നാടോടിക്കാറ്റിലെ മദ്രാസ് എന്ന ചെന്നൈ⭐
അറിവ് തേടുന്ന പാവം പ്രവാസി
👉തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായിരുന്നു ഒരുകാലത്ത് മദിരാശി അതായത് ഇപ്പോഴത്തെ ചെന്നൈ. സിനിമാ പ്രാന്ത് തലയ്ക്ക് പിടിച്ച് കോടമ്പാക്കത്തേക്ക് വണ്ടി കയറിയിരുന്നവര്‍ ഇന്ന് ഓര്‍മ്മയാണ്. ചെന്നൈയിലെ സിനിമാ പാരാമ്പര്യത്തിന്റെ തണലിലായിരുന്നു മലയാള സിനിമ പിച്ചവെച്ചതും നടന്ന് തുടങ്ങിയതും. പിന്നീട് തൊണ്ണൂറുകളുടെ തുടക്കത്തില്‍ നമ്മുടെ സിനിമ തിരുവനന്തപുരത്തേക്കും പിന്നീട് കൊച്ചിയിലേക്കും പറിച്ചു നട്ടു. അഭിനേതാക്കള്‍ക്കൊപ്പം തന്നെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന നാടോടിക്കാറ്റ് എന്ന സിനിമയിലെ ചെന്നൈയിലെ ചില ലൊക്കേഷനുകളെക്കുറിച്ച്
⚡ബസന്ത്നഗർ ബീച്ച്:
ദാസനും വിജയനും ഗഫൂര്‍ ഇക്കയുടെ ഉരുവില്‍ എത്തിപ്പെട്ടതു ചെന്നൈയിലെ ബസന്റ് നഗറിനു സമീപമുള്ള എലിയട്ട് ബീച്ചിലാണ്. സിഐഡീസ് എസ്‌കേപ്… എന്ന ഡയലോഗ് ആദ്യം മുഴങ്ങിയതും ഇവിടെത്തന്നെ. സിനിമയില്‍ കാണുന്ന കാള്‍ ഷിമ്മിന്റെ സ്മാരകം ഇപ്പോഴും ഇവിടെയുണ്ട്.തിരയില്‍ മുങ്ങിയ ബ്രിട്ടിഷ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ മരണമടഞ്ഞ കാള്‍ ഷിമ്മിന്റെ സ്മരണാര്‍ഥം അന്നത്തെ ബ്രിട്ടിഷ് മേയറുടെ നേതൃത്വത്തില്‍ നിര്‍മിച്ച സ്മാരകമാണിത്. ഒട്ടേറെ തമിഴ് ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കാലമിത്ര കഴിഞ്ഞിട്ടും ഇപ്പോഴും ചിരിപടർത്തുന്ന ദാസനും , വിജയനും അന്ന് നീന്തിക്കയറിയ ചെന്നൈയിലെ ബസന്ത്നഗർ ബീച്ചിനു ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ല. ചെന്നൈയിലെ ഏറ്റവും വൃത്തിയുള്ള ബീച്ചെന്ന ഖ്യാതിയുണ്ട് ബസന്ത് നഗർ ബീച്ചിന്. മദ്രാസിലെ ഗവർണറായിരുന്ന എലിയറ്റിന്റെ പേരിൽ എലിയറ്റ് ബീച്ചെന്നും ഇതറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ബീച്ചെന്നു അറിയപ്പെടുന്ന മറീന ബീച്ച് അവസാനിക്കുന്നിടത്തു നിന്നാണ് ബസന്ത് നഗർ ബീച്ചിന്റെ ആരംഭം. ശക്തിയായ തിരകളാണ് ഈ ബീച്ചിന്റെ പ്രധാന സവിശേഷത. നിരവധിപേരുടെ മുങ്ങിമരണങ്ങൾക്ക് സാക്ഷിയായിട്ടുള്ള കടൽത്തീരം കൂടിയാണിത്. അതുകൊണ്ടു തന്നെ സുരക്ഷാക്രമീകരണങ്ങളും ഒരു പോലീസ് ഔട്പോസ്റ്റും ഇവിടെയുണ്ട്.
തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകയായ ആനി ബെസന്റിന്റെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് ബസന്ത് നഗർ എന്ന പേര് കൈവന്നത്. വളരെ പ്രശസ്തമായ വേളാങ്കണ്ണി പള്ളിയും , അഷ്ടലക്ഷ്മി ക്ഷേത്രവും സ്ഥിതി ചെയ്യുന്നത് ഈ ബീച്ചിനു സമീപത്തായാണ്. തമിഴ്‌നാടിന്റെ തനതു വിഭവങ്ങൾ മുതൽ എല്ലാ തരം ഭക്ഷണങ്ങളും വിളമ്പുന്ന നിരവധി ഹോട്ടലുകൾ ഉള്ള ഒരു പ്രദേശം കൂടിയാണിത്. ബീച്ചിനോട് ചേർന്ന് നീണ്ട നടപ്പാതയുണ്ട്. മറീന ബീച്ചിനെ അപേക്ഷിച്ചു വളരെ ശാന്തവും മനോഹരവുമാണ് ഈ കടൽ തീരം.
⚡അണ്ണാ നഗര്‍ ടവര്‍ പാര്‍ക്ക് :
അധോലോക നായകനായ പവനായി ശവമായത് ചെന്നൈ അണ്ണാ നഗറിലെ ഈ പാര്‍ക്കിലാണ്. 1968ല്‍ നടന്ന ലോക വ്യാപാരമേളയുടെ ഭാഗമായി നിര്‍മിച്ച പാര്‍ക്കാണിത്. ഇവിടത്തെ നാലുനില കെട്ടിടത്തിന്റെ ഉയരമുള്ള പാര്‍ക്ക് ടവറിലാണ് നാടോടിക്കാറ്റിലെ ഈ രംഗം ചിത്രീകരിച്ചത്. ഒരുകാലത്ത് പാര്‍ക്ക് ടവറിനു മുകളില്‍നിന്നു നോക്കിയാല്‍ ചെന്നൈ നഗരം മുഴുവന്‍ കാണാമായിരുന്നു .ചുറ്റും ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നെങ്കിലും അണ്ണാനഗര്‍ ടവറിന്റെ പ്രൗഢി മങ്ങിയിട്ടില്ല.
ഇപ്പോഴും ചെന്നൈയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലൊന്നായ അണ്ണാനഗറിലെ പ്രധാനപ്പെട്ട പാര്‍ക്കാണിത്. ദാസന്റെയും , വിജയന്റെയും ഓര്‍മ പുതുക്കാന്‍ ന്യൂജെന്‍ സിനിമാക്കാര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ എത്താറുണ്ടെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി ടവറില്‍ പ്രവേശനമില്ലായിരുന്നു. ഔദ്യോഗികമായി വിശ്വേശരയ്യ ടവർ എന്നു നാമകരണം ചെയ്തിരിക്കുന്ന 138 അടി ഉയരമുള്ള അണ്ണാനഗർ ടവർ 1968-ൽ മദ്രാസിൽ വച്ചു നടന്ന വേൾഡ് ട്രേഡ് ഫെയറിനോടനുബന്ധിച്ച് ബി.എസ്. അബ്ദുർറഹിമാൻ എന്ന വ്യവസായ സംരംഭകൻ നിർമ്മിച്ചതാണ്.
അണ്ണാ നഗർ ടവർ പാർക്ക് ഒരു ദശാബ്ദത്തിനു ശേഷം വീണ്ടും ഉടൻ തുറക്കുന്നു. പവനായിയുടെ മാതൃകയിൽ ടവറിൽ നിന്നു ചിലർ താഴേക്കു ചാടി ജീവനൊടുക്കിയതോടെയാണു 12 വർഷങ്ങൾക്കു മുൻപ് ടവറിലേക്കുള്ള പ്രവേശനം നിരോധിച്ചത്. അപകടങ്ങൾ ഒഴിവാക്കുന്നതിനായി എല്ലാ നിലകളിലും ഗ്രിൽ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി. സിനിമയിൽ മോഹൻലാലും , ശ്രീനിവാസനും , ക്യാപ്റ്റൻ രാജുവും തമ്മിലുള്ള സംഘട്ടനവും ക്യാപ്റ്റൻ രാജുവിന്റെ പവനായി എന്ന കഥാപാത്രം താഴേക്കു വീഴുന്നതും അണ്ണാ നഗർ പാർക്കിലെ 12 നിലകളുള്ള ഈ ടവറിലായിരുന്നു ചിത്രീകരിച്ചത്.
പ്രണയിനികളും മറ്റും ടവറിൽ നിന്നു താഴേക്കേു ചാടി ജീവനൊടുക്കിയതോടെ 2011ൽ പ്രവേശനം നിരോധിച്ചു. പാർക്കിൽ മാത്രമാണ് തുടർന്ന് ഇതുവരെ ആളുകളെ പ്രവേശിപ്പിച്ചിരുന്നത്. 30 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ടവറിൽ എല്ലാ നിലകളിലും ഗ്രിൽ സ്ഥാപിച്ച് പൂർണ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഭിത്തികളിൽ തമിഴ്നാടിന്റെ സംസ്കാരം പ്രതിഫലിക്കുന്ന ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
⚡എവിഎം സ്റ്റുഡിയോ :
എവിഎം എന്ന മൂന്നക്ഷരത്തിനു മൂന്നു പതിറ്റാണ്ടു മുന്‍പു വരെ സിനിമ എന്ന അര്‍ഥംകൂടി ഉണ്ടായിരുന്നു. പഴയകാല മലയാള സിനിമകളിലെ എണ്ണിയാല്‍ ഒടുങ്ങാത്ത ഹിറ്റ് ഡയലോഗുകളും, ആരാധകര്‍ക്ക് ആവേശമായ സീനുകളും ചിത്രീകരിച്ചത് ഇവിടെയാണ്. സിനിമാ ഉലകം എന്നാണു എവിഎം അറിയപ്പെട്ടിരുന്നത്.എഴുപതിന്റെ നിറവില്‍ നില്‍ക്കുന്ന എവിഎം സ്റ്റുഡിയോ എറ്റവും കടപ്പെട്ടിരിക്കുന്നത് സ്ഥാപകനായ എ.വി.മെയ്യപ്പ ചെട്ട്യാരുടെ ഉറച്ച മനസ്സിനോടും, ദീര്‍ഘവീക്ഷണത്തോടുമാണ്. 170ല്‍ അധികം ചിത്രങ്ങള്‍ എവിഎമ്മിന്റെ ബാനറില്‍ പുറത്തിറങ്ങിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
ക്യാമറ സ്റ്റുഡിയോ വിട്ടു പുറത്തേക്കിറങ്ങിയെങ്കിലും, സൂപ്പര്‍ താര ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലെ സംഘട്ടന രംഗങ്ങളില്‍ ഏറെയും ചിത്രീകരിക്കുന്നത് ഇവിടെയാണ്. റിയാലിറ്റി ഷോകളുടെയും, സീരിയലുകളുടെയും ഇഷ്ട ലൊക്കേഷനും ഇതുതന്നെ. ഭൂമി ഒരുപാടു തവണ സൂര്യനെ ചുറ്റി വന്നെങ്കിലും, വടപളനിയിലെ എവിഎം സ്റ്റുഡിയോയ്ക്കു മുന്നിലെ കറങ്ങും ഗ്ലോബ് ഇപ്പോഴും നിര്‍ത്താതെ ചുറ്റുന്നുണ്ട്. തമിഴ് സിനിമാ രംഗത്തുള്ളവർക്കും ആ കാല മലയാള ചലച്ചിത്ര പ്രവർത്തകർക്കും ഒരിക്കലും മറക്കാനാകാത്ത ഒരു പേരാണ് എവി എം സ്റ്റുഡിയോ . കോടമ്പാക്കത്ത് നിരവധി സ്റ്റുഡിയോകൾ ഉണ്ടെങ്കിലും എ വി എമ്മിന്റെ തലയെടുപ്പ് ഒന്നു വേറെ തന്നെ . ഗേറ്റിനു മുകളിൽ കറങ്ങുന്ന വലിയ ഗോളത്തിൽ നീലയിലും , ചുവപ്പിലും ഏ വി എം എന്ന് എഴുതിക്കാട്ടുന്ന ഏവിഎം സ്‌റ്റുഡിയോ എത്ര കണ്ടാലും മതി വരാത്ത ഒരു ദൃശ്യ വിസ്മയമാണ്.എത്രയോ മഹാരഥൻമാർ ഭുഗോളം കറങ്ങുന്നത് കാണാൻ രാത്രികളിൽ എവി എമ്മിന്റെ മുന്നിൽ മണിക്കൂറുകളോളം നോക്കി നിന്നിട്ടുണ്ട്. ഇതിനകത്ത് ഒന്നു കയറി പറ്റാൻ എത്ര വട്ടം കൊതിച്ചുവെന്ന് അന്തരിച്ച ഐ വി ശശി പറഞ്ഞിട്ടുണ്ട്.വിവിധ ഫ്ളോറുകൾ വിവിധ ഭാഷാ ചിത്രങ്ങളുടെ ഷൂട്ടിംഗുകൾ …. ഓരോ ഫ്ളോറിലായി ഒരേ സമയം പ്രേം നസീറും , സത്യനും ഷൂട്ടിംഗിൽ ശിവജി ഗണേശനും , രജനികാന്തും കമൽഹാസനും , വിജയകാന്തും അടക്കം എത്രയെത്ര പേർ.
ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ നിർമ്മാണ സ്ഥാപനങ്ങളിലൊന്നായിരുന്നു എവിഎം സ്റ്റുഡിയോ. 75 വർഷത്തിലേറെയായുള്ള സ്ഥാപനത്തിന് മെയ്യപ്പ ചെട്ടിയാരുടെ അധ്വാനവും കരുതലുമുണ്ട് .ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ മുതൽ ഡിജിറ്റൽ സിനിമകൾ വരെയായി നിൽക്കുന്നു എവിഎമ്മിന്റെ മഹത്വം. എവിഎം ഫിലിംസിന്റെ ഉയർച്ചക്കായി പ്രവർത്തിച്ച മനുഷ്യനെ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾക്ക് ഒരിക്കലും മറക്കാനാവില്ല .
പ്രശസ്തമായ എവിഎം സ്റ്റുഡിയോ 1949 ൽ ഉദ്ഘാടനം ചെയ്തു. അവിടെ ആദ്യമായി ചിത്രീകരിച്ച സിനിമ “വാഴ്‌കൈ ” ആയിരുന്നു. ആ ചിത്രം മികച്ച വിജയമായിരുന്നു. എവിഎം സ്റ്റുഡിയോ ഇപ്പോഴും ഉയരങ്ങളിൽ തന്നെയാണ് . ഇത് മദ്രാസ് നഗരത്തിലെ ഒരു നാഴിക കല്ലായി നില കൊള്ളുന്നു .മെയ്യപ്പ ചെട്ടിയാരുടെ മരണശേഷവും സ്റ്റുഡിയോ ഏറെക്കാലം നന്നായി പ്രവർത്തിച്ചു. പിന്നീട് സ്റ്റുഡിയോയുടെ പ്രവർത്തനം ക്രമേണ നിലച്ചു. നിലവിൽ സ്റ്റുഡിയോയിൽ ഒരു ചെറിയ ഡബിംഗ് സ്റ്റുഡിയോ മാത്രമാണുള്ളത്.