നമ്മുടെ സംസ്ഥാനപക്ഷിയായ വേഴാമ്പലിനെ കുറിച്ച് നിരവധി രസകരമായ കഥകൾ പ്രചരിച്ചിട്ടുണ്ട്

  244

  എഴുതിയത്  : Madhu Gopalakrishnan

  കട്ടോടം ചാത്തൻ…

  തലമുറകളായി പ്രചരിച്ചുവരുന്ന കാല്പനിക കഥകളും വിചിത്രങ്ങളായ ചില വിശ്വാസങ്ങളുമാണ് കാടിനും അതിലെ ജീവജാലങ്ങൾക്കും വന്യതയും ഗാംഭീര്യവും ഗരിമയും നൽകുന്നത്. ഇത്തരത്തിൽ പ്രചരിയ്ക്കപ്പെടുന്ന ചില കെട്ടുകഥകളും കവിമൊഴികളും നാട്ടാചാരങ്ങളും നമ്മുടെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന് അനേകം നാടൻ പേരുകൾ ചാർത്തിക്കൊടുത്തിട്ടുണ്ട്. അതിൽ രസകരമായ പേരുകളിൽ ചിലതാണ് കട്ടോടം ചാത്തൻ, കാട്ടിലെ കർഷകൻ, കൊമ്പൻ, ചാതകം, ജലപ്രിയം, ധാരാടം, മരീതലച്ചി, മരവിത്തലവി, വാപീഹം, മതംഗജം, സാരംഗം, സ്തോതകം, തശങ്കം, ദാത്യൂഹം, ശാരംഗം, ദിഹേകസ്സ്, എന്നിവ. ആറളം വന്യജീവി സങ്കേതത്തിനടുത്തുള്ള കുറിച്യ വിഭാഗക്കാർ വേഴാമ്പലുകളെ വിളിക്കുന്ന പേര് ഇളിക്കൊട്ടനെന്നും തേക്കടിയിലെ മന്നാൻ സമുദായക്കാർ മലമുഴക്കി വേഴാമ്പലുകളെ വിളിക്കുന്ന പേര് ഓങ്കൽ എന്നും കോഴിവേഴാമ്പലുകൾക്കിട്ടിരിക്കുന്ന പേര് ചരയൽ എന്നുമാണ്. ചിന്നാറിലെ ട്രൈബൽസ് വേഴാമ്പലുകളെ വിളിക്കുന്നത് അണ്ടൽ എന്ന പേരിലാണ്. ഇതിൽ പല പേരുകൾക്കു പിന്നിലും രസകരവും കാല്പനീകവുമായ നിരവധി കഥകളുമുണ്ട്. അത്തരത്തിലുള്ളൊരു വാമൊഴി കഥയാണ് ‘കട്ടോടം ചാത്തന്റെ’ കഥ.

  Madhu Gopalakrishnan
  Madhu Gopalakrishnan

  പണ്ടുപണ്ട്… ഒരു ഗ്രാമത്തിൽ ചാത്തനെന്നു പേരുള്ളൊരു ഗോപാലകൻ (പശുക്കളെ നോക്കുന്നവൻ) ഉണ്ടായിരുന്നു. ഗ്രാമവാസികളെല്ലാവരും അവനെ അവഗണിച്ചു പശുക്കളെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നതു കണ്ട് അസൂയപൂണ്ട ചാത്തൻ പശുക്കളെയെല്ലാം ഒരു പാഠം പഠിപ്പിക്കുവാൻ തന്നെ തീരുമാനിച്ചു. അടുത്തദിവസം കന്നുകളെ മേയ്ക്കുവാനായി പുറപ്പെട്ട ചാത്തൻ പശുക്കളെയെല്ലാം ഒരുതുള്ളി വെള്ളംപോലും ലഭിക്കാത്തൊരു സ്ഥലത്തു കെട്ടിയിട്ടു. ദാഹിച്ചു വലഞ്ഞ പശുക്കൾ വെള്ളത്തിനായി ദയനീയതയോടെ ചാത്തനെ നോക്കി കരഞ്ഞുകൊണ്ടിരുന്നു. പ്രതികാരനിർവ്വഹണത്തിൽ ഹരം കയറിയ ചാത്തൻ പശുക്കൾക്ക് വെള്ളം കൊടുക്കുന്ന ‘കട്ടോടം’ (വെള്ളം നിറക്കുന്ന മരത്തൊട്ടി) എടുത്ത് വെള്ളമെല്ലാം കളഞ്ഞിട്ട്‌ പശുക്കൾക്ക് മുന്നിലേക്കു വെച്ചുകൊടുത്തു. പരവേശത്തോടെ വെള്ളം കുടിക്കാനെത്തിയ പശുക്കൾ വെള്ളമില്ലാത്ത ഒഴിഞ്ഞ ‘കട്ടോടം’ കണ്ട് തളർന്നു നിരാശരായി. ഇതുകണ്ട് ചാത്തൻ, പ്രതികാരം നിർവഹിച്ച സന്തോഷത്താൽ ഉറക്കെ കൈകൊട്ടിയാർത്തു ചിരിച്ചു. ചാത്തന്റെയീ പ്രവൃത്തിയിൽ കുപിതരായ പശുക്കൾ ചാത്തനെ ഉഗ്രമായി ശപിച്ചു: “നീയും നിന്റെ തലമുറകളും ഇനിയുള്ള ജന്മങ്ങളിലെല്ലാം വെള്ളംകുടിക്കാനാകാതെ കട്ടോടം തലയിൽ ചുമക്കുന്നൊരു പക്ഷിയായി ജനിക്കട്ടെ…..”. ഇപ്രകാരം പശുക്കൾ ശപിച്ച ചാത്തനാണത്രെ നമ്മുടെ സംസ്ഥാനപക്ഷിയായ ‘മലമുഴക്കി വേഴാമ്പൽ’. കഥയിലെ കട്ടോടമാണ് മലമുഴക്കിയുടെ തലയിൽ കാണുന്ന കറുപ്പും മഞ്ഞയും കലർന്ന തൊപ്പി. തലമുറകളായി പറഞ്ഞു പതിയുന്ന ഇത്തരം കഥകളും കാഴ്ചാവൈവിധ്യവും മറ്റു പ്രത്യേകതകളും മൂലം മലമുഴക്കിയ്ക്ക് ‘പക്ഷികളിലെ രാജാവ്’ എന്ന പരിവേഷം ചാർത്തിക്കിട്ടി.
  കേൾക്കാൻ നല്ല രസമല്ലേ ഈ കഥ….

  Image result for vezhambalഎന്നാൽ, വെള്ളത്തിനായി കേഴുന്നു, മഴ കാത്തിരിക്കുന്നു എന്നതൊക്കെ വെറും കവിഭാവന മാത്രമാണ്! ജലാംശം കൂടുതലുള്ള കാട്ടാൽ പഴങ്ങളാണ് ഇതിന്റെ മുഖ്യ ഭക്ഷണം. തന്റെ ഭക്ഷണത്തിൽ നിന്നുതന്നെ ആവശ്യമായത്ര അളവിൽ ഇവ ജലാംശം കണ്ടെത്തുന്നു. നമ്മുടെ വേഴാമ്പലുകൾ പഴങ്ങൾ തിന്നുക മാത്രമല്ല, പഴങ്ങൾ കൊക്കിലൊതുക്കി വിത്തുകൾ പല സ്ഥലങ്ങളിലായി വിതറി അവയുടെ വിത്തു വിതരണവും ഉറപ്പിക്കുന്നു. കിലോമീറ്ററുകൾ താണ്ടി ശേഖരിക്കുന്ന പഴങ്ങളുടെ വിത്തു വിതരണം സാധ്യമാക്കുന്നതിലൂടെ ഉഷ്ണമേഖലാ വനപ്രദേശങ്ങളിലെ കർഷകനായും വേഴാമ്പലുകൾ അറിയപ്പെടുന്നു. വേഴാമ്പലുകളെ തമിഴിൽ പറയുന്ന പേര് ഇരുവാച്ചി എന്നാണ്. ഈ പക്ഷിരാജന്റെ കാഷ്ഠത്തിൽ കൂടിയാണ് കാട്ടാൽ വൃക്ഷം വംശവർദ്ധനവ് നടത്തുന്നത്. അതുകൊണ്ടു കൂടിയാണ് വേഴാമ്പലിനു ‘കാട്ടിലെ കർഷകൻ’ എന്ന മറ്റൊരു ഓമനപ്പേരു കൂടിയുണ്ടായത്. മാത്രമല്ല, വേഴാമ്പലുകൾ ജലസ്രോതസുകളിൽനിന്നും വെള്ളം കുടിക്കാറുണ്ടെന്നു കൂടി ആദിവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

  ശരിയായ വസ്തുതകൾ എന്തുതന്നെയായാലും വേഴാമ്പലുകൾ വഴികാട്ടികളാണ്. വംശവർദ്ധനവിനായി കൂട്ടിൽ കയറിയ പ്രണയിനിയെ കാത്തിരിക്കുന്ന ആൺവേഴാമ്പലിനെ കവികൾ ഉദാത്ത പ്രണയത്തിന്റേയും കാത്തിരിപ്പിന്റേയുമൊക്കെ പ്രതീകമായി ചിത്രീകരിച്ചുപോരുന്നു. ത്യാഗപൂർണ്ണമായൊരു ദാമ്പത്യജീവിതത്തിലൂടെ ഇവ തന്റെ ജീവിതത്തെ അനശ്വരമാക്കുന്നു….

  Image result for vezhambalകാണാനഴകും മുജ്ജന്മ ശാപവും പ്രണയാതുരമായൊരു ജീവിതവും കർഷക വേലയും ഒക്കെ ചേർന്ന് അതിജീവനത്തിന്റേയും അതിസങ്കീർണ്ണതകളുടേയും സഹവർത്തിത്വത്തിന്റേയും വൈവിധ്യപൂർണ്ണമായൊരു ജീവിതത്തെയാണ് വേഴാമ്പലുകൾ പ്രതിനിധാനം ചെയ്യുന്നത്. ഓരോരോ മാനവ ജീവിതത്തെ മുൻനിർത്തി വിലയിരുത്തുമ്പോഴും വേഴാമ്പലുകളുടെ ജീവിതവുമായി പല കാര്യങ്ങളിലും സമാനതയുള്ളതായി കാണുവാനാകും. പ്രകൃതിയിലെ ഓരോ ജീവനും പരസ്പരപൂരകങ്ങളായി തമ്മിൽ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നൂവെന്ന സത്യം വേഴാമ്പലുകളുടെ ജീവിതവും നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. ഇപ്രകാരം ഒരായുസ്സു മുഴുവനും പ്രകൃതിയോടിണങ്ങി ക്രമാനുഗതമായി ജീവിച്ചു മുന്നേറി ഇല്ലാതാവുന്ന വേഴാമ്പലുകളടക്കമുള്ള ഓരോ ചെറുജീവനും നമ്മെ പഠിപ്പിയ്ക്കുന്നൊരു വലിയ പാഠമുണ്ട് – നമ്മൾ ഒന്നും തേടിയലയേണ്ടതില്ല, നമുക്കുള്ളതെല്ലാം പ്രകൃതിയിലുണ്ട്. കൂടുതലായൊന്നുമറിയേണ്ടതില്ല. അറിയേണ്ടത് ഒന്നു മാത്രം, പ്രകൃതിയോടിണങ്ങി ജീവിയ്ക്കുക എന്നത്! മനുഷ്യരൊഴികെ ഭൂമിയിലെ സർവ്വചരാചരങ്ങളും അനുവർത്തിച്ചു പോരുന്ന ആ വലിയ അറിവ് പൂർണ്ണമായും അവഗണിച്ചു കൊണ്ട് മനുഷ്യർ മാത്രം വേഴാമ്പലിന്റെ തലയിലെ ജലമൊഴിഞ്ഞ കട്ടോടം പോലെ യഥാർത്ഥ ജ്ഞാനമൊഴിഞ്ഞ തലച്ചോറും താങ്ങി വൃഥാ ജീവിച്ചു കൊണ്ടിരിക്കുന്നു. വേഴാമ്പലുകൾ ഗോശാപത്താൽ അപ്രകാരം ആയിത്തീർന്നതാണെങ്കിൽ മനുഷ്യർ സ്വയം ശാപം ഏറ്റുവാങ്ങാനായി പരസ്പരം മത്സരിച്ചു കൊണ്ടേ യിരിക്കുന്നു എന്ന വ്യത്യാസം മാത്രം !!

  Advertisements