Sunil Kumar :
മധു എന്ന സംവിധായകൻ, നിർമ്മാതാവ് -നടനായി മാത്രം മധുവിനെ അറിയുന്ന ഒരു വിഭാഗം പ്രേക്ഷകരുണ്ട്. എന്നാൽ 12 ചിത്രങ്ങൾ സംവിധാനംചെയ്ത, 14 എണ്ണം നിർമ്മിച്ച മധുവിനെപ്പറ്റിയാണ് ഈ കുറിപ്പ്..
സി.രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവലിന്റെ ചലച്ചിത്രരൂപമായ പ്രിയയുടെ സംവിധായകനായാണ് മധു ക്യാമറക്കു പിന്നിൽ അരങ്ങേറുന്നത്. അതിൽ വില്ലൻ വേഷം ചെയ്ത് സിനിമാലോകത്തെ ഞെട്ടിക്കുകയും ചെയ്തു. തുടർന്ന് മലയാള സിനിമയിലെ ലക്ഷണമൊത്ത ആദ്യത്തെ ആനക്കഥയെന്ന് വിളിക്കാവുന്ന സിന്ദൂരച്ചെപ്പ്. ഒഎൻവിയുടെ കാവ്യത്തെ ആസ്പദമാക്കി നീലക്കണ്ണുകൾ. നർമത്തിന്റെ മേമ്പൊടിയിൽ മാന്യശ്രീ വിശ്വാമിത്രൻ എന്നിങ്ങനെ വ്യത്യസ്ത പ്രമേയങ്ങൾ. പലതും ഹിറ്റുകളുമായി. നിർമ്മാണത്തിനായി ഉമാസ്റ്റുഡിയോ സ്ഥാപിച്ചു.
മാന്യശ്രീ വിശ്വാമിത്രൻ, അക്കൽദാമ, കാമം ക്രോധം മോഹം തുടങ്ങി നാടകങ്ങളും നോവലുകളും സിനിമയാക്കിയപ്പോൾ തിരക്കഥയിൽ നല്ലൊരു പങ്ക് മധുവിന്റെ സംഭാവനയുണ്ടായിരുന്നെങ്കിലും രചനയുടെ ക്രെഡിറ്റ് പൂർണമായും അതിന്റെ കഥാകൃത്തുക്കൾക്ക് വിട്ടു നൽകുകയാണ് അദ്ദേഹം ചെയ്തത്. 1977 – ന് ശേഷം സംവിധാനത്തിൽ നിന്ന് ഇടവേളയെടുത്ത മധു നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പി.ചന്ദ്രകുമാറുമൊത്ത് ഒരുപിടി ചിത്രങ്ങൾ. ബാലചന്ദ്രമേനോന്റെ സംവിധാനത്തിലൊരുങ്ങിയ വൈകി വന്ന വസന്തവും പി.എൻ.മേനോന്റെ അർച്ചന ടീച്ചറും എം.കൃഷ്ണൻ നായരുടെ ഗൃഹലക്ഷ്മിയും നിർമ്മിച്ചു. ഇതിൽ അർച്ചന ടീച്ചർ തന്നെ സഹായിക്കാനായി മധു എടുത്തതാണെന്ന് പി.എൻ.മേനോൻ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. സെൻസർ ബോർഡുകാർ കത്രിക വെച്ച് തളർന്ന സിൽക്ക് സ്മിതയുടെ രതിലയം മധു നിർമ്മിച്ചതാണെന്നത് കൗതുകകരമായ ഒരു അറിവാണ്.
1986 – ൽ ഒരു യുഗസന്ധ്യ തിരക്കഥയെഴുതി സംവിധാനം ചെയ്തു. അതേവർഷം അമേരിക്കയിൽ ചിത്രീകരിച്ച് പ്രേംനസീർ, മധു, ഭരത്ഗോപി, ശോഭന തുടങ്ങിയവർ അഭിനയിച്ച ഉദയംപടിഞ്ഞാറ് എന്ന ബിഗ് ബജറ്റ് ചിത്രവും നിർമ്മിച്ചു സംവിധാനം ചെയ്തു. ചലച്ചിത്രരംഗത്തെ മാറ്റങ്ങൾ മനസിലാക്കി അദ്ദേഹം പിന്നീട് പിന്നണിയിൽ നിന്ന് ഒഴിഞ്ഞു. നീണ്ട ഇടവേളയ്ക്കു ശേഷം 1995 – ൽ പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത മിനി എന്ന കുട്ടികളുടെ ചിത്രം നിർമ്മിച്ചു. ദേശീയ പുരസ്കാരമുൾപ്പടെ പല അംഗീകാരങ്ങളും നേടിയ ആ ചിത്രത്തോടെ അദ്ദേഹം ചലച്ചിത്ര നിർമ്മാണം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു..