മലയാളസിനിമയുടെ വളർച്ചയുടെ സൂചകമായി പരിഗണിക്കപ്പെടേണ്ട ചിത്രം

  0
  377

  മഹമൂദ് മൂടാടി

  നോർത്ത് 24 കാതം
  ❤️
  സ്നേഹത്തിലേക്കുള്ള വിരൽദൂരങ്ങൾ
  ❤️

  യാത്രയും യാത്രാനുഭവവും വ്യക്തികളുടെ ജീവിതാവബോധത്തെ തന്നെ മാറ്റിമറിക്കുകയും, പുതുക്കിപ്പണിയുകയും ചെയ്യുന്ന കഥ പറയുന്ന മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങളിൽ അപർണാ സെന്നിന്റെ “മിസ്റ്റർ ആന്റ് മിസ്സിസ്സ് അയ്യർ”, കമലാഹസന്റെ “അൻപെ ശിവം “എന്നിവ ഓർമിക്കാതെ തരമില്ല.
  നോർത്ത് 24 കാതം എന്ന ചിത്രം മനസ്സിനെ മഥിക്കുന്ന നല്ലൊരു ചലച്ചിത്രാനുഭവമായിതീരുന്നത് യാത്ര ഒരു പ്രമേയപരിസരമായതു കൊണ്ടു മാത്രമല്ല,മറിച്ച് ഈ സിനിമാകഥയിൽ പതിവുമലയാളമലയാള ചിത്രങ്ങളിൽ കാണാത്തതും കേൾക്കാത്തതുമായ പുതുമയുടെ ചില മിന്നൽ വെളിച്ചങ്ങൾ ഉള്ളടക്കപ്പെട്ടതു കൊണ്ടു കൂടിയാണ്.ഒരു ഹർത്താൽ ദിനത്തിൽ യാത്രാമദ്ധ്യേ നഗരത്തിൽ”പെട്ടു’പോകുന്ന വേറിട്ട ജീവിതവീക്ഷണമുളള മൂന്നു മനുഷ്യരുടെ കൂട്ടുചേരലും, സഞ്ചാരവും,സംത്രാസവും, ചിരിയും, കണ്ണീരും അയത്നലളിതമായും,സമീപസ്ഥമായും അനുഭവവേദ്യമാക്കുന്ന നോർത്ത് 24 കാതം അനിൽ രാധാകൃഷ്ണൻമേനോൺ എന്ന പുതിയ സംവിധായകന്റെ കന്നിച്ചിത്രം കൂടിയാണ്.

  North 24 Kaatham (2013) - Cast & Crew — The Movie Database (TMDb)നോർത് 24 കാതം എന്ന ചിത്രം യാത്രയെ കുറിച്ച് മാത്രമല്ല മറിച്ച് ഒ.സി.ഡി. അഥവാ ഒബ്സസീവ് കംപൽസീവ് ഡിസോർഡർ എന്ന മാനസിക പ്രശ്നം പരിശോധിക്കാനുള്ള ധീരമായ ശ്രമം കൂടി നടത്തുന്ന ഒരു ചലച്ചിത്രമാണ്, മലയാള സിനിമ അപൂർവ്വമായി മാത്രം ചെയ്യുന്ന ഒന്ന്. നായകന് ഒബ്സസീവ് കംപൾസീവ് ഡിസോർഡർ എന്ന മനോനിലയുടെ ലക്ഷണങ്ങൾ വളരെ വ്യക്തമാണ്.ഹരിനാരായണൻ (ഫഹദ് ഫാസിൽ) ഒരു ബുദ്ധിമാനായ സോഫ്റ്റ്വെയർ പ്രോഗ്രാമറാണ്, ശുചിത്വത്തെക്കുറിച്ച് വിചിത്രമെന്ന് തോന്നുന്ന അതികർശനമായ ചിട്ടകൾ സൂക്ഷിക്കുന്നത് മൂലം തന്റെ കരിയർ വളർച്ചയും സാമൂഹിക ഇടപെടലുകളും തടസ്സപ്പെടുമ്പോഴും അത്തരം ശീലങ്ങൾ ഒട്ടും ഉപേക്ഷിക്കാൻ തയ്യാറാവുന്നുമില്ല. ഈ വിധം സവിശേഷമായ സ്വഭാവരീതിയും,ചിട്ടയുമുളള അന്തർമുഖനായ ഐടി പ്രൊഫഷണലായ ഹരികൃഷ്ണൻ എന്ന യുവാവിന്റെ മാനറിസം ഫഹദ് ഫാസിൽ നമ്മെ അമ്പരിപ്പിക്കുന്ന മട്ടിൽ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു.

  I am impressed with the Malayalam film industry' - Rediff.com Moviesതാരപ്പൊലിമയും,നായകപരിവേഷമോയൊട്ടുമില്ലാതെ ഹരികൃഷ്ണൻ എന്ന ക്യാരക്ടർ റോളിൽ ഫഹദ് ഫാസിൽ തന്റെ അസാധരണമായ അഭിനയമികവിന്റെ തീക്ഷ്ണസൗന്ദര്യം കെട്ടഴിച്ചു വിടുന്ന ചിത്രമാണിത്. പ്രണയത്തിന്റെ ആഴവും ആധിയും മിഴിച്ചെപ്പിലൊളിപ്പിച്ച സ്വാതി മുൻ ചിത്രമായ ആമേനിലെ മികച്ച പ്രകടനത്തിലെ അതേ ഫ്രീക്വൻസി ഈ ചിത്രത്തിലെ നാരായണി എന്ന കഥാപാത്രത്തിലൂടെ നല്ലപോലെ നിലനിർത്തിയിരിക്കുന്നു.

  North 24 Kaatham Movie Wallpapers, Posters & Stillsവൃത്തിരാക്ഷസനായ ഹരി എന്ന നായക കഥാപാത്രത്തിന്റെ സ്കൂൾ ഓഫ് തോട്ട് തന്നെ മാറ്റിമറിക്കുന്ന വിധം പോസിറ്റീവ് എനർജിയുടെ സാമിപ്യമായി നാരായണി എന്ന കഥാപാത്രത്തിലൂടെ സ്വാതി ചിത്രത്തിന്റെ രണ്ടാം പകുതിയിലൊരു രംഗത്ത് സംസാരത്തിലുംചിരിയിലും പിശുക്കനായ ഹരിയെ ചിരിപ്പിക്കുമ്പോൾ തിയേറ്ററിലാകെ പ്രേക്ഷകരുടെ കയ്യടി ശബ്ദമുയരുന്നുണ്ട് ! തീരെ നിസാരമെന്നു തോന്നിപ്പിക്കുന്ന ജീവിതപരിസരത്തെ പോലും ആഴമുളള മൂല്യബോധം കൊണ്ടും കലർപ്പില്ലാത്ത മനുഷ്യപ്പറ്റുകൊണ്ടും ഈ ചിത്രം നന്മയുടെ പ്രകാശം ചൊരിയുന്നു. ഗാരിഷ് ആന്റ് ലാവിഷ്എന്നു തോന്നിപ്പിക്കുന്ന ഒരു ഫ്രെയിമോ ,ഡയലോഗ് ധൂർത്തോയൊട്ടുമില്ലാതെ രണ്ടു മണിക്കൂറും അഞ്ചു മിനിട്ടും നീളമുളള ഈ യാത്ര തീർച്ചയായും ഒരു മികച്ച ചലച്ചിത്രാനുഭവമാണ്.

  North 24 Kaatham Movie Wallpapers, Posters & Stillsസ്വാതിയുടെ നാരായണിയ്ക്കും,ഫഹദ് ഫാസിലിന്റെ ഹരിക്കും ഒപ്പം യാത്ര ചെയ്യുന്ന നെടുമുടി വേണുവിന്റെ കഥാപാത്രമായ സഖാവായ റിട്ടയർഡ് മാഷും നിറഞ്ഞ ഭിനയിച്ച ചിത്രമാണ് നോർത് 24 കാതം .ഒരുപാടൊരുപാട് വർഷങ്ങളായി അച്ഛനും,മുത്തച്ഛനുമായി സഹനടനെന്ന ലേബലിൽ സൈഡ് ലൈൺ ചെയ്യപ്പെട്ട മലയാളത്തിലെ വെറ്റീറൻ ആക്ടറായ നെടുമുടി വേണു എന്ന നടന്റെ ഗംഭീരമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രമെന്ന് അടിവരയിടട്ടെ !

  Top 10 Fahadh Faasil Movies In Malayalam | Latest Articles | NETTV4Uപഴയ കാലത്തെ തന്റെ നീണ്ടതും സമരഭരിതവുമായ ജീവിതത്തിന്റെ ചൂടും ചൂരും അയവിറക്കികൊണ്ടു സഹയാത്രികരായ യുവാവിന്റെയും യുവതിയുടെയും ജീവിതത്തെ കൂടുതൽ കൂടുതൽ മനുഷ്യപ്പറ്റും പ്രണയമുഖരിതവുമാക്കുന്ന വിധം അത്രമേൽ അനുഭവസമ്പത്തുള്ള പച്ച മണ്ണിന്റെ മനുഷ്യത്വമായി നെടുമുടിയുടെ സഖാവ് നമ്മെ പിടിച്ചുലക്കുന്നുണ്ട്. ഭാവത്തിലും ശബ്ദത്തിലും നടനവൈഭവത്തിന്റെ പരിപൂർണത പ്രകാശിപ്പിക്കുന്ന നെടുമുടി വേണുവിന്റെ അഭിനയ മികവിന് പ്രകാശന സാധ്യതകിട്ടുന്നത് ഇങ്ങനെ അപൂർവ്വ ചിത്രങ്ങളിൽ മാത്രം! തീർച്ചയായും ,മലയാളസിനിമയുടെ വളർച്ചയുടെ സൂചകമായി പരിഗണിക്കപ്പെടേണ്ട ചിത്രമാണ് നോർത്ത് 24 കാതം .
  ❤️