ആദിമ സംഗീതമെന്നാൽ പക്ഷികളുടെ കൂജനവും ഇലകളുടെ മർമ്മരവുമാണെന്ന് സലിംഅലി ലോകത്തെ പഠിപ്പിച്ചു

211

Madhu Gopalakrishnan

പക്ഷികളെ നിരീക്ഷിച്ച് അതിന്റെ ചിത്രമെടുക്കുക എന്ന കേവല വിനോദത്തിനായി ഇറങ്ങിത്തിരിച്ചയാളല്ല ഡോ: സലിം അലി. പക്ഷികളെക്കുറിച്ചുള്ള വിജ്ഞാനകോശം തന്നെ എഴുതി ലോകത്തിനു സമർപ്പിക്കുവാനുള്ള ആത്മസമർപ്പണവുമായി നാടോടിയെപ്പോലെ രാജ്യം മുഴുവൻ അലഞ്ഞു നടന്ന് ആണ്ടുതോറും നമ്മുടെ രാജ്യത്തെത്തുന്ന ദേശാടന പക്ഷികളെ ചൂണ്ടിക്കാട്ടി നമുക്ക് സുപരിചിതമാക്കിയത് അദ്ദേഹമാണ്. ആദിമ സംഗീതമെന്നാൽ പക്ഷികളുടെ കൂജനവും ഇലകളുടെ മർമ്മരവുമാണെന്ന് അദ്ദേഹം ലോകത്തെ പഠിപ്പിച്ചു.

തിരു-കൊച്ചി രാജ്യത്തെ പക്ഷി സർവ്വേയുടെ ഭാഗമായാണ് സാലിം അലി ആദ്യമായി കേരളത്തിലെത്തുന്നത്. തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മയുടെ പ്രത്യേക താൽപ്പര്യപ്രകാരമായിരുന്നു അത്. സർവ്വേക്കായി 4500/- രൂപാ മഹാരാജാവ് സംഭാവന നൽകുകയും തിരുവനന്തപുരം മൃഗശാലയുടെ ആദ്യ ക്യുറേറ്റർ ആയിരുന്ന ശ്രീ.എം .ജി. പിള്ളയെ സാലിമിനെ സഹായിക്കുവാനുമായി ചുമതലപ്പെടുത്തി. അങ്ങിനെ മലയാള ഭൂമിയിലൂടെ അദ്ദേഹത്തിന്റെ യാത്ര ആരംഭിക്കുകയായി.1933 ജാനുവരിയിൽ സാലിമലിയും ഭാര്യ തെഹ്മിനയും തീവണ്ടിയിൽ കോയമ്പത്തൂരെത്തുകയും അവിടെ നിന്ന് ഉടുമൽപ്പെട്ട്, ചിന്നാർ ,മറയൂർ, വഴി മൂന്നാറിലെത്തി സർവ്വേ സംഘാഗങ്ങളുമായി ചേർന്നു.അവിടെ വച്ച് ചർച്ച ചെയ്ത് സർവ്വേ പോയന്റുകൾ തീരുമാനിക്കുകയും ഓരോ പോയന്റിലും 12 ദിവസം തങ്ങി സർവ്വേ നടത്തി വിവര ശേഖരണം നടത്തുവാനും തീരുമാനിച്ചു.അങ്ങിനെ ആലുവായ്ക്കുള്ള യാത്രയിൽ ഒരു ദിവസം തട്ടേക്കാട്ടുള്ള സത്രത്തിൽ താമസിക്കുകയുണ്ടായി. അക്കാലത്ത് ആലുവ -മൂന്നാർ രാജപാതയിൽ ഓരോ 10 മൈലിലും സത്രമുണ്ടായിരുന്നതായി പറയുന്നു.പ്രഭാതത്തിൽ അദ്ദേഹത്തെ എതിരേറ്റത് കിളിനാദങ്ങളുടെ മഹാപഞ്ചത്തിലേക്കായിരുന്നു.തുടർന്ന്‌ അദ്ദേഹം 12 ദിവസം തട്ടേക്കാട് തങ്ങുകയും 60 ഓളം സ്പീഷിസ് പക്ഷികളെ കണ്ടെത്തുകയും ചെയ്തു. തട്ടേക്കാട്ടെ പക്ഷി പ്രപഞ്ചത്തെ കണ്ടെത്തി ലോകത്തിനു സംഭാവന ചെയ്യുവാൻ കഴിഞ്ഞതിൽ അദ്ദേഹം ഏറെ സന്തോഷവാനായിരുന്നു. ആലുവയിലെത്തിയ സാലിം അലിയും സംഘവും കുമരകം, കുമളി, തേക്കടി, ശബരിമലക്കാട്ടുകൾ വഴി വനമാർഗ്ഗം അഗസത്യാർകൂടത്തിലെത്തി. തുടർന്ന് പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റവും അന്നത്തെ കന്യാകുമാരിയിലുമായി തിരുവിതാംകൂർ ഭാഗത്തെ സർവ്വേ അവസാനിപ്പിച്ചു.

പിന്നീട് തുടർസർവ്വേക്കായി അദ്ദേഹം ചാലക്കുടിയിലെത്തി. കൊച്ചിയിലെ കാനന സൗന്ദര്യം അദ്ദേഹത്തെ വിസമയിപ്പി.ചാലക്കുടിയിൽ നിന്നും സാലിമും ഭാര്യ തെഹ്മിനയും ട്രാം വേയിലായിരുന്നു പറമ്പിക്കുളത്തേക്ക് യാത്ര തിരിച്ചത് .പറമ്പിക്കുളത്ത കുരിയാർകുറ്റിയിലെ ട്രാംവേ സ്റ്റേഷനോട് ചേർന്ന മുറിയിലായിരുന്നു അദ്ദേഹവും ഭാര്യയും താമസിച്ചിരുന്നത്. തന്റെ വഴികാട്ടികളായ ആദിവാസികൾക്ക് അദ്ദേഹം ഏറെ പ്രിയങ്കരനായിരുന്നു. പക്ഷികളെ വെടിച്ചു പടിച്ച് അതിനെ പഠിക്കുന്ന രീതിയായിരുന്നു അകാലത്ത് പക്ഷി നിരീക്ഷകർ സ്വീകരിച്ചിരുന്നത്. വെടിയേറ്റു വീഴുന്ന പക്ഷികളെ അഞ്ചു മിനിറ്റുകൾക്കകം അവയുടെ വായ, കണ്ണ് എന്നിവയുടെ നിറം രേഖപ്പെടുത്തുകയും അളവ് കുറിച്ചെടുക്കുകയും ചെയ്യുന്നു. അതിനു ശേഷം വെടിയേറ്റ പക്ഷികളുടെ തൂവലുകൾ ശ്രദ്ധാപൂർവ്വം എടുത്ത് സ്റ്റഫ് (TaxyDermy)ചെയ്ത് കൂടുതൽ വിശകലനത്തിനായി BNHS ലേക്ക് അയച്ചുകൊടുക്കും.

സാലിമിന്റെയും തെഹ്മിനയുടേയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞതും പ്രണയപൂർണ്ണവുമായ ദിനങ്ങളായിരുന്നു കുരിയാർകുറ്റിയിലേത്. കുരിയാർകുറ്റി ജീവിതം അദ്ദേഹം വ്യക്തിപരമായും ഔദ്യോഗികപരമായും ഏറേ ആസ്യദിച്ചിരുന്നു. യാത്രാ ചിലവുകൾ, ഭക്ഷണം, നായാട്ടുകാരുടെയും വഴികാട്ടികളുടെയും ശമ്പളം, ടാക്സി ഡെർമ്മിക്കുള്ള രാസവസ്തുക്കളുടെ ചിലവുകൾ എന്നിവയെല്ലാം ചേർത്ത് 2500/- രൂപാ എന്ന് തെഹ്മിനയുടെ കണക്കു പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സർവ്വേ നടക്കുന്ന സമയങ്ങളിൽ കുരിയാർകുറ്റിയിലെ ആദിവാസികൾ സാലിമിനെ ഏറെ ആദരവോടെ കാണുകയും അദ്ദേഹത്തിന് പക്ഷികളെ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. കുരിയാർകുറ്റിയിലെ പക്ഷി വൈവിധ്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയിരുന്നു. 1933 ഡിസംബറിൽ കൊടുങ്ങല്ലൂരിനടുത്തുള്ള കരൂപ്പടന്ന എന്ന സ്ഥലത്തു വച്ച് സർവ്വേ അവസാനിച്ചു.

1980 തുകളിൽ അദ്ദേഹം വീണ്ടും കേരളത്തിൽ എത്തുകയും തന്റെ യവ്വനത്തിന്റെ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന കുരിയാർകുറ്റി പ്രിയശിഷ്യനും പ്രശസ്ഥ പക്ഷിശാസ്ത്രജ്ഞനായ ഡോ. സുഗതനൊപ്പം സന്ദർശിക്കുകയുണ്ടായി. തന്റെയും പ്രിയതമയുടേയും മധുരമുള്ള ഓർമ്മകൾ ഉറങ്ങുന്ന മണ്ണിലൂടെ അദ്ദേഹം നടന്നു.അദ്ദേഹത്തിനന്ന് 90 വയസുണ്ടെന്നോർക്കണം. അന്ന് താമസിച്ചിരുന്ന കെട്ടിടവും താൻ നട്ടമാവും അദ്ദേഹം തിരിച്ചറിഞ്ഞു. പണ്ട് സർവ്വേക്ക് തന്നെ അനുഗമിച്ചിരുന്ന ആദിവാസി മൂപ്പനെ ഊരിൽ ചെന്നു കണ്ടു. പണ്ട് പ്രിയതമയുടെ കൈ പിടിച്ചു നടന്നിരുന്ന ട്രാംവേയിലൂടെ അദ്ദേഹം നടന്നു. കുരിയാർകുറ്റിയിലെ ഓരോ മരവും അദ്ദേഹത്തിന്റെ ഗന്ധം മനസിലായ പോലെ തലയാട്ടിക്കൊണ്ടിരുന്നു. കുരിയാർകുറ്റിപ്പാലത്തിൽ നിന്നു കൊണ്ട് അദ്ദേഹം കുരിയാർകുറ്റിപ്പഴയെ കണ്ടു. പണ്ട് സായാഹ്നങ്ങളിൽ സാലിമും തെഹ്മിനയും കുരിയാർകുറ്റിപ്പുഴയിലെ കത്തോളങ്ങളോട് കിന്നാരം പറയുമായിരുന്നു. ഒരുപാട് ഓർമ്മകളും ആത്മസംതൃപ്തിയോടും കൂടിയാണ് അന്നദ്ദേഹം കുരിയാർകുറ്റിയോട് യാത്ര പറഞ്ഞതെന്ന് സുഗതൻ സർ ഇപ്പോഴും ഓർക്കുന്നു. കുരിയാർകുറ്റിപ്പാലത്തിനക്കരെ ചെന്ന് ഒരിക്കൽകൂടി അദ്ദേഹം തിരിഞ്ഞു നോക്കി. അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട ഓർമ്മകൾ ഉറങ്ങുന്ന കുരിയാർകുറ്റിയിലേക്ക് ഇനി ഒരു മടങ്ങിവരവ് ഉണ്ടാകില്ലെന്ന് അദ്ദേഹം അറിഞ്ഞുകാണണം….

കടപ്പാട് :- ഡോ. സുഗതൻ സാറിന്റെ ഓർമ്മകളിൽ നിന്നും …..

Advertisements