കഴിഞ്ഞ കുറെ ആഴ്ചകളായി മാക്രോ ഫോട്ടോഗ്രഫി കൊണ്ട് പഠിച്ച ചില പാഠങ്ങള്‍..
അനുഭവം ഗുരു എന്നാണല്ലോ പ്രമാണം. നമ്മള് എത്രകണ്ടു വെബ് സൈറ്റുകളില്‍ കൂടി കാര്യങ്ങള്‍ മനസിലാക്കിയാലും പ്രായോഗിക പരിശീലനത്തിലൂടെ മാത്രമേ സംശയങ്ങള്‍ മൊത്തം ദൂരീകരിക്കപ്പെടുകയുള്ളൂ. പുതിയ TAMRON AF 90mm f/2.8 Di SP macro ഉപയോഗിച്ച് വളരെയധികം ഷോട്ടുകള്‍ എടുത്തു നോക്കി. വളരെ കാര്യങ്ങള്‍ മനസിലാക്കി.
01. മാക്രോ ചെയ്യുമ്പോള്‍ ലൈറ്റ് ആണ് ഏറ്റവും പ്രധാന പ്രശ്നം. സാമാന്യം നല്ല ലൈറ്റ് ഉണ്ടെങ്കിലെ നന്നായി മാക്രോ ചെയ്യാന്‍ പറ്റൂ. പരിഹാരം: ഒന്നുകില്‍ നല്ല വെളിച്ചം ഉള്ള സമയത്ത് ഷൂട്ട് ചെയ്യുക, അല്ലെങ്കില്‍ റിംഗ് ഫ്ലാഷ് ഉപയോഗിക്കുക.
02. രണ്ടാമത്തെ ഏറ്റവും വലിയ പ്രശ്നം DEPTH OF FIELD ആണ്. കൂടിയ f നമ്പര്‍ ഉപയോഗിച്ച് ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാം. കൂടിയ f നമ്പര്‍ ഉപയോഗിക്കുമ്പോഴുള്ള ഒരു പ്രശ്നം ലെന്‍സ് വഴി വെളിച്ചം കയറുന്നത് കുറയും, പടം ഇരുണ്ടു പോകും.
പരിഹാരം: ISO കൂട്ടുക, ഷട്ടര്‍ സ്പീഡ് കുറയ്ക്കുക.
03. ട്രൈപോഡ് ഇല്ലാതെ ഗുണനിലവാരം ഉള്ള മാക്രോചിത്രങ്ങള് എടുക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട. മാക്രോ ഫോട്ടോഗ്രാഫി ചെയ്യുന്ന ആളിന്റെ കിറ്റില്‍ ഏറ്റവും അത്യാവശ്യമായി ഉണ്ടാകേണ്ട ഒരു സാധനമാണ് ട്രൈപോഡ്.
04. ചില സാഹചര്യങ്ങളില്‍ മാനുവല്‍ ആയി ഫോക്കസ് ചെയ്യേണ്ടി വരും. പ്രത്യേകിച്ച് 1;1 എന്ന റെഷ്യോയില് ചിത്രം എടുക്കേണ്ടി വരുമ്പോള്‍. വേറൊരു തരത്തില്‍ പറഞ്ഞാല്‍ മാനുവല്‍ ഫോക്കസിംഗ് ആണ് മാക്രോ ഫോട്ടോഗ്രാഫിക്ക് അനുയോജ്യം.
05. ഷൂട്ട് ചെയ്യും മുന്‍പ് സബ്ജക്റ്റ് ഏതാണ് എന്ന് വ്യക്തമായ തീരുമാനത്തില്‍ എത്തണം. പ്രാണിയുടെ തലയാണോ ഉടലാണോ ചിറകാണോ അതോ ഇരിക്കുന്ന പൂവിതള്‍ ആണോ എന്നത്. എന്തെങ്കിലും ഷൂട്ട് ചെയ്തു കൊണ്ട് പോയി ഫോട്ടോഷോപ്പില്‍ ക്രോപ്പ് ചെയ്തു സബ്ജക്റ്റ് ആക്കിയെടുക്കുന്ന പതിവ് ഉഡായിപ്പ് മാക്രോയില്‍ പറ്റില്ല.
06. മാക്രോ ഫോട്ടോഗ്രഫിക്ക് സാധാരണ ഫോട്ടോഗ്രഫിയെക്കള്‍ നല്ല ക്ഷമ വേണം, പ്രത്യേകിച്ചു പ്രാണികളെ ഷൂട്ട് ചെയ്യുമ്പോള്‍. ചിലപ്പോള്‍ ഒരു നല്ല ഷോട്ട് ലഭിക്കാന്‍ മണിക്കൂറുകളോളം കാതിരിക്കെണ്ടിയും വരും.
07. മാക്രോ ഫോട്ടോഗ്രാഫിക്ക് ബില്‍റ്റ് ഇന്‍ ഫ്ലാഷ് ഒട്ടും ഉപയോഗിക്കാന്‍ പറ്റുകയില്ല. എക്സ്റ്റെണല്‍ ഫ്ലാഷ് ഒരു പരിധി വരെ ഗുണം ചെയ്യുമെങ്കിലും, അതിനും പരിമിതികളുണ്ട്. റിംഗ് ഫ്ലാഷുകള്‍ ആണ് മാക്രോ ഫോട്ടോഗ്രാഫിക്ക് ഏറ്റവും അനുയോജ്യം. ലെന്‍സിന്റെ ബാരലില്‍ ഫിക്സ് ചെയ്യുന്ന വൃത്താകൃതിയിലുള്ള LED ടൈപ്പ് ഫ്ലാഷുകള്‍ ആണ് ഇവ.
08. ഒരു നല്ല മാക്രോ ഫോട്ടോ എടുക്കാന്‍ പ്രകൃതിയുടെ സഹകരണം ആവശ്യമാണ്. ചെറിയ കാറ്റുള്ളപ്പോള്‍ പോലും നല്ല മാക്രോ എടുക്കാന്‍ പറ്റുകയില്ല, നമ്മുടെ സബ്ജക്റ്റ് ചലിക്കുന്ന അവസ്ഥയില്‍ വളരെ കൂടിയ ഷട്ടര്‍ സ്പീഡ് ഉപയോഗിക്കേണ്ടി വരും.
ചുരുക്കത്തില്‍ ഒരു ഫോട്ടോഗ്രാഫര്‍ പല പ്രശ്നങ്ങളെ നേരിടുകയും, അവയ്ക്കെല്ലാം തന്നെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും അതുവഴി പിന്നീട് ദൈനംദിന ഫോട്ടോഗ്രഫി ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്നതിനു പ്രാപ്തരാക്കുകയും ചെയ്യുന്ന ഒരു നല്ല ഫോട്ടോഗ്രാഫി ബ്രാഞ്ച് ആണ് മാക്രോ ഫോട്ടോഗ്രാഫി.
വാല്‍ക്കഷണം : മാക്രോ ഫോട്ടോഗ്രാഫിക്ക് ഏറെ ഗുണം ചെയ്യുന്ന ഒരു സാധനമാണ് റിംഗ് ഫ്ലാഷ്. ലെന്‍സിന്റെ അഗ്ര ഭാഗത്തായി ഫിക്സ് ചെയ്യുന്ന വളയാകൃതിയില്‍ ഉള്ള ഇവ ഏകദേശം നാല്‍പ്പതു യൂറോ മുതല്‍ (3200രൂപ) ലഭിക്കും.
ബാക്കി അടുത്ത പോസ്റ്റില്‍.