അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ‘പാവം കുരുത്തൻ’

223

എഴുതിയത്  : Madhu Gopalakrishnan

ഇന്ത്യൻ കണ്ടാമൃഗം (Indian Rhinoceros – Rhinoceros Unicornis) From Jaldapara National Park – North Bengal.

ഇന്ത്യൻ കണ്ടാമൃഗം (Indian Rhinoceros – Rhinoceros Unicornis) ഭൂമിയിൽ നിന്നും അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ‘പാവം കുരുത്തൻ’ . അതു കൊണ്ടു തന്നെ IUCN റെഡ് ഡാറ്റാ ലിസ്റ്റിൽ വളരെ വേഗം വംശനാശം സംഭവിക്കാൻ (volnerable) സാധ്യതയുള്ള വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഗംഗാ-ബ്രഹ്മപുത്ര സമതലങ്ങളിലാണ് റൈനോകൾ കൂടുതലായി കാണപ്പെടുന്നത്. ആസ്സാമിലെ കാസിരംഗ, മാനസ്സ് നാഷണൽ പാർക്ക്, വടക്കൻ ബംഗാളിലെ ജാൽദാപ്പാറ, ഗുരുമാര, പ്രോബിത്തോറ ദേശീയോദ്യാനങ്ങളിലും ഭൂട്ടാനിലെ റോയൽ മാനസ്സ് നാഷണൽ പാർക്ക്, നേപ്പാളിൽ രപ്ത്തീ നദീ സമതലങ്ങളിൽപ്പെട്ട റോയൽ ചിത്വൻ നാഷണൽ പാർക്ക് ‘ എന്നീ സ്ഥലങ്ങളിൽ കാണ്ടാമൃഗങ്ങൾ അതീവ ശ്രദ്ധയോടെ ഇന്ന് പരിപാലിക്കപ്പെടുന്നു. ഇന്ത്യയിൽ ഇന്ന് 2500 ഓളം കണ്ടാമൃഗങ്ങൾ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഒറ്റക്കൊമ്പാണ് കണ്ടാമൃഗത്തിന്റെ പ്രധാന പ്രത്യേകത. അതു തന്നെയാണ് ഇവയുടെ വംശനാശത്തിനും വഴിവയ്ക്കുന്നത്. കെരാറ്റിൻ പോലുള്ള പ്രോട്ടീനുകളും കാൽഷ്യം, മെലാനിൻ എന്നിവയും പശയുളള മുഖരോമങ്ങളും ചേർന്നതാണ് റൈനോയുടെ ഒറ്റക്കൊമ്പെന്ന് പഠനങ്ങൾ പറയുന്നു.

കാണ്ടാമൃഗങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നതിനുള്ള കാരണങ്ങളാണ് ചിന്തനീയം. കാണ്ടാമൃഗത്തെക്കാൾ തൊലിക്കട്ടിയുള്ള മനുഷ്യരുടെ പണത്തോടുള്ള ആർത്തിയും എല്ലാം വെട്ടിപ്പിടിക്കുവാനുള്ള ദുരാഗ്രഹവും സർവ്വോപരി അന്ധവിശ്വാസങ്ങളുമാണ് ഇന്ന് ഭൂമിയിൽ കാണ്ടാമൃഗങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. പാരിസ്ഥിതിക പ്രശ്നങ്ങളേക്കാളുപരി മനുഷ്യർ തന്നെയാണ് ഇവരുടെ നിലനിൽപ്പിന് കനത്ത വെല്ലുവിളിക്കളുയർത്തുന്നന്നത്.

കാണ്ടാമൃഗത്തിന്റെ കൊമ്പിന് ഔഷധഗുണമുണ്ടെന്ന് പണ്ടു മുതൽക്കേ നിലനിന്നു പോരുന്ന അന്ധവിശ്വാസമാണ് . മരുന്നിനും മന്ത്രത്തിനും വേണ്ടി കൊമ്പ് എടുക്കുന്നതിനും എല്ലുകൾ കൊണ്ട് കത്തി മുതലായ ആയുധങ്ങൾക്ക് പിടിയുണ്ടാക്കുന്നതിനും അലങ്കാര വസ്തുക്കൾ നിർമ്മിക്കാൻ വേണ്ടിയും ഈ പാവം ജീവിയെ അതിദയനീയമായി കൊന്നു തീർത്തു കൊണ്ടിരിക്കുന്നു. വെടിയുതിർത്തും വിഷം വച്ചും മൃഗീയമായ രീതിയിൽ കെണിവച്ചും നാടൻ കുഴിബോംബുവച്ചും വളരെ ദാരുണമായിയാണ് ഇവയെ വേട്ടയാടുന്നത് (Poaching). കെരാറ്റിൻ പോലുള്ള പ്രോട്ടീനുകളും മിനറൽ ഡെപ്പോസിറ്റുകളും ഉള്ളതിനാലാവാം കൊമ്പിന് ഔഷധ ഗുണമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്. യാതൊരു വിധത്തിലുള്ള ഔഷധ ഗുണമൊ പ്രത്യേകതയൊ കാണ്ടാമൃഗത്തിന്റെ കൊമ്പിനില്ലെന്ന് പഠനങ്ങളാൽ ശാസ്ത്രീയമായി തെളിയ്ക്കപ്പെട്ടിട്ടും , ഈ വസ്തുത അന്ധവിശ്വാസത്തിന്റെ ഈയമുരുക്കിയൊഴിച്ചടച്ച മാനവ കർണ്ണങ്ങളിലേക്ക് കടന്നു ചെല്ലില്ല. എന്നു മാത്രമല്ല…. 1910 ൽ കാണ്ടാമൃഗവേട്ട നിരോധിച്ച ഇന്ത്യയിൽ കണ്ടാമൃഗങ്ങൾക്ക് ഇന്നും ശനിദശ തന്നെ…

എന്തായാലും , ഇപ്പോൾ ഇന്ത്യാ- നേപ്പാൾ സർക്കാരുകൾ സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കി കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിന് വളരെയേറെ പ്രാധാന്യം നൽകി വരുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. കാസിരംഗയിൽ വനം വകുപ്പും – അർദ്ധസൈനീക വിഭാഗവും നേപ്പാളിലെ ചിത് വനിൽ (Chithwan) നേപ്പാൾ സൈന്യവും കാണ്ടാമൃഗസംരക്ഷണത്തിനായി സദാസമയവും ജാഗരൂകരാണ്. കാസിരംയിലും ചിത് വനിലും കണ്ടാമൃഗങ്ങളുടെ എണ്ണം സാവധാനം വർദ്ധിച്ചു വരുന്നത് ഒരു പുതിയ പ്രതീക്ഷയായി നമുക്ക് വീക്ഷിക്കാം…