Entertainment
പ്രണയത്തിന്റെ പാർപ്പിടം

മഹമൂദ് മൂടാടി
പ്രണയത്തിന്റെ പാർപ്പിടം
(“ദി ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി “എന്ന സിനിമയെ കുറിച്ച് )
This kind of certainty comes but once in a lifetime.
ഫോട്ടോഗ്രാഫറായ റോബർട്ട് കിൻകെയ്ഡ് തീർത്തും അപ്രതീക്ഷിതമായി ഒരു ദിനം ഫ്രാൻസെസ്ക ജോൺസന്റെ ജീവിതത്തിലേക്ക് അടുപ്പത്തിന്റെ ഐശ്വര്യ സാന്നിദ്ധ്യമായി എത്തിപ്പെടുന്നതും, അവർ ഒന്നിച്ച് ചെലവഴിച്ച നാല് ദിനരാത്രങ്ങൾ മാത്രം നീണ്ടു നിന്ന പ്രണയാതുരവും അവിസ്മരണീയവുമായ നിമിഷങ്ങൾ റോബർട്ടിന്റെയും ഫ്രാൻസെസ്കയുടേയും ജീവിതത്തെ പിടിച്ചുലയ്ക്കും വിധം പരസ്പരം പ്രാണനോളം വിലപ്പെട്ടതായി തീരുന്നതിന്റെ സത്യവാങ്മയമാണ് ദി ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി എന്ന വിശ്വോത്തര സിനിമയുടെ പ്രമേയപരിസരം.
ഭർത്താവും മക്കളുമായി ഒരു “സംതൃപ്ത കുടുംബ ജീവിതം” നയിച്ചു വരുന്ന ഒരു വീട്ടമ്മ ആണ് ഫ്രാൻസിസ്ക .
നാല് ദിവസത്തെ ഒരു സ്റ്റേറ്റ് ഫെയറിന് പങ്കെടുക്കാനായി ഭർത്താവും മക്കളും വീട്ടിൽ നിന്ന് മറ്റൊരു ദേശത്തേയ്ക്ക് യാത്ര പോകുന്നു. ഫ്രാൻസിസ്ക വീട്ടിൽ ഒറ്റയ്ക്കായ ആ ദിവസാരംഭത്തിലാണ് National Geographic ഫോട്ടോഗ്രാഫർ റോബർട് കിൻകെയ്ഡ് അതുവഴി വരുകയും കൗണ്ടിയിലെ മൂടിയ പാലങ്ങളിൽ വെച്ച് പടം പിടിക്കാൻ വന്നതാണെന്നും ഏറെ ലാൻഡ് സ്കേപ്പ് ചിത്രങ്ങൾക്ക് സാധ്യതയുള്ള ആ പാലത്തിലേക്കുള്ള വഴി ചോദിക്കുകയും ചെയ്യുന്നു.
അസ്വാഭാവികവും എന്നാൽ സൗഹൃദപരവുമായ സംഭാഷണം ഐസ്ഡ് ടീ ഓഫറിലേക്ക് നയിക്കുന്നു; ശേഷം ഫ്രാൻസിസ്ക നാണത്തോടെ റോബർട്ടിനോട് അത്താഴത്തിന് തന്റെ ഫാം ഹൗസിൽ താമസിക്കാൻ ആവശ്യപ്പെടുന്നു.അങ്ങനെ പരിചയപ്പെട്ട ഇരുവരും സൗഹൃദത്തിൽ ആകുകയും ആ നാല് ദിവസം കൊണ്ട് വിട്ടുപിരിയാൻ കഴിയാത്ത വിധം ഫ്രാൻസിസ്കയും, റോബർട് കിൻകെയ്ഡും പരസ്പരം അഗാധമായ പ്രണയബദ്ധരാകുകയും ചെയ്യുന്നതാണ് ദി ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി എന്ന ചിത്രത്തിന്റെ പ്രധാന പ്രമേയപരിസരവും ക്രക്സും എന്നും പറയാം.
റോബർട്ട് ജെയിംസ് വാലറുടെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി ക്ലിന്റ് ഈസ്റ്റ്വുഡ് ആവിഷ്ക്കരിച്ച ഈ മനോഹര ചിത്രം യഥാർത്ഥത്തിൽ പ്രണയത്തെക്കുറിച്ചും ലൈംഗികതയെ കുറിച്ചും പറയുന്നതിനുമപ്പുറം മനുഷ്യബന്ധങ്ങളിലെ ദമിതവും അദമിതവുമായ ആസക്തികളേയും ആഗ്രഹങ്ങളേയും സ്വപ്നങ്ങളേയും കുറിച്ച് ആത്മകഥനത്തോളം സ്വകാര്യതപ്പെടുന്നുണ്ട് .
ചില സിനിമകൾ, കഥാപാത്രങ്ങൾ കാഴ്ചയുടെ നിമിഷനേരത്തിനുമപ്പുറം ഒരുപാടൊരുപാട് കാലം നമ്മുടെ ഓർമയുടെ ഓരം പറ്റി ചേർന്ന് അവിസ്മരണീയമായ അനുഭൂതിയായി ഉർവ്വരപ്പെടുന്നതു പോലെ ഒരു തവണ കണ്ടാൽ പിന്നീടൊരിക്കലും മറക്കാനാവാത്ത ഒരു സിനിമാനുഭവമാണിത്. റോബർട് എന്ന ഫോട്ടോഗ്രാഫർ ആയി ക്ലിന്റ് ഈസ്റ്റ്വുഡും , ഫ്രാൻസിസ്ക എന്ന വീട്ടമ്മയായി ആയി മെർലിൽ സ്ടീപ്പും അഭിനയ മികവ് കൊണ്ടു കൂടി അനശ്വരമാക്കിയ ചിത്രമാണിത് .
മനുഷ്യർക് പരസ്പരം അനുരാഗബദ്ധരാകാൻ ദേശവും ഭാഷയും വിശ്വാസവും പ്രായവും കുടുംബ സാഹചര്യവുമൊന്നും തടസമല്ലായെന്ന പ്രണയ പാഠത്തിന്റെ മാനുഷിക നന്മയെ ഈ ചിത്രം പ്രശ്നവത്ക്കരിക്കുന്നുണ്ട്. ആദമിന്റെയും ഹവ്വയുടേയും പറുദീസ നഷ്ടത്തിന്റെ ദുരന്ത പാഠം സദാചാര ഭീതിയായി വിശ്വാസപ്പെട്ട നമ്മുക്ക് ഈ ചിത്രം കാണുമ്പോൾ സദാചാര ബോധം തലപൊക്കുമെങ്കിലും ഫ്രാൻസിസ്ക്കയുടേയും റോബർട്ടിന്റെയും കണ്ണിലൂടെ ഒരുവേള നാം ഈ അനശ്വരമായ പ്രണയ കഥയെ വീക്ഷിച്ചാൽ തീർച്ചയായും ഈ ചിത്രം കണ്ടു കഴിയുമ്പോൾ ആരാണെങ്കിലെന്ത് മിഴിയുളളവർ നോക്കിയിരിക്കുമെന്ന് പറഞ്ഞത് പോലെ ആരുമൊന്ന് പ്രണയിച്ചു പോകാതെ വയ്യ !
പ്രണയത്തിന്റെ പൂക്കാലം പലപ്പോഴും ബാഹ്യ സമർദങ്ങൾ മൂലം സാക്രിഫൈസ് ചെയ്യുന്നതിന്റെ പൊരുളും പൊരുളില്ലായ്മയും തീവ്രമായ വൈകാരിക മുഹൂർതങ്ങളിലൂടെ ഈ സിനിമ പ്രേക്ഷകരിൽ സങ്കടപ്പെടുത്തും വിധം വരച്ചിടുന്നുണ്ട്.ഫ്രാൻസിസ്ക തന്നോടൊപ്പം വരണമെന്ന് റോബർട്ട് ആഗ്രഹിക്കുന്നു. ഈ ആശയം അവൾക്കും വളരെ ഇഷ്ടമായി തോന്നുന്നുമുണ്ട്.
ഫാമിലെ ജീവിതം “ഞാൻ ഒരു പെൺകുട്ടിയായിരുന്നപ്പോൾ ഞാൻ സ്വപ്നം കണ്ടതല്ലയെന്ന് ഫ്രാൻസിസ്ക തന്നെ വ്യസനപ്പെടുന്നുണ്ട്. ഭർതാവ് എങ്ങിനെയുള്ളവനാണെന്ന റോബർടിന്റെ ചോദ്യത്തിനോട് അവളിങ്ങനെയാണ് മറുപടി പറയുന്നത് “അവൻ വളരെ ശുദ്ധനാണ് ,കഠിനാധ്വാനിയായ…
സൗമ്യനായ.. നല്ല അച്ഛനാണ് ”
കുടുംബവും ബന്ധങ്ങളും ബന്ധനങ്ങളും വിശ്വാസവും ,നാട്ടുനടപ്പും,സദാചാരവുമെല്ലാം ഒരു സ്റ്റോക്ക്ഹോം സിൻഡ്രം പോലെ മെരുക്കെപ്പെട്ടും സ്വാംശീകരിച്ചും ജീവിക്കുന്ന ഫ്രാൻസിസ്ക തന്റെ പ്രണയത്തെയും പ്രേമഭാജനത്തേയും സ്വയം ത്വജിക്കുന്ന രംഗങ്ങൾ നമ്മുടെ കണ്ണുകളെ ഈറനണിയിക്കാതെ കണ്ടിരിക്കാനാവില്ല.സ്വന്തം ഭർതാവായ റിച്ചാർഡിന്റെ ട്രക്കിലിൽ നിന്നും ഡോർ തുറന്ന് കാമുകനായ റോബർടിനൊപ്പം പോകാൻ പലവട്ടം തുനിയുന്ന ഫ്രാൻസിസ്ക പക്ഷേ തന്റെ അനിശ്ചിതവും അസ്വസ്ഥവുമായ ചിന്തകളുടെ റ്വൈകാരിക ഭാരത്താൽ ആ ശ്രമം ഉപേക്ഷിക്കുന്ന അപ്രതീക്ഷിത ക്ലൈമാക്സ് രംഗം നാം എങ്ങിനെ മറക്കാനാണ്?
“ദി ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി” എന്നത് മനുഷ്യർ പരസ്പരം പ്രണയബദ്ധരാകുമ്പോൾ പൂവിടുന്ന വ്യക്തിഗത സന്തോഷത്തിന്റെ വാഗ്ദാനങ്ങൾ കണ്ടെത്തുന്ന സിനിമയാണ്. ഒപ്പം,ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ എപ്പോഴും സ്വയം സന്തോഷിപ്പിക്കുകയല്ലെന്ന് ദുഃഖത്തോടും സ്വീകാര്യതയോടും കൂടി മനസ്സിലാക്കുകയും ചെയ്യുന്ന സിനിമ കൂടിയാണ് .
❤️
974 total views, 8 views today