Vani Jayate

ദൈനംദിന ജീവിതത്തിലെ വെല്ലുവിളികളുമായി പടവെട്ടി തളർന്ന്‌ ഒരൽപം മാനസികോല്ലാസം ലക്ഷ്യമാക്കി ടിക്കറ്റെടുത്ത് തീയറ്ററിൽ കയറുന്ന സാധാരണക്കാരായ പ്രേക്ഷകർക്ക്, വിനോദ മൂല്യങ്ങളെ എല്ലാം ചേർത്തു വെച്ച് കൊണ്ടുപോവുമ്പോഴും, അവരടങ്ങുന്ന സമൂഹത്തിന് കാലികപ്രസക്തമായ സന്ദേശങ്ങളും പകരാൻ ശ്രമിക്കുന്നതിൽ തമിഴ് സിനിമ എക്കാലവും മുന്നിലാണ് എന്ന് തോന്നിയിട്ടുണ്ട്. തനി ഒരുവനും, ഇരുമ്പു തിരയും വിക്രം വേദയെയും പോലെയുള്ള സിനിമകൾ അത്തരത്തിലുള്ളതാണ്. അക്കൂട്ടത്തിൽ ചേർത്തു വെയ്ക്കാവുന്ന പുതിയ സിനിമയാണ് മാവീരൻ. കണ്ട ശേഷം ഗൂഗിൾ ചെയ്തു നോക്കിയപ്പോഴാണ് മണ്ടേലയുടെ സംവിധായകൻ തന്നെയാണ് മാവീരന്റെതും എന്ന് മനസ്സിലായത്. അതിനുണ്ടായിരുന്ന മൂർച്ചയേറിയ സാമൂഹ്യവിമർശനം കുറച്ചുകൂടി വാണിജ്യപരമായ സമീപനത്തോടെ കൊണ്ട് വന്നിരിക്കുന്നു എന്ന് മാത്രം.

തമിഴ്നടന്മാരിൽ ഒരു സാധാരണക്കാരിൽ സാധാരണക്കാരന്റെ പ്രതിച്ഛായ എളുപ്പത്തിൽ പ്രതിഫലിക്കുന്ന മുഖമാണ് ശിവകാർത്തികേയന്റേത്. അതുകൊണ്ട് തന്നെ തന്റെ പ്രാരാബ്ധങ്ങളും പരിമിതികളെയും കുറിച്ചോർത്ത്, ഒരു ഭീരുവിന്റെ ജീവിതം നയിക്കാൻ നിര്ബന്ധിതനാവുന്ന സത്യയുടെ വേഷം ശിവ കാർത്തികേയന്റെ കയ്യിൽ ഭദ്രമാണ്. സമൂഹത്തിൽ നടക്കുന്ന കടുത്ത അനീതിക്ക് നേരെ പ്രതികരിക്കാൻ കഴിയാത്ത ഭീരുവായ കാർട്ടൂണിസ്റ്റിൽ നിന്നും തന്റെ പെൻസിൽ തുമ്പിൽ ജനിച്ച മഹാവീരൻ എന്ന സൂപ്പർ ഹീറോ ആയി പരകായ പ്രവേശം നടത്തുകയാണ്. അതിന് അവനെ ഉണർത്തുന്ന, അവന്റെ ഉള്ളിലെ വീരനെ ഉയർത്തുന്ന അവന്റെ മനസ്സാക്ഷിയുടെ ശബ്ദമായി എത്തുന്നത് മക്കൾ ശെൽവൻ. തന്നിലെ അന്തർലീനമായ ഭയം മൂലം ആ ഉൾവിളി തന്നോട് പറയുന്നത് പോലെ പ്രവർത്തിക്കാൻ വിമുഖത കാണിക്കുകയും ഓരോ നിമിഷവും അത് തന്നെക്കൊണ്ട് ചെയ്യിക്കുന്നതിലെ വരും വരായ്കകളെക്കുറിച്ചോർത്ത് പേടിയോടെ പ്രതികരിക്കുകയും ചെയ്യുന്ന സത്യ നമ്മുടെ ഇടയിലുണ്ട്.. അല്ല നമ്മൾ തന്നെയാണ്. അതുകൊണ്ട് തന്നെ ആ ഒരു കഥാപാത്രത്തിലെ റിലക്റ്റന്റ് സൂപ്പർ ഹീറോയുമായി പ്രേക്ഷകരെ ആവേശത്തോടെ ചേർത്തു കൊണ്ടുപോവാൻ മഡോണേ അശ്വിന് കഴിഞ്ഞിട്ടുണ്ട്.

പ്രതിനായക വേഷത്തിൽ വരുന്ന മിഷ്‌കിനും സുനിലും അവരുടേതായ വേഷങ്ങളിൽ മികവ് പുലർത്തിയിട്ടുണ്ട്. അതിഥി ശങ്കറിന്റെ നായികയും കൊള്ളാം. എന്നാൽ തീപാറുന്ന തിരിച്ചുവരവ് എന്ന് പറയാവുന്നത് സരിതയുടേതാണ്. തണ്ണീർ തണ്ണീരും, അച്ചമില്ലൈ അച്ചമില്ലെയും കണ്ടിരുന്ന അതെ കാലത്തെ ആ ദഹിപ്പിക്കുന്ന നോട്ടവും ഭാവവും സരിത തന്റെ അമ്മ വേഷത്തിൽ തിരിച്ചു കൊണ്ടുവരുന്നുണ്ട്. ‘വികസന’ത്തിന്റെ പിന്നാമ്പുറങ്ങളിൽ പറ്റിക്കപ്പെടാൻ മാത്രം വിധിക്കപ്പെടുന്ന പാവപ്പെട്ട മനുഷ്യരുടെ കഥയാണ് മാവീരൻ. പ്രതികരിക്കാൻ കഴിയാതെ നിശ്ശബ്ദരാക്കപ്പെടുന്ന അവരും അവരെ മാനിപ്പുലേറ്റ് ചെയ്യുന്ന അധികാര വർഗ്ഗവും, എക്കാലവും തുടർക്കാഴ്ച്ചകളാണ്. മണ്ടേലയിൽ അശ്വിൻ സ്വീകരിച്ചിരിക്കുന്ന കുശാഗ്രമായ സർക്കാസവും, മെറ്റഫറുകളുമൊന്നും ഇവിടെ അധികമില്ല. യോഗി ബാബുവിന്റെ ജോലി കിട്ടാൻ വേണ്ടി ‘ഭായി’ ആയി അഭിനയിക്കുന്ന കുമാർ എന്ന നിർമ്മാണ തൊഴിലാളി ചിരി ഉണർത്തും.
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഘടകം അതിലെ ബിജിഎമ്മാണ്. ഭാരത് ശങ്കർ എന്ന അധികം കേട്ടിട്ടില്ലാത്ത ഒരു കമ്പോസർ ആണ്. ഇക്കാലത്ത് ചുറ്റുവട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി തമിഴ് ഫോക്ക് മ്യുസിക്കിൽ അധിഷ്ഠിതമായി കംപോസ് ചെയ്ത ബിജിഎം ആക്ഷൻ രംഗങ്ങളെ കൂടുതൽ ആസ്വാദ്യകരമാക്കിയിട്ടുണ്ട്. ചുരുക്കി പറയുകയാണെങ്കിൽ ആസ്വദിച്ചു കണ്ടിരിക്കാവുന്ന ഒരു സിനിമയാണ്. എനിക്ക് ജയിലറേക്കാൾ ഇഷ്ടപ്പെട്ടതും. മാവീരൻ ആമസോൺ പ്രൈം വീഡിയോവിൽ സ്ട്രീം ചെയ്യുന്നുണ്ട്

Leave a Reply
You May Also Like

മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു

മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ‘മേരി ആവാസ് സുനോ’ . ജി. പ്രജീഷ് സെൻ…

വർഷങ്ങളും തലമുറകളും മാറുമ്പോഴും സൗമ്യഭാവത്തിൽ, താനെന്ന യാത്രക്കാരന്റെ ആ സ്ഥിരം സീറ്റിൽ മലയാള സിനിമയിലൂടെയുള്ള യാത്ര തുടർന്നുകൊണ്ടിരിക്കുന്നു മോമി

Sebastian Xavier ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനത്തിൽ, ചിത്രത്തിലെ ടൈറ്റിൽറോൾ ചെയ്യുന്ന നായികയടക്കമുള്ള കഥാപാത്രങ്ങൾ ഉൾപ്പെടുന്നൊരു…

വടിവേലു നായകനായ Appatha വീഡിയോ സോംഗ്

വടിവേലു നായകനായ Appatha വീഡിയോ സോംഗ്, സംഗീതം : സന്തോഷ് നാരായണൻ, ലിറിക്സ് : Durai…

മുതിർന്നവർക്കുള്ള ചലച്ചിത്രമേഖലയിലെ പ്രശസ്ത താരമായിരുന്നു പീറ്റർ നോർത്ത് എന്നറിയപ്പെടുന്ന ആൽഡൻ ജോസഫ് ബ്രൗൺ

Aadhil Bai പീറ്റർ നോർത്ത് എന്നറിയപ്പെടുന്ന ആൽഡൻ ജോസഫ് ബ്രൗൺ (ജനനം മെയ് 11, 1957),…