മാക്രോ ഫോട്ടോഗ്രഫി – ഭാഗം 01

0
740

macro_cover_page
സ്വന്തം നാട് കാണാന്‍ പോയ കാരണത്താല്‍ വളരെ നാളുകള്‍ക്ക് ശേഷമാണു ബൂലോകത്തില്‍ ഒരു പോസ്റ്റ് എഴുതുന്നത്. എന്റെ DSLR കിറ്റില്‍ കഴിഞ്ഞ ദിവസം വന്നു കയറിയ TAMRON AF 90mm f/2.8 Di SP macro ലെന്‍സിന്റെ പ്രത്യേകതകളും ഒപ്പം മാക്രോ ഫോട്ടോഗ്രഫിയെക്കുറിച്ചും കുറച്ചു പറയാം.. എഴുതാനുള്ള സമയക്കുറവു കാരണം ടോപ്പിക്കിനെ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു.

മാക്രോ ഫോട്ടോഗ്രഫി എന്നാല്‍, ഒരു വസ്തുവിനെ അതിന്റെ യഥാര്‍ത്ഥ വലുപ്പത്തിലോ, അധികം വലുപ്പത്തിലോ ചിത്രീകരിക്കുക എന്നതാണ് . ലൈഫ് സൈസിനെക്കാളും വലിപ്പത്തില്‍ ഒരു ചെറിയ വസ്തുവിന്റെ പ്രതിബിംബം ചിത്രീകരിക്കുന്നതിനെ മാക്രോ ഫോട്ടോഗ്രഫി എന്ന് പറയാം. വളരെ ചെറിയ വസ്തുക്കളോ, ജീവികളോ ആയിരിക്കും ഈ രീതിയില്‍ 1:1 എന്ന അനുപാതത്തില്‍ എന്‍ലാര്‍ജ് ചെയ്യപ്പെടുന്നത്. ക്യാമറയിലെ സെന്‍സറില്‍ പതിയുന്ന വസ്തുവിന്റെ വലുപ്പവും അതിന്റെ യഥാര്‍ത്ഥ വലുപ്പവും തമ്മിലുള്ള അനുപാതത്തെയാണ് റീപ്രോഡക്ഷന്‍ റേഷ്യോ എന്ന് പറയുന്നത്. മാക്രോ ഫോട്ടോഗ്രാഫിയില്‍ ഇത് സാധാരണയായി 1:1എന്നത് ആയിരിക്കും.

ഏറ്റവും ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍, 23mm x 15mm എന്ന വലുപ്പമുള്ള നമ്മുടെ DSLR ക്യാമറയുടെ സെന്‍സറില്‍ ഒരു കൊതുക് ഇരുന്നാല്‍ ഏതു വലുപ്പത്തിലാണോ കിട്ടുന്നത് അതേ വലുപ്പത്തില്‍ തന്നെയായിരിക്കും സെന്‍സറില്‍ ആ ചിത്രം പതിഞ്ഞിട്ടുണ്ടാകുക.

നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ലെന്‍സുകള്‍ 1:1 എന്ന അനുപാതത്തില്‍ ചിത്രം എടുക്കാന്‍ പറ്റിയവയല്ല. മാക്രോ ലെന്‍സുകള്‍ ഇല്ലാതെ തന്നെ മാക്രോ ഫോട്ടോകള്‍ എടുക്കുന്നതിനു പല രീതികള്‍ ഫോട്ടോഗ്രാഫര്‍മാര്‍ അവലംബിക്കാറുണ്ട് എങ്കിലും പല രീതികള്‍ക്കും പല വിധത്തിലുള്ള ദൂഷ്യങ്ങള്‍ ഉണ്ട്. അവയെ ‘പാരലല്‍ മാക്രോഫോട്ടോഗ്രഫി’ എന്നാണു പറയാറ്. അക്കാരണത്താല്‍ ഞാന്‍ അവയൊന്നും സ്വീകരിച്ചിരുന്നില്ല. പ്രത്യേകിച്ച് ദൂഷ്യ ഫലങ്ങള്‍ ഒന്നുമില്ലാതെ ഏറ്റവും നല്ല ഗുണ നിലവാരത്തില്‍ മാക്രോ ഫോട്ടോകള്‍ എടുക്കാനുള്ള അവസാന മാര്‍ഗ്ഗമാണ് മാക്രോ ലെന്‍സുകള്‍ എന്ന് വേണമെങ്കില്‍ പറയാം.

ഫോട്ടോഗ്രഫിയില്‍ സ്‌പെഷ്യലൈസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പൊതുവേ അധികം കൈ വയ്ക്കാത്ത മേഖലയാണ് മാക്രോ ഫോട്ടോഗ്രഫി. മാക്രോ ലെന്‍സുകള്‍ വില പിടിപ്പുള്ളവ ആയതിനാലും സാധാരണ ഫോട്ടോഗ്രഫിയേക്കാള്‍ വൈദഗ്ദ്യം ആവശ്യമുള്ളതിനാലുമാകാം പലരും അങ്ങോട്ട് കടന്നു കയറാത്തത് എന്നാണ് ഞാന്‍ കരുതുന്നത്. നിക്കോണ്‍, ക്യാനോണ്‍ ബ്രാന്‍ഡ് മാക്രോ ലെന്‍സുകള്‍ക്ക് തീ പിടിച്ച വിലയാണ്. പൊതുവേ എന്നെ പോലെയുള്ള ഹോബി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് താങ്ങാവുന്ന വിലയ്ക്കുള്ള ഒരു ലെന്‍സാണ് ‘പോര്‍ട്രെയിറ്റ് മാക്രോലെന്‍സ്’ എന്നു കൂടി അറിയപ്പെടുന്ന TAMRON AF 90mm f/2.8 Di SP macro. ഇറ്റാലിയന്‍ മാര്‍ക്കറ്റില്‍ ഇവ 330 യൂറോ (28000രൂപാ മുതല്‍ 34000 രൂപാ വരെ) മുതല്‍ 400 യൂറോ വരെ വിലയ്ക്ക് ലഭ്യമാണ്. ഇന്ത്യയിലും ഏകദേശം 28000 രൂപാ മുതല്‍ ലഭിക്കും.

മാക്രോ ലെന്‍സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ആദ്യം തീരുമാനിക്കേണ്ടത് ഫോക്കല്‍ ലെങ്ങ്ത് ആണ്. 40mm, 60mm ഫോക്കല്‍ ലെങ്ങ്തുകളില്‍ ലഭ്യമാണെങ്കിലും, കഴിയുന്ന ഏറ്റവും കൂടിയ ഫോക്കല്‍ ലെങ്ങ്ത് തന്നെ തിരഞ്ഞെടുക്കുക, കാരണം നമ്മള്‍ എടുക്കാന്‍ പോകുന്നത് ചെറിയ പ്രാണികളുടെ കൂടെ ചിത്രങ്ങളാണ്. വളരെ അടുത്ത് ചെന്നാല്‍ അവ പറന്നു പോകും, അപ്പോള്‍ നമ്മള്‍ കഴിയുന്ന അകലത്തില്‍ നിന്നു കൊണ്ട് വേണം ഫോട്ടോ എടുക്കാന്‍. അതിനു കൂടിയ ഫോക്കല്‍ ലെങ്ങ്ത് അത്യാവശ്യമാണ്. വാങ്ങാന്‍ പോകുന്നവര്‍ മിനിമം 90mm എങ്കിലും വാങ്ങുക.

VC (VIBRATION COMPENSATION) ഉള്ള ലെന്‍സുകള്‍ക്ക് പിന്നെയും വില കൂടും. ഞാന്‍ VC ഉള്ള ലെന്‍സ് മനപൂര്‍വ്വം ഒഴിവാക്കിയതിനു രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്, ട്രൈപോഡ് ഉപയോഗിക്കാതെ ഞാന്‍ സാധാരണയായി ഷൂട്ട് ചെയ്യാറില്ല, പ്രത്യേകിച്ചും മാക്രോ; ട്രൈപോഡ് ഉപയോഗിച്ച് ഷൂട്ട് ചെയ്യുമ്പോള്‍ VC (VIBRATION COMPENSATION) ക്കു പ്രസക്തി ഇല്ലല്ലോ. രണ്ടാമത്, ഏകദേശം നൂറു യൂറോയുടെ വില വ്യത്യാസം.

ബാക്കി അടുത്ത പോസ്റ്റില്‍.