ഉത്സവ ദിവസത്തിൽ ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം മട്ടൺ ബിരിയാണി പ്രസാദമായി നല്കുന്ന ക്ഷേത്രം എവിടെ ആണ് ?
അറിവ് തേടുന്ന പാവം പ്രവാസി
ഉണക്കമീനും ,കള്ളും, മഞ്ചും ക്ലോക്കും, ഉണ്ണിയപ്പവും, കടുംപായസവും എന്തിനധികം മദ്യം വരെ പ്രസാദമായി ലഭിക്കുന്ന ക്ഷേത്രങ്ങള്‍ നമുക്ക് പരിചയമുണ്ട്. ഇതിൽ നിന്നും ഏറെ വ്യത്യസ്തമാണ് തമിഴ്നാട് മധുരയിൽ സ്ഥിതി ചെയ്യുന്ന മുനിയാണ്ടി ക്ഷേത്രം. മധുര ജില്ലയിൽ വടക്കംപട്ടി എന്ന ഗ്രാമത്തിലാണ് മുനിയാണ്ടി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചാൽ ആഗ്രഹങ്ങൾ നടക്കും എന്നാണ് വിശ്വാസം.
ക്ഷേത്രത്സവത്തിൽ ഒരു ദിവസം അവിടെ എത്തുന്ന എല്ലാവർക്കും ഒരു വ്യത്യാസവുമില്ലാതെ മട്ടൺ ബിരിയാണി വിളമ്പും എന്നത് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.എല്ലാ വർഷവും ജനുവരി മാസത്തിൽ നടക്കുന്ന ആഘോഷത്തിന്‍റെ ഭാഗമായാണ് ബിരിയാണി വിളമ്പുന്നത്. മട്ടൺ ബിരിയാണി പ്രസാദം എന്നാണിത് അറിയപ്പെടുന്നത്.മുനിയാണ്ടി ക്ഷേത്രത്തിലെ ബിരിയാണിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകരുണ്ട്. ഏറ്റവും പുതിയ കണക്കിൽ കഴിഞ്ഞ ഉത്സവത്തിന് 1800 കിലോ അരിയും, ഇരുന്നൂറ് ആടുകളെയുമാണ് ബിരിയാണി ഉണ്ടാക്കുവാനായി ഉപയോഗിച്ചത്.
നാട്ടുകാരിൽ നിന്നും പിരിക്കുന്ന പണം മാത്രമല്ല, പ്രശസ്തരായ ഹോട്ടൽ ബിസിനസുകാരും പ്രസാദം തയ്യാറാക്കുവാനായി അകമഴിഞ്ഞ് സഹായിക്കും. ബിരിയാണി പ്രസാദമായി മാറിയതിനു പിന്നിലെ കഥ രസകരമാണ്. 1973 മുതലാണ് ഇവിടെ ഇങ്ങനെയൊരു ഉത്സവത്തിനു തുടക്കമാകുന്നത്. 1937ൽ ഇവിടെ ഗ്രാമത്തിൽ ഗുരുസ്വാമി നായിഡു ഹോട്ടൽ ബിസിനസ് തുടങ്ങുകയുണ്ടായി. അയാൾ പോലും പ്രതീക്ഷിക്കാത്ത വിധത്തിൽ ബിസിനസ് വളർന്ന് ഒരു വലിയ സംരംഭമായി മാറി. എല്ലാം ഈ ക്ഷേത്രത്തിലെ മുനിയാണ്ടിയുടെ അനുഗ്രഹമാണെന്ന് വിശ്വസിച്ച അയാൾ സുഹൃത്തായ സുന്ദർ റെഡ്ഡിയാരോട് ചേർന്ന് കല്ലിഗുഡിയിലും ,വിരുത് നഗറിലും ഓരോ ഹോട്ടലുകൾ കൂടി തുറന്നു. എല്ലാം ഒരു വിജയമായി മാറിയതോടെ ഗ്രാമത്തിലുള്ള വേറെ കുറേയാളുകളും ഇവരുടെ മാതൃക പിന്തുടർന്ന് ഹോട്ടലുകൾ ആരംഭിച്ചു. എല്ലാം വലിയ വിജയമായിരുന്നു
.
എല്ലാ ഹോട്ടലുകളുടയും പേര് മുനിയാണ്ടി ഹോട്ടൽ എന്നതാണ്. ദക്ഷിണേന്ത്യയിൽ മാത്രമായി 1500ല്‍ അധികം മുനിയാണ്ടി ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്.മട്ടന്റെ വിവിധ രുചികൾ ആളുകൾക്ക് പരിചയപ്പെടുത്തുന്നതിൽ മുനിയാണ്ടി ഹോട്ടലുകൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ആന്ധ്രാ പ്രദേശിലും, കർണ്ണാടകയിലും, പുതുച്ചേരിയിലും ഇതേ രുചികൾ വിളമ്പുന്ന മുനിയാണ്ടി ഹോട്ടലുകൾ ധാരാളം കാണുവാൻ സാധിക്കും. ഉത്സവത്തിന്റെ നാളുകളിൽ ഇവിടെ നിന്നുള്ളവരും ധാരാളമായി എത്തുന്നു.
ഏകദേശം എണ്ണായിരത്തിലധികം ആളുകൾ ഇവിടെ എത്തും.ഓരോ വർഷവും കേട്ടറിഞ്ഞ് എത്തുന്നവരുടെ എണ്ണം കൂടുകയാണ്. ഉത്സവത്തിനായി ഹോട്ടലുടമകൾ തങ്ങളുടെ വരുമാനത്തിൽ നിന്നും ചെറുതല്ലാത്ത ഒരു പങ്ക് നീക്കി വയ്ക്കുന്നു. മണിക്കൂറുകളോളം ക്യൂ നിന്നുമാത്രമേ പ്രസാദം സ്വീകരിക്കുവാൻ സാധിക്കൂ. എല്ലാ വർഷവും ജനുവരി മാസത്തിലെ അവസാന വ്യാഴം തുടങ്ങി മൂന്ന് ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്.