മഹമൂദ് മൂടാടി
- ഐ സ്റ്റിൽ ഹൈഡ് ടു സ്മോക്ക്
- ❤️
- പർദയ്ക്കുള്ളിലെ
- നരക ജീവിതത്തെ കുറിച്ച്
- ❤️
- “My movie is forbidden in my country, because I speak about women who express freely…
- Anyone who wears pants or shirts with half sleeves is considered a prostitute”
- Rayhana Obermeyer
1995 ലെ ഇസ്ലാമിക ഭരണകാലത്ത് അൾജീരിയൻ സ്ത്രീ സമൂഹം അനുഭവിച്ച വ്യക്തിപരവും മതപരവും സാമൂഹികവുമായ വിലക്കുകളുടെയും ഭരണകൂട മത ഭീകരതയുടെയും കഥനകഥയാണ് “ഐ സ്റ്റിൽ ഹൈഡ് ടു സ്മോക്ക് ” എന്ന സ്ത്രീപക്ഷ ചലച്ചിത്രത്തിലൂടെ റഹിയാന ഒബ്ർമെയർ ആവിഷ്കരിക്കുന്നത്.
സാംസ്കാരികമായും ,മതപരമായും പ്രാധാന്യമുള്ളതും എട്ടാം നൂറ്റാണ്ട് മുതൽ മിഡിൽ ഈസ്റ്റിലും നോർത് ആഫ്രിക്കയിലും സാർവത്രികമായ അംഗീകാരം ലഭിച്ചിട്ടുള്ളതുമാണ് ടർക്കിഷ് സ്റ്റീം ബാത്ത് എന്നറിയപ്പെടുന്ന ഹമ്മാം -സ്ത്രീകളുടെ പൊതു കുളിപ്പുര .
ജീവിതത്തിന്റെ കഠിന പരിസരങ്ങളിൽ നിന്നും വ്യത്യസ്ത കുടുംബാന്തരീക്ഷത്തിൽ നിന്നും ഹമ്മാമിൽ പതിവായെത്തുന്ന സ്ത്രീകളുടെ തുറന്ന സംഭാഷണത്തിലൂടെയാണ് ചിത്രത്തിലെ കഥ നീങ്ങുന്നത്.
പൊതു കുളിപ്പുരയെന്ന ഒരു പെണ്ണിടവും അവിടെ നിലവിളിച്ചാർക്കുന്ന സ്ത്രീകളുടെ ആത്മരോഷങ്ങളുടെയും ദീനരോദനങ്ങളുടെയും പോരാട്ടത്തിന്റെയും തീക്ഷ്ണാനുഭവമാണ് ഈ ചലച്ചിത്രത്തിലൂടെ നടി കൂടിയായ റഹിയാന ഒബ്ർമെയർ എന്ന നവസംവിധായക വൈകാരിക തീവ്രതയോടെ പ്രേക്ഷകരിലേക്ക് പകരുന്നത്.
സ്വതന്ത്രമായ സഞ്ചാരത്തിനും ,വീടിനു പുറത്തെ സ്വഛന്ദമായ വായു ശ്വസിക്കാനും പല നിറ-കാഴ്ചകളുടെ ആകാശം കാണുന്നതിനും വിലക്കുള്ള ഒരു ദേശത്തെ സ്ത്രീ ജീവിതത്തിന്റെ ജാലക കാഴ്ചയായി കഴുകിയ തുണികള്‍ ഉണക്കാനായി ടെറസില്‍ പോയി മേഘങ്ങളെ കാണുന്ന പെണ്‍കുട്ടികള്‍, ഒരുവേള ഒന്നു പുകവലിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകൾ ,സ്വജീവിതത്തിലെ രഹസ്യാനുഭവങ്ങളും ആനന്ദങ്ങളും കൂട്ടുകാരികളോടു പറഞ്ഞ് ഉല്ലസിക്കുവാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ….
വിവാഹ പൂർവകാലത്തെ പ്രണയത്തെ കുറിച് അത്രമേൽ ഹൃദയഭരിതമായി വാചാലപ്പെടുന്ന അമ്മമാർ,
കിടപ്പറയിൽ തനിക് ലഭിക്കാത്ത രതി സുഖത്തെ കുറിച്ച് നിരാശ പങ്ക് വെക്കുന്ന ഭാര്യമാർ……
പുരുഷാധിപത്യ മതമൂല്യ വ്യവസ്ഥിതിയിൽ സദാചാരഭയത്തോടെ അടക്കിവെച്ചതും, നിരോധിച്ചതുമായ സ്ത്രീത്വത്തിന്റെ സ്വന്തമായ ആഗ്രഹങ്ങളും ആവശ്യങ്ങളും കടിഞ്ഞാണില്ലാത്ത കുതിരകളായി തീരെ കുറഞ്ഞ സമയമെങ്കിലും സൈര്വ വിഹാരം നടത്തുന്ന ഒരേയൊരുയിടമായി ഹമ്മാമെന്ന പൊതു പെൺ കുളിമുറി മാറുന്നതിങ്ങനെയാണ്.
ഭരണകൂട ഭീകരതയും പുരുഷാധിപത്യ മതവും കൊണ്ടു മുറിവേറ്റ ഒരു ദേശത്തെ സ്ത്രീകളുടെ ലോകമാണ് “ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക് ” എന്ന ചലച്ചിത്രം ഈ വിധം മൂടി വെക്കാത്ത കാഴ്ചയാക്കുന്നത്.
ഈ പൊതുകുളിയിടത്തിലേക്ക് തിരിച്ചുപിടിച്ച ക്യാമറയുമായി റഹിയാന ഒബ്ര്‍മെയര്‍ എന്ന ചലച്ചിത്ര സംവിധായക തന്റെ ആദ്യ ചലച്ചിത്രത്തിലൂടെ കാണിക്കാൻ ധൈര്യപ്പെടുന്നത് നാം ഒരിക്കലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സ്ത്രീകളുടെ എഡിറ്റ് ചെയ്യാത്ത ലോകമാണ്.
സാധാരണഗതിയിലുള്ള ഒരു കുളിമുറിയുടെ സ്വകാര്യതയ്ക്കുമപ്പുറം സ്ത്രീകൾക്ക് വ്യക്തിപരവും സാമൂഹികവുമായ പരിമിതികളിൽ നിന്നും “ഒരു കുളിനേര”മെങ്കിലും മാറി നിൽക്കാൻ സാധിക്കുന്ന സ്വതന്ത്രവും സുരക്ഷിതവുമായ ഒരു താവളവും അഭയസ്ഥാനവുമായി ഈ പൊതു കുളിമുറി- ഹമ്മാം മാറുന്നുണ്ട്.
മതം, ലൈംഗിക ബന്ധം, രാഷ്ട്രീയം, വിവാഹമോചനം തുടങ്ങി കുടുംബത്തിനകത്തും പുറത്തും പറയാൻ വിലക്കപ്പെട്ടതും അടിച്ചമർത്തപ്പെട്ടതുമായ സ്ത്രീത്വത്തിന്റെ വേവലാതികളും സംഘർഷങ്ങളും സ്വപ്നങ്ങളും പരസ്പരം നിർഭയം തുറന്ന് പറയാനും കേൾക്കാനും ആവിഷ്ക്കരിക്കാനുമുള്ള സ്ത്രീകളുടെ മാത്രം പൊതുവേദിയായി മാറുന്ന ഇടമാണ് ഹമ്മാം .
മാരിറ്റൽ റേപ്പ് മുതൽ ഗാർഹിക പീഡനങ്ങൾ വരെ ഈ സിനിമയിൽ അഭിസംബോധന ചെയ്യപ്പെടുന്നു.
സ്വന്തം ഭർത്താവിനാൽ ബലാത്സംഗം ചെയ്യപ്പെട്ട ഫാത്തിമയുടെ കഥ മാത്രമല്ല
ശൈശവ വിവാഹത്തിന് ഇരയായ പെൺക്കുട്ടിയുടേയും, ബഹുഭാര്യത്വത്തിന്റെ ഇരയായ സ്ത്രീയുടേയും, തീർത്തും നിസ്സാര കാര്യത്തിന് തലാഖ് ചെയ്യപ്പെട്ടവളുടേയും,തനിക്കിഷ്ടമില്ലാത്ത ഭർതാവിൽ നിന്നും വിവാഹ മോചനമാഗ്രഹിക്കുന്നവളുടേയും, ഇഷ്ടപ്പെട്ട പുരുഷനിൽ നിന്നും ഗർഭം ധരിച്ച അവിവാഹിതയുടേയും ഉള്ളുതുറന്ന പറച്ചിലിന്റെയും സങ്കടകരച്ചിലിന്റെയും, നിസ്സഹയതയുടേയും അതിജീവനത്തിന്റെയും വിവിധങ്ങളായ അടരുകളാണ് ഈ ചിത്രത്തിലൂടെ ആഴത്തിൽ ദൃശ്യവത്ക്കരിക്കുന്നത്.
കേന്ദ്രകഥാപാത്രമായ ഫാത്തിമ എന്ന ഹമ്മാം നടത്തിപ്പുകാരിയായി ഇയാം അബ്ബാസിന്റെ ഹൃദയഭരിതമായ അഭിനയം പ്രേക്ഷകരായ നമ്മളെ നിശ്ചയമായും വിസ്മയപ്പെടുത്തുന്നതാണ്.
“വിവാഹിതയാകുമ്പോൾ എനിക്ക് പതിനൊന്ന് വയസ്സായിരുന്നു പ്രായം.ആദ്യ രാത്രിയിൽ മധുരത്തിനുപകരം അവൻ പാന്റ് താഴേക്ക് വലിച്ചഅവൻ എന്നെ താഴേക്ക് വലിച്ചെറിഞ്ഞു, എന്നെ വലിച്ചുകീറി, മനസ്സും ശരീരവും മുറിഞ്ഞു നീറി …”
പൊതു കുളിമുറിയിലെ സ്വാസ്ഥ്യത്തിലിരുന്ന് ഫാത്തിമയോടും കൂട്ടുകാരികളോടും ആ കൂട്ടത്തിലെ ഏറ്റവും പ്രായമുള്ള ഒരു വൃദ്ധ തന്റെ ആയുസ്സിനോളം പഴക്കമുള്ള വിവാഹ രാത്രിയെ കുറിച്ചുള്ള ദുരനുഭവം ചങ്ക് പൊട്ടും വിധം ഓർത്തെടുത്ത് വിവരിക്കുന്നതിങ്ങനെയാണ്.
അപരന്റെ സങ്കടങ്ങളെ ഇത്രയും അനുഭാവത്തോടെയും അനുതാപത്തോടെയും കേൾക്കുന്ന ഒരിടമായി പെൺ കുളിപ്പുര നിലനിൽക്കുന്നത് കൊണ്ടു തന്നെയാകാം ദിനംന്തോറും കൂടുതൽ സ്ത്രീകൾ ഈ ഹമ്മാമിൽ വന്നിരുന്ന് അവർക്ക് സ്വന്തമാണുങ്ങളിൽ നിന്നും ശാരീരികമായും വൈകാരികമായും ഏറ്റ മുറിവുകൾ എണ്ണിപ്പറഞ്ഞ് സമാധാനം നേടുന്നതും ധൈര്യമായി ഇറങ്ങിപ്പോകുന്നതും.
മുറിവേറ്റ സ്ത്രീകളുടെ ഏറ്റവും സുരക്ഷിതമായ ഇടമെന്ന നിലയിൽ ഹമ്മാമിന്റെ പ്രാധാന്യം സിനിമയിലുടനീളം വികസിപ്പിച്ചെടുക്കുന്നതിങ്ങനെയാണ്.
ബഹുവിധമായ ജീവിതാവസ്ഥയിൽ നിന്നും ഒത്തുകൂടിയ ഒരേ ദുഃഖം പങ്കിടുന്ന ഇരകളായ സ്ത്രീകൾ പരസ്പരം മസാജ് ചെയ്യുന്നു, കെട്ടിപ്പിടിക്കുന്നു , പുകവലിക്കുന്നു , പാട്ട് പാടുന്നു , നൃത്തം ചെയ്യുന്നു,ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു ,തമാശ പറയുന്നു, പൊട്ടിച്ചിരിക്കുന്നു , കരയുന്നു, ആശ്വസിപ്പിക്കുന്നു , എന്തിനേറെ ആഗ്രഹിച്ചും നിയമ യുദ്ധം നടത്തിയും കിട്ടിയ വിവാഹമോചനം വരെ ഇവിടെ ഹമ്മാമിൽ വെച്ച് ആഘോഷിക്കുന്നു.
അതെ,
കുളിച്ചും , കുളിപ്പിച്ചും മസാജ് ചെയ്തും വിശ്രമിക്കാനുള്ള ഒരിടമായി മാത്രമല്ല,
ഈ സ്ത്രീകൾക്ക് മന:ശാന്തിയും സന്തോഷവും നൽകുന്ന ഇടമായാണ് സംവിധായക റഹിയാന ഈ ചിത്രത്തിൽ ഹമ്മാമിനെ അവതരിപ്പിക്കുന്നത്.
പുരുഷാധിപത്യ സമൂഹങ്ങളിൽ വിവാഹത്തെക്കുറിച്ചുള്ള ധാരണ പലപ്പോഴും തെറ്റായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും സംവിധായക റഹിയാന ഈ സിനിമയിൽ ഉറപ്പിച്ചു പറയുന്നുണ്ട്.
ഓരോ വിവാഹവും സ്ത്രീകളുടെ ജീവിതത്തെ അടിച്ചമർത്തുന്ന രീതികളും പുരുഷാധിപത്യ മത വ്യവസ്ഥിതിയിൽ വൈവാഹിക ജീവിതത്തിൽ സ്ത്രീകളുടെ നില ഒരടിമയോളം മാനവികവിരുദ്ധമായി നിർണ്ണയിക്കപ്പെടുന്നതെങ്ങിനെയെന്നും ചിത്രത്തിലൂടെ സംവിധായക കൃത്യമായ നിലപാടെടുക്കുന്നുണ്ട്.
ഒരു പെൺകുട്ടിയുടെ സ്വന്തം മാതാപിതാക്കളുടെ വീട്ടിൽ നിന്നുള്ള അവൾക്കനുകൂലമായ തീരുമാനങ്ങൾ മതസമൂഹത്തിന്റെ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, അവൾ വിദ്യാസമ്പന്നയാണെങ്കിലും അവൾക്ക് വ്യവസ്ഥിതിയോട് വിധേയപ്പെടാതെ മറ്റൊരു പോംവഴിയുമില്ലായെന്ന് ഹമ്മാം നടത്തിപ്പുകാരി ഫാത്തിമയുടെ സഹായിയായ സാമിയയുടെ ദുരവസ്ഥയിലൂടെ
സിനിമ വ്യക്തമാക്കി തരുന്നുണ്ട്.
ഒരു സ്ത്രീ വിവാഹമോചനം നേടാൻ തീരുമാനിക്കുകയാണെങ്കിൽ, അവളെ സ്വതന്ത്ര വ്യക്തിയായി കണക്കാക്കില്ല, കാരണം ഈ ചിത്രത്തിലൊരിടത്ത് പ്രായമായ സ്ത്രീകളിലൊരാൾ വികാരാധീനമായി പറയുന്നത് പോലെ വിവാഹ മോചിതയ്ക്ക് ഒറ്റയ്ക്ക് താമസിക്കാനാവില്ല മറിച്ച് വിവാഹമോചിത അവളുടെ മാതാപിതാക്കളുടെ വീട്ടിൽ ഒപ്പം താമസിക്കണമെന്ന അലിഖിത നിയമം കർക്കശമായി തുടരുന്ന സാമൂഹിക വ്യവസ്ഥയാണവിടെയെന്ന് സിനിമ പറഞ്ഞു വെക്കുന്നുണ്ട്.
തനിക്ക് വിവാഹ ശേഷം കുട്ടികൾ വേണ്ടെന്നോ,വേണമെന്നോ പറയാനും തീരുമാനിക്കാനും സ്ത്രീകൾക്ക് ഒരനുമതിയുമില്ലാത്ത വിധം മതപരമായ അസ്വാതന്ത്ര്യം നിലനിൽക്കുന്ന കുടുംബ – സമൂഹ പരിസരത്തിൽ സ്ത്രീകൾക്ക് ശരീരത്തിന്റെ സ്വയം നിർണയവകാശമെന്ന മിനിമം ജനാധിപത്യം പോലുമില്ലാതാകുന്ന നിസ്സഹയാവസ്ഥയെ കുറിച്ച് ഈ സിനിമ പൊളിററിക്കലായ വായന സാധ്യമാക്കുന്നുണ്ട്.
മതവും പുരുഷനും നാടും വീടും കുടുംബവും വരെ സ്ത്രീകൾക്കു നേരെ ഉയർത്തുന്ന സൂക്ഷ്മവും സ്ഥൂലവുമായ അധികാരത്തിന്റെ ഹിംസയെ പ്രശ്നവത്ക്കരിക്കുന്ന ഒരപൂർവ സ്ത്രീപക്ഷാഖ്യാനമായി തീരുന്ന സിനിമയാണിത്.
തീർച്ചയായും ,
മതവും പുരുഷനും നാടും വീടും കിടപ്പറയും വരെ സ്ത്രീകൾക്കു നേരെ ഉയർത്തുന്ന സൂക്ഷ്മവും സ്ഥൂലവുമായവുമായവുമായ അധികാരത്തിന്റെ ഹിംസയെ പ്രശ്നവത്ക്കരിക്കുന്ന ” ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക് ” സ്ത്രീക്കു മാത്രം സമ്മാനിക്കാന്‍ കഴിയുന്ന സ്ത്രീയുടെ ആന്തരിക ധൈര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും അനുഭവമാണ് സദാചാരത്തിന്റെ പർദ്ദയഴിച്ച് കാഴ്ചപ്പെടുത്തുന്നത്.
ചിത്രത്തിന്റെ മുന്നണിയില്‍ മാത്രമല്ല പിന്നിലുള്ള മറ്റു സാങ്കേതികവിദഗ്ധരും സ്ത്രീകളാണ്.
തിരക്കഥയും എഡിറ്റിംഗും സംവിധായക റഹിയാന തന്നെയാണ്.
സംഗീതം ആന്‍ സൂചി വെസ്നെയ്ന്‍.
ഒളിമ്പിയ മിറ്റിലിനാവോയും മുഹമ്മദ് തയബ് ലഗ്ഗോനുമാണ് ക്യാമറ.
❤️