ഈ മനുഷ്യനെയാണോ അഹങ്കാരിയെന്നും ധിക്കാരിയെന്നുമൊക്കെ ആളുകൾ വിളിക്കുന്നത്

47

ഓർമ്മ വെച്ച കാലം മുതലേ ഞാൻ കേൾക്കുന്നതാണ്, ‘ മമ്മൂട്ടിക്ക് ഭയങ്കര ജാടയാണ് ‘ , ‘മമ്മൂട്ടി നല്ല നടനൊക്കെയാരിക്കും, പക്ഷെ പറഞ്ഞിട്ടെന്താ കാര്യം, ആൾ ഒടുക്കത്തെ ചൂടനും, അഹങ്കാരിയുമാണ്’ . മമ്മൂട്ടി എന്ന നടന്റെ അഭിനയത്തിൽ മാത്രം വീണ് പോയ എന്നെ പോലെയുള്ളയൊരാൾക്ക് അയാൾ സിനിമക്ക് പുറത്ത് എന്താണ് എന്ന് അപ്പൊ അറിയാൻ വഴികളുമില്ല, അതറിയാൻ ഒരുപാട് ആഗ്രഹം കാണിച്ചിട്ടുമില്ല. പറഞ്ഞു വരുന്നത് സിനിമയെ കുറിച്ചല്ല, മമ്മൂട്ടി എന്ന നടനെക്കുറിച്ചുമല്ല, മമ്മൂട്ടി എന്ന മനുഷ്യനെക്കുറിച്ചാണ്.

നടന്മാരുടെ അഭിമുഖമൊക്കെ കാണാൻ പണ്ട് മുതലേ താല്പര്യമുള്ള വ്യക്തി എന്ന നിലക്ക് അക്കാലത്ത് ഓണത്തിനും വിഷുവിനുമൊക്കെ മമ്മൂട്ടി ചിത്രങ്ങൾ റിലീസ് ഉണ്ടെങ്കിൽ മമ്മൂട്ടിയുമായി ഒരു അഭിമുഖം ഏതെങ്കിലുമൊക്കെ ചാനലിൽ ഉണ്ടാകും, അന്ന് മുതൽ എനിക്ക് തോന്നിയിട്ടുള്ള കാര്യമാണ്, ഈ മനുഷ്യനെയാണോ അഹങ്കാരിയെന്നും ധിക്കാരിയെന്നുമൊക്കെ ആളുകൾ വിളിക്കുന്നത് എന്ന്. അവതാരകന്റെയൊപ്പം ഇത്ര chemistry ഉണ്ടാക്കിയെടുത്ത് അവരോടൊപ്പം കളി ചിരികൾ പറഞ്ഞു സംസാരിക്കുന്ന, ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി കൊടുക്കുന്ന മമ്മൂട്ടിയെയാണ് ഞാൻ അവിടെ കണ്ടത്.

പിന്നീട് യൂട്യുബിലോക്കെ കണ്ട പല അഭിമുഖങ്ങളിലും മമ്മൂട്ടി എന്ന സിനിമയിലെ അസാമാന്യ നടനെക്കാളുപരി ഞാൻ കണ്ടത് മുഹമ്മദ് കുട്ടി എന്ന സാധാരണക്കാരനെയാണ്. താൻ ഇന്നേ വരെ കണ്ടിട്ടില്ലാത്ത, ഒരു പരിചയവുമില്ലാത്ത ഒരാളെ നോക്കി താൻ ഒരു നടനായത് കൊണ്ട് മാത്രം ചിരിച്ചു കാണിക്കാൻ മാത്രം അഭിനയിക്കാൻ അറിയാവുന്ന ഒരാളല്ല താൻ എന്ന് മമ്മൂട്ടി പല വട്ടം പറഞ്ഞിട്ടുമുണ്ട്. ദേഷ്യം വന്നാൽ ദേഷ്യപ്പെടുന്ന, കൈരളിയിലെ ബ്രിട്ടാസിന്റെ അഭിമുഖത്തിൽ മുരളി ചേട്ടനെ കുറിച്ച് സംസാരിച്ചപ്പോൾ ശബ്ദമിടറിയ, തമാശകൾ പറയുന്ന, ഒരു പച്ചയായ മനുഷ്യനെ കണ്ടതിൽ പിന്നെ നടനിൽ ഉപരി മമ്മൂട്ടി എന്ന വ്യക്തി ഒരു ഇൻസ്പിറേഷൻ ആണ്. എത്രയൊക്കെ അഹങ്കാരി എന്ന് വിളിച്ചാലും ഇന്നും ഈ മനുഷ്യൻ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് വിരാമവുമില്ല. താൻ എന്താണ് എന്ന് മനസ്സിലും മുഖത്തിലും ഒരേ പോലെ കാണിക്കുന്നവരെ ഇന്നും അംഗീകരിക്കാൻ ലോകത്തിന് മടിയാണ്. ജീവിതത്തിൽ മുഖമൂടി അണിയാൻ തയ്യാറല്ലാത്ത മലയാളികളുടെ മമ്മൂക്കക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.