പരിഹസിച്ചവരുടെ മുന്നിലൂടെ ബുർജ് ഹലീഫയോളം വളർന്നുകയറിയ ചാർളിയുടെ കഥ

99

ജോജി ഉള്ളന്നൂർ

വലിയ തലയും ചെറിയ ഉടലുമുള്ള ആ കുട്ടിയെ കണ്ടപ്പോൾ ബന്ധുവായ ഒരു സ്ത്രീ രഹസ്യമായി പറഞ്ഞത്രേ “ആ കുട്ടിയെ വല്ല കാഴ്ചബംഗ്ലാവിലോ സർക്കസ്സ്കാർക്കോ കൊടുക്കുകയാണ് നല്ലത്”

നീളമില്ലാത്തതിന്റെ പേരിൽ കൂട്ടുകാരും നാട്ടുകാരും ഉണ്ടപക്രു, കുള്ളൻ എന്നൊക്കെ വിളിച്ചു കളിയാക്കിയപ്പോഴും അവൻ തന്റെ കുറവിനെ കുറിച്ച് ആരോടും പരിതപിച്ചില്ല.. തന്റെ അമ്മ പറഞ്ഞത് അവൻ എപ്പോഴും ഓർത്തു…”നീളം മാത്രമാണ് ദൈവം എന്റെ മകന് നൽകാത്തതുള്ളൂ, ബാക്കി എല്ലാം എന്റെ മകന് ദൈവം നൽകിയിട്ടുണ്ട്”
നമുക്കുള്ള എല്ലാ സൗഭാഗ്യങ്ങളും മറന്ന് കൊണ്ട് ഇല്ലായ്മകളെ കുറിച്ച് മാത്രം ചിന്തിച്ചു ദുഃഖിക്കുന്ന നമ്മൾക്ക് ആ അമ്മയും മകനും നൽകുന്ന സന്ദേശം എത്ര മഹത്തരമാണ് … ❤️❤️❤️

പ്രീഡിഗ്രി തോറ്റപ്പോൾ ഇനി എന്ത്‌ ജോലി ചെയ്തു ജീവിക്കും എന്ന ചിന്ത അവനെ ആശങ്കാകുലനാക്കി. നീളമില്ലാത്തതിനാൽ തൂമ്പ എടുത്തു ഒരു ജോലി ചെയ്യാൻ പോലും കഴിയില്ല എന്നതിനാൽ പല ജോലികളെകുറിച്ചും ചിന്തിച്ചു. അക്കാലത്താണ് വീഗാലാന്റിൽ ഒരു കോമാളിയുടെ വേക്കൻസി ഉണ്ട് എന്നറിയുന്നത്. ജീവിതത്തിൽ എന്നും മറ്റുള്ളവർക്ക് മുന്നിൽ ആഗ്രഹിക്കാതെ തന്നെ കോമാളിയായി വേഷമാടിക്കൊണ്ടിരിക്കുന്നു. അപ്പോൾ പിന്നെ അത് തന്നെ തൊഴിൽ ആയി എടുത്താലോ, തനിക്ക് ഏറ്റവും ഇണങ്ങുന്ന ജോലി കോമാളിയാണ് എന്ന തിരിച്ചറിവിൽ വീഗാലാന്റിലെ കോമാളിയാവാൻ അപേക്ഷ അയച്ചു..

പ്രായപൂർത്തി ആയില്ല എന്ന കാരണത്താൽ അപേക്ഷ നിരസിച്ചു. എങ്കിലും നിരാശനാകാതെ വീഗാലാന്റിലേക്ക് ഇടക്കിടെ ഫോൺ വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ എപ്പോഴോ പ്രായപൂർത്തി ആയപ്പോൾ വീഗാലാന്റിൽ നിന്നും ഇന്റർവ്യൂനായി വിളി വന്നു. അതേ ദിവസം തന്നെ റെയിൽവേ യിൽ നിന്നും ജോലിക്ക് ഇന്റർവ്യൂനുള്ള ക്ഷണവും വന്നു.വീട്ടുകാരും കുടുംബക്കാരും ഒന്നടങ്കം റെയിൽവേ യിലെ ജോലിക്ക് പോകാൻ നിർബന്ധിച്ചു.എന്നാൽ എല്ലാവരെയും ധിക്കരിച്ചു കൊണ്ട് ആ “കുഞ്ഞൻ” ഏറെ ആഗ്രഹിച്ച ജോക്കർ ജോലി തന്നെ തിരഞ്ഞെടുക്കുകയാണുണ്ടായത്..

വീഗാലാന്റിൽ വരുന്നവരോടൊപ്പം ചിരിച്ചും, ചിരിപ്പിച്ചും നാളുകൾ കടന്ന് പോയി. അങ്ങനെയിരിക്കെ ഒരുനാൾ അവിടെ സന്ദർശനത്തിനു എത്തിയ ഒരു ഗൾഫ് കാരൻ ആ ജോക്കറെ ദുബായ്ലെ തന്റെ ഇവന്റ് കമ്പനിയിലേക്ക് കൊണ്ട് പോയി. ചുരുങ്ങിയ നാളുകൾകൊണ്ട് തന്നെ ആ ജോക്കർ എല്ലാവരുടെയും ശ്രദ്ധകവർന്ന് പ്രിയങ്കരനായി തീർന്നു..

വലിയ ശമ്പളം വാഗ്ദാനം ചെയ്തു കൊണ്ട് വലിയ ഇവന്റ് കമ്പനികൾ ആ ജോക്കറെ തേടിയെത്തി. എന്നാൽ തന്നെ ദുബായ് ഇൽ എത്തിച്ച വ്യക്തിയെ വിട്ടുപോകാൻ അദ്ദേഹം തയ്യാറായില്ല. നല്ല ശമ്പളം, താമസം, ഭക്ഷണം സന്തോഷം നിറഞ്ഞ നാളുകൾ..
എന്നാൽ ആ സന്തോഷം അധികം നീണ്ടു നിന്നില്ല, മൂന്നു വർഷം കഴിഞ്ഞപ്പോൾ ആ കമ്പനി നഷ്ടത്തിലായി, പ്രവർത്തനം നിർത്തി. വേറെ ജോലി കണ്ടെത്തേണ്ടതായി വന്നു. വെറും ജോക്കർ വേഷം കൊണ്ട് ഇനി ജീവിക്കാൻ കഴിയില്ല എന്ന് മനസ്സിലായപ്പോൾ പുതിയ മേഖലകളിൽ അദ്ദേഹം പരിശീലനം തുടങ്ങി. ഫേസ് പെയിന്റിംഗ്, ആങ്കറിങ്, മജീഷ്യൻ എന്നീ മേഖലകളിൽ അനുഭവജ്ഞാനവും വൈദഗ്ദ്യവും നേടി.

ജോക്കർ അങ്ങനെ മജീഷ്യൻ ചാർളി ആയി. കുറെ പരിപാടികൾ ചെയ്തു കഴിഞ്ഞപ്പോൾ സ്വന്തമായി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി ദുബായ് ഇൽ തുടങ്ങാനുള്ള ധൈര്യമായി. അൽ അസ്റ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനി മജീഷ്യൻ ചാർളിയുടെ വളർച്ച അവിടെ തുടങ്ങുന്നു. ആഗ്രഹങ്ങൾ ഓരോന്നായി പൂവണിഞ്ഞു. UAE ഡ്രൈവിംഗ് ലൈസൻസ് എടുത്തു, സ്വന്തമായി കാർ, നാട്ടിൽ ഭൂമി വാങ്ങി കെട്ടിടങ്ങൾ പണിതു..

Shortest magician stands tall in Dubai - News | Khaleej Timesഏഴു വർഷം മുൻപ് തുടങ്ങിയ അൽ അസ്‌റ ഇന്ന് ദുബായ് ലെ ഏറ്റവും പ്രശസ്തമായ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ്. കോർപറേറ്റ് ഇവൻ്റ്സ്, കലാകാരന്മാരുടെ സപ്ലൈ, ബെല്ലി ഡാൻസ്, ഇന്ത്യൻ, ആഫ്രിക്കൻ ഡാൻസ്, അക്രോബാറ്റിക് ഡാൻസ്, കാർട്ടൂൺ ക്യാരക്ടർ, മാജിക്‌ ഷോ, ക്ലൗൺസ്, ബർത്ത് ഡേ പാർട്ടി.. അദ്ദേഹത്തിന്റെ കമ്പനി ചെയ്തു കൊടുക്കാത്തതായി ഒന്നുമില്ല..
അതിനിടയിൽ നാട്ടിൽ നീളമുള്ള ഒരു സുന്ദരിയായ പെൺകുട്ടിയുമായി പ്രണയത്തിലായി. വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചു വിവാഹം കഴിച്ചു .ഇക്കാലയളവിനുള്ളിൽ നിരവധി മലയാളം, ഇംഗ്ലീഷ് സിനിമകളിലും, ടെലിഫിലിമിലും നായകനായും, ഉപനായകനായും ഒക്കെ അഭിനയിച്ചു..

മൂന്നരയടി മാത്രം ഉയരമുള്ള ഒരു കോമാളിയിൽ നിന്നും ഉയരങ്ങളിലേക്കുള്ള യാത്ര ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു.. ആ പ്രതിസന്ധികളെല്ലാം അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ മുട്ട് മടക്കി.ഈ ഉയരമില്ലാത്ത ആളുടെ ഉയർച്ച ഉയരമുള്ളവർക്കുള്ളവർക്കും, ഉയരമില്ലാത്തവർക്കും ഒരുപോലെ മാതൃകയും പ്രചോദനവും നൽകുന്നു..

തന്നെ പോലെ നീളം കുറഞ്ഞവർക്കും കഷ്ടത അനുഭവിക്കുന്നവർക്കും നേരെ ചാർളിയുടെ സഹായഹസ്തം എപ്പോഴും നീണ്ടു ചെല്ലാറുണ്ട്. അവർക്കെല്ലാം തന്നാൽ കഴിയുന്ന വിധം സഹായങ്ങൾ ചെയ്യുന്ന നന്മ നിറഞ്ഞ ഒരു മനസ്സിന്റെ ഉടമയായ ഈ വലിയ മനുഷ്യൻ എന്നും എനിക്കൊരു വിസ്മയമാണ് ..