻവർ ഹേ…ഗായ് കാസ് കാത്താ ഹേ ഓർ ദൂത് ദേത്താ ഹേ” . അഞ്ചാം ക്ളാസ്സിൽ പഠിച്ചതാ ഇതിനപ്പുറം ഹിന്ദി മുച്ഛേ നഹീ മാലൂം ഹൂം ഹേ ഹോ…പിന്നല്ല…അമിഠണ്ണാ…അടുത്ത നമ്പരിറക്ക്…തമിഴൻ മാത്രമല്ല മൊത്തം കലിപ്പിലാണ്.